ഒരു കാഴ്ചയിൽത്തന്നെ മനസ്സിനെ ഒതുക്കിനിർത്താനാവില്ല. മറക്കാനാവാത്ത പല കാഴ്ചകളുമുണ്ട്.
ഈയിടെ ആഫ്രിക്കയിലെ മസായിമാലയിൽ ചെന്നപ്പോൾ ഒരു പുള്ളിപ്പുലി ചാടുന്ന ഒരു ചിത്രം കിട്ടി.
വളരെ അപൂർവമായി മാത്രം സംഭവിക്കുന്നതാണത്. ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്. കൂടാതെ ആനകൾ
മക്കളോടു സ്‌നേഹം പ്രകടിപ്പിക്കുന്ന ചിത്രങ്ങൾ. ആനയും കുഞ്ഞുങ്ങളും തമ്മിലുള്ള കമ്യൂണിക്കേഷനാണത്.
മഴ നനഞ്ഞുനിൽക്കുന്ന ആനകളെയും കണ്ടു. കടുവയെയും പുലിയെയുമെല്ലാം പിന്തുടർന്ന്
ചിത്രങ്ങളെടുക്കുന്നതിനേക്കാൾ എനിക്കിഷ്ടം ആനക്കൂട്ടങ്ങളുടെ ചിത്രങ്ങളെടുക്കാനാണ്.
കാടകങ്ങളിൽ മഴ പെയ്യുന്നതും കനത്ത മഴയിൽ ആനക്കൂട്ടം ചെളിയിലേക്ക് ഊർന്നിറങ്ങി കുളിക്കുന്നതും മൂടൽമഞ്ഞും മഴയും ഇടയ്ക്കിടെ മിന്നിമറയുന്ന പുൽമേടുകളും കാർമേഘങ്ങൾക്കൊപ്പം നടന്നുനീങ്ങുന്ന കാട്ടാനക്കൂട്ടങ്ങളുമെല്ലാം ക്യാമറക്കാഴ്ചകളായി മാറുമ്പോൾ നാം അതിശയിച്ചു പോകാറുണ്ട്. ഒരു വ്യാഴവട്ടക്കാലമായി കാട്ടിലേയ്ക്കു ക്യാമറ തിരിച്ചുവെച്ചിരിക്കുകയാണ് തൃശൂർ സ്വദേശിയായ സീമ സുരേഷ്. കാടോർമകളിൽ ജീവിതം നെയ്യുകയാണവർ. കാടിന്റെ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം അവർ ക്യാമറയിലേയ്ക്കു പകർത്തിക്കൊണ്ടിരിക്കുന്നു.
കാടകങ്ങൾ ഏറെ കണ്ട വനിത വൈൽഡ് ലൈഫ് ഫോട്ടോഗ്രഫറാണ് സീമ. പൂരങ്ങളുടെ നാട്ടിൽ ജനിച്ച് ഇപ്പോൾ കൊച്ചിയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണവർ. കലാകൗമുദിയിൽ നീണ്ട പതിനൊന്നു വർഷത്തോളം പത്രപ്രവർത്തകയായി സേവനമനുഷ്ഠിച്ചതിനു ശേഷമാണ് അവർ കാടുകളിലേയ്ക്ക് ചുവടുവെച്ചത്. അക്കഥ സീമ തന്നെ പറയട്ടെ...

