ആദ്യ ആര്‍ത്തവ രക്തം; ലൈംഗിക ബന്ധം സംശയിച്ച് യുവാവ് സഹോദരിയെ കൊന്നു

താനെ- മഹാരാഷ്ട്രയില്‍ 12 വയസ്സായ സഹോദരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 30 കാരനായ സഹോദരന്‍ അറസ്റ്റില്‍. പ്രേമമുണ്ടെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും സംശയിച്ചാണ് പ്രതി സഹോദരിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ആദ്യമായി ഋതുമതിയായ പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ കണ്ട രക്തത്തിന്റെ പാടുകളാണ് സഹോദരനെ ക്ഷുഭിതനാക്കിയതും കൊലപ്പെടുത്തിയതും. സഹോദരനും ഭാര്യക്കുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.
വസ്ത്രത്തിലെ രക്തക്കറ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതുമൂലമാണെന്ന നിഗമനത്തില്‍ യുവാവ് പെണ്‍കുട്ടിയുടെ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പൊള്ളലേല്‍പിച്ചാണ് കൊലപ്പെടുത്തിയത്. നഗരത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ ജോലി നോക്കുന്ന യുവാവിനെ ഉല്ലാസ് നഗറില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഏതാനും ദിവസം മുമ്പ് മാസമുറ ആരംഭിച്ചുവെങ്കിലും പെണ്‍കുട്ടിക്കും അത് മനസ്സിലായിരുന്നില്ല. വസ്ത്രത്തില്‍ രക്തക്കറ കാണാമായിരുന്നു. ഇതുകണ്ട സഹോദരന്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയും ലൈംഗിക ബന്ധം ആരോപിക്കുകയുമായിരുന്നു. ഋതുമതിയായതിനെ കുറിച്ച് ധാരണയില്ലാതിരുന്ന പെണ്‍കുട്ടിക്ക് കാരണം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഉല്ലാസ് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ യുവാവിനെതിരെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്തു.

 

Latest News