പയ്യോളി എക്സ്പ്രസ് മിന്നൽ പിണർ പോലെ ദൽഹിയിലെ സമരക്കാർക്ക് മുന്നിൽ നിന്ന് ഓടി മറഞ്ഞിട്ട് അധികമായിട്ടില്ല. ഇപ്പോഴിതാ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ സമരങ്ങളേക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ചിരിക്കുന്നു കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചു കേന്ദ്രമന്ത്രിക്ക് എന്താണു പറയാനുള്ളതെന്നായിരുന്നു ഇന്ദ്രപ്രസ്ഥത്തിലെ മാധ്യമപ്രവർത്തകരുടെ ചോദ്യം. എന്നാൽ, ഇതിന് മറുപടി പറയാൻ അവർ തയാറായില്ല. തുടർന്നും ചോദ്യം ചോദിച്ചപ്പോൾ അവർ ഓടുകയായിരുന്നു. തുടർന്ന് അവർ കുറച്ച് ദൂരം ഓടിയശേഷം സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം കാറിലേക്ക് കയറി പോവുകയും ചെയ്തു. ഇതിന് പകരം വല്ല മൻ കി ബാതും നടത്തിയാൽ മതിയായിരുന്നു. ഈ ദൃശ്യങ്ങൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ലൈംഗികാതിക്രമ പരാതിയിൽ പ്രതിയായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണു ഗുസ്തി താരങ്ങൾ സമരം ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിയവരെ പ്രതി ചേർത്ത് ദൽഹി പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് രാജ്യാന്തര മത്സരങ്ങളിൽ ഉൾപ്പെടെ ലഭിച്ച മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഹരിദ്വാറിൽ എത്തിയ ഗുസ്തി താരങ്ങളെ കർഷക നേതാക്കൾ പിന്തിരിപ്പിക്കുകയായിരുന്നു.
ആദ്യമായി ബി.ജെ.പിയിൽ നിന്ന് തന്നെ ഗുസ്തി താരങ്ങൾക്ക് അനുകൂലമായ പ്രതികരണം വന്നുവെന്നതും ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലെ ബീദ് ലോക്സഭാ മണ്ഡലത്തിലെ പ്രതിനിധി പ്രീതം മുണ്ടെയാണ് ഒരു വനിതയെന്ന നിലയിൽ താൻ കായിക താരങ്ങൾക്കൊപ്പമാണെന്ന് പ്രതികരിച്ചത്. ഇവർ ലോക്സഭയിലെത്തിയത് ചരിത്രം സൃഷ്ടിച്ചാണ്. ഏഴ് ലക്ഷത്തിൽ പരം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷമാണ് പ്രീതത്തിന് ലഭിച്ചത്.
ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി മലയാള നടൻ ടൊവിനോ തോമസും രംഗത്തെത്തി. അന്താരാഷ്ട്ര കായിക വേദികളിൽ രാജ്യത്തിന്റെ യശസ് ഉയർത്തിപ്പിടിച്ചവരാണ് ഗുസ്തി താരങ്ങളെന്ന് ടൊവിനോ തോമസ് പറഞ്ഞു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ടൊവിനോ തോമസിന്റെ പ്രതികരണം. എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഗുസ്തി താരങ്ങൾ തഴയപ്പെട്ടു കൂടാ എന്നും ടൊവിനോ തോമസ് വ്യക്തമാക്കി.
