Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വായന: അരങ്ങിലെ അഗ്നിജ്വാലകൾ

മാധ്യമപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രൻ, കെ.പി.എ.സി.സുലോചനയെക്കുറിച്ച് എഴുതിയ 'ജീവിതം നാടകം, അരുണാഭം ഒരു നാടകകാലം' എന്ന പുസ്തകം ജീവചരിത്രരചനയിലുപരി കേരളത്തിൽ രാഷ്ട്രിയബോധവും സാംസ്‌കാരിക ചിന്തകളും ഉച്ചസ്ഥായിലായിരുന്ന ഒരു കാലത്തിന്റെ രേഖപ്പെടുത്തൽകൂടിയാണ്. 
അക്കാലത്തെ രാഷ്ട്രീയസംഭവങ്ങൾ വളരെസൂക്ഷ്മമായി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. കലയും രാഷ്ട്രീയവും ഒരു നാണയത്തിന്റെ രണ്ടുവശമെന്നതുപോലെ എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് ബൈജുചന്ദ്രൻ വരച്ചിടുന്നു. സമൂഹത്തിന്റെ (വ്യക്തികളുടേയും) മറവിക്കെതിരെയുള്ള ഒരായുധമാണ്  ഈ പുസ്തകമെന്ന്  വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.വളരെ കാലത്തെ ഗവേഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായാണ് ഇങ്ങനെയൊരു പുസ്തകം രൂപപ്പെട്ടതെന്നത് വ്യക്തമാണ്. ലളിതമായ ആഖ്യാനം.
പുസ്തകം വായിച്ചുതീർക്കുമ്പോൾ നമ്മൾ ഓർത്തുപോകും. എത്രത്യാഗനിർഭരവും പ്രതീക്ഷാനിർഭരവുമായൊരുകാലത്താണ് കെ.പി.എ.സി സുലോചനയും അവർക്കൊപ്പമുണ്ടായിരുന്ന കലാകാരന്മാരും ജീവിച്ചതെന്ന്. നാടിന്റെ ജനകീയകലയാക്കി നാടകത്തെ മാറ്റിയതിന് പിന്നിൽ സുലോചനയെപ്പോലെയുള്ള നൂറുകണക്കിന് കലാകാരന്മാരുടെ കണ്ണീരിൽ കുതിർന്ന ജീവിതം ഹോമിച്ചിട്ടാണെന്ന് എത്രപേർ ഇന്ന് ഓർക്കുന്നുണ്ടെന്ന് പറയാനാവില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തുന്നതിൽ കെ.പി.എ.സിയും അതിലെ കലാകാരന്മാരും വഹിച്ച പങ്ക് വളരെ വലുതാണ്. കെ.പി.എ.സി നാടകങ്ങളിലെ ഗാനങ്ങൾ കേട്ട് കമ്മ്യൂണിസ്റ്റായി തീർന്ന പലരേയും എനിക്കറിയാം. മൂലധനം വായിച്ചിട്ടായിരുന്നില്ല അവരൊക്കെ കമ്മ്യൂണിസ്റ്റായി തീർന്നത്. ഇന്നും ജനലക്ഷങ്ങളെ ഈ ഗാനങ്ങൾ ആകർഷിച്ചു കൊണ്ടേയിരിക്കുന്നു.
ബലികുടീരങ്ങളേ
ബലികുടീരങ്ങളേ
സ്മരണകളിരമ്പും
രണസ്മാരകങ്ങളേ
ഇവിടെ ജനകോടികൾ
ചാർത്തുന്നു നിങ്ങളിൽ
സമരപുളകങ്ങൾതൻ സിന്ദൂരമാലകൾ...
1957 ഓഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നൂറാം പിറന്നാളിന് തിരുവനന്തപുരത്തെ പാളയത്തെ രക്തസാക്ഷിമണ്ഡപം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ അവതരിപ്പിക്കാനായി വയലാർ രാമവർമ്മയുടെ വരികളെ ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഗാനമാണിത്. രാഷ്ട്രപതിയായിരുന്ന ഡോ: രാജേന്ദ്രപ്രസാദിന്റെയും മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെയും സാന്നിധ്യത്തിൽ കെ.എസ്.ജോർജ്ജിന്റെയും കെ.സുലോചനയുടെയുംനേതൃത്വത്തിലായിരുന്നു ഈ സംഘഗാനം അവതരിപ്പിക്കപ്പെട്ടത്. ഈ ഗാനം പിന്നീട് കമ്മ്യൂണിറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയെന്നത് ചരിത്രം.രാഷ്ട്രീയവേദികളെയും ഗ്രാമീണ പരിപാടികളിലും ഈ ഗാനം കമ്മ്യൂണിസ്റ്റ് പാർട്ടിയുട െജിഹ്വയായി മാറി.
