വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി 22 വയസ്സ്. ചെർപ്പുളശ്ശേരി കൊറ്റോടി വീട്ടിൽ ഫർഹാന 18 വയസ്സ്, ചെർപ്പുളശ്ശേരി-ചളവറ സ്വദേശി ചിക്കു എന്ന് വിളിക്കുന്ന ആഷിക്ക് 23 വയസ്സ്. പുതുതലമുറയെ പ്രതിനിധീകരിക്കുന്ന മൂന്ന് വ്യക്തിത്വങ്ങൾ. മൂവരും സ്ഥിരമായി എം.ഡി.എം.എ എന്ന മാരക രാസലഹരി ഉപയോഗിക്കുന്നവർ. ഫർഹാന ആവറേജ് സുന്ദരി. അരോഗ ദൃഢഗാത്ര. ഔദ്യോഗിക രേഖകൾ പ്രകാരം ഇക്കഴിഞ്ഞ മെയ് 10-നാണ് ഇവൾക്ക്്് 18 വയസ്സ് പൂർത്തിയായത്. കൊച്ചുന്നാളിൽ തന്നെ വേണ്ടുവോളം കുറ്റവാസന. ഏഴാം തരത്തിൽ പഠിക്കുമ്പോൾ സ്കൂളിൽനിന്ന് മാല മോഷ്ടിച്ച് കൊണ്ടായിരുന്നു അരങ്ങേറ്റം. അത് ഒച്ചപ്പാടായി. തുടർന്ന് പഠനം നിർത്തി. പിന്നീട് കല്യാണ വീടുകളിലും മറ്റുമായി മോഷണകല തുടർന്നു. 13-കാരിയായ തന്നെ പാലക്കാട് നെന്മാറയിൽ വെച്ച്, ഷിബിലി എന്ന യുവാവ് ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച്, 2018-ൽ ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിൽ ഫർഹാനയും, മാതാവ് ഫാത്തിമയും പരാതി നൽകി. ഈ കേസിൽ അറസ്റ്റിലായ ഷിബിലിയെ കോടതി റിമാന്റ് ചെയ്ത് ആലത്തൂർ സബ്ബ് ജയിലിലിട്ടു. മാസങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ ഷിബിലിയും, ഫർസാനയും പിന്നീട് 'കട്ടചങ്കുകളായി' മാറി. ഇരുവർക്കും സ്വഭാവ പൊരുത്തവും, കുറ്റകൃത്യ പ്രവണതയും ഏറെയായിരുന്നു. ഈ 'ഫ്രന്റ്സുകൾ'ക്കെതിരെ മോഷണം ഉൾപ്പെടെയുള്ള പരാതികൾ പോലീസിൽ എമ്പാടുമുണ്ട്. ഏറ്റവും ഒടുവിലായി കാറൽമണ്ണയിലെ ബന്ധുവീട്ടിൽ വിവാഹ ചടങ്ങിനിടെ മാല മോഷണം നടത്തി, ഫ്രന്റ്സുകൾ ചെന്നൈയിലേക്ക് മുങ്ങി. ഇതിനിടയ്ക്ക് ഇരുവരും തമ്മിൽ വിവാഹത്തിനും ഒരുങ്ങി. ചളവറ പ്രദേശത്തെ ഇട്ടേക്കോട് മഹല്ല് കമ്മറ്റി, ഇവരുടെ നിക്കാഹ് നടത്തിക്കൊടുക്കാൻ തയ്യാറായില്ല. കാരണം കുപ്രസിദ്ധിയിലൂടെ 'അറിയപ്പെടുന്ന വ്യക്തി'യായിരുന്നു ഷിബിലി. അയാളുടെ മാതാവ് തമിഴ്നാട് സ്വദേശിയോടൊപ്പം ഒളിച്ചോട്ടം നടത്തിയതായും, കുടുംബ പശ്ചാത്തലം ഏറെക്കുറെ മോശമാണെന്നുമാണ് മഹല്ല് കമ്മറ്റിക്കാർ സാക്ഷ്യപ്പെടുത്തുന്നത്.