കാട്ടിലേയ്ക്കു യാത്ര തുടങ്ങുന്നത്
പത്രപ്രവർത്തന യാത്രകൾ ഏറെയും സിനിമ ലൊക്കേഷനുകളിലേയ്ക്കായിരുന്നു. ഓരോ ലൊക്കേഷനിലെയും ചിത്രീകരണ വിശേഷങ്ങളും നടീനടന്മാരെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങൾ വായനക്കാർക്ക് പകർന്നുകൊടുക്കുകയായിരുന്നു അന്നത്തെ പ്രധാന ജോലി. അക്കാലത്തെ യാത്രകളൊന്നും ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ കുറച്ചുകാലം അവധിയെടുത്തിരുന്നു. ആ സമയത്താണ് ഫേസ്് ബുക്കിൽ കാട്ടിലേയ്ക്കുള്ള യാത്രയെക്കുറിച്ച് കാണുന്നത്. തുടർന്നാണ് തൃശൂർ ജില്ലയിലെ ചിമ്മിനി കാട്ടിലേയ്ക്കു യാത്ര പോയത്. കാടിനെക്കുറിച്ച് ഏറെ വായിച്ചിരുന്നതിനാൽ ഭാവനാത്മകമായ ഒരു കാടാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവിടെയെത്തിയപ്പോഴാണ് ഭാവനയേക്കാൾ സുന്ദരമാണതെന്ന് മനസ്സിലായത്. ആദ്യ യാത്രയിൽത്തന്നെ ഇനിയും കാട്ടിലേയ്ക്ക് യാത്ര പോകണമെന്നു തീരുമാനിക്കുകയായിരുന്നു. അന്ന് കൈയിലുണ്ടായിരുന്നത് ഒരു പഴയ ക്യാമറയായിരുന്നു. ആ ക്യാമറയിൽ ഫോക്കസ് പതിയാത്ത ചിത്രങ്ങളെടുത്തായിരുന്നു മടങ്ങിയത്. ഭർത്താവ് ക്യാമറാമാനായിരുന്നെങ്കിലും ഒരിക്കൽ പോലും ഫോട്ടോയെടുത്ത് ശീലിച്ചിരുന്നില്ല. എന്നാൽ ഈ യാത്ര കാര്യങ്ങൾ മാറ്റിമറിക്കുകയായിരുന്നു. ഫോട്ടാഗ്രഫി പഠിക്കാനും നല്ല ക്യാമറ സ്വന്തമാക്കാനുമായിരുന്നു പിന്നീടുള്ള ശ്രമം. വീണ്ടും ജോലിക്ക് ചേർന്നെങ്കിലും മനസ്സ് യാത്രകളിൽ തന്നെ ഉടക്കിനിന്നു. ഒഴിവുള്ള ദിവസങ്ങൾ കാടുകളിലേയ്ക്കു യാത്ര പോയിത്തുടങ്ങി. യാത്രകളെ പ്രണയിച്ചു തുടങ്ങിയപ്പോൾ ജോലി രാജിവെക്കുകയായിരുന്നു. നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് പറഞ്ഞ് ഭർത്താവും കൂടെ നിന്നപ്പോൾ പിന്നെ ജീവിതം യാത്രകൾക്കായി മാറ്റിെവക്കുകയായിരുന്നു.

അപശ്രുതികൾ
ജോലി രാജിവെച്ചുള്ള യാത്രകൾ ഏറെ കോലാഹലങ്ങളുണ്ടാക്കി. വരുമാനമുണ്ടാകുമോ, ക്യാമറയും തൂക്കി നടന്നാൽ ഭക്ഷണം കഴിക്കാനാവുമോ, ആണുങ്ങൾക്കൊപ്പമുള്ള യാത്രകൾ ശരിയാണോ എന്നെല്ലാമായിരുന്നു ചോദ്യങ്ങൾ. അതൊന്നും വകവെക്കാതെ തീരുമാനത്തിൽ ഉറച്ചുനിന്നു. സോഷ്യൽ മീഡിയകൾ രൂപപ്പെട്ടു വരുന്ന കാലമായതിനാൽ എന്റെ ചില ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തു തുടങ്ങി. ചിലർ അധിക്ഷേപവുമായി എത്തിയെങ്കിലും ഭർത്താവിന്റെ ചേർത്തുപിടിക്കലുകൾ ഊർജം പകർന്നു. നമുക്ക് നമ്മുടേതായ രീതിയിൽ എഴുതാനും ഫോട്ടോകൾ പങ്കുവെക്കാനും കഴിയുന്നതും