 'ജീവിതം നാടകം അരുണാഭം ഒരു നാടകകാലം' എന്ന പുസ്തകം സുലോചനക്കും അക്കാലത്തെ ഒരുപിടി കലാകാരൻമാർക്കുമുള്ള മലയാളിയുടെ ആദരവാണ്. ഈ ഉദ്യമത്തിന്റെ പേരിൽ ബൈജുചന്ദ്രൻ അഭിനന്ദനം അർഹിക്കുന്നു. ബൈജുചന്ദ്രൻ തന്നെ തന്റെ പുസ്തകത്തെ വിലയിരുത്തുന്നത് ഇതൊരു രാഷ്ട്രീയകേരളത്തിന്റെ കഥകൂടിയാണെന്നാണ്.


'പതിനേഴുവർഷം മുമ്പ് 2005 ഏപ്രിൽ 17 ന് വിട പറഞ്ഞ സുലോചനയുടെ ജീവിതകഥ പറയുമ്പോൾ അതൊരു ഗായികയുടെയോ നടിയുടെയോ മാത്രം കഥയാകുന്നില്ല. പ്രതിഭകൊണ്ടു ധൂർത്തടിച്ച ഒരുപാടുപേരുടെ മാറ്റത്തിന്റെ കൊടുങ്കാറ്റായി വീശിയടിച്ച ഒരു നാടകപ്രസ്ഥാനത്തിന്റെയും ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു നാടകകാലത്തിന്റെയും ആരും മറന്നുകാണാനിടയില്ലാത്ത ഒരു രാഷ്ട്രീയകേരളത്തിന്റെയും കൂടികഥയാണ്' -ബൈജുചന്ദ്രൻ നാടകജീവിതം ജീവിതനാടകം എന്ന കുറിപ്പിലാണിങ്ങനെ വ്യക്തമാക്കുന്നത്.
സഖാവ് കോടാകുളങ്ങര വാസുപിള്ള തൂക്കുമരം കാത്ത് ജയിലിൽകിടക്കുകയാണ്. കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിലെത്തിയാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാമെന്നൊരു നേരിയ പ്രതീക്ഷ മാത്രമെയുണ്ടായിരുന്നുള്ളു. വധശിക്ഷക്ക് സ്റ്റേവാങ്ങാനായി സുപ്രീം കോടതിയിൽ പോകാനായി പണം ശേഖരിക്കാൻ കെ.പി.എ.സിയുടെ അമരക്കാരൻകൂടിയായ ജനാർദ്ദനക്കുറുപ്പ് ഇറങ്ങിപുറപ്പെട്ടു. യാതൊരുമടിയും കൂടാതെ ജനാർദ്ദനക്കുറുപ്പിന്റെ ഭാര്യ അവരുടെ ഏഴുപവൻമാല ഊരിക്കൊടുത്തു. എന്നാലതുകൊണ്ടൊന്നും തികയുമായിരുന്നില്ല. ജനാർദ്ദനക്കുറുപ്പ് സുലോചനയെ സമീപിച്ചു. ഈ സന്ദർഭം അദ്ദേഹം വിവരിക്കുന്നതിങ്ങനെ:
പുളിമൂട്ടിൽചെന്ന് സുലോചനയോട് കാര്യം പറഞ്ഞു. സുലോചന ഉടനെ കഴുത്തിൽനിന്ന് മാലയൂരി എനിക്കുതന്നു. ഉടനെ സുലോചനയുടെ അച്ഛൻ ഇടങ്കോലിട്ടു.' നീ ഊരിക്കൊടുത്തോ ഇവരിതൊന്നും തിരിച്ചുതരാമ്പോണില്ല'
തന്നില്ലെങ്കിൽ ഞാൻ സഹിച്ചോളാം. സുലോചന ദൃഡസ്വരത്തിൽപറഞ്ഞു. ഇവരെല്ലാവരും കൂടി ഉണ്ടാക്കിതന്നതാ എന്റെ ആഭരണങ്ങൾ.അത് ഇങ്ങനെയൊരാവശ്യത്തിനല്ലാതെ വേറെയെന്തിനാണ്  ഞാൻ കൊടുക്കുക. സുലോചന കൈയ്യിൽനിന്ന് രണ്ടുവളകളും ഊരിത്തരാൻ തയ്യാറായപ്പോൾ എന്റെ കണ്ണുനിറഞ്ഞു. ഞാനതുവാങ്ങിയില്ല.
