കരാര്‍ ഒപ്പിട്ടു, ബെന്‍സീമ അല്‍ഇത്തിഹാദ് താരം

ജിദ്ദ - റയല്‍ മഡ്രീഡില്‍ അവസാന മത്സരം ഞായറാഴ്ച രാത്രി കളിച്ചതിനു പിന്നാലെ കരീം ബെന്‍സീമ ജിദ്ദയിലെ അല്‍ഇത്തിഹാദുമായി കരാറൊപ്പിട്ടു. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. ക്ലബ്ബിനും കളിക്കാരനും സമ്മതമാണെങ്കില്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടാം. റയലുമായി ബെന്‍സീമക്ക് ഒരു വര്‍ഷത്തേക്ക് കൂടി കരാറുണ്ടെങ്കിലും ഉഭയസമ്മതപ്രകാരം അത് അവസാനിപ്പിക്കുകയായിരുന്നു. വമ്പന്‍ ഓഫറാണ് ബെന്‍സീമക്കു മുന്നില്‍ അല്‍ഇത്തിഹാദ് വെച്ചത്. 14 വര്‍ഷം റയലിന് കളിച്ച ബെന്‍സീമ അവര്‍ക്കൊപ്പം 25 പ്രധാന ട്രോഫികള്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ പരിക്ക് അലട്ടുകയും ലോകകപ്പ് ഉള്‍പ്പെടെ നഷ്ടപ്പെടുകയും ചെയ്‌തെങ്കിലും 33 മത്സരങ്ങളില്‍ റയലിന് കളിക്കുകയും 23 ഗോളടിക്കുകയും ചെയ്തു. ഞായറാഴ്ച അത്‌ലറ്റിക്കൊ ബില്‍ബാവോക്കെതിരായ അവസാന കളിയിലും ഗോളടിച്ചാണ് വിടവാങ്ങിയത്. മുപ്പത്തഞ്ചുകാരന്‍ വിടപറയും മുമ്പ് ചൊവ്വാഴ്ച മഡ്രീഡില്‍ പത്രസമ്മേളനം നടത്തും. 
അവസാന മത്സരത്തില്‍ പെനാല്‍ട്ടിയിലൂടെ ഗോലടിച്ച് കരീം ബെന്‍സീമ റയല്‍ മഡ്രീഡുമായുള്ള 14 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു. എഴുപത്തിരണ്ടാം മിനിറ്റില്‍ സ്‌കോര്‍ ചെയ്ത ശേഷം സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടപ്പോള്‍ സാന്‍ഡിയാഗൊ ബെര്‍ണബാവു അവിസ്മരണീയ ആ റയല്‍ കരിയറിനെ എഴുന്നേറ്റ് നിന്ന് അംഗീകരിച്ചു. അത്‌ലറ്റിക്കൊ ബില്‍ബാവോയുമായുള്ള അവസാന ലീഗ് മത്സരം 1-1 സമനിലയായി. 
ഏറ്റവും മികച്ച കളിക്കാരിലൊരാളെയും ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളെയും പരിശീലിപ്പിക്കാന്‍ സാധിച്ചതില്‍ കൃതാര്‍ഥനാണെന്ന് കോച്ച് കാര്‍ലൊ ആഞ്ചലോട്ടി പറഞ്ഞു. കരീം ക്ലബ്ബ് വിടുന്നതില്‍ നിരാശനാണ്, പക്ഷെ താരത്തിന്റെ ആഗ്രഹത്തെ മാനിക്കുന്നു. എന്താണ് തനിക്ക് നല്ലത് എന്ന് തീരുമാനിക്കാനുള്ള അവകാശം കരീം സ്വയം നേടിയെടുത്തതാണ്. ഈ ക്ലബ്ബിനു വേണ്ടിയുള്ള മഹത്തരമായ സേവനങ്ങള്‍ക്ക് നന്ദി പറയുന്നു. ഐതിഹാസികവും അവിസ്മരണീയവുമായിരുന്നു കരീം. ഈ ക്ലബ്ബിന്റെ ചരിത്രത്തില്‍ എന്നും കരീമിന് സ്ഥാനമുണ്ടാവും -കോച്ച് പറഞ്ഞു. റയല്‍ രണ്ടാം സ്ഥാനത്താണ് ലീഗ് അവസാനിപ്പിച്ചത്. 
ബെന്‍സീമ ജിദ്ദയിലെ അല്‍ഇത്തിഹാദ് ക്ലബ്ബില്‍ ചേരുമെന്ന് സൗദി ടി.വി ചാനല്‍ അല്‍ഇഖ്ബാരിയ വെളിപ്പെടുത്തി. റയലിന്റെ ക്യാപ്റ്റനായിരുന്നു ബെന്‍സീമ. ക്ലബ്ബിന്റെ ഇതിഹാസ താരങ്ങളിലൊരാളാണ് ബെന്‍സീമയെന്നും എല്ലാ സ്‌നേഹവും ഭാവുകങ്ങളും അറിയിക്കുന്നതായും റയല്‍ മഡ്രീഡ് പ്രസ്താവന ഇറക്കി. ബെന്‍സീമയുടെ ഭാവി റയല്‍ മഡ്രീഡിലാണെന്നും ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുണ്ടെന്നും ശനിയാഴ്ച പോലും കോച്ച് കാര്‍ലൊ ആഞ്ചലോട്ടി പറഞ്ഞിരുന്നു. ഇന്റര്‍നെറ്റില്‍ കാണുന്നതല്ല വാര്‍ത്തയെന്ന് ബെന്‍സീമയും പ്രസ്താവിച്ചിരുന്നു.
റയല്‍ മാഡ്രിഡും ഞങ്ങളുടെ ക്യാപ്റ്റന്‍ കരിം ബെന്‍സെമയും ഞങ്ങളുടെ ക്ലബ്ബിലെ ഒരു കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഉജ്ജ്വലവും അവിസ്മരണീയവുമായ യുഗം അവസാനിപ്പിക്കാന്‍ സമ്മതിച്ചുവെന്ന് ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു. 'നമ്മുടെ ഏറ്റവും വലിയ ഇതിഹാസങ്ങളില്‍ ഒരാളായ ബെന്‍സേമയോട് നന്ദിയും എല്ലാ സ്‌നേഹവും കാണിക്കാന്‍ മാഡ്രിഡ് ആഗ്രഹിക്കുന്നുവെന്നും ക്ലബ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 

