Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'മനേ... ഇച്ച് സഹിച്ചാൻ കയ്യൂല ട്ടാ..'

'സ്വന്തം സഹോദരന്റെ മാംസം കഴിക്കുന്നതു പോലെ അതെന്നിൽ മടുപ്പും കരച്ചിലും ഓക്കാനവും ഉണ്ടാക്കി.'-ആടുജീവിതം -ബെന്യാമിൻ

സന്ധ്യ ഇരുട്ടുമ്പോഴും പൂള ആമിന തിരക്കുപിടിച്ച പാതയോരത്തുണ്ട്. ഉള്ളു പൊള്ളുന്ന അനുഭവങ്ങൾക്കിടയിലും സഹജീവി സ്‌നേഹത്തിന്റെ നിറമുള്ള ഓർമകൾ അടുക്കിവെച്ച് ഈ 72 കാരി ജീവിതം പറഞ്ഞു തുടങ്ങി.
തിരൂരങ്ങാടിയിൽ ഉമ്മയോടൊപ്പം കുഞ്ഞുന്നാളിലാണ് ആമിന തെരുവിലെത്തുന്നത്, പാള കുത്തി വിൽക്കാൻ. വിശക്കുമ്പോൾ ഉമ്മ വല്ലതും വാങ്ങി നൽകും. അങ്ങനെയങ്ങനെയാണ് ആമിനയുടെ നീണ്ടു നിവർന്ന് കിടക്കുന്ന തെരുവിന്റെ കഥ തുടങ്ങുന്നത്. മലപ്പുറം തിരൂരങ്ങാടിക്കടുത്ത ചെമ്മാട്ട്
പൂളക്കച്ചവടം (കപ്പ) തുടങ്ങിയിട്ട് ഏകദേശം 25 വർഷം കഴിഞ്ഞു. കൂട്ടായി ആട്ടിൻ കൂട്ടവും നായകളും ഉണ്ടാകും. ആമിനയുടെ വയറൊട്ടിയാലും സഹജീവികളുടെ വയറൊട്ടാറില്ല.
''ഇന്ന് രാവിലെ ഒരു പുട്ടും ചായയും കിട്ടി. പുട്ട് ന്റെ കുട്ടിക്ക് കൊട്ത്ത്''.....അരികിൽ കിടക്കുന്ന നായയെ നോക്കി ആമിന പറഞ്ഞു.
സ്‌നേഹിക്കാൻ മാത്രമായി അമ്പതിലേറെ ആടുകളുണ്ടായിരുന്നു ഇവർക്ക്. കച്ചവടം കഴിഞ്ഞ് വീടണയുന്നതും കാത്ത് ചുവന്ന ആട്, കറുമ്പിയാട്, തള്ളയാട്, വരയാട് തുടങ്ങി സ്‌നേഹത്തിന്റെ ചെല്ലപ്പേരുള്ള ആട്ടിൻകൂട്ടം കാത്തിരിക്കുന്നുണ്ടാകും. കച്ചവടം ചെയ്തു കിട്ടുന്ന പണം കൊണ്ട് തന്റെ ആടുകൾക്കും മറ്റും ഭക്ഷണം നൽകിയിട്ടേ ആമിന വല്ലതും കഴിക്കൂ. താൻ എത്ര വിശന്നാലും സഹജീവികളെ വിശപ്പിന് വിടാത്ത സ്‌നേഹം. മതിവരുവോളം തീറ്റ നൽകും. കച്ചവടം കഴിഞ്ഞ് വരുമ്പോൾ ആടുകൾക്കുള്ള പൊറോട്ടയുമുണ്ടാകും. ആ ജീവികളോട് അത്രമേൽ പ്രണയമായിരുന്നു ആമിനക്ക്.
ചെറുപ്പം മുതലേ ആടുകളെ വളർത്തുന്ന ശീലം ഉണ്ടായിരുന്നു അവർക്ക്.
വിവാഹ ശേഷവും ഈ പ്രണയം നിലച്ചില്ല. യാറത്തുംകണ്ടി മുഹമ്മദ് ഹാജി ആമിനയെ വിവാഹം കഴിച്ച് കൊണ്ടുവന്ന് ഏഴ് ദിവസം കഴിഞ്ഞപ്പോൾ വല്ലാത്ത പൊറുതികേട്. ആടുകൾ തനിച്ചാകുമോ എന്ന ആധി. അമ്മായിഅമ്മയോട് ദയനീയമായി ആമിന തന്റെ ദുഃഖം അറിയിച്ചു. വീട്ടിൽ പോകണം, ആടുകളെ പിരിഞ്ഞ് നിൽക്കാൻ വയ്യാതെ അവർ സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചു.
പിന്നീട്, പലരും മോഷ്ടിച്ചും കശാപ്പ് ചെയ്തും നഷ്ടമായ ശേഷമിപ്പോൾ ഇരുപതോളം ആടുകൾ മാത്രമാണ് ആമിനക്കുള്ളത്. ആടിനെ കശാപ്പ് ചെയ്യുമ്പോൾ അവരുടെ നെഞ്ച് പൊട്ടും, കണ്ണീരൊഴുകും.
'മാനോ... ഇച്ച് സഹിച്ചാൻ കയ്യൂല ട്ടാ..'
അറവിന് വിൽക്കുമോ എന്ന് ചോദിച്ചപ്പോൾ ഒരിക്കലുമാവില്ലെന്നായിരുന്നു കണ്ണീരോടെയുള്ള മറുപടി. 
ഒരിക്കൽ അയൽവീട്ടിൽ ഉളുഹിയ്യത്ത് അറക്കുന്നത് കണ്ട ആമിന ബോധരഹിതയായി വീണു. സ്‌നേഹത്തിന്റെ രക്തം അലക്ഷ്യമായി ചിതറിത്തെറിക്കുമ്പോൾ എങ്ങനെയാണ് പ്രണയിനിക്ക് സഹിക്കാനാവുക.
വീടില്ലാതിരുന്ന ആമിനക്ക് പുതിയ വീടുവെക്കാമെന്ന് പലരും വാഗ്ദാനം ചെയ്തിരുന്നു. ഏഴ് വർഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിന് സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു ജീവിതം. രാത്രി കാലങ്ങളിൽ പെട്രോളിംഗിനെത്തുന്ന പോലീസുകാരുടെ കരുതലിൽ അവിടെ തന്നെ തല ചായ്ക്കും. നേരം പുലരുവോളം അവരവിടെ ആമിനക്ക് ധൈര്യമായുണ്ടാകും.
ഇപ്പോൾ വീടായി. മകൻ പത്ര ഏജന്റായി ജോലി ചെയ്യുന്നു. മകൾ ഭർതൃവീട്ടിലാണ്. ജീവിതത്തിന്റെ ഉച്ചച്ചൂടിലും ജീവജാലങ്ങളുടെ കൂട്ടുകാരിയായി ജീവിച്ച ആമിനക്ക് ഇപ്പോൾ കപ്പയിറക്കാനും കഴിയാതായിട്ടുണ്ട്.
അരികിലിരുന്ന് കണ്ണിലേക്ക് ദയനീയമായി നോക്കുന്ന നായയോട് ആമിനക്ക് ഒന്നേ പറയാനൊള്ളൂ.
''ന്റടുത്ത് ഒന്നും ഇല്ലാലോ,...മോൻ പെയ്‌ക്കോളി''...

Latest News