ജിദ്ദ - സ്‌പോര്‍ട്‌സ് മന്ത്രാലയത്തിനു കീഴില്‍ പൊതു ഉടമസ്ഥതയിലായിരുന്ന സൗദി ക്ലബ്ബുകളില്‍ വന്‍ മാറ്റത്തിന് തിരികൊളുത്തി സ്വകാര്യവല്‍ക്കരണം പ്രഖ്യാപിച്ചു. സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ക്ലബ്ബുകള്‍ സ്വന്തമാക്കാം. ലീഗിന്റെ മൂല്യം 2030 ആവുമ്പോഴേക്കും ഇരട്ടിയാക്കുകയും (800 കോടി റിയാല്‍) ലോകത്തിലെ 10 പ്രധാന ലീഗുകളിലൊന്നാക്കുകയുമാണ് ലക്ഷ്യം. കളി കാണാനായി ആരാധകര്‍ സൗദിയിലേക്ക് വരുന്ന സാഹചര്യമുണ്ടാവണമെന്നാണ് ആഗ്രഹം. നാല്‍പതിലേറെ രാജ്യങ്ങളിലെ കളിക്കാര്‍ ഇപ്പോള്‍ സൗദി ലീഗിലുണ്ട്. കാണികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 150 ശതമാനം വര്‍ധിച്ചു.
നാല് ക്ലബ്ബുകള്‍ പി.ഐ.എഫിന്
സ്വകാര്യവല്‍ക്കരണ പദ്ധതി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നാലു ക്ലബ്ബുകള്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുക്കുമെന്ന് സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ അറിയിച്ചു. അല്‍ഹിലാല്‍, അന്നസ്ര്‍, അല്‍ഇത്തിഹാദ്, അല്‍അഹ്‌ലി ക്ലബ്ബുകളാണ് പി.ഐ.എഫ് ഏറ്റെടുക്കുക. പി.ഐ.എഫിന് 75 ശതമാനവും ലാഭേഛയില്ലാത്ത സ്‌പോര്‍ട്‌സ് സംഘടനകള്‍ക്ക് 25 ശതമാനവും ഉടമസ്ഥാവകാശമാണുണ്ടാവുക. ഡയറക്ടര്‍ ബോര്‍ഡില്‍ അഞ്ചു പേരെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും രണ്ടു പേരെ സംഘടനകളും നാമനിര്‍ദേശം ചെയ്യും.
അല്‍ഖാദിസിയ (സൗദി അറാംകൊ), അല്‍ദിര്‍ഇയ (ദിര്‍ഇയ ഡെവലപ്‌മെന്റ് അതോറിറ്റി), അല്‍ഉല (അല്‍ഉല ഡെവലപ്‌മെന്റ് അതോറിറ്റി), അല്‍സ്വുഖൂര്‍ (നിയോം കമ്പനി) ക്ലബ്ബുകളെയും പ്രമുഖ കമ്പനികള്‍ ഏറ്റെടുക്കും.






