Sorry, you need to enable JavaScript to visit this website.

പാര്‍ട്ടി നയങ്ങളില്‍ നിരാശ പൂണ്ട് മരണം; ചില കാര്യങ്ങള്‍ ഉണര്‍ത്തി ഷാജഹാന്‍ മാടമ്പാട്ട്

റസാഖ് പയമ്പ്രോട്ടിനെ അടുത്ത നാട്ടുകാരാണെങ്കിലും എനിക്ക് പരിചയമുണ്ടായിരുന്നില്ല. ഇന്നദ്ദേഹം പുളിക്കല്‍ പഞ്ചായത്തിന്റെ വരാന്തയില്‍ ജീവനൊടുക്കിയ വാര്‍ത്ത വായിച്ചപ്പോഴാണ് കൂടുതല്‍ അന്വേഷിച്ചത്. തന്റെ സ്വത്തും ജീവിതവും എല്ലാം സിപിഎമ്മിന് സമര്‍പ്പിച്ച ഒരാള്‍ അതേ പാര്‍ട്ടിയുടെ നയങ്ങളില്‍ നിരാശ പൂണ്ട് ജീവിതം അവസാനിപ്പിച്ചുവെന്നു കേള്‍ക്കുമ്പോള്‍ ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്.

1. ആദ്യത്തെ കാര്യം പൊതുവാണ്. ആദര്‍ശബദ്ധത ആശയങ്ങളോടും മൂല്യങ്ങളോടും പരിമിതപ്പെടുത്തുകയും എല്ലാ കൂട്ടായ്മകളെയും നേതാക്കളെയും ഒരല്പം ദോഷൈകദൃഷ്ടിയോടെ നോക്കിക്കാണുകയും ചെയ്യുന്നതാണ് അഭിലഷണീയം. അധികാരവും പണവും  അവയുടെ വിവിധതോതിലും അളവിലും  ഏറ്റവും ആദര്‍ശാധിഷ്ഠിതകൂട്ടായ്മകളെപ്പോലും ദുഷിപ്പിച്ചതാണ് ചരിത്രാനുഭവങ്ങള്‍ മുഴുവനും. ഏതെങ്കിലും പാര്‍ട്ടിയുടെയും സംഘടനയുടെയും ഭാഗമായിരിക്കുമ്പോള്‍ പോലും ഈ യാഥാര്‍ഥ്യബോധം ഉള്ളിലുണ്ടായിരിക്കുന്നത് നല്ലതാണ്. വീണ്ടും ആവര്‍ത്തിക്കുന്നു: ആദര്‍ശവല്‍ക്കരിക്കേണ്ടത് ആശയങ്ങളെയും മൂല്യങ്ങളെയുമാണ്, വ്യക്തികളെയും സംഘടനകളെയുമല്ല.
2. മുകളില്‍ പറഞ്ഞത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തവര്‍  അവര്‍ നിഷ്‌കളങ്കരും നിസ്വാര്‍ത്ഥരുമാണെങ്കില്‍  മോഹഭംഗത്തിനും നിരാശയ്ക്കും വഴിപ്പെടുക തന്നെ ചെയ്യും. എം സുകുമാരന്റെ ശേഷക്രിയ മുതല്‍ മുകുന്ദന്റെ ഇ എം എസ് നോവലില്‍ വരെ നമ്മുടെ സാഹിത്യം ഈ വിഷയം എത്രയോ തവണ വിവരിച്ചിട്ടുണ്ട്.
3. സി പി എമ്മിനെ ഒരാദര്‍ശസംഘടനയായി ആത്മാര്‍ത്ഥമായും കാണുന്ന എത്രയോ ആളുകളുണ്ട്. നമ്മുടെ രാഷ്ട്രീയമണ്ഡലത്തില്‍ കമ്മ്യുണിസ്‌റ് പാര്‍ട്ടികളാണ് ഇങ്ങനെ കൂടുതല്‍ ആദര്‍ശവല്‍ക്കരിക്കപ്പെടുന്നത്. ആം ആദ്മി പോലുള്ള പാര്‍ട്ടികളും ഒരു പരിധിവരെ. മറ്റു പാര്‍ട്ടികളുടെ അനുയായികള്‍ അങ്ങനെ ഒരാദര്‍ശപരിവേഷം പൊതുവെ പ്രകടിപ്പിക്കാറില്ല. ആ പാര്‍ട്ടികളും അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാറുമില്ല. ഈ ആദര്‍ശപരിവേഷം സോവിയറ്റ് യുണിയനടക്കമുള്ള കമ്മ്യുണിസ്റ്റ് സ്വേച്ഛാധിപത്യങ്ങള്‍ക്കും വകവെച്ചു കൊടുത്തിരുന്നു. അത് കൊണ്ടാണ് ഹിറ്റ്‌ലര്‍ കൊന്ന ലക്ഷങ്ങളോട് നമുക്ക് അനുതാപം തോന്നുകയും സ്റ്റാലിനും മാവോയും കൊന്നവരെ നാം നിസ്സംഗതയോടെ കാണുകയും ചെയ്യുന്നത്. മതത്തിന്റെ അനുയായികളിലും ഈ ദ്വന്ദഭാവം കാണാം.
