മുസ്ലിം സ്ത്രീകളുടെ വോട്ട് ഉറപ്പാക്കി, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ പിന്‍വലിപ്പിച്ചു; പൗരസമൂഹം കാഴ്ചവെച്ചത് വലിയ പ്രവര്‍ത്തനം

ഫാസിസത്തിനെതിരായ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനും ബി.ജെ.പിയുടെ ദ്രോഹം ജനങ്ങളെ ബോധ്യപ്പെടുത്താനും രംഗത്തിറങ്ങിയ പൗരസമൂഹ ഗ്രൂപ്പകളുടെ വിജയം കൂടിയാണ് കര്‍ണാടകയില്‍ കണ്ടത്. അഴിമതി ഭരണമാണ് കാഴ്ചവെച്ചതെങ്കിലും വര്‍ഗീയ ധ്രുവീകരണത്തിലൂടെ വീണ്ടും അധികാരം പിടിക്കാമെന്ന ബി.ജെ.പിയുടേയും സംഘ്പരിവാറിന്റേയും കണക്കുകൂട്ടലുകള്‍ വിജയിക്കാതിരിക്കാന്‍ സംസ്ഥാനത്തെ പൗരസമൂഹ ഗ്രൂപ്പുകള്‍ ഒറ്റക്കും കൂട്ടായും വലിയ ശ്രമങ്ങളാണ് നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പോലെ തന്നെ ജനമനസ്സുകളെ സ്വാധീനിച്ച പ്രവര്‍ത്തനമാണ് സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും കാഴ്ചവെച്ചത്. വീണ്ടും അധികാരം ഉറപ്പിക്കാന്‍ ബി.ജെ.പി പയറ്റുന്ന ആയുധങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അവയെ തരിപ്പണമാക്കുന്നതിന് ആവശ്യമായ മിസൈലുകള്‍ തയാറാക്കിയെന്നതാണ് സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളെ ശ്രദ്ധേയമാക്കിയത്.
നൂറിലേറെ സംഘടനകള്‍ അടങ്ങുന്ന എദ്ദേളു കര്‍ണാടക അഥവാ ഉണരൂ കര്‍ണാടക എന്ന പേരില്‍ രംഗത്തുവന്ന വര്‍ഗീയ വിരുദ്ധ കൂട്ടായ്മ കഴിഞ്ഞ മൂന്നുമാസം ഇരുഭാഗത്തേക്കും മറിഞ്ഞേക്കാവുന്ന നൂറിലേറെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. വോട്ട് ഭിന്നിക്കാതിരിക്കാന്‍ ചെറുകിട പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ പിന്‍വലിപ്പിക്കുന്നതടക്കമുള്ള ആസൂത്രിത പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിയത്. ഇങ്ങനെ അമ്പതോളം നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിപ്പിക്കാന്‍ മാത്രമല്ല, വിഭജിച്ച് പോകുമായിരുന്ന വോട്ടുകള്‍ ബി.ജെ.പിക്കെതിരെ വിജയിക്കുന്ന സ്ഥാനാര്‍ഥിക്ക് തന്നെ ലഭിക്കുന്നതിനുള്ള ബോധവല്‍ക്കരണം ഫലപ്രദമാക്കാനും എദ്ദേളു കര്‍ണാടകക്ക് സാധിച്ചു.
ബി.ജെ.പി സര്‍ക്കാരിന്റെ പരാജയങ്ങളും ദ്രോഹങ്ങളും ജനമനസ്സുകളിലെത്തിക്കുന്നതിനാണ് എദ്ദേളു കര്‍ണാടകയും ബഹുത്വ കര്‍ണാടകയും ശ്രദ്ധിച്ചത്. പ്രാദേശിക വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രചാരണമാണ് കര്‍ണാടകയില്‍ വിജയം കണ്ടതെന്ന് പറയുമ്പോള്‍ അതിനുള്ള മണ്ണൊരുക്കിയത് ഇത്തരം സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളാണെന്ന കാര്യം വിസ്മരിക്കാന്‍ കഴയില്ല.
ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളോട് ചായ്‌വില്ലാത്ത സന്നദ്ധ പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിബദ്ധതയോടെയുള്ള ദൗത്യം നിര്‍വഹിച്ചത്. ബി.ജെ.പി സര്‍ക്കാരിന്റെ പരാജയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പരമ്പരാഗത പ്രാചരണോപാധികളും സോഷ്യല്‍ മീഡിയയും ഒരുപോലെ ഇവര്‍ ഉപയോഗിച്ചു.