*** *** ***
കേരളത്തിലും കുറച്ചൊക്കെ തമിഴകത്തും ഇപ്പോൾ വാർത്തകളിലെ താരം അരിക്കൊമ്പനാണ്. കഴിഞ്ഞ ദിവസം കമ്പത്ത് പെർഫോമൻസ് അരങ്ങേറിയപ്പോൾ കവർ ചെയ്യാനെത്തിയത് ഏറെയും മലയാളം ന്യൂസ് ചാനലുകളാണ്. തമിഴിലെ ഒന്നോ രണ്ടോ ചാനലുകൾ മാത്രമെത്തി. വാർത്തയിൽ താൽപര്യം കുറഞ്ഞിട്ടല്ല. വൈദ്യുതി നിരക്ക് കൂട്ടിയതും മറ്റു ദ്രോഹ നടപടികളേയും മറച്ചു പിടിക്കാൻ അവർക്ക് ചക്ക, അരി ജാതികളുടെ ആവശ്യമില്ലല്ലോ. ഏതായാലും ഇടുക്കി ജില്ലയിൽ നിറഞ്ഞാടിയിരുന്ന ഇവൻ നിസ്സാരക്കാരനല്ല. അറബിക് ഉൾപ്പെടെ വിദേശ ഭാഷകളിലെ പത്രങ്ങളിലും ഇവന്റെ ചെയ്തികൾ വാർത്തയായി.
കേരളത്തിന്റെ സ്വന്തം അരിക്കൊമ്പന് ഇവിടെ ഫാൻസ് അസോസിയേഷനുള്ളതെല്ലാം അവഗണിച്ച് നാടു കടത്തിയത് മര്യാദയായില്ല. അരിക്കൊമ്പനെഴുതിയതെന്ന പേരിൽ ഒരു പ്രണയ ലേഖനം വാട്ട്സപ്പിൽ പ്രചരിക്കുന്നുമുണ്ട്. പ്രിയേ, കാത്തിരിക്കൂ, പെരിയാറിന്റെ തീരത്ത് എവിടെയങ്കിലും വെച്ച് നമ്മുടെ പ്രണയം പൂത്തുലയുമെന്നാണ് അരിയേട്ടൻ സത്യം ചെയ്തിട്ടുള്ളത്. മൂപ്പർക്ക് തേക്കടി ഭാഗത്തൊരു അഫയറുണ്ടെന്ന് ഒരു മലയാളം ടിവി ചാനലിൽ കേട്ടിരുന്നു. പണ്ടൊക്കെ നമ്മൾ വീട്ടിൽ ശല്യമാവുന്ന പൂച്ചയെ ടൗണിലോ മാർക്കറ്റിലോ നാടു കടത്താറില്ലേ. നമ്മൾ വീട്ടിൽ തിരിച്ചെത്തുന്നതിന് മുമ്പ് ജീവി മണം പിടിച്ച് തിരിച്ചെത്തുമായിരുന്നു. ഏതാണ്ട് അതേ കളിയാണ് കമ്പത്തൊക്കെ കഴിയാൻ വിധിക്കപ്പെട്ട അരിക്കൊമ്പന്റെ കളിയും. കേരളത്തിലെ റേഷൻ കടയിലെ അരി കിട്ടിയാലേ മൂപ്പർക്ക് തൃപ്തിയാവൂ. ഇവിടെ റേഷൻ കാർഡിൽ വെള്ള, മഞ്ഞ, നീല എന്നിങ്ങനെ തരം തിരിച്ചതൊന്നും അതിന് കാര്യമല്ല. കേരളാവിലെ റേഷൻ കട എങ്കൈ എന്നാണ് സദാ അന്വേഷിക്കുന്നത്. കേരള സിവിൽ സപ്ലൈസ് കോർപറേഷന്റെ ബ്രാൻഡ് അംബാഡറായി ഇതിനെ പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. കാര്യമുണ്ടായില്ലെങ്കിലും അരിക്കൊമ്പന് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജിയെത്തി. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. ട്വന്റി-20 ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്രസർക്കാരിനൊപ്പം തമിഴ്നാട് സർക്കാരിനെയും കക്ഷി ചേർത്തുകൊണ്ടായിരുന്നു ഹർജി. അരിക്കൊമ്പന്റെ ആരോഗ്യ സംരക്ഷണം തേടി ആദ്യമായാണ് ഒരു ഹർജി ഹൈക്കോടതിയിൽ എത്തിയത്.
അരിക്കൊമ്പൻ ഇപ്പോഴുള്ളത് തമിഴ്നാട് വനപ്രദേശത്താണ്. അതുകൊണ്ട് തന്നെ തമിഴ്നാട് സർക്കാരിന്റെ മേൽനോട്ടത്തിലാണ് അരിക്കൊമ്പനെ പിടികൂടുന്നതെങ്കിൽ ആനയെ കേരളത്തിന് കൈമാറണമെന്നും കേരളത്തിലെ മറ്റൊരു ഉൾവനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.അത് ന്യായം.