4. സി പി എം നിലനില്‍ക്കണമെന്നും ക്ഷയിക്കരുതെന്നും ആഗ്രഹിക്കുന്ന എത്രയോ ആളുകള്‍ ഉണ്ട്. ഞാനും അങ്ങനെ തന്നെ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരിടതുപക്ഷധാര അനിവാര്യമാണെന്ന ബോധ്യമാണതിന് പിന്നില്‍. കേരളത്തിലും യു ഡി എഫ് എല്‍ ഡി എഫ് ഇതേ പോലെ തുടരുകയും ബിജെപിയെ പുറത്തുനിര്‍ത്തുകയും ചെയ്യുന്ന ഒരു രാഷ്ട്രീയസ്ഥിതിയാണ് അഭികാമ്യം. അതേ സമയം അത് സിപിഎം ഒരാദര്‍ശപാര്‍ട്ടിയാണെന്നോ അനുരഞ്ജനമില്ലാതെ ജനപക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു മഹത്തായ കൂട്ടായ്മ ആണെന്നോ ഉള്ള തോന്നല്‍ മൂലമല്ല. മറ്റെല്ലാ പാര്‍ട്ടികളെയും പോലെ അധികാരരാഷ്ട്രീയത്തിന്റെ എല്ലാ അഴുക്കുകളും പുരണ്ട, അധികാരത്തിനു വേണ്ടി പല അനുരഞ്ജനങ്ങള്‍ക്കും വഴങ്ങുന്ന, നിയോലിബറല്‍ സാമ്പത്തികനയങ്ങള്‍ വാശിയോടെ നടപ്പാക്കുകയും എന്നാല്‍ മാര്‍ക്‌സിയന്‍ വാചാടോപം ഭംഗിയായി തുടരുകയും ചെയ്യുന്ന, മറ്റൊരു (yet another) രാഷ്ട്രീയപാര്‍ട്ടി മാത്രമാണത്. മറ്റു പല പാര്‍ട്ടികളോടും താരതമ്യം ചെയ്താല്‍ ചില ഗുണങ്ങളും ദോഷങ്ങളുമൊക്കെ അതിനുമുണ്ടാകും.
5. മാലാഖമാര്‍ നയിക്കുന്ന പാര്‍ട്ടികളൊന്നും ഇവിടെ ഇല്ലാത്തതിനാലും ഉള്ളവയില്‍നിന്ന് ചിലവയെ തെരഞ്ഞെടുക്കേണ്ടത് ആവശ്യമായതിനാലും സാഹചര്യങ്ങള്‍ക്കനുസരിച്ച് ജനം തീരുമനമെടുക്കുന്നു. ഈ ജനവും ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളൊന്നുമല്ല. സാഥ്‌വി പ്രഗ്യയെ ജയിപ്പിക്കുകയും ദിഗ്‌വിജയ് സിംഗിനെ തോല്‍പ്പിക്കുകയും ചെയ്യുന്ന തരം ജനത്തിന് കിട്ടേണ്ടത് കിട്ടും. Masses എന്നതിലെ M നിശ്ശബ്ദമാണ് എന്നത് ഒരു സത്യമാണ്.
6. ഇടതുപക്ഷം കേരളസമൂഹത്തിന് വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. സിപിഎം അതുപോലെ തന്നെ. അതേ സമയം കടുത്ത വിമര്‍ശനമര്‍ഹിക്കുന്ന കാര്യങ്ങളുമുണ്ട്. മറ്റെല്ലാ പാര്‍ട്ടികളെയും പോലെ തന്നെ. ഒരു left exceptionalism കൊണ്ടുവന്ന് ഇതിനെ വാനോളം മഹത്വപ്പെടുത്താത്തിടത്തോളം കുഴപ്പമില്ല.
7. അന്ധമായ കാല്പനികവത്കരണത്തിനും അന്ധമായ തിരസ്‌കാരത്തിനും മധ്യേയുള്ള, വിമര്‍ശനാത്മകവും അതേ സമയം ഇന്നത്തെ ഇന്ത്യന്‍സാഹചര്യത്തെ മനസ്സിലാക്കുന്നതുമായ, സിപിഎം തകര്‍ന്നാല്‍ എന്താണ് കേരളത്തില്‍ സംഭവിക്കുക എന്നുകൂടി ഓര്‍ക്കുന്ന, വിവേകപൂര്‍ണവും യാഥാര്‍ഥ്യനിഷ്ഠവുമായ ഒരു സമീപനമാണ് ഗുണകരം.

 

Latest News