മയാമി - പ്രൊഫഷനല്‍ ഗോള്‍ഫ് താരങ്ങളുടെ പി.ജി.എ ടൂറും സൗദി പിന്തുണയുള്ള എല്‍.ഐ.വി സീരീസും അപ്രതീക്ഷിതമായി ലയിച്ചതോടെ ഗോള്‍ഫില്‍ വെടിനിര്‍ത്തല്‍. രണ്ടു വര്‍ഷമായി വഴക്കിലായിരുന്ന രണ്ട് സംഘടനകളും ലയിച്ചത് ഗോള്‍ഫില്‍ വെടിക്കെട്ട് വാര്‍ത്തയായി. ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു അനുരഞ്ജന വാര്‍ത്ത. എല്‍.ഐ.വി സീരീസില്‍ കളിക്കുന്നവരെ വിലക്കാനുള്ള ശ്രമത്തിലായിരുന്നു ഇതുവരെ പി.ജി.എ ടൂര്‍.
രണ്ടു വര്‍ഷത്തെ വഴക്കിനും വക്കാണത്തിനും ശേഷം നമ്മുടെ പ്രിയപ്പെട്ട സ്പോര്‍ട്സിന് ഇത് ചരിത്രദിനമാണ് -പി.ജി.എ ടൂര്‍ കമ്മീഷണര്‍ ജേ മോനാഹന്‍ പറഞ്ഞു. 2021 ഒക്ടോബറില്‍ തുടങ്ങിയ എല്‍.ഐ.വി ഗോള്‍ഫ് മുന്‍നിര കളിക്കാരെ റാഞ്ചിയിരുന്നു. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് പിന്തുണയോടെയാണ് എല്‍.ഐ.വി ആരംഭിച്ചത്. പി.ജി.എ ടൂര്‍ ആ കളിക്കാരെ വിലക്കുകയും ഡി.പി വേള്‍ഡ് ടൂര്‍ കളിക്കാര്‍ക്ക് കനത്ത പിഴയിടുകയും ചെയ്തു. എല്‍.ഐ.വിയുമായി കരാറൊപ്പിട്ട ഫില്‍ മിക്കില്സണ്, ബ്രൂക്സ് കോപ്ക തുടങ്ങിയ കളിക്കാരും പി.ജി.എ ടൂറിന് പിന്തുണ പ്രഖ്യാപിച്ച റോറി മകിള്റോയ്, ടൈഗര്‍ വുഡ്സ് എന്നീ കളിക്കാരും തമ്മില്‍ നിരവധി കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. ഈ കേസുകളെല്ലാം ഇനി പിന്‍വലിക്കും.
അനുരഞ്ജനത്തെ എല്‍.ഐ.വി ടൂറിന്റെ മുന്‍നിരയിലുള്ള മിക്കില്സണ് സ്വാഗതം ചെയ്തു. എന്നാല്‍ പി.ജി.എ കളിക്കാര്‍ നിരാശരാണ്. ഇരട്ടത്താപ്പാണ് ഇതെന്ന് പല കളിക്കാരും ആരോപിച്ചു. ടൊറണ്ടോയിലെ യോഗത്തില്‍ പല കളിക്കാരും അദ്ദേഹത്തിനു നേരെ തട്ടിക്കയറി.






