ഒരു കാലത്ത് കായിക കലാരംഗങ്ങളിൽ ഏറെ തിളങ്ങി നിന്ന പ്രതിഭയാണ് കൊല്ലം പരവൂർ തെക്കുംഭാഗം ആലാട് വീട്ടിൽ ഹഫീസുദ്ദീൻ എന്ന ഹഫീസ് ഖാൻ. കെ.എസ്.ആർ.ടി.സി വോളിബോൾ താരം, ലിപ്ടൺ ടീ കമ്പനി പ്രതിനിധി, നാടക, ഒപ്പേറ താരം.. അങ്ങനെ നവതിയുടെ നിറവിലുള്ള ഹഫീസ് ഖാന് പങ്കു വെയ്ക്കാനുളളത് ഏറെ അനുഭവ കഥകൾ ...
1952 - 53 കാലത്ത് സിനിമ താരം അസീസിനൊപ്പം സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സ്ഥിരം നാടക ക്ലബ്ബിലൂടെയാണ് ആദ്യം അരങ്ങിലെത്തുന്നത്. തിരുവനന്തപുരം വി.ജെ.ടി ഹാൾ കേന്ദ്രീകരിച്ചായിരുന്നു നാടകങ്ങൾ അരങ്ങേറിയിരുന്നത്.

കെ.എസ്.ആർ.ടി.സി വോളിബോൾ താരമായി ഇടയ്ക്ക് വേഷപ്പകർച്ച. ജോലി വാഗ്ദാനം ലഭിച്ചെങ്കിലും നാടകകലയെ നെഞ്ചിലേറ്റിയതോടെ ആ ജോലി വേണ്ടെന്നവെച്ചു. 1956 ൽ കലാനിലയം കൃഷ്ണൻ നായരുടെ സ്ഥിരം നാടക വേദിയിൽ അംഗമായി. ഹഫീസുദ്ദീൻ എന്ന പേരു മാറ്റി ഹഫീസ് ഖാൻ എന്ന പേരിട്ടത് കലാനിലയം കൃഷ്ണൻ നായർ.
1959-60 കാലത്ത് പ്രശസ്ത നടൻ ബഹദൂറിന്റെ നേതൃത്വത്തിലുളള നാഷണൽ തിയേറ്റേഴ്‌സിന്റെ ഭാഗമായിത്തീർന്നതോടെ നിരവധി നാടകങ്ങളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.
ബല്ലാത്ത പഹയൻ, മാണിക്യ കൊട്ടാരം എന്നീ നാടകങ്ങളിൽ നായക വേഷത്തിൽ തിളങ്ങി. 1961 ലാണ് ലിപ്ടൺ ടീ കമ്പനിയിൽ റെപ്രസന്റേറ്റീവ് ആകുന്നത്. 1964 ൽ ഡാൻസർ ചന്ദ്രശേഖരൻ നായരുടെ മഹാഭാരതം' എന്ന പ്രശസ്തമായ ഒപേറയിൽ ശന്തനു മഹാരാജാവിന്റെ വേഷം ചെയ്തു വന്നു. പരവൂർ സ്വദേശിയും ഏഷ്യാനെറ്റ് മുൻഷി ഫെയിമുമായ കെ.പി.എ.സി കുറുപ്പും ഒപ്പം അഭിനയിച്ചിരുന്നു. ഇവ്വിധം നാടക രംഗത്തിലൂടെ കൈവന്നത് ഏറെ അനുഭവ സമ്പത്ത്. തൊണ്ണൂറിന്റെ നിറവിലെത്തി നിൽക്കുമ്പോഴും കാലിലെ ചില്ലറ അസ്വസ്ഥതകളില്ലായിരുന്നെങ്കിൽ ഒരു കൈ നോക്കാമെന്നത് കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് പകരുന്നത്. മക്കളും കൊച്ചുമക്കളുമൊക്കെയായി കേക്കൊക്കെ മുറിച്ച് ഈ നല്ല നിമിഷത്തെ പരവൂരിലെ വീട്ടിലിരുന്നു അവിസ്മരണീയമാക്കുകയാണ്. ആബിദാ ബീവിയാണ് ഭാര്യ. ഒരു മകനും അഞ്ചു പെൺമക്കളുമാണുള്ളത്
മക്കൾ. തസ്‌നിം ഇർഷാദ്, അജീദ സലാം, സബീൽ, മാസിന വാഹിദ്,
ലിജിനിമ ഇഖ്ബാൽ, മാഷിദ മനാഫ്. ഇർഷാദ്, സലാം പറക്കവെട്ടി, ദൂരദർശൻ വാർത്ത അവതാരകൻ സി.ജെ. വാഹിദ്, അബ്ദുൽ മനാഫ് അപ്പോളോ ടയേഴ്‌സ്) ഇഖ്ബാൽ (സിംഗപ്പൂർ) ഷാനി എന്നിവർ മരുമക്കളാണ്. അടുത്തിടെ പരവൂർ നാടകശാലയുടെയും എസ്.എൻ.വി ബാങ്കിന്റെയും ആദരവുകൾ ലഭിച്ചിരുന്നു. കൊല്ലം പരവൂർ തെക്കുംഭാഗത്ത് ആലാട് വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ് 90 പിന്നിടുന്ന ഹഫീസ് ഖാൻ.






