Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരക്കഥ എഴുതുന്നവർ സമരത്തിലാണ്

കോവിഡ് മഹാമാരിയിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട മേഖലയാണ് സിനിമ. അതിൽ നിന്നും പൂർണമായി ഇപ്പോഴും ഈ മേഖലയ്ക്ക് കരകയറാൻ സാധിച്ചിട്ടില്ല. ലോകം മൊത്തം മുറിക്കുള്ളിലായപ്പോൾ നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ, ഡിസ്‌നി പോലുള്ള ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സിനിമകൾ ഒരുവിധം പിടിച്ചു നിന്നത്.  ബോളിവുഡ് സിനിമകൾക്കൊന്നും അത്തരത്തിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നില്ല. സിനിമ പ്രേക്ഷകരുടെ ആസ്വാദന രീതി ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. നിലവാരമില്ലാത്ത സിനിമകൾ യാതൊരു ദാക്ഷണ്യവുമാല്ലാതെ പ്രേക്ഷകർ തള്ളിക്കളയും. മാറുന്ന അഭിരുചിക്കൊത്ത് കഥകളിലും പശ്ചാത്തലത്തിലും മാറ്റം കൊണ്ടു വന്നെങ്കിൽ മാത്രമേ ഇനി സിനിമകൾക്ക് നിലനിൽപുള്ളൂ.
ബോളിവുഡ് നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതു തന്നെയാണ്. കാലത്തിനനുസരിച്ച് പുതിയ ചിന്തകളും കഥകളും കൊണ്ടുവരുന്നതിൽ മേഖല പരാജയപ്പെട്ടു. ഈയടുത്ത കാലത്ത് ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിച്ചെത്തിയ പഠാൻ ആണ് കാലങ്ങൾക്കു ശേഷം സിനിമയ്ക്ക് വാണിജ്യ വിജയം നേടിക്കൊടുത്തത്. അനാവശ്യ വിവാദവും സഹായത്തിനെത്തിയപ്പോൾ ലോക ബോക്‌സ് ഓഫീസിൽ ആയിരം കോടിയാണ് ഈ ചിത്രം നേടിയത്. ഹിന്ദിയിൽ ഭൂരിഭാഗം സിനിമകളും നിർമാണച്ചെലവ് പോലും നേടാൻ സാധിക്കാതെ എട്ടു നിലയിൽ പൊട്ടിയവയാണ്. അപ്പോഴും താരങ്ങൾ പ്രതിഫലം കുറയ്ക്കുന്നില്ലെന്ന വിമർശനവും ഉയരുന്നു. 
തെലുങ്ക് സിനിമ മേഖലയിൽ ഇപ്പോൾ അപ്രതീക്ഷിത കുതിപ്പും കാണുന്നുണ്ട്. മലയാള സിനിമ മേഖലയും പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ ദിവസങ്ങളിലായി നിർമാതാക്കളുടെ സംഘടന തുറന്നടിച്ചിരുന്നു. മലയാളത്തിൽ സിനിമകളെല്ലാം തകർന്നു കൊണ്ടിരിക്കുകയാണ്. എല്ലാ ചവറും ഒടിടി റിലീസിന് കൊണ്ടു വരേണ്ടെന്ന മുന്നറിയിപ്പും വന്നു കഴിഞ്ഞു.
ഇതിനൊപ്പം മലയാള സിനിമയലെ ലഹരി-മയക്കുമരുന്ന് ഉപയോഗം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ഷെയ്ൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സെറ്റുകളിലെ രാസലഹരി ഉപയോഗം ചർച്ചയാകാൻ തുടങ്ങിയത്. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്.