2018 ലെ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനു വിജയിച്ച 70 നിര്‍ണായക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് എദ്ദേളു കര്‍ണാടക എക്‌സിക്യുട്ടീവ് അംഗവും ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ കന്നഡ ചെയര്‍ മുന്‍ അധ്യക്ഷനുമായ പുരുഷോത്തം ബിലിമേലെ പറയുന്നു. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനോ സെക്കുലര്‍ ദളിനോ വോട്ട് ചെയ്യണമെന്നല്ല തങ്ങള്‍ ആഹ്വാനം ചെയ്തിരുന്നതെന്നും വോട്ട് ഒരിക്കലും ബി.ജെ.പിക്ക് പോകരുതെന്നാണ് പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതന്യൂനപക്ഷങ്ങളുടെ വോട്ട് ഫാസിസ്റ്റ് വിരുദ്ധ ചേരിക്ക് ഉറപ്പാക്കാനും പൗരസമൂഹ ഗ്രൂപ്പുകള്‍ ഏറെ ശ്രദ്ധിച്ചു. പൊതുവെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതില്‍ ജാഗ്രത പുലര്‍ത്താത്ത പരമ്പരാഗത മുസ്ലിം കുടുംബങ്ങളിലെ സമ്പന്നരേയും സ്ത്രീകളേയും പോളിംഗ് ബൂത്തുകളിലെത്തിക്കാന്‍ തങ്ങള്‍ പ്രത്യേക ശ്രമം തന്നെ നടത്തിയെന്നും അദ്ദേഹം പറയുന്നു.
കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ടുകള്‍ ഭിന്നിച്ച് പോകുമെന്ന് ഉറപ്പായ മണ്ഡലങ്ങളില്‍ ഒമ്പതിടത്ത് എസ്.ഡി.പി.ഐയുടേയും സെക്കുലര്‍ ദളിന്റേയും ദുര്‍ബല സ്ഥാനാര്‍ഥികളെ പിന്‍വലിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്നും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ തങ്ങള്‍ക്കനുകൂലമായി തീരുമാനങ്ങളെടുക്കണമെന്നും സിവില്‍ സൊസൈറ്റി ഫോറം രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചിരുന്നു.
അവകാശ പത്രിക സമര്‍പ്പിച്ചതിനുശേഷം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികളേയും ക്ഷണിച്ചുകൊണ്ട് ഫോറം സംഘടിപ്പിച്ച യോഗം ബി.ജെ.പി ബഹിഷ്‌കരിക്കുകയായിരുന്നു. പൗരസമൂഹത്തോടുള്ള അനിഷ്ടമാണ് ബി.ജെ.പി കാണിച്ചതെന്നും അത് ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്ര നിലപാടുകളിലേക്ക് നീളുന്നതാണെന്നുമാണ് ഇതേക്കുറിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനമായ രാമചന്ദ്ര ഗുഹയുടെ നിരീക്ഷണം.
2014 നുശേഷം ഇന്ത്യയില്‍ സ്വതന്ത്രമായ പ്രവര്‍ത്തിക്കുന്ന സംഘടനകളും വിഭാഗങ്ങളുമെല്ലാം ഭരണകൂടത്തിന്റെ മുഷ്‌ക് നേരിടുകയാണ്. രണ്ടു തവണ അധികാരത്തിലേറിയിട്ടും ഒറ്റ വാര്‍ത്താ സമ്മേളനം പോലും നടത്താന്‍ തയാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹത്തിനു പിന്നിലുളള ആര്‍.എസ്.എസും  ഒരു രാഷ്ട്രം ഒരു എന്‍.ജി.ഒ എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസും സന്നദ്ധ സംഘടനകളെ തിരസ്‌കരിക്കുന്ന നയം സ്വകീരിച്ചിട്ടുണ്ടെങ്കിലലും കര്‍ണാടകയില്‍നിന്ന്  നേടുന്ന പാഠങ്ങളില്‍ അതിനുള്ള തിരുത്തും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കാം.

 

 

Latest News