എഗ്മൂർ സ്റ്റേഷനിലെ സീൻ
മെയ് 25. എഗ്മൂർ റെയിൽവേ സ്റ്റേഷനിലെ വെയിറ്റിംഗ് റൂമിൽ രണ്ട് യുവ മിഥുനങ്ങൾ എങ്ങോ പോകുന്നതിനായി തീവണ്ടി കാത്തിരിക്കുകയാണ്. ചിരിച്ച് കൊണ്ട് ഇവർക്കരികിൽ എത്തിയ ഒരാൾ ചോദിച്ചു. ''നീങ്ക എങ്കെപ്പോറേ.'' അപരന്റെ ചോദ്യം ചെറുപ്പക്കാരന് ഇഷ്ടപ്പെട്ടില്ല. എന്നാൽ യുവതിയുടെ മുഖത്ത് നേരിയ മന്ദഹാസം. ചെറുപ്പക്കാരന്റെ മുഖത്തെ സ്തോഭം കണ്ടതോടെ, അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് മുകളിലേക്ക് ഉയർത്തി അപരൻ പറഞ്ഞു. ''എണീരെടാ..'' അപ്പോഴാണ് ചെറുപ്പക്കാരൻ മനസ്സിലാക്കുന്നത്, ചുറ്റിലും കൂടിയിരിക്കുന്നത്, മഫ്ടിയിലെത്തിയ ആർ.പി.എഫുകാരാണെന്ന്. രണ്ട് വനിതാ പോലീസുകാർ യുവതിയുടെ ഇരുവശത്തുമായി പിടിച്ചുയർത്തി, മുന്നോട്ട് നടക്കാൻ ആവശ്യപ്പെട്ടു. യുവതിക്ക് കാര്യമായ ഭാവ മാറ്റങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് പോലീസുകാർ സാക്ഷ്യപ്പെടുത്തുന്നു. മെയ് 24-ന് പുലർച്ചെയാണ് ഇരു പ്രതികളും ട്രെയിൻ മാർഗം അവിടെ എത്തുന്നത്. ചെന്നൈയിൽ നിന്ന് അസമിലേക്ക് കടക്കാനായിരുന്നു പദ്ധതി. അതിനായി ടിൻസുകിയ എക്സ്പ്രസ്സ് കാത്ത് എഗ്മോർ റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറിയിൽ ഇരിയ്ക്കുമ്പോഴാണ് ആർ.പി.എഫിന്റെ പിടിവീഴുന്നത്. പാസ്പോർട്ട്, രണ്ട് മൊബൈൽ ഫോണുകൾ, വസ്ത്രം നിറച്ച ട്രോളി ബാഗ്, 16,000 രൂപ അടങ്ങിയ പഴ്സ് എന്നിവ ആർ.പി.എഫ് ഉദ്യോഗസ്ഥർ ഇവരിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഒരു മനുഷ്യനെ ചതിയിൽപ്പെടുത്തി, തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചും, നെഞ്ചിൻകൂട് ചവിട്ടിത്തകർത്തും ക്രൂരമായി കൊല ചെയ്ത്, ജഡം ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് കൊത്തി നുറുക്കി, ട്രോളി ബാഗിനുള്ളിലാക്കി ചുരത്തിലെ കൊക്കയിലേക്ക് വലിച്ചെറിഞ്ഞ്, സംസ്ഥാനം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ഈ 19 കാരിയും, 22 കാരനും പോലീസ് പിടിയിലാകുന്നത്.

