കൊച്ചി -സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വനിത ടീമിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ ഐഎസ്എലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ കളം വിട്ടതിന് ബ്ലാസ്‌റ്റേഴ്‌സ് ടീമിന് നാലു കോടി രൂപ പിഴ വിധിച്ചിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്നാണ് കഴിഞ്ഞ സീസണില്‍ രൂപീകരിച്ച വനിത ടീമിനെ പിരിച്ചുവിടുന്നതായി കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചത്. വനിതാ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിരാമം ഇടുകയാണെന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ക്ലബ്ബിന്മേല്‍ അടുത്തിടെ വിധിച്ച വലിയ പിഴ ഉണ്ടാക്കിയ സാമ്പത്തിക സ്ഥിതി ആണ് ഈ തീരുമാനത്തിലേക്ക് ക്ലബിനെ എത്തിച്ചതെന്നും ക്ലബ് പറയുന്നു. ഫുട്‌ബോള്‍ ഫെഡറേഷന്റെ അധികാരത്തെയും തീരുമാനങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നുവെങ്കിലും, ക്ലബ്ബിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഈ സാമ്പത്തിക പ്രതിസന്ധി ബാധിക്കും. ഈ വര്‍ഷം വനിതാ ടീമിനായി വലിയ നിക്ഷേപങ്ങള്‍ ക്ലബ്ബിന് പദ്ധതിയുണ്ടായിരുന്നു. ഇനി അത് സാധ്യമല്ല. ടീമിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നത് താല്‍ക്കാലികമാണെന്നും, സാമ്പത്തിക പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ വനിതാ ടീമിനെ പുനഃസ്ഥാപിക്കുമെന്നും ക്ലബ്ബ് അറിയിച്ചു.
അതേസമയം ക്ലബ്ബിന്റെ തീരുമാനം മണ്ടത്തരവും അപക്വവുമാണെന്ന് വിമര്‍ശനമുയര്‍ന്നു. പുരുഷ ടീമിന് പിഴ ചുമത്തിയതിന് വനിതാ ടീമിനെ പിരിച്ചുവിടുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ വനിത ടീം ഗോള്‍കീപ്പര്‍ അതിഥി ചൗഹാന്‍ ട്വീറ്റ് ചെയ്തു. പുരുഷ ടീമിന് അവര്‍ ചെയ്തതിന് പിഴ ലഭിക്കുന്നു, അതിന് വനിതാ ടീമിന്റെ ബജറ്റിലുള്ള പണം നിര്‍ത്തിവെച്ച് ടീമിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നു. കൊള്ളാം, ഇങ്ങനെയാണ് ഇന്ത്യയില്‍ വനിതാ ഫുട്‌ബോള്‍ വികസിക്കുന്നത്അതിഥി ട്വിറ്ററില്‍ കുറിച്ചു. ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ
ആരാധകരുടെ ഔദ്യോഗിക ഗ്രൂപ്പായ മഞ്ഞപ്പടയും സമൂഹമാധ്യമത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് വലിയ ആഘോഷത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് വനിത ടീം പ്രഖ്യാപനം നടത്തിയത്. കേരള വുമണ്‍സ് ലീഗില്‍ അരങ്ങേറിയ ടീം മികച്ച പ്രകടനത്തോടെ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. കിരീട നേട്ടത്തോടെ ഇന്ത്യന്‍ വനിതാ ലീഗിലേക്ക് യോഗ്യത നേടാന്‍ ലക്ഷ്യമിട്ടായിരുന്നു ടീമിന്റെ അരങ്ങേറ്റം. അടുത്ത 23 വര്‍ഷത്തിനകം, എഎഫ്‌സി തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനും ക്ലബ്ബ് ലക്ഷ്യമിട്ടിരുന്നു. മുന്‍ താരവും പരിശീലകനുമായ ഷെരീഫ് ഖാന്‍ ആയിരുന്നു ടീം കോച്ച്. ദീര്‍ഘകാല കരാറിലായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം.






