മലേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ പ്രണോയ് ചാമ്പ്യന്‍

ക്വാലാലംപൂര്‍ - മലയാളി ഷട്‌ലര്‍ എച്ച്.എസ് പ്രണോയ് മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി. ത്രസിപ്പിക്കുന്ന മൂന്നു ഗെയിം പോരാട്ടത്തില്‍ ചൈനയുടെ വെംഗ് ഹോംഗ് യാംഗിനെ മുപ്പതുകാരന്‍ 21-19, 13-21, 21-18 ന് തോല്‍പിച്ചു. ഗ്രിഗോറിയ മാരിസ്‌ക തുന്‍ജുംഗിനെ 21-17, 21-7 ന് തകര്‍ത്ത് ജപ്പാന്റെ അകാനെ യാമാഗുചി വനിതാ ചാമ്പ്യനായി. 2022 ലെ സ്വിസ് ഓപണില്‍ അവസാനമായി ഫൈനല്‍ കളിച്ചപ്പോള്‍ ജോനാഥന്‍ ക്രിസ്റ്റിയോട് പ്രണോയ് തോല്‍ക്കുകയായിരുന്നു.   
ലോക ഒമ്പതാം നമ്പര്‍ പ്രണോയിക്ക് സെമിയില്‍ വാക്കോവര്‍ ലഭിക്കുകയായിരുന്നു. ആദ്യ ഗെയിമിന്റെ അവസാന ഘട്ടത്തില്‍ ഇന്തോനേഷ്യക്കാരന്‍ ക്രിസ്റ്റിയന്‍ അദിനാത പരിക്കേറ്റ് പിന്മാറുകയായിരുന്നു. ആദ്യമായാണ് പ്രണോയ് ഈ ടൂര്‍ണമെന്റില്‍ ഫൈനലിലെത്തുന്നത്. ലോക മുപ്പത്തിനാലാം നമ്പറാണ് വെംഗ് യാംഗ്. 
പ്രണോയ് ടൂര്‍ണമെന്റില്‍ ഉജ്വല ഫോമിലായിരുന്നു. ലോക ആറാം നമ്പര്‍ ചൂ ടിയേന്‍ ചെന്‍, നിലവിലെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ ലി ഷി ഫെംഗ്, മഡ്രീഡ് മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ കെന്‍ഡ നിഷിമോതൊ തുടങ്ങിയവരെ കടത്തിവെട്ടിയാണ് മുപ്പതുകാരന്‍ സെമിയിലെത്തിയത്. ലോക അമ്പത്തേഴാം നമ്പര്‍ അദിനാതക്കെതിരെ സെമിയില്‍ ആദ്യ ഏഴ് പോയന്റുകളും  പ്രണോയാണ് നേടിയത്. എന്നാല്‍ ഇന്തോനേഷ്യക്കാരന്‍ തിരിച്ചടിക്കുകയും 15-15 ല്‍ ഒപ്പമെത്തുകയും ചെയ്തു. 19-17 ല്‍ പ്രണോയ് മുന്നില്‍ നില്‍ക്കവെ അദിനാത പരിക്കേറ്റ് പിന്മാറുകയായിരുന്നു.
 

Latest News