സിനിമ രംഗത്തെ ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്, പറയുന്നത് പലതും അഭിനേതാക്കൾക്ക് ഓർമയില്ല എന്നാണ് സാന്ദ്ര പറയുന്നത്. സിനിമ ഇൻഡസ്ട്രിയിലെ ലഹരി ഉപയോഗം നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടതുണ്ട്. കാരണം, ഇപ്പോൾ പറയുന്നതായിരിക്കില്ല അവർ പിന്നെ പറയുന്നത്. പിന്നെ പറയുന്നതല്ല അതു കഴിഞ്ഞ് പറയുന്നത്. നോർമലായിരിക്കുമ്പോൾ നമ്മൾ ചെന്ന് സംസാരിച്ചാൽ അവർ അത് ചെയ്യാം എന്നു പറയാം. എന്നാൽ അടുത്ത ദിവസം അത് ഓർമ കാണില്ല.'
നമ്മൾ അവിടെ കള്ളന്മാരായി. ഇത് ഉപയോഗിക്കുന്നവർക്ക് രാത്രി ഉറക്കം കുറവാണെന്ന് തോന്നുന്നു. പകൽ ആണ് അവർ ഉറങ്ങുക. ഇത് ഷൂട്ടിംഗിനെ ബാധിക്കും. രാവിലെ 6 മണിക്കാണ് ഷൂട്ട് ആരംഭിക്കുന്നത്. 9 മണിക്കു മുമ്പ് ഒരു സീൻ തീർക്കുക എന്നതാണ് പണ്ടത്തെ രീതി.'
എന്നാൽ ഇപ്പോഴത്തെ സാഹചര്യം എന്തെന്നാൽ, പത്തര പതിനൊന്നു മണി കഴിയാതെ അഭിനേതാക്കൾ വരില്ല. സഹകരിക്കാത്ത താരങ്ങളെ ഡീൽ ചെയ്യുക എന്നത് എനിക്ക് എപ്പോഴും ദുഃസ്വപ്നമാണ്. സെറ്റിലെ മറ്റു ആളുകളോട് മോശമായി പെരുമാറുമ്പോഴാണ് ഞാൻ കയറി ഇടപെടുന്നത് -സാന്ദ്ര ഉള്ളത് തുറന്നു പറഞ്ഞു. 
അങ്ങ് ഏഴാം കടലിനക്കരെയും കാര്യങ്ങൾ അത്ര പന്തിയല്ല. ഹോളിവുഡിൽ ആയിരക്കണക്കിന് സിനിമ, ടെലിവിഷൻ തിരക്കഥാകൃത്തുകൾ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്.  എഴുത്തുകാർ ആവശ്യപ്പെടുന്ന ശമ്പള വർധനയും മറ്റു ആനുകൂല്യങ്ങളും നിലവിലുള്ള പ്രതിസന്ധി ഘട്ടത്തിൽ നൽകാൻ കഴിയില്ലെന്നാണ് നിർമാണക്കമ്പനികളുടെ നിലപാട്. എഴുത്തുകാർക്ക് പിന്തുണയറിയിച്ച് ഹോളിവുഡ് സംവിധായകരുടെയും അഭിനേതാക്കളുടെയും സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഈ സമരം അമേരിക്കയിലെ വിനോദ വ്യവസായത്തിന്  വൻ തിരിച്ചടിയാകും തീർച്ച. 
ടെലിവിഷൻ പരിപാടികൾ നിർത്തിവെക്കേണ്ടിവരും. സിനിമകളുടെ റിലീസുകളും വൈകും. 2007 ലും ഇത്തരത്തിൽ അമേരിക്കയിൽ സമരം നടന്നിരുന്നു. 100 ദിവസം നീണ്ടുനിന്ന എഴുത്തുകാരുടെ സമരം 200 കോടി ഡോളറിന്റെ  നഷ്ടമാണ് അന്ന് ഹോളിവുഡിന് ഉണ്ടാക്കിയത്. 
