സീസണ്‍ തുടങ്ങാനിരിക്കെ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി

കൊച്ചി  - പുതിയ ഫുട്‌ബോള്‍ സീസണ്‍ ആരംഭിക്കാനിരിക്കെ കേരളാ ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി. കഴിഞ്ഞ ഏതാനും സീസണില്‍ ടീമിന്റെ മികച്ച കളിക്കാരനായിരുന്ന ക്യാപ്റ്റന്‍ ജസ്സല്‍ കാര്‍ണേരൊ ബ്ലാസ്റ്റേഴ്‌സ് വിടാന്‍ തീരുമാനിച്ചു. കഴിഞ്ഞ സീസണില്‍ പരിക്കു കാരണം ലെഫ്റ്റ്ബാക്കിന് നിരവധി മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. നാലു വര്‍ഷമായി ജസ്സല്‍ ബ്ലാസ്റ്റേഴ്‌സ് ടീമിലുണ്ട്. ഇന്നലെയോടെ കരാര്‍ അവസാനിച്ചു.
2019-20 ലെ അരങ്ങേറ്റ സീസണില്‍ തന്നെ ഗോവക്കാരന്‍ പ്രതിരോധ മികവിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. രണ്ടാമത്തെ സീസണില്‍ ജസ്സല്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി. ആ സീസണിന്റെ മധ്യത്തില്‍ സെര്‍ജിയൊ സിഡോഞ്ഞ പരിക്കേറ്റ് വിട്ടുനിന്നപ്പോള്‍ ക്യാപ്റ്റന്റെ ചുമതല ഏറ്റെടുത്തു. 2021-22 സീസണില്‍ ജസ്സല്‍ സ്ഥിരം ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. ആ വര്‍ഷം ഐ.എസ്.എല്ലിലെ പ്രായം കുറഞ്ഞ ടീമിനെ അഭിമാനകരമായ രീതിയില്‍ ജസ്സല്‍ നയിച്ചു. ഐ.എസ്.എല്ലില്‍ ടീം ഫൈനലിലെത്തി.
നാലു സീസണിലായി ജസ്സല്‍ 65 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയിട്ടു. ആരാധകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയാണ് ജസ്സല്‍ ക്ലബ്ബ് വിടുന്നത്. 

Latest News