ടെസ്റ്റ് ഫൈനല്‍: കോലി ടീമിനൊപ്പം ചേര്‍ന്നു

ലണ്ടന്‍ - ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ജൂണ്‍ ഏഴിനാരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ അമ്പയര്‍മാരെ ഐ.സി.സി പ്രഖ്യാപിച്ചു. ക്രിസ് ഗഫനിയും (ന്യൂസിലാന്റ്), റിച്ചാഡ് ഇല്ലിംഗ്‌വര്‍ത്തും (ഇംഗ്ലണ്ട്) ഫീല്‍ഡ് അമ്പയര്‍മാര്‍. ലണ്ടനിലെ ഓവല്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. റിച്ചാഡ് കെറ്റില്‍ബറൊ (ടി.വി അമ്പയര്‍), കുമാര്‍ ധര്‍മസേന (നാലാം അമ്പയര്‍), റിച്ചി റിച്ചാഡ്‌സന്‍ (മാച്ച് റഫറി) എന്നിവയായിരിക്കും മറ്റ് ഒഫിഷ്യലുകള്‍. 
അതിനിടെ, വിരാട് കോലി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ ലണ്ടനില്‍ ഇന്ത്യന്‍കളിക്കാര്‍ക്കൊപ്പം ചേര്‍ന്നു. ഇവരുടെ ടീമുകള്‍ ഐ.പി.എല്ലില്‍ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. മുംബൈ ഇന്ത്യന്‍സ് പ്ലേഓഫില്‍ പുറത്തായ ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീമിനൊപ്പം ചേര്‍ന്നു. ഐ.പി.എല്‍ ഫൈനല്‍ കഴിഞ്ഞതോടെ രവീന്ദ്ര ജദേജ, ശുഭ്മന്‍ ഗില്‍, മുഹമ്മദ് ഷമി, കെ.എസ് ഭരത്, അജിന്‍ക്യ രഹാനെ എന്നിവരും ലണ്ടനിലേക്ക് തിരിക്കും. 

Latest News