*** *** ***
ബിബിസി മേധാവി റിച്ചാർഡ് ഷാർപ്പ് രാജിവച്ചു. സർക്കാർ നിയമനങ്ങൾക്കുള്ള ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ, വിവാദം ചൂടുപിടിച്ചതോടെയാണ് രാജി. കൺസർവേറ്റീവ് പാർട്ടി അംഗം കൂടിയായ ഷാർപ്പ്, 2021 ൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസന് വലിയ തോതിൽ വായ്പ സംഘടിപ്പിച്ചു നൽകിയെന്നാണ് കണ്ടെത്തൽ. അതിനു ശേഷമാണ്, ബ്രിട്ടീഷ് സർക്കാരിന്റെ ശുപാർശ പ്രകാരം, ഷാർപ്പിനെ ബിബിസി ചെയർമാനാക്കിയത്. ജില്ല ബാങ്കിൽ ലോണുള്ള ലോക്കൽ സഖാവിന്റെ കടം തിരിച്ചു പിടിക്കാൻ മടിക്കുന്നത് പോലുള്ള ഒരു ഏർപ്പാടായിപ്പോയല്ലോ ഇത്. 
ബോറിസിന്റെ സ്വന്തം പാർട്ടിക്കാരനാണ് ഷാർപ്പ്.  സ്വതന്ത്ര സ്ഥാപനമെന്ന് അവകാശപ്പെടുന്ന ബിബിസിക്കു ഈ സംഭവം നാണക്കേടായിരുന്നു.
ഷാർപ്പിന്റെ നിയമനവും ജോൺസന്റെ 8,00,000 പൗണ്ട് ലോൺ ഗാരന്റി സുഗമമാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കാളിത്തവും ബാരിസ്റ്റർ ആദം ഹെപ്പിൻസ്റ്റാളിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര അവലോകനം പരിശോധിച്ചു. മുൻ പ്രധാനമന്ത്രി 67 കാരനായ ഷാർപ്പിനെ നിയമിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് ആണിതെന്നു കണ്ടെത്തി.
ഇത് ബിബിസിയുടെ നാട്ടിലെ കാര്യം. ഇന്ത്യയിലും പ്രശ്‌നങ്ങൾ തീരുന്ന ലക്ഷണമില്ല.  ഇന്ത്യ ദി മോഡി ക്വസ്‌റ്റൈ്യൻ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് ബിനയ് കുമാർ സിംഗ് നൽകിയ മാനനഷ്ടക്കേസിൽ ദൽഹി അഡീഷണൽ സിസ്ട്രിക്റ്റ് ജഡ്ജി രുചിക സിംഗ്ല ബി.ബി.സിക്ക് സമൻസയച്ചു. വിക്കിപീഡിയക്ക് ഫണ്ട് നൽകുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ, ഇന്റർനെറ്റ് ആർക്കൈവ് എന്നിവക്കും കോടതി സമൻസയച്ചിട്ടുണ്ട്. 30 ദിവസത്തിനകം രേഖാമൂലമുള്ള മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. ഇവിടത്തെ വക്കീലന്മാർക്കും കോളടിച്ചു. 
*** *** ***
പ്രധാനമന്ത്രി മോഡി കർണാടകയിൽ തെരഞ്ഞെടുപ്പ് തിരക്കിലാണ്. അതിനിടയ്ക്കും പോയി വിവാദ സിനിമയായ  ദി കേരള സ്‌റ്റോറി ചിത്രം കണ്ടു. സന്തോഷം കൊണ്ടിരിക്കാൻ വയ്യേ എന്ന് ഹാപ്പി ജാമിന്റെ പരസ്യത്തിലെ കുട്ടിയുടെ മാനസികാവസ്ഥയിലാണ് മൂപ്പർ. നടി മാല പാർവതി സമൂഹ മാധ്യമ കുറിപ്പിൽ ഈ ചിത്രത്തെ വിലയിരുത്തിയിട്ടുണ്ട്.  'കേരള സ്റ്റോറി'എന്ന കഥ അവർ മെനയുന്നത് ഈ കാലഘട്ടത്തിന് വേണ്ടിയല്ല, ഭാവിയിൽ ചരിത്രമെന്തെന്ന് തിരയുന്ന സെർച്ച് എൻജിനുകൾക്ക് വേണ്ടിയാണ്. ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കുമെന്ന് ഭയമുണ്ട്. 
