ചിരിക്കണോ കരയണോ, പോര്‍ചുഗല്‍ ആരാധകര്‍ കണ്‍ഫ്യൂഷനിലാണ്. ഈ ലോകകപ്പില്‍ ആദ്യമായി ഉപയോഗിച്ച വീഡിയൊ അസിസ്റ്റന്റ് റഫറി (വാര്‍) സംവിധാനം അവരുടെ ഗതി കീഴ്‌മേല്‍ മറിച്ചിരിക്കുകയാണ്. ആദ്യം ചിരിയുടെ കാര്യം. ഇറാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 10 മിനിറ്റ് ശേഷിക്കെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ചുവപ്പ് കാര്‍ഡ് കാണേണ്ടതായിരുന്നു. എങ്കില്‍ ചുരുങ്ങിയത് ഉറുഗ്വായ്‌ക്കെതിരായ പ്രി ക്വാര്‍ട്ടറില്‍ പോര്‍ചുഗല്‍ നായകന് പുറത്തിരിക്കേണ്ടി വന്നേനേ. ഈ ലോകകപ്പില്‍ പോര്‍ചുഗല്‍ നേടിയ അഞ്ചു ഗോളില്‍ നാലും ക്യാപ്റ്റന്റെ ബൂട്ടില്‍ നിന്നാണ്. മുര്‍തസ പൗരാലിഗഞ്ചിന്റെ മുഖത്ത് കൈമുട്ട് കൊണ്ട് ഇടിച്ചതിന് മഞ്ഞക്കാര്‍ഡാണ് റഫറി നല്‍കിയത്. റഫറി അത് യഥാസമയത്ത് കണ്ടിരുന്നില്ല. വാര്‍ നിര്‍ദേശപ്രകാരം ദീര്‍ഘനേരം അതിന്റെ റീപ്ലേ റഫറി പരിശോധിച്ചു. പൗരാലിഗഞ്ചിന്റെ മുഖത്ത് ഇടി കൊണ്ടുവെന്ന് ഉറപ്പായിരുന്നു. ഇടി ബോധപൂര്‍വമാണെന്ന് തീരുമാനിച്ചാല്‍ ചുവപ്പ് കാര്‍ഡാണ് നല്‍കേണ്ടത്. റഫറി ഒത്തുതീര്‍പ്പിന് വഴങ്ങി മഞ്ഞയിലൊതുക്കി. ഒരു മഞ്ഞയേ ഉള്ളൂ എങ്കില്‍ ആദ്യ റൗണ്ട് കഴിഞ്ഞാല്‍ അത് റദ്ദാകും. ഫലത്തില്‍ ക്രിസ്റ്റ്യാനോക്ക് അതുകൊണ്ട് ഒരു ചുക്കും സംഭവിച്ചില്ല.
അവസാന ഗ്രൂപ്പ് മത്സരത്തിലെ വാര്‍ ഇടപെടലുകള്‍ ചിത്രം ആകെ മാറ്റിമറിച്ചു. ക്രിസ്റ്റ്യനോക്ക് പെനാല്‍ട്ടി നല്‍കിയതും ക്രിസ്റ്റ്യാനോയെ ചുവപ്പ് കാര്‍ഡ് കാണിക്കാതിരുന്നതും പോര്‍ചുഗലിനോടുള്ള ഇളവായിരുന്നു. അവസാന നിമിഷങ്ങളില്‍ പോര്‍ചുഗല്‍ ബോക്‌സില്‍ ഹാന്റ്‌ബോള്‍ പരിശോധിച്ചപ്പോള്‍ റഫറി ഇറാനോട് ഇളവ് കാട്ടി. അവര്‍ക്ക് പെനാല്‍ട്ടി നല്‍കി. കരീം അന്‍സാരിഫര്‍ദ് അത് ലക്ഷ്യത്തിലെത്തിച്ചതില്‍ കുഴപ്പമില്ല. എന്നാല്‍ തൊട്ടുപിന്നാലെ മെഹ്ദി തരീമി സ്‌കോര്‍ ചെയ്തിരുന്നുവെങ്കില്‍ പോര്‍ചുഗലിന്റെ കഥ അവിടെ തീര്‍ന്നേനേ. അതേസമയം നടന്ന മത്സരത്തില്‍ സ്‌പെയിന്‍ വാറിന്റെ സഹായത്തോടെ നേടിയ മൊറോക്കോക്കെതിരായ സമനില ഗോള്‍ പോര്‍ചുഗലിനെ മൂന്നാം സ്ഥാനത്താക്കിയേനേ. ആ സമനില ഗോളോടെ സ്‌പെയിന്‍ ഗ്രൂപ്പ് ബി-യില്‍ ഒന്നാം സ്ഥാനത്തേക്കു പോയി.
ഫലം, അവരുടെ വഴികള്‍ തീര്‍ത്തും മാറി. പോര്‍ചുഗലിന് ഇനി നേരിടേണ്ടത് കൂടുതല്‍ കരുത്തരായ ഉറുഗ്വായെയാണ്. സ്‌പെയിനിന് താരതമ്യേന ദുര്‍ബലരായ റഷ്യയെയും. അതുകഴിഞ്ഞാല്‍ ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മനി, ബെല്‍ജിയം, ഇംഗ്ലണ്ട് ടീമുകളാവാം പോര്‍ചുഗലിന്റെ പാതയില്‍. സ്‌പെയിനിന് നേരിടേണ്ടി വരിക ജപ്പാന്‍, മെക്‌സിക്കൊ, ഡെന്മാര്‍ക്ക് തുടങ്ങിയ ടീമുകളെയും. ചിരിക്കണോ കരയണോ?