റൂണ്‍, റൂഡ് പ്രി ക്വാര്‍ട്ടറില്‍;  ഒരു പോയന്റും വഴങ്ങാതെ ഈഗ

പാരിസ് - ലോക നാലാം നമ്പര്‍റും നിലവിലെ റണ്ണര്‍അപ്പുമായ കാസ്പര്‍ റൂഡും ആറാം നമ്പര്‍ ഹോള്‍ഗര്‍ റൂണും നിലവിലെ വനിതാ ചാമ്പ്യന്‍ ഈഗ ഷ്വിയോന്‍ടെക്കും റണ്ണര്‍അപ് കോക്കൊ ഗഫും ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. വിംബിള്‍ഡണ്‍ ചാമ്പ്യനും നാലാം സീഡുമായ എലേന റിബാഖീന വൈറല്‍ പനി കാരണം മൂന്നാം റൗണ്ടില്‍ പിന്മാറി. സാറ സോറിബസ് ടോര്‍മൊ കളിക്കാതെ പ്രി ക്വാര്‍ട്ടറിലെത്തി.  
നോര്‍വെക്കാരന്‍ റൂഡ് 4-6, 6-4, 6-1, 6-4 ന് ചൈനയുടെ ഷാംഗ് ഷിഷേനെ തോല്‍പിച്ചപ്പോള്‍ ഡെന്മാര്‍ക്ക് താരം റൂണ്‍ 6-4, 6-1, 6-3 ന് അര്‍ജന്റീനയുടെ ആല്‍ബര്‍ടൊ ഒലിവേരിയെ തകര്‍ത്തു. 1937 നു ശേഷം ആദ്യമായാണ് ഒരു ചൈനീസ് താരം ഫ്രഞ്ച് ഓപണ്‍ മൂന്നാം റൗണ്ട് കളിക്കുന്നത്. 231ാം റാങ്കുകാരനായ ഒലരിവേര ഈ വര്‍ഷം മൂന്നാം റൗണ്ടിലെത്തിയ ഏറ്റവും കുറഞ്ഞ റാങ്കുകാരനായിരുന്നു. 
ഇരുപത്തേഴാം സീഡ് യോഷിഹിതൊ നിഷിയോക്ക അഞ്ചു സെറ്റ് പോരാട്ടത്തില്‍ ബ്രസീലുകാരന്‍ തിയാഗൊ വൈല്‍ഡിനെ 3-6, 7-6 (10-8), 2-6, 6-4, 6-0 ന് മറികടന്നു.  പതിനഞ്ചാം സീഡ് ക്രൊയേഷ്യയുടെ ബോര്‍ണ കോറിച്ചിനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പിച്ച് അര്‍ജന്റീനക്കാരന്‍ തോമസ് മാര്‍ടിന്‍ എച്ചെവറിയും പ്രി ക്വാര്‍ട്ടറിലെത്തി. ചിലിയുടെ നിക്കൊളാസ് ജാറി നാല് സെറ്റ് പോരാട്ടത്തില്‍ മാര്‍ക്കോസ് ഗിരോണിനെ 6-2, 6-3, 6-7 (7-9), 6-3 ന് മറികടന്നു. 
ചൈനയുടെ വാംഗ് സിന്നിനെ ഈഗ നിലംതൊടാന്‍ അനുവദിച്ചില്ല (6-0, 6-0). പത്തൊമ്പതുകാരി ഗഫ് ആദ്യ സെറ്റ് കൈവിട്ട ശേഷം പതിനാറുകാരി മിറ ആന്ദ്രിയേവയെയാണ് 6-7 (5-7), 6-1, 6-1 ന് മറികടന്നത്. 143ാം റാങ്കുകാരിയായ ആന്ദ്രിയേവയുടെ സ്വപ്‌ന അരങ്ങേറ്റമാണ് ലോക ആറാം നമ്പറിനു മുന്നില്‍ അവസാനിച്ചത്. കയ്‌ല ഡേയുമായോ അന്ന കരൊലൈന ഷ്മീദ്‌ലോവയുമായോ ഗഫ് ക്വാര്‍ട്ടര്‍ സ്ഥാനത്തിനായി ഏറ്റുമുട്ടും. 
 

Latest News