Sorry, you need to enable JavaScript to visit this website.

ചാമ്പ്യന്മാരെ പിടിച്ചു കെട്ടി ബ്രൈറ്റന്‍

മാഞ്ചസ്റ്റര്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുതിപ്പ് ബ്രൈറ്റനു മുന്നില്‍ അവസാനിച്ചു. ഹാട്രിക് കിരീടമുറപ്പാക്കിയതിനാല്‍ രണ്ടാം നിരയെ കളിപ്പിച്ച സിറ്റിയെ 1-1 ന് ബ്രൈറ്റന്‍ തളച്ചു. ഒരു കളി ശേഷിക്കെ ബ്രൈറ്റന്‍ ആറാം സ്ഥാനമുറപ്പാക്കി. ആറാം സ്ഥാനക്കാര്‍ക്ക് അടുത്ത വര്‍ഷത്ത യൂറോപ്പ ലീഗില്‍ കളിക്കാം. 
കഴിഞ്ഞ 12 കളികളും ജയിച്ച സിറ്റിയാണ് ഇരുപത്തഞ്ചാം മിനിറ്റില്‍ ആദ്യം ഗോളടിച്ചത്. ഫില്‍ ഫോദന്‍ സ്‌കോര്‍ ചെയ്തു. എന്നാല്‍ ജൂലിയൊ എന്‍സിസോയുടെ തകര്‍പ്പന്‍ ഗോളില്‍ ബ്രൈറ്റന്‍ മറുപടി നല്‍കി. മുപ്പത്തെട്ടാം മിനിറ്റില്‍ ദൂരെ നിന്നുള്ള മിന്നല്‍പിണര്‍. ബ്രൈറ്റന്‍ ആദ്യമായാണ് യൂറോപ്യന്‍ ടൂര്‍ണമെന്റില്‍ കളിക്കുക. അവസാന വേളയില്‍ എര്‍ലിംഗ് ഹാളന്റ് സ്‌കോര്‍ ചെയ്‌തെങ്കിലും വീഡിയൊ റിവ്യൂവില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. 
ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് സിറ്റി പോയന്റ് നഷ്ടപ്പെടുത്തുന്നത്. ബ്രെന്റ്ഫഡുമായുള്ള മത്സരം ശേഷിക്കെ അവര്‍ക്ക് 89 പോയന്റായി. മാര്‍ച്ച് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ആഴ്‌സനലിനെക്കാള്‍ എട്ട് പോയന്റ്  കൂടുതല്‍. ബ്രൈറ്റന് 62 പോയന്റുണ്ട്. ഏഴാം സ്ഥാനക്കാരായ ആസ്റ്റണ്‍വില്ലക്ക് അവരെ മറികടക്കാനാവില്ല. 
ജൂണ്‍ മൂന്നിന് എഫ്.എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും ജൂണ്‍ പത്തിന് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെയും നേരിടാനിരിക്കുകയാണ് സിറ്റി. മാഞ്ചസ്റ്ററില്‍ ലഭ്യമായ മദ്യം മുഴുവന്‍ കഴിച്ച് 48 മണിക്കൂര്‍ പിന്നിടും മുമ്പെയാണ് ബ്രൈറ്റനെ നേരിട്ടതെന്നും എന്തുകൊണ്ടാണ് ചാമ്പ്യന്മാരായതെന്ന് ഈ ടീം തെളിയിച്ചെന്നും സിറ്റി കോച്ച് പെപ് ഗാഡിയോള പറഞ്ഞു.

Latest News