റിയാദ് - അല്‍താഇയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോല്‍പിച്ച് അന്നസ്ര്‍ സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ കിരീടപ്രതീക്ഷ നിലനിര്‍ത്തി. അല്‍ഹിലാലുമായി 2-2 സമനില വഴങ്ങിയ അല്‍ഇത്തിഹാദിന് മൂന്നു പോയന്റ് പിന്നിലാണ് അന്നസ്ര്‍. അല്‍ഹിലാലും അല്‍ഇത്തിഹാദും തമ്മിലുള്ള ഗോള്‍വ്യത്യാസം പൂജ്യമാണ്. മൂന്നു മത്സരങ്ങള്‍ മാത്രമേ ലീഗില്‍ അവശേഷിക്കുന്നുള്ളൂ.
പ്രിന്‍സ് അബ്ദുല്‍അസീസ് ബിന്‍ മുസാഇദ് സ്റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ അന്നസ്‌റിനെ തളച്ചിടാന്‍ അല്‍താഇക്കു സാധിച്ചു. അമ്പത്തിരണ്ടാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയാണ് സ്‌കോറിംഗ് തുടങ്ങിയത്. ഈ സീസണില്‍ റൊണാള്‍ഡോയുടെ അഞ്ചാമത്തെ പെനാല്‍ട്ടി ഗോളാണ് ഇത്. പതിമൂന്നാമത്തെ ഗോളും. എണ്‍പതാം മിനിറ്റില്‍ അല്‍താഇ ഡിഫന്ററില്‍ നിന്ന് തട്ടിയെടുത്ത പന്തുമായി കുതിച്ച് ടാലിസ്‌ക രണ്ടാമത്തെ ഗോളടിച്ചു.






