ഇന്ത്യന്‍ കളിക്കാരുടെ കൈയില്‍ കറുത്ത ബാന്റ് എന്തിന്?

ലണ്ടന്‍ -ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ഇന്ത്യന്‍ കളിക്കാര്‍ ഇറങ്ങിയത് കറുത്ത ആംബാന്റുമായി. ഒഡിഷയിലെ തീവണ്ടി ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ചായിരുന്നു ഇത്. 288 പേര്‍ ദുരന്തത്തില്‍ മരിച്ചിരുന്നു. ദേശീയ ഗാനങ്ങള്‍ക്കായി അണിനിരന്നപ്പോള്‍ ഓസ്‌ട്രേലിയന്‍ കളിക്കാരും ഒഫിഷ്യലും  ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കറുത്ത ആംബാന്റണിഞ്ഞു. ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു.  
ആദ്യ ദിനം തന്നെ ഓസ്‌ട്രേലിയ മേല്‍ക്കൈ നേടി. ട്രാവിസ് ഹെഡ് ആദ്യ എവേ സെഞ്ചുറിയോടടുക്കുകയും സ്റ്റീവന്‍ സ്മിത്ത് അര്‍ധ ശതകം പിന്നിടുകയും ചെയ്തതോടെ ചായക്കു ശേഷം ഓസീസ് മൂന്നിന് 230 ലെത്തി. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ ആര്‍. അശ്വിനെ പുറത്തിരുത്തിയതും ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തതും ഇന്ത്യക്ക് തിരിച്ചടിയായി. റണ്ണെടുക്കും മുമ്പ് ഉസ്മാന്‍ ഖ്വാജയെ മുഹമ്മദ് സിറാജ് പുറത്താക്കിയെങ്കിലും ബാക്കിയെല്ലാം ഓസീസ് ബാറ്റര്‍മാരും ചെറുത്തുനിന്നു. 
ഡേവിഡ് വാണറും (43) മാര്‍നസ് ലാബുഷൈനും (26) രണ്ടാം വിക്കറ്റില്‍ 69 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ലഞ്ചിന് തൊട്ടുമുമ്പാണ് വാണറെ ശാര്‍ദുല്‍ താക്കൂര്‍ പുറത്താക്കിയത്. ലഞ്ചിനു ശേഷം ലാബുഷൈന്റെ കുറ്റി മുഹമ്മദ് ഷമി തെറിപ്പിച്ചു. ഹെഡ് തുടക്കം മുതല്‍ ആഞ്ഞടിച്ചു. ഒരു സിക്‌സറും 14 ബൗണ്ടറിയുമുണ്ട് ഹെഡിന്റെ ഇന്നിംഗ്‌സില്‍. മറുവശത്ത് നങ്കൂരമിട്ട സ്മിത്ത് 146 പന്തിലാണ് അര്‍ധ സെഞ്ചുറി തികച്ചത്. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ 150 റണ്‍സായി.
 

Latest News