നാളെ ഒരു പക്ഷേ, കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന് മുദ്ര കുത്തിയാൽ, കലാപം നടന്നാൽ പട്ടാളമിറങ്ങിയാൽ സ്വാഭാവികം എന്ന് മലയാളികൾ അല്ലാത്തവർ കരുതും. മാവോയിസ്റ്റ്, അസം,  മണിപ്പൂർ എന്നൊക്കെ കേൾക്കുന്ന പോലെ. നമുടെ പ്രശ്നങ്ങൾ വാർത്ത അല്ലാതെയും ആകും. ഇതാണ് അവരുടെ ലക്ഷ്യമെന്നും മാല പാർവതി പറയുന്നു. ബാൻ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാൻ നമുക്ക് പറയാവുന്നതാണ്. കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്. ഈ മണ്ണിന്റെ പ്രത്യേകതയും മനുഷ്യരുടെ സൗഹാർദത്തിന്റെ സത്യവും തിരിച്ചറിയുന്നവർ.
ജാതിയും മതവും ആ പ്രത്യേകതകളും ഈ മണ്ണിന്റെ, നമ്മുടെ സ്വത്വത്തിന്റെ സവിശേഷതകളായി കാണുന്നവർ. വെറുപ്പിന്റെ രാഷ്ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കാതെ.. കാവൽ നിൽക്കുന്നവർ ഇന്നും ഉണ്ട് മണ്ണിൽ. വിഭജിക്കാനുള്ള ശ്രമം പൂർണമായും ഫലവത്തായിട്ടില്ല, ആവുകയുമില്ല ഞങ്ങളുടെ ഇടയിൽ!
പക്ഷേ ഉദ്ദേശ്യവും ലക്ഷ്യവും വേറെയാണല്ലോ. ഇരുട്ട് നിറയുന്നുണ്ട്. ഭയവും! -മാല ആശങ്ക പങ്കുവെച്ചു. 
മുഖ്യമന്ത്രി പറഞ്ഞത് പോലെ ഇതൊരു പ്രോപ്പഗൻഡ സിനിമയാണ്. അതുകൊണ്ടു തന്നെ വെറുതെ ചർച്ച ചെയ്ത് വലുതാക്കേണ്ടതില്ല. കശ്മീർ ഫയൽസ് എന്നൊരു ചിത്രം ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് റിലീസ് ചെയ്തിരുന്നു. അത പോലെ ഇത് കേരളത്തെ ലക്ഷ്യം വെച്ചായിരിക്കണമെന്നില്ല. 2024 ലെ പൊതുതെരഞ്ഞെടുപ്പായിരിക്കും നോട്ടം. കേരളത്തിലെ പ്രദർശന ശാലകളിൽ 2018 എന്ന പേരിൽ മഹാപ്രളയത്തെ ആധാരമാക്കിയുള്ള സിനിമയും ഇതേ നാളുകളിലെത്തി. ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ട മലയാളി മനസ്സിന്റെ കഥയാണ് ജൂഡ് ആന്റണിയുടെ സിനിമ പറയുന്നത്. 