 ഇങ്ങനെ സൂലോചനയെന്ന കലാകാരിയുടെ ജീവിതത്തിൽനിന്നുള്ള നിരവധി കാരുണ്യത്തിന്റെയും അഭിമാനബോധത്തിന്റെയും നിമിഷങ്ങൾ ഈ പുസ്തകം നമ്മുടെ മുന്നിലേക്ക് തുറന്നുവയ്ക്കുന്നു. കമ്മ്യൂണിറ്റ് സർക്കാർ അധികാരത്തിലെത്തിയതോടെ കോടാകുളങ്ങര വാസുപിള്ളയുടെ വധശിക്ഷ ജീവപര്യന്തമായി കുറപ്പിക്കാൻ കഴിഞ്ഞു.
കുഷ്ഠരോഗം ജനങ്ങളിൽ ഭീതിയും വെറുപ്പും സൃഷ്ടിക്കുന്ന രോഗമാണ്. ചികിത്സയില്ലാതിരുന്ന കാലത്ത് ഇന്നത്തേതിലും ഭീകരമായിരുന്നു സ്ഥിതി. കുഷ്ഠരോഗികളുടെ യാതന നിറഞ്ഞ ജീവിതത്തിലേക്ക് വെളിച്ചം വീശിയ തോപ്പിൽഭാസിയുടെ അശ്വമേധം എന്ന കെ.പി.എ.സി നാടകം സമൂഹമനസ്സാക്ഷിയെ വിറളിപ്പിടിപ്പിച്ചുവെന്ന് പറയാം. 
ഈ നാടകത്തിൽ കുഷ്ഠരോഗം ബാധിച്ച യുവതിയായി അഭിനയിച്ചതിന്റെ പേരിൽ സുലോചനക്ക് വന്ന ഒരു കല്യാണാലോചന മുടങ്ങി. പെണ്ണുകാണാൻ വന്ന പയ്യൻ പെൺകുട്ടിക്ക് രോഗമുണ്ടോയെന്ന് ചുഴിഞ്ഞ് നോക്കുന്നതുകണ്ട് തനിക്ക് ഈ കല്യാണം വേണ്ടെന്ന് ധൈര്യമായി പറഞ്ഞ് അവരെ പറഞ്ഞുവിടുകയാണ് സുലോചന ചെയ്തത്. 
കെ.പി.എ.സി അവതരിപ്പിച്ച തോപ്പിൽ ഭാസിയുടെ അശ്വമേധത്തിന്റെ കഥ ഇങ്ങനെ: സുന്ദരിയും ചിത്രകാരനുമായ സരോജവും മോഹനനും തമ്മിലുള്ള പ്രണയവിവാഹം നടക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് സരോജത്തിന് കുഷ്ഠരോഗമാണെന്ന് തിരിച്ചറിയുന്നത്. ഇതോടെ കല്യാണം മുടങ്ങുന്നു. സരോജം ലെപ്രസി സാനിട്ടോറിയത്തിൽ പ്രവേശിപ്പിക്കപ്പെടുന്നു. വീട്ടുകാരും കാമുകനും നാട്ടുകാരും അവളെ വെറുക്കുന്നു. കുഷ്ഠ രോഗം ചികിത്സിച്ചു ഭേദമായെങ്കിലും ആരും അവളെ സ്വീകരിക്കാൻ തയ്യാറാകുന്നില്ല. കുഷ്ഠരോഗം ചികിത്സിച്ച നല്ലവനായ ഡോക്ടർ തോമസ് സരോജത്തിന് അഭയം നൽകുന്നതോടെയാണ് അശ്വമേധം എന്ന നാടത്തിന് തിരശീല വീഴുന്നത്.