സമർത്ഥമായ അന്വേഷണം
പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലാണ് ഈ പ്രതികൾ അകത്താവുന്നത്. കോഴിക്കോട് ഒളവണ്ണയിൽ പ്രവർത്തിച്ചിരുന്ന ചിക്ക് ബേക്ക് എന്ന ഹോട്ടലിന്റെ ഉടമ മലപ്പുറം തിരൂർ സ്വദേശി മേച്ചേരി വീട്ടിൽ സിദ്ദീഖി (58) നെ കാൺമാനില്ലെന്ന് പറഞ്ഞ് മെയ് 22-ന് അയാളുടെ മകൻ പോലീസിൽ പരാതി നൽകുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കോഴിക്കോട്, പെരിന്തൽമണ്ണ. അങ്ങാടിപ്പുറം പ്രദേശങ്ങളിൽനിന്ന് തുടർച്ചയായി പണം പിൻ വലിക്കുന്നതായി പോലീസ് കണ്ടെത്തി. അന്വേഷണം മുന്നോട്ട് നീങ്ങവെ, കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള 'ഡി കാസ ഹോട്ടലിൽ' സിദ്ദീഖ് രണ്ട് റൂമുകളെടുത്ത കാര്യവും പോലീസ് കണ്ടെത്തി. മെയ് 19-ന് വൈകുന്നേരം 3.09 മുതൽ 3.11 വരെയുള്ള സമയത്ത് രണ്ട് ട്രോളി ബാഗുകൾ കാറിന്റെ ഡിക്കിയിൽ വെച്ച്, ഒരു പുരുഷനും, സ്ത്രീയും കാറിൽ കേറി പോകുന്നത് ഹോട്ടലിന് സമീപമുള്ള തുണിക്കടയിലെ സി.സി.ടി.വിയിലെ ദൃശ്യങ്ങളിലൂടെ പോലീസിന് ലഭിച്ചു. തുടർന്ന് അവരെക്കുറിച്ചായി അന്വേഷണം. അവരവരുടെ വീടുകളിൽ അന്വേഷിച്ചെത്തിയ പോലീസിന്, ജോലിയ്ക്കായി അസമിലേയ്ക്ക് പോയതാണെന്ന മറുപടിയാണ് വീട്ടുകാർ നൽകിയത്. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം മുന്നേറി. മൊബൈൽ ഫോൺ ലൊക്കേഷൻ പ്രകാരം പ്രതികൾ ചെന്നൈയിൽ ഉണ്ടെന്ന സൂചന ലഭിച്ചു. ആഷിക് എന്ന പ്രതിയെ നാട്ടിൽ വെച്ച് തന്നെ പോലീസ് പിടികൂടിയിരുന്നു. അസമിലേക്ക് രക്ഷപ്പെടാനുള്ള യാത്രയ്ക്കിടെ എഗ്മൂർ റെയിവെ സ്റ്റേഷനിൽ വെച്ചാണ് മറ്റ് രണ്ട്പ്രതികൾ പിടിയിലായത്. അന്ന് പുലർച്ചയോടെ ഇരുവരേയും, മലപ്പുറത്തെത്തിച്ചു. മൂന്ന് ജില്ലകളിലായാണ് ഈ കേസന്വേഷണവും, തെളിവെടുപ്പും നടന്നത്. ഹോട്ടൽ വ്യാപാരിയെ കാണാതായത് മലപ്പുറത്തെ തിരൂരിൽ നിന്ന്. അയാൾ കൊല്ലപ്പെട്ടത് കോഴിക്കോട് ജില്ലയിൽ. ജഡം കണ്ടെടുത്തത് പാലക്കാട് ജില്ലയിൽ.

മോഷണവും പിരിച്ച് വിടലും
പ്രവാസിയായിരുന്ന സിദ്ദീഖ് അഞ്ച് വർഷം മുമ്പ് പ്രവാസ ജീവിതം മതിയാക്കിയാണ് നാട്ടിൽ ഹോട്ടൽ വ്യാപാരം തുടങ്ങുന്നത്. ബേക്കറിയും, കൂൾബാറും ഉൾപ്പടെയുള്ളതാണ് സിദ്ദീഖിന്റെ സ്ഥാപനം. പതിവ് പോലെ തിരൂരിലെ വീട്ടിൽ നിന്ന് മെയ് 18-ന് രാവിലെ കോഴിക്കോട്ടെ ഹോട്ടലിലേക്ക് പുറപ്പെട്ട സിദ്ദീഖിനെ പിന്നീട് കാണാതാവുകയായിരുന്നു.