ഇതിനിടയ്ക്ക് കമ്പത്തിന് സമീപം ഷൺമുഖ നദി ഡാമിനോടു ചേർന്നുള്ള റിസർവ് വനത്തിലുള്ള അരിക്കൊമ്പന് തിന്നാൻ തമിഴ്നാട് വനം വകുപ്പ് ശർക്കരയും പഴക്കുലയും അരിയും കാട്ടിലെത്തിച്ചു. ഭക്ഷണം കിട്ടാതെ അരിക്കൊമ്പൻ അലയുന്നത് ഒഴിവാക്കാനാണ് ഭക്ഷണ സാധനങ്ങൾ കാട്ടിൽ കൊണ്ടു പോയി വെച്ചത്. ഇപ്പോൾ കൃഷിത്തോട്ടത്തിൽ നിന്നാണ് അരിക്കൊമ്പൻ ഭക്ഷണം തേടുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി പരിഭ്രാന്തനായി അലഞ്ഞ് തിരിഞ്ഞു നടക്കുന്നത് കൊണ്ട് തന്നെ അരിക്കൊമ്പന് ചെറിയ ക്ഷീണമുണ്ട്. ആനയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നും ഇല്ലെന്നും തുമ്പിക്കയ്യിലെ പരിക്ക് മനുഷ്യരുടെ ഇടപെടൽ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും കമ്പം എം എൽ എ രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. സഞ്ചരിക്കുന്ന വഴിയിലോ മരത്തിലോ മുൾച്ചെടിയിലോ ഉരഞ്ഞുണ്ടായ മുറിവായിരിക്കാം ഇതെന്നും അദ്ദേഹം പറഞ്ഞു.അരിക്കൊമ്പനങ്ങിനെ കേരള -തമിഴ് നാട് അതിർത്തിയിൽ വിലസി നടക്കുന്നതിൽ അസൂയയുള്ള സിനിമാ താരങ്ങൾ വരെയുണ്ട്. അരിക്കൊമ്പനും ചക്കക്കൊമ്പനും വരെ ഫാൻസുള്ള ഇക്കാലത്ത് തനിക്ക് മാത്രം ആരാധകർ ഇല്ലെന്ന് നടൻ ടി.ജി രവി. ഇത്രയും നാൾ സിനിമയിൽ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ടും തനിക്ക് ഫാൻസില്ലാത്തത് കഷ്ടമാണ് എന്നാണ് ടി.ജി രവി പറയുന്നത്.
അരിക്കൊമ്പന് നല്ല ഫാൻസ് ഉണ്ട്. അതിന്റെ അതിന്റെ പേരിൽ പൈസ പിരിക്കുന്നുമുണ്ട്. കാലം പോയപോക്കേ'എന്നാണ് തമാശയോടെ ടി.ജി രവി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.തൊണ്ണൂറുകൾ മുതൽ വില്ലൻ വേഷത്തിൽ തിളങ്ങിയ താരമാണ് ടി.ജി രവി. 176 ഓളം സിനിമയിൽ വേഷമിട്ട താരം മൂന്ന് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും, കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും, ക്രിട്ടിക്സ് അവാർഡും നേടിയിട്ടുണ്ട്.
ഇടയ്ക്ക് സിനിമയിൽ നിന്നും വിട്ടുനിന്ന് റബ്ബർ കമ്പനി വ്യവസായത്തിലേക്ക് ടി.ജി രവി പോയിരുന്നു. എന്നാൽ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരികയായിരുന്നു. 'മാളികപ്പുറം' എന്ന ചിത്രത്തിലാണ് നടൻ ഒടുവിൽ വേഷമിട്ട ചിത്രം.
*** *** ***
ആമിർ ഖാന്റെ മകളുടെ വേഷത്തിൽ ബോളിവുഡിൽ അരങ്ങേറ്റം നടത്തിയ താരമാണ് സൈറ വസീം.
