ബി.ജെ.പിയുടെ ഇരട്ട എഞ്ചിനെ പരിഹസിച്ച് നവീന്‍ പട്‌നായിക്, നല്ല ഭരണമാണ് പ്രധാനം

ഭുവനേശ്വര്‍- ബി.ജെ.പിയുടെ ഇരട്ട എഞ്ചിന്‍ മുദ്രാവാക്യത്തെ പരിഹസിച്ച് ഒഡിഷ മുഖ്യമന്ത്രിയും ബി.ജെ.ഡി അധ്യക്ഷനുമായ നവീന്‍ പട്‌നായിക്. ഒരു പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിക്കുന്നത് ഇരട്ട എഞ്ചിനല്ലെന്നും നല്ല ഭരണമാണെന്നും അദ്ദേഹം പറഞ്ഞു.
ജാര്‍സുഗുഡ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പില്‍ ബി.ജെ.ഡി സ്ഥാനാര്‍ത്ഥി വിജയിച്ചതിന്റെ ആഘോഷത്തിലാണ് അദ്ദേഹം പേരെടുത്ത് പറയാതെ ബി.ജെ.പിയെ പരിഹസിച്ചത്.

'സിംഗിള്‍ എഞ്ചിനാണോ, ഡബിള്‍ എഞ്ചിനാണോ എന്നതല്ല കാര്യം. ഭരണത്തിനാണ് പ്രാധാന്യം. മികച്ചതും ജനപക്ഷവുമായ ഭരണമാണ് എപ്പോഴും വിജയിക്കുക,' പട്‌നായിക് പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഡബിള്‍ എഞ്ചിന്‍ എന്ന മുദ്രാവാക്യമായിരുന്നു മുന്നോട്ട് വെച്ചത്.
ജാര്‍സുഗുഡ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.ഡിയുടെ ദിപാലി ദാസ് 48,721 വോട്ടുകള്‍ക്ക് ബി.ജെ.പിയെ തോല്‍പിക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഒഡീഷ ആരോഗ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നബ കിഷോറിന്റെ മകളാണ് ദിപാലി ദാസ്. ജനുവരിയില്‍ പൊതുപരിപാടിക്കിടെ പോലീസുകാരന്റെ വെടിയേറ്റ് അദ്ദേഹം ചികിത്സക്കിടെ മരിക്കുകയായിരുന്നു.
അതിനിടെ, കര്‍ണാടകയില്‍ റീകൗണ്ടിങ്ങിലൂടെ കോണ്‍ഗ്രസ് 135, ബി.ജെ.പി 66, ജെ.ഡി.എസ് 19 എന്നിങ്ങനെ സീറ്റ് നില മാറിയിട്ടുണ്ട്.

 

Latest News