സന്തോഷമുണ്ടാക്കി. അക്കാലത്ത് വളരെ കുറച്ചു സ്ത്രീകൾ മാത്രമേ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ ഉണ്ടായിരുന്നുള്ളൂ. ഓരോ യാത്രകൾ കഴിയുമ്പോഴും അടുത്ത യാത്രകൾക്കുള്ള പ്രേരണയായി മാറുകയായിരുന്നു. ഓരോ യാത്രകൾ സമ്മാനിച്ച ഫ്രെയിമുകൾ നേട്ടങ്ങളായി കണക്കാക്കി. തിരിച്ചെത്തിക്കഴിഞ്ഞാൽ ലാപ് ടോപ്പിൽ കോപ്പി ചെയ്യുന്ന ഓരോ ഫോട്ടോയും കാണുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

ഒരു വ്യാഴവട്ടക്കാലത്തെ യാത്രകളിൽ മനസ്സിനിഷ്ടപ്പെട്ടത്
ഓരോ യാത്രയും മനസ്സിനിഷ്ടപ്പെട്ടതാണ്. എല്ലാ കാടുകളും ഒരുപോലെയല്ല. ചില കാടുകളിൽ പോകുമ്പോൾ ഏറെ നേരം കാത്തിരുന്നാണ് ഓരോ ഫോട്ടോയും എടുക്കാനാവുക. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ഒരു ഭാഗ്യമാണ്. നമ്മുടെ മുന്നിലേക്ക് അല്ലെങ്കിൽ നമ്മുടെ കാഴ്ചയിലേക്ക് വരുന്ന ചിത്രങ്ങൾ ക്യാമറയിൽ പകർത്താൻ കഴിയുന്നതാണത്. എല്ലാ യാത്രകളും ഒന്നിനൊന്ന് ഇഷ്ടപ്പെട്ടതാണ്. ചില യാത്രകളിൽ മനസ്സിനിണങ്ങിയ ഒരു ഫോട്ടോ പോലും ലഭിക്കാതെ തിരിച്ചുപോരുന്നവയുണ്ട്. അപ്പോഴാണ് നമുക്ക് വാശിയുണ്ടാവുക, അടുത്ത യാത്രയിൽ തീർച്ചയായും എന്തെങ്കിലും എടുക്കണമെന്ന്. ഏറ്റവും ഇഷ്ടപ്പെട്ട കാടെന്നു പറയുന്നത് ജിം കോർബറ്റാണ്. ഇത് പന്ത്രണ്ടാം തവണയാണ് അവിടെ പോകുന്നത്. ഈ വർഷം നാലു തവണയാണ് അവിടെ പോയത്. ജിം കോർബറ്റിലെ ധിക്കാല റേഞ്ചാണ് ഏറെ പ്രിയപ്പെട്ടയിടം. തൃശൂർക്കാരിയായതുകൊണ്ടാകണം ആനകളോട് എന്തോ ഇഷ്ടക്കൂടുതലുണ്ട്. പൂരങ്ങളുടെ നാട്ടിലെ ചങ്ങലയിൽ തളച്ചിടപ്പെട്ട ആനകളല്ല, സ്വതന്ത്രമായി വിഹരിക്കുന്ന ആനകളാണവിടെ. മഞ്ഞുകാലത്തെയും മഴക്കാലത്തെയും ചൂടുകാലത്തെയും ആനകളുടെ ചേഷ്ടകൾ അവിടെ കാണാൻ കഴിഞ്ഞു.

മനസ്സിൽനിന്നും മായാത്ത കാഴ്ചകൾ
ഒരു കാഴ്ചയിൽത്തന്നെ മനസ്സിനെ ഒതുക്കി നിർത്താനാവില്ല. മറക്കാനാവാത്ത പല കാഴ്ചകളുമുണ്ട്. ഈയിടെ ആഫ്രിക്കയിലെ മസായിമാലയിൽ ചെന്നപ്പോൾ ഒരു പുള്ളിപ്പുലി ചാടുന്ന ഒരു ചിത്രം കിട്ടി. വളരെ അപൂർവമായി മാത്രം സംഭവിക്കുന്നതാണത്. ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്. കൂടാതെ ആനകൾ മക്കളോടു സ്‌നേഹം പ്രകടിപ്പിക്കുന്ന ചിത്രങ്ങൾ. ആനയും കുഞ്ഞുങ്ങളും തമ്മിലുള്ള കമ്യൂണിക്കേഷനാണത്. മഴ നനഞ്ഞുനിൽക്കുന്ന ആനകളെയും കണ്ടു. കടുവയെയും പുലിയെയുമെല്ലാം പിന്തുടർന്ന് ചിത്രങ്ങളെടുക്കുന്നതിനേക്കാൾ എനിക്കിഷ്ടം ആനക്കൂട്ടങ്ങളുടെ ചിത്രങ്ങളെടുക്കാനാണ്.