ദംഗൽ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാപ്രേമികളുടെ മനം കവർന്ന താരമാണ്. മൂന്നു സിനിമയിൽ അഭിനയിച്ചതിനു ശേഷം സൈറ സിനിമ അഭിനയം അവസാനിപ്പിക്കുകയായിരുന്നു. മതപരമായ കാരണങ്ങൾ പറഞ്ഞായിരുന്നു സൈറയുടെ പിൻവാങ്ങൽ. സിനിമ ഉപേക്ഷിച്ചെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം കാഴ്ചപ്പാടുകൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സൈറയുടെ പുതിയ ട്വീറ്റാണ്. മുഖപടം ഉപയോഗിക്കുന്നതിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിന് മറുപടി നൽകുകയായിരുന്നു താരം. മുഖപടം നീക്കാതെ ഭക്ഷണം കഴിക്കേണ്ടിവരുന്നത് ഒരു മനുഷ്യന്റെ തെരഞ്ഞെടുപ്പാണോ എന്നാണ് ഒരാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തന്റെ അനുഭവമാണ് സൈറ അതിന് മറുപടിയായി കുറിച്ചത്. ഒരു വിവാഹത്തിൽ പങ്കെടുത്തു. ഇതുപോലെ തന്നെ ഭക്ഷണം കഴിച്ചു. അത് എന്റെ മാത്രം തെരഞ്ഞെടുപ്പാണ്. മുഖപടം മാറ്റാൻ എന്റെ കൂടെയുണ്ടായിരുന്നവർ എല്ലാം പറഞ്ഞിട്ടും ഞാനത് ചെയ്തില്ല. ഞങ്ങൾ ഇത് ചെയ്യുന്നത് നിങ്ങൾക്ക് വേണ്ടിയല്ല. ഇത് സഹിച്ചോളൂ.- എന്നാണ് സൈറ വസിം കുറിച്ചത്. 2016ൽ ദംഗൽ സിനിമയിലൂടെ അരങ്ങേറിയ സൈറ 2019ലാണ് സിനിമ ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയത്. സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രത്തിൽ സൈറ ശക്തമായ വേഷത്തിൽ എത്തിയിരുന്നു. അതിനു പിന്നാലെ പ്രിയങ്ക ചോപ്രയ്ക്കൊപ്പം ദി സ്കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലും അഭിനയിച്ചു.
*** *** ***
വിവാഹ മോചനത്തെക്കുറിച്ച് നടി ശാലുമേനോൻ വെളിപ്പെടുത്തി. മറ്റൊരു വിവാഹത്തെക്കുറിച്ച് കാര്യമായി ചിന്തിക്കുന്നുണ്ട്. അമ്മയ്ക്കൊക്കെ പ്രായമായി വരികയാണ്. എനിക്കൊരു കൂട്ട് എന്തായാലും വേണം. ഇപ്പോഴല്ല. സാവധാനം. കണ്ട് മനസിലാക്കിയിട്ടൊക്കെയേയുള്ളൂ. ലവ് മാര്യേജ് ആയിരിക്കുമോയെന്ന് പറയാറായിട്ടില്ല.'- കൗമുദി ടിവി അഭിമുഖത്തിൽ നടി പറഞ്ഞു.
ജീവിതത്തിൽ പ്രയാസങ്ങൾ വരുമ്പോൾ അതിനെ അതിജീവിക്കാൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന അവതാരകന്റെ ചോദ്യത്തിനും നടി മറുപടി നൽകി. 'ആദ്യം ചെയ്യുകയെന്ന് പറഞ്ഞാൽ നാമം ജപിക്കും. ദിവസവും നാമം ജപിക്കുന്നയാളാണ്. ഞാൻ ഈശ്വരനോട് പറയും.'- താരം വ്യക്തമാക്കി.
