Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആനന്ദനൃത്തമാടി മറഡോണ 

മറഡോണ ഗ്യാലറിയിൽ.

സെന്റ്പീറ്റേഴ്‌സ്ബർഗ് - നൈജീരിയക്കെതിരെ നിർണായക മത്സരത്തിനായി അർജന്റീനയിറങ്ങുമ്പോൾ ഫുട്‌ബോൾ ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ താരരാജാവ് അവർക്കായി വി.ഐ.പി ഗ്യാലറിയിലിരുന്ന് ആരവം മുഴക്കുന്നുണ്ടായിരുന്നു. അർജന്റീനയുടെ മുൻ നായകനും ആ രാജ്യത്തിന് അവസാനമായി കപ്പ് നേടിക്കൊടുത്തയാളുമായ സാക്ഷാൽ മറഡോണ. ഗ്യാലറിയിലിരുന്ന് അയാൾ നൃത്തം ചെയ്തു. ഇടയ്ക്ക് മയങ്ങി, കൈകളും കണ്ണുകളും ആകാശത്തേക്കുയർത്തി പ്രാർത്ഥിച്ചു. ഒരു വേള നടുവിരലുയർത്തിക്കാട്ടി ആംഗ്യം കാണിച്ചു. അത് വിവാദവുമായി.
നൈജീരിയക്കെതിരെ അർജന്റീന വിജയം നേടുന്നതിനൊപ്പം തന്നെ ഗ്യാലറിയിലെ മറഡോണയുടെ പ്രകടനവും ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തിരുന്നു. ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ സമ്മാനങ്ങളിലൊന്ന് തന്റെ രാജ്യത്തിന് ലഭിക്കുന്നതിന് വേണ്ടിയുള്ള ആഹ്ലാദനിമിഷത്തിലേക്കെത്താനുള്ള ഉത്തേജനം നൽകുകയായിരുന്നു മറഡോണ. 
എന്നാൽ വിവാദങ്ങളിലേക്ക് അർജന്റീനയെ എത്തിക്കുന്നത് ടീമിന് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലുമുണ്ട്. മറഡോണയുടെ അതിരുവിടുന്ന ആഘോഷം പലപ്പോഴും ടീമിനെ തന്നെയാണ് വിവാദത്തിലേക്ക് എത്തിക്കുന്നതും. മറഡോണ പരിഹാസപാത്രമാകുന്നത് അപകടകരമാണെന്നായിരുന്നു ഇംഗ്ലണ്ട് മുൻ സ്‌ട്രൈക്കർ ഗാരി ലിനേക്കർ പറഞ്ഞത്. മത്സരം പൂർത്തിയാകുന്നത് വരെ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ച നിലയിൽ കാണപ്പെട്ട മറഡോണയെ അവസാനം ഡോക്ടർമാരെത്തി പരിശോധിക്കുന്നതും കാണാമായിരുന്നു. കിക്കോഫിന് മുമ്പ് ഒരു നൈജീരിയൻ ആരാധകനൊപ്പം നൃത്തം ചെയ്യുന്ന മറഡോണയുടെ ദൃശ്യമായിരുന്നു ക്യാമറകൾ ഒപ്പിയെടുത്തത്. പിന്നീട് വി.ഐ.പി ഗ്യാലറിയിലെ വേറിട്ട കാഴ്ച്ചകളും മറഡോണയിൽനിന്നെത്തി.  
അതേസമയം, തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും പൂർണമായും സുഖം പ്രാപിച്ചതായും മറഡോണ വ്യക്തമാക്കി. അത്(ഗ്യാലറിയിൽ പ്രകടനം നടത്തിയത്) ഞാനായിരുന്നില്ല, ചിലപ്പോൾ എനിക്ക് ബാധകേറിയതാകും. 
ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ മറഡോണ പറഞ്ഞു. ആദ്യപകുതിയിൽ എന്റെ കഴുത്തിന് വലിയ മുറിവുള്ളതുപോലെ തോന്നി. ഡോക്ടർ പരിശോധിച്ചു. മുറിയിൽ പോയി വിശ്രമിക്കാനാണ് ഡോക്ടർ പറഞ്ഞത്. പക്ഷെ എനിക്കതിന് കഴിയുമായിരുന്നില്ല- മറഡോണ പറഞ്ഞു. 
ഗ്യാലറിയിൽതന്നെ നിലയുറപ്പിച്ച മറഡോണ എൺപത്തിയാറാമത്തെ മിനിറ്റിൽ റോഹോ വിജയഗോൾ നേടിയപ്പോൾ മതിമറന്ന് വീണ്ടും നൃത്തമാടി. രണ്ടു കൈകളിലെയും നടുവിരലുകളുയർത്തി ആംഗ്യം കാണിച്ചു. ഫൈനൽ വിസിൽ മുഴങ്ങിയതോടെ മറഡോണക്ക് ചുറ്റിലും ഡോക്ടർമാരെത്തുന്ന കാഴ്ച്ചയാണ് കണ്ടത്. അധികം വൈകാതെ വിമാനത്താവളത്തിലിരിക്കുന്ന ചിത്രം മറഡോണ തന്നെ പോസ്റ്റ് ചെയ്തു. മറഡോണ മോസ്‌കോയിലേക്ക് പോകുന്ന വിമാനത്തിനകത്തുള്ള ചിത്രം കൊളംബിയൻ പത്രപ്രവർത്തകൻ പോസ്റ്റ് ചെയ്തു. 
എല്ലാവർക്കും എന്റെ ചുംബനങ്ങൾ. പിന്തുണച്ചവർക്കെല്ലാം നന്ദി. ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത അവസാന സന്ദേശത്തിൽ മറഡോണ പറഞ്ഞു.
മറഡോണയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതരും പറഞ്ഞു.  രക്തസമ്മർദ്ദം കുറഞ്ഞതാണ് തളർച്ചയ്ക്ക് കാരണമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Latest News