ഇത്തരം ചിത്രങ്ങൾ മറ്റുള്ളവർക്ക് പ്രയോജനകരമാക്കുന്നതെങ്ങനെയാണ്
പതിനൊന്നു വർഷത്തെ കാടനുഭങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്തുകൊണ്ടിരക്കുകയാണ്. ഇതെല്ലാം എവിടെയെങ്കിലും കുറിച്ചിടണമെന്ന് ആഗ്രഹമുണ്ട്. വാക്കുകളേക്കാൾ കൂടുതൽ ആശയങ്ങൾ പ്രകടമാകുന്നത് ചിത്രങ്ങളിലൂടെയാണ്. എല്ലാം ക്രോഡീകരിച്ച് ഒരു പുസ്തകമാക്കാനും ആലോചനയുണ്ട്. ഒന്നോ രണ്ടോ യാത്രകളിലൂടെയല്ല, ജീവിതകാലം മുഴുവൻ യാത്ര പോയ കാടുകളെക്കുറിച്ചും അവിടെ കണ്ട ചിത്രങ്ങളും സമീകരിച്ച് ഒരു പുസ്തകമാക്കുകയാണ് ലക്ഷ്യം. ഇരുപതു ശതമാനത്തോളം കാടുകൾ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ. ഇനിയും ഏറെ കാടുകൾ കാണാനുണ്ട്. കുറേക്കൂടി കണ്ടതിനു ശേഷം എല്ലാ വിശേഷങ്ങളും ഉൾക്കൊള്ളിച്ചുള്ള പുസ്തകമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ക്യാമറയിൽ പതിയാത്ത ചിത്രങ്ങൾ
അവ ഏറെയുണ്ട്. എടുത്ത ചിത്രങ്ങളേക്കാൾ എടുക്കപ്പെടാതെ പോയ ചിത്രങ്ങളാണ് ഏറെയുള്ളത്. ചില സമയങ്ങളിൽ കടുവയോ പുള്ളിപ്പുലിയോ ആണെങ്കിൽ നിമിഷ വേഗത്തിലാണ് അവയുടെ സഞ്ചാരം. എടുക്കുമ്പോഴേക്കും അവ കൺമുന്നിൽനിന്നും മാറിയിരിക്കും. എന്നാൽ ആനകളെ നമുക്ക് സാവധാനത്തിൽ ക്യാമറയിൽ ഒപ്പിയെടുക്കാം. അവയുടെ സഞ്ചാരം മന്ദഗതിയിലായതുകൊണ്ട് സമയമെടുത്ത് ചിത്രീകരിക്കാം. എന്നാൽ മറ്റുള്ള മൃഗങ്ങൾ പലതും നിമിഷ നേരം കൊണ്ട് മറഞ്ഞുപോവുന്നവയാണ്. ക്യാമറ ഓൺ ചെയ്ത് കാത്തിരുന്നു വേണം അവയെ പകർത്താൻ. പക്ഷികളുടെ ചിത്രമെടുക്കാനും ഇത്തരം സാഹസങ്ങൾ വേണ്ടിവരാറുണ്ട്.

കാടകങ്ങളിൽ പ്രവേശിക്കുമ്പോൾ ഭയം തോന്നിയിട്ടുണ്ടോ?
മനുഷ്യരെയാണ് കൂടുതൽ പേടിക്കേണ്ടത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഏറ്റവും സ്‌നേഹത്തോടെ പെരുമാറി വഞ്ചിക്കുന്നത് മനുഷ്യരാണ്. എന്നാൽ ഏറ്റവും നന്നായി സ്‌നേഹിക്കുന്നതും മനുഷ്യരാണ്. മൃഗങ്ങളുടെ മൃഗീയ തൃഷ്ണകൾ അറിയാവുന്നതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് നമ്മൾ കാടുകളിലെത്തുന്നത്. എന്നാൽ മനുഷ്യർ അങ്ങനെയല്ല. ഭാവനയിൽ കാണുന്ന കാടല്ല നമ്മൾ നേരിട്ടു കാണുന്നത്. പലരും റൊമാന്റിക് ഭാവത്തോടെയാണ് കാടുകളിലെത്തുന്നത്. എന്നാൽ കാടറിഞ്ഞു വേണം നമ്മൾ കാട്ടിലേക്ക് പ്രവേശിക്കേണ്ടത്. കാടിന്റെ ഭീകരതയും നമ്മൾ മനസ്സിലാക്കിയിരിക്കണം.

