Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അനുഭവം: ഓർമതൻ സിന്ദൂരച്ചെപ്പിലൊളിപ്പിച്ച ബാല്യം

ബാല്യകാലം എല്ലാവർക്കും ഗൃഹാതുരത്വം നൽകുന്ന ഓർമകളാണല്ലോ. എന്റെ ബാല്യവും അതിൽനിന്നും വിഭിന്നമല്ല. കൂട്ടുകുടുംബത്തിലായിരുന്നു എന്റെ ജനനം. ഡാഡിയുടെയും മമ്മിയുടെയും കടിഞ്ഞൂൽ സന്തതിയായിരുന്നു ഞാൻ. ഡാഡിയുടെ വീട്ടിലെയും മമ്മിയുടെ വീട്ടിലെയും മക്കളിൽ വെച്ച് ഞാനായിരുന്നു ഏറ്റവും മൂത്തത്. അതുകൊണ്ടുതന്നെ ഇരുവീട്ടുകാരും എന്നെ സ്‌നേഹിക്കാനും ലാളിക്കാനും മത്സരിക്കുകയായിരുന്നു. എനിക്ക് നാലു വയസ്സുള്ളപ്പോഴാണ് ഡാഡിയുടെ അനിയന് ഒരു പെൺകുട്ടി ജനിക്കുന്നത്. ആ നാലു വർഷക്കാലവും രണ്ടു വീട്ടുകാരുടെയും കണ്ണിലുണ്ണിയായിട്ടായിരുന്നു ഞാൻ വളർന്നത്. 
എനിക്ക് ഒരു കുഞ്ഞമ്മയും മൂന്ന് അമ്മാവന്മാരുമാണ് ഉള്ളത്. ഡാഡിയുടെ വീട്ടിൽ ആണെങ്കിൽ രണ്ട് ചിറ്റപ്പന്മാരും കുട്ടികളില്ലാത്ത ഒരപ്പച്ചിയും എനിക്കുണ്ടായിരുന്നു. ചിറ്റയോട് ആയിരുന്നു അന്ന് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം. ചിറ്റ അന്ന് കോളേജിൽ പഠിക്കുന്ന സമയമായിരുന്നു.
അന്ന് ഞങ്ങൾ തിരുവനന്തപുരത്ത്് ആനയറ ഊളൻ കുഴിയിലാണ് താമസം. ഊളൻ കുഴി എന്ന് ആ സ്ഥലത്തിന് പേര് വരാൻ കാരണം തന്നെ ഊളന്മാർ കൂടുതലുള്ളതുകൊണ്ടായിരുന്നു. ഇന്നത് ഊളൻ കുഴി ഒന്നുമല്ല കേട്ടോ . ഇന്നത് ലോഡ്‌സ് ജംഗ്ഷനാണ്. ഇന്ന് ആ സ്ഥലം ഊളം കുഴി എന്ന് പറയാൻ പോലും ആളുകൾ ഇഷ്ടപ്പെടുന്നില്ല. രാത്രികാലങ്ങളിൽ പലപ്പോഴും കോഴിക്കൂട്ടിൽ ഉള്ള കോഴികളുടെ കരച്ചിൽ കേട്ടാണ് ഞെട്ടിയുണരാറുള്ളത്്്. വീട്ടിലുള്ള എല്ലാവരും കോഴിക്കൂടിനടുത്ത് എത്തുമ്പോഴേക്കും ഊളന്മാർ അഥവാ കുറുക്കന്മാർ ഒന്ന് രണ്ട് കോഴികളെ കടിച്ചു കൊന്നിട്ടുണ്ടാവും. ഇത് അന്ന് ഒരു സ്ഥിരം സംഭവമായിരുന്നു. അന്നൊക്കെ ഈ കുറുക്കന്മാർ എനിക്ക് ഒരു പേടിസ്വപ്‌നമായിരുന്ന കാലമാണ്. ഇതൊക്കെ കണ്ട് എന്റെ അമ്മാമ്മ നെഞ്ചത്തടിച്ച് കരയുന്നത് ഒരു കാഴ്ച തന്നെയാണ്. അമ്മാമ്മ രാവിലെ അഞ്ചുമണിക്ക് മുന്നേ എഴുന്നേൽക്കും. അമ്മാവന്മാരൊക്കെ രാവിലെ ജോലിക്ക് പോകുമ്പോൾ തന്നെ പൊതിച്ചോറ് കൊണ്ടുപോകും. വാട്ടിയ ഇലയിൽ പൊതിഞ്ഞെടുത്ത പൊതിച്ചോറ് ന്യൂസ് പേപ്പറിൽ പൊതിഞ്ഞെടുക്കുന്ന ജോലി എന്റേതായിരുന്നു. 