'ഡിവോഴ്സിന് കൊടുത്തിരിക്കുകയാണ്. ഞാനാണ് കൊടുത്തത്. കേസിപ്പോൾ നടക്കുന്നു. പരസ്പരം അഡ്ജസ്റ്റ് ചെയ്തുപോകാൻ പറ്റാത്തതുകൊണ്ടാണ് വിവാഹമോചനത്തിലേക്ക് നീങ്ങിയത്.
തന്നെ കേന്ദ്രീകരിച്ചുണ്ടായ വിവാദത്തെ പറ്റിയും താരം സംസാരിച്ചു. ഒരു കണക്കിന് വിവാദമുണ്ടായത് നന്നായി. കുറച്ച് ബോൾഡാകാൻ പറ്റി. ആൾക്കാരെ തിരിച്ചറിയാൻ പറ്റി. ആ പ്രശ്നങ്ങളുണ്ടായപ്പോൾ ഇൻഡസ്ട്രിയിൽ നിന്ന് ഒരുപാട് പേർ ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്.
അവരെയൊക്കെ വീണ്ടും കണ്ടിട്ടുണ്ട്. ഞാൻ ചെന്ന് സംസാരിക്കാറുണ്ട്. ഉള്ളിൽ വച്ച് പെരുമാറുന്നത് എനിക്കറിയില്ല. ദേഷ്യം വളരെ കുറവാണ്. ദൈവത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. - നടി പറഞ്ഞു.
*** *** ***
മഴവിൽ മനോരമയിൽ കോഴിക്കറി പാകം ചെയ്ത് മത്സരിക്കാനെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ വിൻസി അലോഷ്യസിനെ ഓർമയില്ലേ. അതിലെ പെർഫോമൻസ് കണ്ടവർ അന്നേ വിലയിരുത്തിക്കാണും, ടാലന്റഡായ ഈ യുവതി പ്രശസ്തയാവുമെന്ന്. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിൻസിക്ക് പിന്നീട് നിരവധി അവസരങ്ങൾ ലഭിച്ചു. ഭീമന്റെ വഴി, വികൃതി, കനകം കാമിനി കലഹം, രേഖ, ജനഗണമന, സൗദി വെള്ളക്ക തുടങ്ങി നിരവധി സിനിമകളിൽ വിൻസി അഭിനയിച്ചു. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിക്കൊണ്ടിരിക്കുകയാണ് വിൻസി.
എന്നാൽ ഒടുവിൽ പുറത്തിറങ്ങിയ രേഖ എന്ന സിനിമ പരാജയപ്പെട്ടു. ത്രില്ലർ സ്വഭാവത്തിലിറങ്ങിയ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെയാണ് വിൻസി അവതരിപ്പിച്ചത്. ഐ ആം വിത്ത് ധന്യ വർമ്മ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിൻസി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പ്രണയങ്ങൾ ഒരാഴ്ച മാത്രമേ നിലനിൽക്കാറുള്ളൂയെന്നും അതിന് ശേഷം അവസാനിക്കുമെന്നും വിൻസി തുറന്ന് പറഞ്ഞു. ഇതിന് കാരണമെന്തെന്നും വ്യക്തമാക്കി. 'ഒരു റിലേഷൻഷിപ്പിലാണെങ്കിൽ കുറേ ആലോചിക്കും. ആ നിമിഷം ആസ്വദിക്കുക എന്നതിലല്ല. എല്ലാ റിലേഷൻഷിപ്പിന്റെയും കാലാവധി ഒരാഴ്ചയാണ്' അതിനപ്പുറത്തേക്ക് പോയാൽ അവൻ ഗ്രേറ്റ് ആണ്. പ്രണയം എന്ന ഫീലിംഗിൽ ഞാനെന്റെ എത്തിക്സും ഐഡിയോളജിയും കൊണ്ട് വന്ന് അടിയാവും. ഇപ്പോൾ ആ ഐഡിയോളജി മാറ്റി. എന്റെ എത്തിക്സിലേക്കൊന്നും കടക്കാതെ ആ വ്യക്തിയെ മാത്രം പ്രേമിച്ച് നോക്കാമെന്ന