അയാളുടെ ഫോൺ സ്വിച്ച് ഓഫുമായിരുന്നു. കൊല്ലപ്പെട്ട സിദ്ദീഖ് പ്രവാസ ജീവിതത്തിനിടെ, ഫർഹാനയുടെ പിതാവ് ബീരാൻകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. നാട്ടിൽ സെറ്റിലായപ്പോഴും, ഫർഹാനയുടെ കുടുംബവുമായുള്ള സൗഹൃദം അയാൾ തുടർന്നു. അതേസമയം ഫർഹാനയുടെ സ്വഭാവദൂഷ്യം സിദ്ദീഖിനറിയില്ലായിരുന്നു എന്നാണ് പോലീസ് അനുമാനം.
തന്റെ സുഹൃത്തായ, ഷിബിലിക്ക് എന്തെങ്കിലും ജോലി നൽകണമെന്ന് ഫർഹാന സിദ്ദീഖിനോട് ആവശ്യപ്പെട്ടത് പ്രകാരം, സിദ്ദീഖ് കോഴിക്കോടുള്ള തന്റെ ഹോട്ടലിൽ ജ്യൂസ്മേക്കറായി അയാൾക്ക് ജോലിയും നൽകി. ഹോട്ടലിന് മുകൾ നിലയിലെ മുറിയിലായിരുന്നു ഷിബിലി ഉൾപ്പടെയുള്ള ജീവനക്കാർ താമസിച്ചിരുന്നത്. ജോലിയിൽ പ്രവേശിച്ചതിന് പിറ്റേ ദിവസം തന്നെ, മറ്റ് ജീവനക്കാർ ഷിബിലിയെക്കുറിച്ച് സിദ്ദീഖിനോട് പരാതിപ്പെടാൻ തുടങ്ങി. താമസിക്കുന്ന മുറിയിൽനിന്ന് പലരുടേയും പണം നഷ്ടപ്പെടുന്നുണ്ട് എന്നായിരുന്നു പരാതി. ഇതിനിടെ ക്യാഷ് കൗണ്ടറിൽ നിന്നും പണം നഷ്ടപ്പെടാൻ തുടങ്ങി. ഇതേ തുടർന്ന് മെയ് 18-ന് സിദ്ദീഖ് ഷിബിലിയുടെ ശമ്പളക്കുടിശ്ശിക തീർത്ത് അയാളെ ജോലിയിൽനിന്ന് പറഞ്ഞ് വിട്ടു.
അടുത്ത് തന്നെ ചെന്നൈയിൽ പുതിയ ഹോട്ടൽ തുടങ്ങുമെന്നും, അപ്പോൾ വിളിയ്ക്കാമെന്നും പറഞ്ഞ് തന്ത്രപരമായാണ് ഷിബിലിയെ സിദ്ദീഖ് ഒഴിവാക്കിയത്. കേവലം 15 ദിവസമാണ് ഷിബിലി അവിടെ ജോലി ചെയ്തതും.
സിദ്ദീഖിനെ ഹണിട്രാപ്പിൽ കുരുക്കാൻ നീക്കം
തീർത്തും ആസൂത്രിതമായിരുന്നു പ്രതികളുടെ എല്ലാ നീക്കങ്ങളും. ഫർഹാന, ഷിബിലിയ്ക്ക് ജോലിയ്ക്കായി ശുപാർശ നടത്തിയത് തന്നെ, സിദ്ദീഖിനെ കുരുക്കിൽ അകപ്പെടുത്തുക എന്ന ലക്ഷ്യമിട്ടാണ്. ജോലിയിൽ നിന്ന് പിരിച്ച് വിടപ്പെട്ട് ഹോട്ടലിൽ നിന്നിറങ്ങിയ ഷിബിലിയുടെ നിർദ്ദേശ പ്രകാരമാണ് ഫർഹാനയും, ആഷിക്കും ഒരുമിച്ച് ഷൊർണൂരിൽ നിന്ന് തീവണ്ടി മാർഗം കോഴിക്കോട്ടെത്തുന്നത്. സിദ്ദീഖിനെ ഹണി ട്രാപ്പിൽ കുരുക്കി, അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു പദ്ധതി. അഥവാ പണം ലഭിച്ചില്ലെങ്കിൽ, കൊല നടത്തിയിട്ടാണെങ്കിൽ പോലും എ.ടി.എം കാർഡ് കൈക്കലാക്കി പണം തട്ടാനും ഉദ്ദേശ്യമുണ്ടായിരുന്നു. ഫർഹാന സിദ്ദീഖിനെ ഫോണിൽ വിളിച്ചു. 'നമുക്കൊന്ന് കൂടണമെന്നും, അതിനായി റൂം ഏർപ്പാടാക്കണമെന്നും' പറഞ്ഞ് അവൾ ഫോണിൽ കൊഞ്ചിക്കുഴഞ്ഞു. ചതി മനസ്സിലാക്കാനാകാതെ, സിദ്ദീഖ് കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള 'ഡി കാസ ഇൻ' എന്ന ഹോട്ടലിൽ ഒന്നാം നിലയിലെ ജി-3, ജി-4 മുറികൾ ബുക്ക് ചെയ്തു. ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നാതിരിക്കാനായിരുന്നു രണ്ട് മുറികൾ ബുക്ക് ചെയ്തത്.