അമ്മാമ്മയുടെ കൂടെ ഞാനും എണീറ്റ് സൈഡിൽ ഒരു കൊരണ്ടി പലക ഇട്ട് അതിന്റെ മേലാണ് സ്ഥിരം ഇരുത്തം. ആ വിറകു കത്തിക്കുന്ന പുകയൊക്കെ കൊണ്ട് കരുവാളിച്ച് ഇരിക്കുന്നതിന്റെ ഒരു സുഖം ഇന്നത്തെ കുട്ടികൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ചില സമയങ്ങളിൽ ചിമ്മിനിയുടെ മുകളിൽ നിന്നും എലി തലയിലേക്ക് ചാടും. അതൊക്കെ ഇന്ന് ചിന്തിക്കുമ്പോൾ നല്ല രസമാണ്. അമ്മാമ്മ രാവിലെ തന്നെ ഒരു വലിയ പാത്രം കട്ടൻകാപ്പി ഉണ്ടാക്കി വെക്കും. 
ഓരോ മക്കളും വന്ന് ഓരോ ഗ്ലാസ് കാപ്പി എടുത്തുകൊണ്ടുപോയി കുടിക്കും. അതിന്റെ കൂട്ടത്തിൽ അച്ഛനും അമ്മയും പാല്്് മാത്രം തന്നിരുന്ന ഞാനും കുറച്ചു കാപ്പി അകത്താക്കും. അമ്മാമ്മയെ  സോപ്പിട്ട് കനലായി കിടക്കുന്ന അടുപ്പിൽ ഏത്തപ്പഴം ചുടാൻ ഇടീപ്പിക്കും. ആ കരിയെല്ലാം പറ്റി വെന്തുവന്ന ഏത്തപ്പഴത്തിന്റെ സ്വാദ് എന്ത് രസമായിരുന്നു. 
ഇന്ന് സ്റ്റീമറിൽ അല്ലെങ്കിൽ മൈക്രോവേവ് അവനിൽ പുഴുങ്ങിയെടുക്കുന്ന ഏത്തപ്പഴത്തിന് വല്ല സ്വാദുമുണ്ടാ? മുറ്റത്തു കൊഴിഞ്ഞു വീഴുന്ന കശുവണ്ടി പെറുക്കിയെടുത്ത് കനലിൽ ചുട്ട് ഒരുപാട് കഴിച്ചിട്ടുണ്ട്. അതുപോലെ പച്ചയണ്ടിയെടുത്ത് വായ പൊള്ളാതിരിക്കാൻ വെളിച്ചെണ്ണ പുരട്ടി കഴിക്കുമായിരുന്നു. പാതി പഴുത്ത പറങ്കിമാങ്ങ ഈമ്പിക്കഴിച്ച് ചുണ്ടിന്റെ ഇരുവശവും പൊള്ളിയതിന് കയ്യും കണക്കും ഇല്ല. ഉമിക്കരി (ഇന്നത്തെ കുട്ടികൾക്ക് അത് അറിയുമോ ആവോ) വീട്ടിൽ അമ്മൂമ്മ ഉണ്ടാക്കും. അമ്മൂമ്മയും ഞാൻ ബാപ്പു എന്ന് വിളിക്കുന്ന എന്റെ അപ്പൂപ്പനും ഉമിക്കരി കൊണ്ടാണ് പല്ലുതേക്കാറ്. ഉമിക്കരി ഉണ്ടാക്കലും, കശുവണ്ടി ചുടലും.. പ്ലാവില പൊറുക്കലും ഒക്കെ അന്നത്തെ പ്രധാന കലാപരിപാടികൾ ആണ്. അന്ന് വീടിനു ചുറ്റും മതിലല്ല കയ്യാലയാണ്. ഈ കയ്യാലയുടെ മുകളിൽ ഓലമെടഞ്ഞിട്ടാണ് വെക്കാറ്. അതിനായി അമ്മുമ്മ ഓല കുതിരാൻ ആയിട്ട് ഇടും. 
ഓല മെടയാൻ ആളെ വിളിക്കുമ്പോൾ കുട്ടിയായ ഞാനും കൂട്ടത്തിൽ ഇരുന്ന് ഓലമെടയാൻ പഠിക്കുമായിരുന്നു. ഇന്നും നന്നായി ഓലമെടയാൻ എനിക്കറിയാം. ഓലമെടയാൻ കഴിയുന്ന ഒരേയൊരു ഡോക്ടർ ചിലപ്പോൾ ഞാൻ ആയിരിക്കും. അന്നൊക്കെ മാവിൽ നിറയെ മാമ്പഴം ഉണ്ടാകുമായിരുന്നു ഒരു വളവും ഇട്ടുകൊടുക്കാതെ തന്നെ ഇല കാണാത്ത രീതിയിൽ മാമ്പഴം ഉണ്ടാവും. അമ്മാവന്മാർ രണ്ടുപേരും മാവിൽ കയറി പച്ചമാങ്ങ പറിച്ചു താഴേക്കിടും. മാങ്ങ പറിച്ചെടുക്കുമ്പോൾ ബെഡ്ഷീറ്റ് പിടിച്ചു കൊടുക്കേണ്ട ജോലി എനിക്കാണ്. മാങ്ങ താഴെ വീണ് ചതഞ്ഞാൽ പെട്ടെന്ന് കേടാകും. അതുകൊണ്ട് എറിഞ്ഞു തരുന്ന മാങ്ങ താഴെ വീഴാതെ തന്നെ പിടിക്കണമായിരുന്നു.