എടുക്കണമെന്നു തോന്നിയ ചിത്രങ്ങൾ
അതു പറയാനാവില്ല. കാടുകളിലേക്ക് കയറുമ്പോൾ വളരെ ആകാംക്ഷയോടെയാണ് നമ്മൾ ഓരോന്നും കാണുന്നത്. പ്രകൃതിയിൽ കാണുന്ന സംഭവങ്ങൾ ഏറ്റവും നന്നായി ക്യാമറയിലേക്കു പകർത്തുകയാണ്. ഓരോ ചിത്രത്തിനും വേണ്ടതായ പ്രകാശവും ഇരുട്ടുമെല്ലാം സമന്വയിപ്പിച്ചാണ് ഓരോ ചിത്രവുമെടുക്കുന്നത്. നിശ്ശബ്ദരായി വേണം കാട്ടിലേയ്ക്ക് പ്രവേശിക്കാൻ. കടുവ എന്നെ ഒന്നും ചെയ്യില്ല എന്നു കരുതരുത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എന്നത് ഒരു സ്വാർഥതയാണ്. ഈ സ്വാർ്ഥത കൈവെടിഞ്ഞ് കാടിന് അതിന്റേതായ ബഹുമാനം നൽകിയും കാടിന്റെ നിയമാവലികൾ അനുസരിച്ചും വേണം കാട്ടിൽ പ്രവേശിക്കാൻ. കണ്ണു തുറന്ന് കാഴ്ചകൾ കാണുന്നതോടൊപ്പം തന്നെ കാടിനെ വേദനിപ്പിക്കാതിരിക്കാനും നമ്മൾ ശ്രദ്ധിക്കണം. ഭാഗ്യമെന്നു പറയട്ടെ, ഇത്രയും കാലത്തിനിടയിൽ ഒരു ദുരനുഭവവും കാട്ടിൽനിന്നും നേരിടേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.
സാമ്പത്തിക നേട്ടങ്ങൾ
വർക്ക് ഷോപ്പുകൾ നടത്തുന്നുണ്ട്. കാട്ടിലേക്ക് യാത്ര പോകുന്നവർക്കു വേണ്ട നിർദേശങ്ങൾ നൽകാനായി ഞങ്ങൾ നാലുപേർ ചേർന്ന് ഒരു കമ്പനി രൂപീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കായി സ്റ്റഡി ക്ലാസുകളും നടത്തുന്നുണ്ട്. അതിന്റേതായ രീതിയിൽ മുന്നോട്ടു പോകുന്നതിനാൽ മാന്യമായി ജീവിച്ചുപോകാവുന്ന സാമ്പത്തിക നേട്ടമുണ്ട്. ജോലിയോടൊപ്പം ഒരു പാഷനായി വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി കൊണ്ടുനടക്കുന്ന ഒട്ടേറെ പേരുണ്ട്. യാത്ര നൽകുന്ന അറിവും സമാധാനവും പറഞ്ഞറിയിക്കാനാവില്ല. ഇന്നത്തെ തലമുറയിൽ പലരും യാത്രാപ്രിയരാണ്. എന്നിരുന്നാലും സാമ്പത്തിക ലാഭം മാത്രം നോക്കി നടത്താവുന്ന ഒരു തൊഴിലല്ല വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എന്നു കൂടി പറയാം.
കുടുംബത്തെക്കുറിച്ച്
തൃശൂരുകാരൻ തന്നെയായ സുരേഷാണ് ഭർത്താവ്. യാത്രകൾക്ക് ഏറെ സപ്പോർട്ട് നൽകുന്നതും അദ്ദേഹമാണ്. ക്യാമറാമാനായ സുരേഷ് അബുദാബിയിലാണ്.






