ഫാസ്റ്റസ്റ്റ് ഡബ്ള്‍ സെഞ്ചുറി, ഫാസ്റ്റസ്റ്റ് 150 റണ്‍സ്‌

ലണ്ടന്‍ -അയര്‍ലന്റിനെതിരായ ലോഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തിലേക്ക്. ഒല്ലി പോപ്പ് ലോഡ്‌സ് ഗ്രൗണ്ടിലെ ഏറ്റവും വേഗത്തിലുള്ള ടെസ്റ്റ് ഇരട്ട സെഞ്ചുറി നേടുകയും (208 പന്തില്‍ 205) ബെന്‍ ഡക്കറ്റ് ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 150 പിന്നിടുന്ന താരമാവുകയും ചെയ്തു (178 പന്തില്‍ 182). ജോ റൂട്ട് (56) ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന കളിക്കാരനായി. നാലിന് 524 ല്‍ ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ടിന് 352 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ 172 ന് പുറത്തായ അയര്‍ലന്റ് രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടിന് 26 ല്‍ പരുങ്ങുകയാണ്. ആന്‍ഡി ബില്‍ബിര്‍നി കാലുളക്കി ക്രീസ് വിട്ടതോടെ ഫലത്തില്‍ മൂന്നു വിക്കറ്റ് അവര്‍ക്ക് നഷ്ടപ്പെട്ടു. 
പോപ്പും ഡക്കറ്റും രണ്ടാം വിക്കറ്റില്‍ 252 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഡക്കറ്റ് 150 പന്തിലാണ് 150 ലെത്തിയത്. 166 പന്തില്‍ 150 റണ്‍സ് സ്‌കോര്‍ ചെയ്ത ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ് തകര്‍ത്തു. ഡക്കറ്റിന്റെയും പോപ്പിന്റെയും സ്‌കോറുകള്‍ അയര്‍ലന്റിന് സ്‌കോര്‍ ചെയ്തതിനെക്കാള്‍ കൂടുതലാണ്.
11,000 ടെസ്റ്റ് റണ്‍സ് നേടുന്ന പതിനൊന്നാമത്തെ ബാറ്ററാണ് ്‌റൂട്ട്. ഇംഗ്ലണ്ട് ടീമില്‍ അലസ്റ്റര്‍ കുക്കിനു മാത്രമേ ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിരുന്നുള്ളൂ. 

Latest News