സൗദി അറേബ്യയിലേക്ക് പോകാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ ബെന്‍സേമയോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും നിങ്ങള്‍ ഇന്റര്‍നെറ്റില്‍ വായിക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമല്ല എന്നായിരുന്നു മറുപടി. 2009ല്‍ ലീഗ് വണ്‍ ടീമായ ലിയോണില്‍ നിന്നാണ് ഫ്രഞ്ച് മുന്നേറ്റ താരം മാഡ്രിഡിലെത്തിയത്.

മാഡ്രിഡിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗുകള്‍, നാല് ലാ ലിഗ കിരീടങ്ങള്‍, മൂന്ന് കോപാസ് ഡെല്‍ റേ എന്നിവയുള്‍പ്പെടെ 24 ട്രോഫികള്‍ ബെന്‍സെമ ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലണ്‍ ഡി ഓറിന്റെ നിലവിലെ ഉടമയുമാണ്.

മാഡ്രിഡിനായി 353 ഗോളുകള്‍ നേടിയ റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ടോപ്പ് സ്‌കോററാണ് ബെന്‍സേമ. 450 ഗോളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് മുന്നില്‍. ക്ലബ്ബിനായി ബെന്‍സെമയുടെ അവസാന മത്സരം ഇന്ന് നടക്കും.

ഈഡന്‍ ഹസാര്‍ഡ്, മാര്‍ക്കോ അസെന്‍സിയോ, മരിയാനോ ഡയസ് എന്നിവരും ഈ സീസണില്‍ വിടവാങ്ങുന്നുവെന്ന് മാഡ്രിഡ് സ്ഥിരീകരിച്ചു.
 

Latest News