മൗറിഞ്ഞോക്ക് ആദ്യ തോല്‍വി, ഏഴാനാകാശത്ത് സെവിയ

ബുഡാപെസ്റ്റ് - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ റയല്‍ മഡ്രീഡിന്റെ തട്ടകമാണെങ്കില്‍ യൂറോപ്പ ലീഗ് തങ്ങളുടെ സ്വന്തമാണെന്ന് സെവിയ ഒരിക്കല്‍കൂടി തെളിയിച്ചു. ജോസെ മൗറിഞ്ഞോക്ക് യൂറോപ്യന്‍ ഫൈനലുകളിലെ ആദ്യ തോല്‍വി സമ്മാനിച്ച് സെവിയ ഏഴാമതും യൂറോപ്പ ലീഗ് ചാമ്പ്യന്മാരായി. മൗറിഞ്ഞോയുടെ റോമയെ ഷൂട്ടൗട്ടില്‍് അവര്‍ 4-1 ന് തകര്‍ത്തു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും സ്‌കോര്‍ 1-1 ആയിരുന്നു. ആദ്യ പകുതിയില്‍ പൗളൊ ദിബാലയുടെ ഗോളില്‍ റോമയാണ് ലീഡ് ചെയ്തത്. ഇടവേളക്കു ശേഷം റോമ ഡിഫന്റര്‍ ജിയാന്‍ലൂക്ക മാഞ്ചീനി സ്വന്തം പോസ്റ്റില്‍ ഗോളടിച്ചതോടെ സെവിയക്ക് ആയുസ്സ് നീട്ടിക്കിട്ടി. എക്‌സ്ട്രാ ടൈമില്‍ ഗോള്‍ പിറന്നില്ല. 
ഷൂട്ടൗട്ടിലും മാഞ്ചീനി വില്ലനായി. മാഞ്ചീനിയുടെയും റോജര്‍ ഇബനെസിന്റെയും ഷോട്ടുകള്‍ ഗോളായില്ല. 2022 ലെ ലോകകപ്പ് ഫൈനലിലെ ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ അവസാന കിക്ക് ഗോളാക്കിയ ഗോണ്‍സാലൊ മോണ്ടിയേലിലൂടെ സെവിയ കിരീടമുറപ്പിച്ചു.  മാഞ്ചീനിയുടെ പെനാല്‍ട്ടി ഗോളി രക്ഷിക്കുകയും ഇബനെസിന്റെ ഷോട്ട് പോസ്റ്റിനിടിക്കുകയും ചെയ്തപ്പോള്‍ സെവിയ കിരീടമുറപ്പിച്ചതായിരുന്നു. എന്നാല്‍ മോണ്ടിയേലിന്റെ ഷോട്ട് റോമ ഗോളി റൂയി പാട്രിഷ്യൊ രക്ഷിച്ചു. എന്നാല്‍ ഗോളി ഫൗള്‍ കാണിച്ചതിനാല്‍ മോണ്ടിയേലിന് രണ്ടാമതെടുക്കാന്‍ അവസരം കിട്ടി. 
റോമ കോച്ച് ജോസെ മൗറിഞ്ഞൊ ഇതിനു മുമ്പ് യൂറോപ്യന്‍ ഫൈനല്‍ തോറ്റിട്ടില്ല. അഞ്ചു തവണ ഫൈനല്‍ കളിച്ചപ്പോഴും ജയിച്ചു. രണ്ടു തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും രണ്ട് തവണ യൂറോപ്പ ലീഗ് ഫൈനലിലും. കഴിഞ്ഞ വര്‍ഷം യൂറോപ്പ കോണ്‍ഫറന്‍സ് ലീഗില്‍ റോമയെ കിരീടത്തിലേക്ക് നയിച്ചു. ഇത്തവണ കൂടി ജയിച്ചിരുന്നെങ്കില്‍ അഞ്ച് യൂറോപ്യന്‍ കിരീടം നേടിയ കോച്ച് ജിയോവാനി ട്രാപറ്റോണിയെ അറുപതുകാരന് മറികടക്കാമായിരുന്നു. 
യൂറോപ്പ ലീഗ് സെവിയയുടെ കുത്തകയാണ്. മുമ്പ് ആറു തവണ ഫൈനല്‍ കളിച്ചപ്പോഴും അവര്‍ കിരീടം നേടി. സ്പാനിഷ് ലീഗില്‍ പതിനൊന്നാം സ്ഥാനത്താണെങ്കിലും ഇത്തവണയും യൂറോപ്പ ലീഗില്‍ അവര്‍ വിജയക്കൊടി നാട്ടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ 0-2 ന് പിന്നിലായ ശേഷമാണ് അവര്‍ തിരിച്ചുവന്നത്. 

Latest News