Sorry, you need to enable JavaScript to visit this website.

വിവാദം സഹായിച്ചു, കേരള സ്റ്റോറി വിദ്വേഷം വിളമ്പി പണം വാരുന്നു

മുംബൈ- വിദ്വേഷം വിളമ്പുന്ന ചിത്രമായ കേരള സ്റ്റോറിക്ക് പണം വാരാന്‍ വിവാദങ്ങള്‍ സഹായകമായതായി കണക്കുകള്‍. കുറഞ്ഞ ബജറ്റില്‍ നിര്‍മിച്ച ബോളിവുഡ് സിനിമ കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്തതിനുശേഷം ടിക്കറ്റ് വില്‍പനയില്‍  450 ദശലക്ഷം രൂപ നേടിയതായി ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വിറ്ററില്‍ നല്‍കിയ കണക്കില്‍ പറയുന്നു. ബോക്‌സ് ഓഫീസ് വിജയം ചിത്രത്തെ ഈ വര്‍ഷത്തെ പത്ത് സിനിമകളുടെ നിരയില്‍ എത്തിക്കുമെന്നാണ് വിശകലന വിദഗ്ധന്‍ ഗിരീഷ് ജോഹര്‍ പറയുന്നത്.
കേരളത്തില്‍നിന്ന് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്ത മൂന്ന് യുവതികളെക്കുറിച്ച് പറയുന്ന കുറഞ്ഞ ബജറ്റ് ചിതമായ കേരള സ്റ്റോറി ബോളിവുഡിനു പുറത്തെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതാണ്  ഇന്ത്യയില്‍ തല്‍ക്ഷണം ബോക്‌സ് ഓഫീസ് ഹിറ്റായി മാറാന്‍ സഹായിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംവിധായകന്‍ സുദീപ്‌തോ സെന്നിന്റെ ചിത്രത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രശംസിച്ചിരുന്നു. ഇത് തീവ്രവാദത്തിന്റെ അനന്തരഫലങ്ങള്‍ കാണിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും മധ്യപ്രദേശും സിനിമയെ സംസ്ഥാന നികുതിയില്‍നിന്ന് ഒഴിവാക്കിയത് ടിക്കറ്റ് വില കുറക്കുന്നതിന് സഹായകമായി. നികുതി ഒഴിവാക്കുമെന്ന് ഉത്തരാഖണ്ഡ് മന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കള്‍ സിനിമയുടെ സൗജന്യ പ്രദര്‍ശനവും നടത്തുന്നുണ്ട്.
അതേസമയം, രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ വിദ്വേഷം ഇളക്കിവിടുന്ന സിനിമക്ക് പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിരോധം ഏര്‍പ്പെടുത്തി. വികലമായ കഥയിലൂടെ വിദ്വേഷവും അക്രമവും ഇളക്കിവിടുന്നതാണ് സിനിമയെന്ന്   അവര്‍ പറഞ്ഞു.
ക്രമസമാധാനപാലനത്തിനുള്ള മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ തമിഴ്‌നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷനും സംസ്ഥാനത്തെ പ്രദര്‍ശനങ്ങള്‍ തടഞ്ഞു.
എന്നാല്‍ യഥാര്‍ത്ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ്  ചിത്രത്തിന് കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി വിസമ്മതിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News