അന്നൊന്നും ടിവിയും കമ്പ്യൂട്ടറും ഇല്ലല്ലോ. അതുകൊണ്ടുതന്നെ പ്രധാന കളികൾ എല്ലാം പറമ്പിലാണ്. രാത്രി കൊഴിഞ്ഞുവീണ ശർക്കരശി മാമ്പഴം എടുത്ത് കഴിക്കാൻ പറമ്പിലേക്ക് രാവിലെ എണീറ്റാൽ ഒരൊറ്റ ഓട്ടമാണ്. ഉടുപ്പിലും മുഖത്തും കഴുത്തിലും ഒക്കെ ഒലിപ്പിച്ച് ആ മാമ്പഴം കഴിക്കുമ്പോൾ അതായിരുന്നു ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണം. 
അന്നൊന്നും ബർഗറും സോസേജും ഫ്രൈഡ് റൈസും കേട്ട് കേൾവി പോലും ഇല്ല. അന്ന് അറിയുന്നത് ആകെ കട്ട്‌ലറ്റ് ആണ്. ശംഖുമുഖം ബീച്ചിലെ കോഫി ഹൗസിൽ പണ്ട് സ്വാദിഷ്ടമായ കട്‌ലറ്റ് ലഭിക്കുമായിരുന്നു. ഞായറാഴ്ചകളിലെ പ്രധാന വിനോദം ശംഖുമുഖം ബീച്ചിലെ കാറ്റുകൊള്ളാൻ പോകലും ഇന്ത്യൻ കോഫി ഹൗസിലെ കട്‌ലറ്റ് കഴിക്കലുമായിരുന്നു.  ബേക്കറി ഐറ്റം ആയി അന്ന് ആകെ ലഭിക്കുന്നത് ദിൽകുഷ് അഥവാ കോക്കനട്ട് ബൺ അതും പിന്നെ പേപ്പറിൽ പൊതിഞ്ഞ മഞ്ഞ കേക്കുമാണ്. ബ്രിട്ടാനിയയുടെ അനിമൽ കിംഗ്ഡം ബിസ്‌ക്കറ്റ് അന്നേ ഉണ്ട്. അമൂലിന്റെ പാൽപ്പൊടി വാരി കഴിക്കുന്നത് വളരെ ഇഷ്ടമായിരുന്നു അന്ന്. ഇന്നുമതേ പാൽപ്പൊടിയും കുട്ടികൾക്ക് കൊടുക്കുന്ന സെറിലാക്കും എന്റെ ഒരു വീക്ക്‌നെസ്സ് തന്നെയാണ്. അന്നൊക്കെ വെള്ളം കോരാനും വളരെ ഇഷ്ടമായിരുന്നു.
കുട്ടിയായ എന്നെ കൊണ്ട് വെള്ളം കോരിക്കുമായിരുന്നില്ല. പക്ഷേ കണ്ണ് തെറ്റിയാൽ ഞാൻ വെള്ളം കോരും. വെള്ളം കോരി എടുത്തിട്ട് കുളിമുറിയുടെ പുറത്തെ സിമന്റ്്് പാത്തിയിൽ ഒഴിക്കും. വെള്ളം പോയി നിറയുക കുളിമുറിയുടെ ഉള്ളിലെ ഒരു ടാങ്കിലാണ് അതിൽ നിന്നും വെള്ളം കോരിയാണ് എല്ലാവരും കുളിക്കുക. അന്നത്തെ ലൈഫ് ബോയ് സോപ്പ് തേച്ച് കുളിച്ചാൽ വീടിന്റെ മുൻപിൽ നിൽക്കുന്ന ആളുകൾക്ക് വരെ അതിന്റെ മണം കിട്ടും. അതുപോലെതന്നെയാണ് കുട്ടിക്കൂറ പൗഡറിന്റെ മണവും. ഇന്നത്തെ പൗഡറിനും സോപ്പിനും ഒന്നും ആ മണമില്ല. വീടിന് പുറത്ത് കല്ലിലിട്ടാണ് തുണി അലക്കാറുള്ളത്്. അന്ന് വാഷിംഗ് മെഷീൻ ഇല്ലല്ലോ. അലക്കി അലക്കി തേഞ്ഞുവരുന്ന 501 ബാർ സോപ്പിന്റെ കുഞ്ഞു കഷ്ണം അവസാനം കരിങ്കല്ലിൽ തേച്ചൊട്ടിച്ചു വെക്കും. പിന്നെ തുണി അലക്കുമ്പോൾ ആ സോപ്പിൽ ഉരച്ചിട്ടാണ് കഴുകുക. കാല് കഴുകാനും ഈ കരിങ്കല്ലിന്റെ മുകളിലാണ് ഉരയ്ക്കുക. അന്നത്തെ ഹിറ്റ് സോപ്പ് 501 ബാർ ആണ്. കുളിക്കാനായി സിന്തോൾ സോപ്പും ഉണ്ടെന്നാണ് എന്റെ ഓർമ.

Latest News