ബ്യൂണസ്ഐറിസ് - ആതിഥേയരായ അര്‍ജന്റീനയും യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും പുറത്തായതിന്റെ ക്ഷീണത്തിലുള്ള അണ്ടര്‍-20 ലോകകപ്പ് ഫുട്ബോളിന് ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലിന്റെ സമാശ്വാസം. ടൂര്‍ണമെന്റില്‍ എല്ലാ കളിയും ജയിച്ച, ഒരു ഗോള്‍ പോലും വഴങ്ങാത്ത ഏക ടീമായ അമേരിക്ക ക്വാര്‍ട്ടറില്‍ ഉറുഗ്വായുമായി ഏറ്റുമുട്ടും. ആന്ഡേഴ്സന് ദുവാര്തെയുടെ ഗോളില്‍ ഉറുഗ്വായ് 1-0 ന് ഗാംബിയയെ തോല്പിച്ചു. പരുക്കന്‍ മത്സരത്തില്‍ ഇരു ടീമുകളും പത്തു പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. മന്‍സൂര്‍ എംബയെ ചുവപ്പ് കാര്‍ഡ് കണ്ടതോടെ പതിനേഴാം മിനിറ്റ് മുതല്‍ ഗാംബിയ പത്തു പേരുമായാണ് കളിച്ചത്. ഇടവേളക്ക് അല്പം മുമ്പ് ഉറുഗ്വായുടെ ലൂസിയാനൊ റോഡ്രിഗ്വേസും പുറത്തായി. അറുപത്തഞ്ചാം മിനിറ്റിലായിരുന്നു ദുവാര്തെയുടെ ഗോള്‍. ഉറുഗ്വായ്-യു.എസ് മത്സരത്തിലെ വിജയികള്‍ ബ്രസീലുമായോ ഇസ്രായിലുമായോ സെമി ഫൈനല്‍ കളിക്കും.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മത്സരത്തില്‍ തെക്കന്‍ കൊറിയ 3-2 ന് ഇക്വഡോറിനെ കീഴടക്കി. പതിനൊന്നാം മിനിറ്റില്‍ ലീ യുംഗ് ജുന്നും എട്ട് മിനിറ്റിനു ശേഷം ബേ ജൂന്‍ ഹോയും നേടിയ ഗോളുകളില്‍ കൊറിയ 2-0 ലീഡ് നേടി. മുപ്പത്താറാം മിനിറ്റില്‍ പെനാല്‍ട്ടി ഗോളിലൂടെ യുവാന്‍ കുവേരൊ ഇക്വഡോറിന് പ്രതീക്ഷയേകി. ഇടവേള കഴിഞ്ഞയുടനെ ചോയ് സ്യോക് ഹ്യുന്നിന്റെ ഹെഡറിലൂടെ കൊറിയ രണ്ട് ഗോള്‍ ലീഡ് വീണ്ടെടുത്തു. 84ാം മിനിറ്റില്‍ സെബാസ്റ്റിയന് ബകേരൊ രണ്ടാം ഗോളടിച്ച ശേഷം ഇക്വഡോര്‍ സമനിലക്കായി പൊരുതിയെങ്കിലും കൊറിയ അതിജീവിച്ചു.
ആതിഥേയരായ അര്‍ജന്റീനയെ ഞെട്ടിച്ച നൈജീരിയയുമായാണ് കൊറിയ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. ഇംഗ്ലണ്ടിനെ കീഴടക്കിയ ഇറ്റലിയുമായോ കൊളംബിയയുമായോ അവര്‍ സെമി കളിക്കും.
നൈജീരിയ 2-0 നാണ് അര്‍ജന്റീനയുടെ പ്രതീക്ഷ തകര്‍ത്തത്. ഇറ്റലി അവസാന വേളയിലെ പെനാല്‍ട്ടി ഗോളില്‍ ഇംഗ്ലണ്ടിനെ 2-1 ന് തോല്പിച്ചു. രണ്ടാം പകുതി മുഴുവന്‍ പത്തു പേരുമായി പൊരുതേണ്ടി വന്നെങ്കിലും ബ്രസീല്‍ 4-1 ന് തുനീഷ്യയെ തകര്‍ത്തു. കൊളംബിയയുടേതാണ് മികച്ച വിജയം. 5-1 ന് സ്ലൊവാക്യയെ തരിപ്പണമാക്കി. നാല് മിനിറ്റ് ഇടവേളയിലായിരുന്നു മൂന്നു ഗോളുകള്‍.