താമസിയാതെ സിദ്ദീഖ് ഹോട്ടൽ മുറിയിലെത്തി. ഇതിനിടെ പർച്ചേസ് നടത്താനായി ഹോട്ടൽ ജീവനക്കാർ സിദ്ദീഖിനെ ഫോണിൽ വിളിച്ചെങ്കിലും, തലശ്ശേരിയിൽ പോവുകയാണെന്നും, വരാൻ വൈകുമെന്നുമായിരുന്നു സിദ്ദീഖിന്റെ പ്രതികരണം. ഹോട്ടൽ മുറിയിൽ ഫർഹാനയെ കാത്തിരിക്കവെ, ഷിബിലിയും ഫർഹാനയും രണ്ടാമത്തെ മുറിയിലുണ്ടായിരുന്നു. അൽപസമയം കഴിഞ്ഞ് ഫർഹാന, സിദ്ദീഖിന്റെ മുറിയിലെത്തി, സിദ്ദീഖുമായി അര മണിക്കൂർ നേരം സംസാരിച്ചിരുന്നു. അഞ്ച് ലക്ഷം രൂപ തനിക്ക് തരണമെന്ന് ഫർഹാന സംസാരത്തിനിടെ സിദ്ദീഖിനോട് ആവശ്യപ്പെട്ടതായി പറയുന്നു. പണം പിന്നീട് തരാമെന്ന് സിദ്ദീഖ് പറഞ്ഞതായും പറയുന്നു. ഈ സമയം, അപ്പുറത്തെ മുറിയിലേക്ക് ആഷിക്കും വന്നെത്തി. തുടർന്ന് ഷിബിലിയും, ആഷിക്കും ചേർന്ന് പദ്ധതിയുടെ അന്തിമ രൂപം ചർച്ച നടത്തിയ ശേഷം, ഷിബിലി സിദ്ദീഖിന്റെ മുറിയുടെ കതകിൽ തട്ടി. വാതിൽ തുറന്ന സിദ്ദീഖ്, ഷിബിലിയെ കണ്ടതോടെ ഒന്ന് പരിഭ്രമിച്ചു. 'കുഴപ്പമില്ല, ഞാൻ ഒഴിവാക്കാം' എന്നായി ഫർഹാന. പിന്നീട് മൂവരും സംസാരം തുടർന്നു. അപകടം സിദ്ദീഖിന് മനസ്സിലാക്കാനായില്ല.