ട്രാക്കിലാണിപ്പോൾ. അത് മനോഹരമാണ്'. പ്രണയത്തിൽ ഏറ്റവും മനോഹരമായ കാര്യമെന്തെന്നും നടി വ്യക്തമാക്കി. എപ്പോഴും എനിക്കൊരാളെ വേണം. ആ വ്യക്തിയുടെയടുത്ത് എനിക്ക് ഞാനായി നിൽക്കണമെന്നും വിൻസി പറഞ്ഞു. തന്റെ സ്വഭാവ രീതികൾ വെച്ച് വിലയിരുത്താൻ ആർക്കും പറ്റില്ല. ഡേറ്റിന് പോയ വ്യക്തി ഇത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും വിൻസി വ്യക്തമാക്കി. 'നാല് ദിവസമാണ് ഞങ്ങൾ ഡേറ്റിംഗിന് പോയത്. അവനെന്നോട് പറഞ്ഞത് നാല് ദിവസം നാല് വൈബാണെന്നാണ്. 'ആദ്യത്തെ ദിവസം റൊമാന്റിക്കായിരിക്കും. രണ്ടാം ദിവസം കുറച്ച് കൂടി സീരിയസ് സംസാരമായിരിക്കും. മൂന്നാം ദിവസം ചിൽ ആയിരിക്കും. നാലാം ദിവസം അവൻ കരയും' വിൻസി പറഞ്ഞു. ചില ആൾക്കാരുമായി പിരിയുമ്പോൾ വേദന തോന്നും. ചിലരോട് ഫൺ ആണ്. പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. ആൾ മരിച്ച് പോയി. പെട്ടെന്ന് മിസ്സായപ്പോൾ എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു. അത്രയ്ക്കൊന്നും ഇപ്പോൾ ഒന്നുമില്ല, -വിൻസി പറഞ്ഞു. കേരളത്തിലെ ശിഥിലമായ വിവാഹ ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കുന്നവർക്കുള്ള ഉത്തരം യുവതാരം പറഞ്ഞതിൽ ഒളിഞ്ഞിരിപ്പുണ്ട്.
*** *** ***
2008ൽ ലോകസുന്ദരി മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് ആയി കേരളത്തിന് അഭിമാനമായി മാറിയ താരമാണ് ചങ്ങനാശേരിക്കാരി പാർവതി ഓമനക്കുട്ടൻ. സൗന്ദര്യ മത്സരത്തിന് ശേഷം പാർവതി സിനിമയിലേക്ക് എത്തിയിരുന്നു. എഴോളം സിനിമ ചെയ്തെങ്കിലും ഒന്നും വിജയിച്ചിരുന്നില്ല. 2019 ൽ പുറത്തിറങ്ങിയ 'ഇംസൈ അരസൻ' ആണ് പാർവതി ഒടുവിൽ വേഷമിട്ട ചിത്രം. സിനിമകളിൽനിന്ന് പിന്മാറിയ പാർവതി ഓമനക്കുട്ടൻ പിന്നീട് പരസ്യ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും സജീവമായിരുന്നു. എന്നാൽ ഇപ്പോൾ ഗ്ലാമർ ലോകത്ത് നിന്നും മാറി നിന്ന് പാചക പരീക്ഷണങ്ങളിലാണ് പാർവതി. നടിയുടെ കുക്കിംഗ് വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇൻസ്റ്റഗ്രാം ബയോഡാറ്റയിൽ ഷെഫ് ആണെന്നും, ജീവിക്കുന്നതും ഇഷ്ടപ്പെടുന്നതും ഭക്ഷണമാണ് എന്നും പാർവ്വതി വ്യക്തമാക്കിയിട്ടുണ്ട്. മിസ് വേൾഡ്, മിസ് ഇന്ത്യ എന്ന ടാഗുകൾക്കൊപ്പമാണ് ഷെഫ് എന്ന ടാഗ് നടി ആദ്യം കൊടുത്തിരിക്കുന്നത്. പാചക വീഡിയോക്കൊപ്പം കുറിപ്പുകളും പാർവതി പങ്കുവച്ചിട്ടുണ്ട്.






