ബെന്‍സീമ സൗദിയിലേക്ക്, വ്യാഴാഴ്ച കരാറെന്ന് സൂചന

മഡ്രീഡ് - റയല്‍ മഡ്രീഡിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സീമയെ വന്‍ തുകയുടെ ഓഫര്‍ വാഗ്ദാനം ചെയ്ത് ഒരു സൗദി ക്ലബ്ബ് ക്ഷണിക്കുന്നതായി റിപ്പോര്‍ട്ട്. ലിയണല്‍ മെസ്സി, സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സ്, യോര്‍ദി ആല്‍ബ എന്നിവര്‍ക്കൊപ്പമാണ് ബെന്‍സീമയെയും സൗദിയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നത്. വ്യാഴാഴ്ചയോടെ കരാര്‍ നടപടികള്‍ പൂര്‍ത്തിയാവുമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച അത്‌ലറ്റിക് ബില്‍ബാവോക്കെതിരായ കളി റയല്‍ ജഴ്‌സിയില്‍ ബെന്‍സീമയുടെ അവസാനത്തേതാവാനാണ് സാധ്യത. സൗദിയില്‍ ഏത് ക്ലബ്ബും ഏത് നഗരവും സ്വീകരിക്കാന്‍ ബെന്‍സീമക്ക് സ്വാതന്ത്ര്യമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് സീസണിലേക്കായി ബെന്‍സീമക്ക് 40 കോടി പൗണ്ടാണ് (നാലായിരം കോടി രൂപ) വാഗ്ദാനമെന്ന് ഒരു സ്പാനിഷ് പത്രം റിപ്പോര്ട്ട് ചെയ്തു. ലോകകപ്പ് ശ്രമങ്ങളുടെ ബ്രാന്റ് അംബാസഡറായി പ്രവര്‍ത്തിക്കുന്നതും കരാറിന്റെ ഭാഗമാണ്. സൗദിയും ഗ്രീസും ഈജിപ്തും സംയുക്തമായി ലോകകപ്പിന് ശ്രമിക്കുന്നുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ബെന്‍സീമയുടെ റയലിലെ പഴയ സഹതാരമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് അന്നസ്ര്‍ നല്‍കുന്നതും ഇത്രയും തുകയാണ്. മെസ്സിക്ക് കൂടുതല്‍ തുകയുടെ വാഗ്ദാനമുണ്ടെന്നാണ് സൂചന. പി.എസ്.ജിയില്‍ മെസ്സി അവസാന മത്സരം കളിക്കാനൊരുങ്ങുകയാണ്. 
കഴിഞ്ഞ രണ്ടു സീസണിലായി റയലില്‍ തകര്‍പ്പന്‍ ഫോമിലാണ് ബെന്‍സീമ. 2022 ലെ ബാലന്‍ഡോറായിരുന്നു ഫ്രഞ്ചുകാരന്‍. റയലിനു വേണ്ടി 647 മത്സരങ്ങളില്‍ മുപ്പത്തഞ്ചുകാരന്‍ 353 ഗോളടിച്ചിട്ടുണ്ട്. ഈ സീസണ്‍ റയലിന് നിരാശാജനകമായിരുന്നു. സ്പാനിഷ് ലീഗ് കിരീടം ബാഴ്‌സലോണക്ക് അടിയറ വെച്ച റയല്‍ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റു. 2022  ലെ ലോകകപ്പില്‍ പരിക്കു കാരണം വിട്ടുനില്‍ക്കേണ്ടി വരികയും ചെയ്തു ബെന്‍സീമക്ക്. 11 വര്‍ഷം മുമ്പാണ് ബെന്‍സീമ റയലിലെത്തിയത്. 

Latest News