*** *** ***
സൂപ്പർ സ്റ്റാർ രജനീകാന്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തെലുങ്ക് നടിയും ആന്ധ്രാപ്രദേശ് മന്ത്രിയുമായ റോജ രംഗത്ത്. നന്ദമുരി താരക രാമ റാവുവിന്റെ (എൻടിആർ) നൂറ് വർഷങ്ങൾ എന്ന പരിപാടിയിലെ രജനീകാന്തിന്റെ പ്രസംഗത്തെ എടുത്താണ് റോജയുടെ പ്രതികരണം. ആന്ധ്രപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് നേതാവാണ് റോജ. എൻടിആറിന്റെ പേരിലുള്ള ഒരു വേദിയിൽ വന്ന് അദ്ദേഹത്തിന്റെ പാർട്ടി തട്ടിയെടുത്ത ഒരാളെ പുകഴ്ത്തിയ രാഷ്ട്രീയ പ്രസംഗമാണ് രജനി നടത്തിയത്. തെലുങ്ക് ജനതയുടെ മനസ്സിൽ രജനി വളരെ ഉന്നതിയിലായിരുന്നു. എന്നാൽ ഇപ്പോൾ വെറും സീറോയായി എന്ന് റോജ വിമർശിച്ചു. ആന്ധ്രപ്രദേശിലെ രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ല. ആന്ധ്രയിൽ വന്ന് ചന്ദ്രബാബു നായിഡുവിന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് ചന്ദ്രബാബു നായിഡു നൽകിയ സ്‌ക്രിപ്റ്റ് വായിക്കുകയായിരുന്നു എന്നും റോജ ആരോപിച്ചു.
എൻടിആർ സ്വർഗത്തിൽ നിന്നും ചന്ദ്രബാബു നായിഡുവിനെ അനുഗ്രഹിക്കും എന്നായിരുന്നു രജനിയുടെ പരാമർശം. ഇതാണ് റോജയെ ചൊടിപ്പിച്ചത്. 
1999 ലാണ് റോജ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തെലുങ്ക് ദേശം പാർട്ടിയിലൂടെയായിരുന്നു തുടക്കം. എന്നാൽ 2009 ൽ സംസ്ഥാന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ടിഡിപി വിട്ട് വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു. പിന്നീട് തുടർച്ചയായ തെരഞ്ഞെടുപ്പുകളിൽ  നാഗേരി മണ്ഡലത്തിൽ നിന്നും വിജയിച്ച റോജ വൈഎസ്ആർ കോൺഗ്രസ് ഭരണം നേടിയപ്പോൾ മന്ത്രിയുമായി. ജഗൻ മോഹൻ റെഡ്ഡിക്കൊപ്പം പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് റോജ. ഇതൊക്കെ വസ്തുതകൾ. എന്നുവെച്ച് സ്റ്റൈൽ മന്നനെ ഇങ്ങനെയങ്ങ് വിമർശിക്കാമോ? 
*** *** ***
ആഗോള മാധ്യമ നിരീക്ഷകരായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എല്ലാ വർഷവും മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആഗോള റാങ്കിംഗ് പുറത്തിറക്കുന്നു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര എൻജിഒ ആണ് ആർഎസ്എഫ്. 
പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇതിന് ഐക്യരാഷ്ട്ര സഭയുമായി കൂടിയാലോചന പദവിയുമുണ്ട്.
ആർഎസ്എഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്ട്ട് പ്രകാരം 2022 ൽ 150 ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 11 റാങ്ക് പിന്നിലേയ്ക്ക് നീങ്ങി അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും പിന്നിൽ  161 ാമത് എത്തി. 
180 രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചിക പുറത്തുവിട്ടത്. ഈ പട്ടികയിൽ കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ സ്ഥാനം നേടിയെടുത്തത് പാക്കിസ്ഥാനാണ്.
 2022 ൽ 150 ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 11 റാങ്ക് പിന്നിലേയ്ക്ക് നീങ്ങി അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും പിന്നിൽ  161ാമത് എത്തി.  152 ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ, 135 ാം സ്ഥാനത്ത് ശ്രീലങ്കയും. ഭൂട്ടാൻ 90ാം സ്ഥാനത്തും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നോർവേ, അയർലൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ ആദ്യ മൂന്ന് സ്ഥാനം നിലനിർത്തിയപ്പോൾ, വിയറ്റ്‌നാം, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് അവസാന മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടിയിരിയ്ക്കുന്നത്.  ചൈനയുടെ സ്ഥാനം നോക്കുമ്പോൾ പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ലെന്ന് പറഞ്ഞ് പണ്ട് ആശ്വസിച്ച താരത്തെ പോലെ നമുക്കും സമാധാനിക്കാം.

Latest News