Sorry, you need to enable JavaScript to visit this website.

ചാമ്പ്യന്‍സ് ലീഗില്‍  വീണ്ടും മാഞ്ചസ്റ്റര്‍ വസന്തം

മാഞ്ചസ്റ്റര്‍ - നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം മാഞ്ചസ്റ്ററിലെ ബദ്ധവൈരികള്‍ രണ്ടും അടുത്ത യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കളിക്കും. ഓള്‍ഡ് ട്രഫോഡിലെ നിറഞ്ഞ ഗാലറിക്കു മുന്നില്‍ പഴയ പ്രതാപത്തോടെ കളിച്ച് ചെല്‍സിയെ 4-1 ന് തകര്‍ത്താണ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡ് നാലാം സ്ഥാനമുറപ്പാക്കിയത്. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ജൂണ്‍ 10 ന് ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെ നേരിടുകയാണ്. 
കസിമീരൊ, ആന്റണി മാര്‍ഷ്യാല്‍, ബ്രൂണൊ ഫെര്‍ണാണ്ടസ്, മാര്‍ക്കസ് റാഷ്ഫഡ് എന്നിവരുടെ ഗോളാണ് യുനൈറ്റഡിന് നാലാം സ്ഥാനമുറപ്പാക്കിയതും ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ തകര്‍ത്തതും. 89ാം മിനിറ്റില്‍ പകരക്കാരന്‍ ജോ ഫെലിക്‌സ് ചെല്‍സിയുടെ ആശ്വാസ ഗോള്‍ നേടി. ചാമ്പ്യന്‍സ് ലീഗ് മോഹം പൊലിഞ്ഞതോടെ തകര്‍ന്നു പോയെന്ന് ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് ട്വീറ്റ് ചെയ്തു. ന്യൂകാസിലിന് രണ്ട് പോയന്റ് മുന്നിലെത്തി യുനൈറ്റഡ്. അവസാന കളി മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ. സിറ്റി (89), ആഴ്‌സനല്‍ (81), യുനൈറ്റഡ് (72), ന്യൂകാസില്‍ (70), ലിവര്‍പൂള്‍ (66), ബ്രൈറ്റന്‍ (62) എന്നിങ്ങനെയാണ് പോയന്റ് നില. ആദ്യ നാലു ടീമുകള്‍ ചാമ്പ്യന്‍സ് ലീഗിലും ലിവര്‍പൂളും ബ്രൈറ്റനും യൂറോപ്പ ലീഗിലും കളിക്കും. 
യുനൈറ്റഡ് ജൂണ്‍ മൂന്നിന് എഫ്.എ കപ്പ് ഫൈനലില്‍ സിറ്റിയെ നേരിടാനിരിക്കുകയാണ്. വെംബ്ലിയിലാണ് ഫൈനല്‍. എറിക് ടെന്‍ ഹാഗിന്റെ ആദ്യ സീസണ്‍ യുനൈറ്റഡിന് പ്രതീക്ഷകളുടേതാണ്. ഫെബ്രുവരിയില്‍ അവര്‍ ന്യൂകാസിലിനെ ഫൈനലില്‍ തോല്‍പിച്ച് ഇംഗ്ലിഷ് ലീഗ് കപ്പ് നേടിയിരുന്നു. 
വലിയ തിരിച്ചടികള്‍ അതിജീവിച്ചാണ് യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചെത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയോട് 6-3 നും ലിവര്‍പൂളിനോട് 7-0 നും അവര്‍ തകര്‍ന്നിരുന്നു. ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ വന്‍ വിമര്‍ശനം നടത്തിയതും അതിന് പിന്നാലെ ക്ലബ്ബ് വിട്ടതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 


 

Latest News