ബാങ്കോക്ക് - തായ്ലന്റ് ഓപണ്‍ ബാഡ്മിന്റണില്‍ മലയാളി താരം കിരണ്‍ ജോര്‍ജിന്റെ കുതിപ്പിന് അന്ത്യം. ക്വാര്‍ട്ടര്‍ ഫൈനലില്‍ കിരണിനെ ഫ്രാന്‍സിന്റെ തോമ ജൂനിയര്‍ പോപ്പോവ് 21-16, 21-17 ന് തോല്പിച്ചു. മലേഷ്യ മാസ്റ്റേഴ്സില്‍ മലയാളി താരം എ്ച്ച്.എസ്. മലേഷ്യ മാസ്റ്റേഴ്സ് ഫൈനലിസ്റ്റ് ചൈനയുടെ വെംഗ് ഹോംഗ് യാംഗിനെ കിരണ്‍ ജോര്‍ജ് ആദ്യ റൗണ്ടില്‍ അട്ടിമറിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടുകയും രാജ്യം അര്‍ജുന അവാര്‍ഡ് നല്കി ആദരിക്കുകയും ചെയ്ത ജോര്‍ജ് തോമസിന്റെ മകനായ കിരണ്‍ ബംഗളൂരുവിലെ ഗോപിചന്ദ് അക്കാദമിയിലാണ് പരിശീലിക്കുന്നത്.
കിരണ്‍ പുറത്തായെങ്കിലും ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രതീക്ഷ ബാക്കിയുണ്ട്. മലേഷ്യയുടെ ലിയോംഗ് ജൂന്‍ ഹാവോയെ 21-19, 21-11 ന് തോല്പിച്ച് ലക്ഷ്യ സെന്‍ സെമി ഫൈനലിലെത്തി. ആതിഥേയ താരം കുന്‍ലാവുത് വിദിത് സരണുമായാണ് ലക്ഷ്യ സെമിയില്‍ ഏറ്റുമുട്ടുക. ചൈനയുടെ ലു ഗുവാംഗ് സുവിനെ കുന്‍ലാവുത് 21-18, 14-21, 21-11 ന് കീഴടക്കി. ചൈനയുടെ ച്യൂക് യു ലീയും പോപ്പോവും തമ്മിലാണ് രണ്ടാം സെമി.
വനിതാ സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ കരൊലൈന മാരിന് കൊറിയയുടെ ആന്‍ സെ യംഗുമായി ഏറ്റുമുട്ടും. ചൈനയുടെ ഹെ ബിംഗ് ജിയാവോയും ഡെന്മാര്ക്കുകാരി മിയ ബ്ലീഷ്ഫെല്റ്റും രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.