ഈ നാടകപ്പിറവിയുടെ പിന്നാമ്പുറക്കഥകൾ വളരെ വിശദമായി ഈ പുസ്തകത്തിൽ ബൈജുചന്ദ്രൻ വിവരിക്കുന്നുണ്ട്. നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ നന്മനിറഞ്ഞ ഉണ്ണിത്താൻ ഡോക്ടറാവണം നാടകത്തിലെ തോമസ് ഡോക്ടറുടെ മാതൃക. കുഷ്ഠരോഗിയായ പെൺകുട്ടിയെ മകളെയെന്ന് വിളിക്കുന്ന കരുണയുള്ള മനുഷ്യനായിരുന്നു ഡോക്ടർ ഉണ്ണിത്താൻ. രോഗം കുറ്റമാണോയെന്നു ചോദിച്ച് തോപ്പിൽ ഭാസിയെ രോഗത്തിന്റെ നാനാവശങ്ങളിലേക്ക് ശ്രദ്ധയാകർഷിച്ചത് ഇദ്ദേഹമാണ്.
തോപ്പിൽഭാസി തന്റെ നാടിനോടുചേർന്നുള്ള നൂറനാട് ലെപ്രസി സാനിട്ടോറിയത്തിൽ കൂടെകൂടെ ഉണ്ണിത്താൻ ഡോക്ടറെ കാണാനായി ചെല്ലുമായിരുന്നു. 
കുഷ്ഠരോഗനിർമ്മാർജ്ജനത്തിന്റെ ഭാഗമായി അന്നത്തെ ആരോഗ്യമന്ത്രി കൊണ്ടുവന്ന ബില്ലിൽ പറഞ്ഞിരുന്നത് കുഷ്ഠ രോഗികളെ പൊതുസ്ഥലത്തുകണ്ടാൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്നാണ്. തോപ്പിൽ ഭാസിയുടെ ഇടപെടലാണ് ഈ ബിൽ സർക്കാർ പിൻവലിക്കാൻ കാരണമായത്. തോപ്പിൽ ഭാസിയുട െസുഹൃത്തും കുഷ്്ഠരോഗം ബാധിച്ച് പിന്നീട് ഭേദപ്പെട്ട കാർത്തികേയനുമായുള്ള ബന്ധവും ഈ രോഗത്തെ വൈകാരികമായി കാണാൻ തോപ്പിൽ ഭാസിയെ പ്രേരിപ്പിച്ചിട്ടുണ്ട്. 
ശാസ്ത്രബോധം ജനങ്ങളിലേക്ക് എത്താൻ കലയ്ക്കും സാഹിത്യത്തിനുമുള്ള പങ്ക് ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ പ്രസംഗവും തോപ്പിൽഭാസിയെ പ്രചോദിപ്പിച്ചിട്ടുണ്ട്.
പ്രശസ്ത ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തന്റെ അവതാരികയിൽ ചൂണ്ടിക്കാട്ടുന്നു: സുലോചനയെന്ന അസാമാന്യ കഥാപ്രതിഭയെ നടുതിരിയായി നിർത്തി. കെ.പി.എ.സിയുടെ വിപ്ലവകരമായ ദിഗ്‌വിജയം ആലേഖനം ചെയ്യുന്ന ഈ കൃതിയുടെ ഒട്ടനേകം ഉപാഖ്യാനങ്ങളുടെ ഇഴകൾ വിദഗ്ധമായി പിരിച്ചുചേർത്തുൽപന്നമാക്കിയ രചനാസൂത്രം മൗലികതയുടെ ശോഭയാർജിച്ചിരിക്കുന്നു. ആവേശവും ആശങ്കയും ക്ഷോഭവും ഉത്കണ്ഠയുംപ്രതീക്ഷയും സന്തോഷവും സന്താപവും പതനങ്ങളും ഉയിർത്തെഴുന്നേൽപ്പുകളും നിറഞ്ഞ നാടകീയ മുഹൂർത്തങ്ങൾ അസാധാരണമായ കൃതഹസ്തതയോടെയാണ് ഇവിടെ വരച്ചിട്ടിരിക്കുന്നത്. അനുവാചകനെ ആഴത്തിൽ സ്പർശിക്കുന്ന സംഭവപരിണാമങ്ങളുടെ കുത്തൊഴുക്കിൽ സ്വഭാവികമായും നമ്മളും പെട്ടുപോകും.
ജീവിത നാടകം
ബൈജുചന്ദ്രൻ
മാതൃഭൂമി ബുക്‌സ്
വില-660

Latest News