സിദ്ദീഖിനേയും, ഫർഹാനയേയും നഗ്നരാക്കി ചേർത്ത് നിർത്തി ഫോട്ടോ എടുക്കാനായിരുന്നു പ്രതികളുടെ നീക്കം. അൽപ്പം കഴിഞ്ഞ് ആഷിക്കും ആ മുറിയിലേക്ക് വന്നു. അതോടെ ഫർഹാന വിവസ്ത്രയായി. സിദ്ദീഖിന്റെ വസ്ത്രം നീക്കാൻ ശ്രമം നടത്തിയതോടെ, അയാൾ എതിർത്തു. ഷിബിലി സിദ്ദീഖിന്റെ കഴുത്തിൽ കത്തി അമർത്തി പിടിച്ച്, പണം നൽകണമെന്ന് ഭീഷണിപ്പെടുത്തി. സിദ്ദീഖ്, ഷിബിലിയുടെ കൈ തട്ടി മാറ്റിയതോടെ, ബാഗിൽ കരുതി വെച്ചിരുന്ന ചുറ്റികയെടുത്ത് ഫർഹാന ഷിബിലിക്ക് നൽകി. പിടിവലിക്കിടെ, സിദ്ദീഖ് തറയിൽ വീണതോടെ ഷിബിലി ചുറ്റിക കൊണ്ട്്് സിദ്ദീഖിന്റെ തലയ്ക്കടിച്ചു. തുടർന്ന് മൂന്ന് പേരും അയാളെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ആഷിക്ക് സിദ്ദീഖിന്റെ നെഞ്ചിൽ തുടരെ ആഞ്ഞാഞ്ഞ് ചവിട്ടിയതോടെ, സിദ്ദീഖിന്റെ വാരിയെല്ലുകൾ നുറുങ്ങി. മരണം ഉറപ്പാക്കിയ പ്രതികൾ ജഡം എങ്ങനെ മാറ്റും എന്ന ചിന്തയിലായി. ട്രോളിയിലാക്കി അട്ടപ്പാടി ചുരത്തിലെ കൊക്കയിൽനിന്ന് താഴേക്കെറിയാം എന്ന ആശയം ആഷിക്കാണ് മുന്നോട്ട് വെച്ചത്. ആഷിക്കിന് അട്ടപ്പാടി ചുരം ഏറെ പരിചിതമാണ്. നഗരത്തിലെ ഒരു കടയിൽനിന്ന് ട്രോളി ബാഗ് വാങ്ങി മുറിയിലെത്തിച്ചു. പക്ഷെ, ജഡം അതിൽ ഒതുങ്ങിയില്ല. ജഡം കൊത്തി നുറുക്കാമെന്നായി പിന്നീടുള്ള തീരുമാനം.
പിറ്റേദിവസം, അതായത് മെയ് 19-ന് നഗരത്തിലെ കടയിൽ ചെന്ന് ഇലക്ട്രിക് കട്ടറും, മറ്റൊരു ട്രോളി ബാഗും കൂടി വാങ്ങിച്ചു. മുറിയിലെ ബാത്ത് റൂമിൽ വെച്ച്, കട്ടർ ഉപയോഗിച്ച് ജഡം രണ്ടായി കഷ്ണിച്ചു. തറയിൽ പടർന്ന രക്തം തുടച്ച് വൃത്തിയാക്കിയത് ഫർഹാനയായിരുന്നു. മുറിയിലെ തറയിൽ രക്തക്കറ കണ്ട്, ജീവനക്കാർ അതേക്കുറിച്ച് ഇവരോട് ചോദിച്ചിരുന്നു. ആർത്തവ രക്തമാണെന്ന് പറഞ്ഞ് ഷിബിലി തന്ത്രപൂർവ്വം അവരെ ഒഴിവാക്കി. പിന്നീട് ജഡാവശിഷ്ടം രണ്ട് ബാഗിലുമാക്കി, സിദ്ദീഖിന്റെ കാറിൽ തന്നെ അട്ടപ്പാടി ചുരത്തിൽ എത്തിക്കുകയായിരുന്നു. വൈകീട്ട് 6.45-നാണ് ഇവർ അട്ടപ്പാടി ചുരം കേറുന്നത്. രാത്രിയാണ് ബാഗുകൾ അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിൽ നിന്ന് താഴേക്കെറിഞ്ഞത്. രാത്രി എട്ടു മണിയോടെ ചുരത്തിൽ നിന്ന് തിരിച്ചിറങ്ങുകയും ചെയ്തു. പ്രതികളുടെ മൊഴി പ്രകാരം, ഫയർ ഫോഴ്സിന്റെ സഹായത്തോടെ ഈ ബാഗുകൾ പോലീസ് കണ്ടെടുക്കുമ്പോൾ, ഒരെണ്ണം പാറക്കൂട്ടത്തിനിടയിലും, മറ്റൊന്ന് താഴെ വെള്ളത്തിലുമാണ് കിടന്നിരുന്നത്.
ചേരിമലയിലേക്ക്
അട്ടപ്പാടി ചുരത്തിൽ ബാഗുകൾ താഴേക്കെറിഞ്ഞശേഷം, ഷിബിലിയുടെ നിർദ്ദേശ പ്രകാരം, സംഘം പെരിന്തൽമണ്ണയ്ക്ക് സമീപം പരിയാപുരം-ചേരിമലയിലെത്തി. മയക്ക് മരുന്ന് ഉപയോഗിക്കാനായി ഷിബിലി പതിവായെത്തുന്ന പ്രദേശമാണിത്. ഏറെക്കുറെ വിജനമാണ് ഇവിടം. ജഡം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ, കത്തി, ചുറ്റിക, ഹോട്ടലിലെ തലയണ കവർ, രക്തം തുടച്ച തുണികൾ, ചെരുപ്പ്, വസ്ത്ര ഭാഗങ്ങൾ എന്നിവ ഒഴിവാക്കാനായി കണ്ടെത്തിയത് ഇവിടെയായിരുന്നു. ചേരിമലയിലെ വ്യൂ പോയന്റിനടുത്ത് കാർ നിർത്തി മൂവരും എം.ഡി.എം.എ ഉപയോഗിച്ചു. ഇതിനിടെ, കാറിൽനിന്ന് പുറത്തിറങ്ങിയ ഫർഹാനയാണ് സാധനങ്ങളെല്ലാം താഴേക്കെറിഞ്ഞത്. പിന്നീട് ഫർഹാനയെ അവളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി. കാർ ചെറുതുരുത്തിയിലേക്ക് ഓടിച്ചു. അവിടെ വിജനമായ പ്രദേശത്ത് കാർ ഉപേക്ഷിച്ച്, റെയിൽവേ ട്രാക്കിലൂടെ നടന്ന് ബസ്സ് മാർഗം ഷിബിലി ഒറ്റപ്പാലത്തെത്തി.
കൊല നടത്തുന്നതിന് മുമ്പായി സിദ്ദീഖിന്റെ എ.ടി.എം പിൻ നമ്പരും, യു.പി.ഐ പാസ്്്വേഡുമൊക്കെ പ്രതികൾ കൈക്കലാക്കിയിരുന്നു. സിദ്ദീഖിന്റെ ബാങ്ക് എക്കൗണ്ടിൽനിന്ന് രണ്ട് ലക്ഷം രൂപ എ.ടി.എം വഴി പ്രതികൾ കവർന്നിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ദാസ് മുമ്പാകെ പ്രതികൾ കുറ്റം ഏറ്റ് പറഞ്ഞു. മെയ് 23-മുതൽ ഫർഹാനയെ കാൺമാനില്ലെന്ന് പറഞ്ഞ് മാതാവ് ഫാത്തിമ ചെർപ്പുളശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. ഫർഹാന ഒരിക്കലും ഒരു കൊലപാതകം ചെയ്യില്ലെന്ന് തനിയ്ക്കുറപ്പുണ്ട്. അവളെ വഴി തെറ്റിച്ചത് ഷിബിലിയാണ്. അവന്റെ ആവശ്യത്തിന് വേണ്ടിയാണ് മകൾ മോഷണം നടത്തിയതെല്ലാം. ഫർഹാന പൂർണമായും ഷിബിലിയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും ഫാത്തിമ കുറ്റപ്പെടുത്തി. സിദ്ദീഖിന്റെ ജഡം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. നെഞ്ചിലേറ്റ ചവിട്ടാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തലയിൽ ചുറ്റിക കൊണ്ട് അടിയേറ്റ പാടും, ദേഹത്ത് മറ്റ് മുറിവുകളുമുണ്ട്.






