Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഞാൻ മാത്രമേ കണ്ടുള്ളു'

2014ലെ തെരഞ്ഞെടുപ്പു കാലത്തെത്തിയ പ്രധാന മന്ത്രി നരേന്ദ്രമോഡി കേരളത്തെ സോമാലിയയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. അതു പണ്ട്. ഇത്തവണ കേന്ദ്രത്തിന്റെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയ മോഡിജി കേരളത്തിന് പ്രശംസ ചൊരിയുകയായിരുന്നു. ഡിജിറ്റൽ പദ്ധതിയും  കൊച്ചിയിലെ വാട്ടർ മെട്രോ പോലുള്ള പരിപാടികളും ഇന്ത്യക്കാകെ മാതൃകയാണ്. കേരളത്തിലെത്തുമ്പോൾ പ്രത്യേക ഊർജം ലഭിക്കുന്നു. കുമരകത്ത് ജി20 യോഗം നടന്നപ്പോൾ കേരളീയർ മികവുകാട്ടി. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറി. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാൻ മലയാളി ചെറുപ്പക്കാരും മുന്നോട്ടു വരുന്നു- മോഡി പറഞ്ഞു.
എന്നാൽ കൊച്ചിയിലെ യുവം 2023 വേദിയിൽ കേരള സർക്കാരിനെ അദ്ദേഹം  വിമർശിക്കുകയുണ്ടായി.   കേരള സർക്കാർ യുവാക്കൾക്ക് തൊഴിൽ നൽകുന്നില്ല. കേന്ദ്രം യുവാക്കൾക്കായി തൊഴിൽ മേളകൾ നടത്തുന്നു. രാജ്യം അമൃതകാലത്തിലൂടെ മുന്നേറുകയാണ്. കേരളത്തിൽ ചിലയാളുകൾ രാവും പകലും സ്വർണ്ണക്കടത്ത് നടത്തുകയാണ്.  അധികാരത്തിൽ ഇരിക്കുന്നവർ ചെറുപ്പക്കാരുടെ ഭാവി എടുത്ത് അമ്മാനമാടുകയാണ്. സിനിമാതാരങ്ങളായ  നവ്യ നായർ, അപർണ ബാലമുരളി എന്നിവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി. ഈ രണ്ടു  പേരും പ്രൊഫഷണൽ ആക്ടേഴ്‌സ് ആണല്ലോ. ഇവർ കുട്ടികൾ, അവരെ വെറുതെ വിടാം. 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിലെ സി.പി.എം എം.എൽ.എയായിരുന്ന പ്രൊഫ. എം.കെ സാനു പ്രധാന മന്ത്രിയുടെ ചടങ്ങിനെത്തിയിരുന്നുവല്ലോ. മോഡി പ്രസംഗിക്കുന്നതെങ്ങിനെയെന്ന് നോക്കാനാണ് മൂപ്പർ അവിടെ എത്തിയതെന്നാണ് ശ്രുതി.  
ഇതിനിടയ്ക്ക് കേരള സന്ദർശനത്തിന് എത്തിയ നരേന്ദ്ര മോഡിയെ കാണാൻ തടിച്ചുകൂടിയ ജനങ്ങൾ എന്ന പേരിൽ വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് സംഘപരിവാർ പ്രൊഫൈലുകൾ. നടി സണ്ണി ലിയോൺ കൊച്ചിയിൽ അഞ്ച് വർഷങ്ങൾക്ക് മുമ്പ്  എത്തിയതിന്റെ ചിത്രങ്ങളാണ് സംഘപരിവാർ പ്രൊഫൈലുകൾ മോഡി വന്നപ്പോഴുള്ള കൊച്ചിയിലെ ചിത്രം എന്ന പേരിൽ പ്രചരിപ്പിച്ചത്. 
കൊച്ചിയിൽ വിമാനമിറങ്ങിയ നരേന്ദ്ര മോഡി റോഡ് ഷോയായാണ് യുവം 2023 പരിപാടി നടക്കുന്ന തേവര എസ്എച്ച് കോളേജിലേക്ക് എത്തിയത്. ഇതിനിടെ നരേന്ദ്ര മോഡിയെ കാണാനും അഭിവാദ്യമർപ്പിക്കാനും നിരവധി പേർ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ  പ്രചരിക്കുകയും ചെയ്തിരുന്നു. ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ  മോഡിയെ കാണാനെത്തിയ ആൾക്കൂട്ടം എന്ന പേരിൽ പ്രചരിക്കുന്നത് സണ്ണി ലിയോൺ വന്നപ്പോഴുള്ള ചിത്രമാണ്. ഈ ചിത്രം സണ്ണി ലിയോൺ തന്നെ മുമ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കേരളം ഇന്നേവരെ കാണാത്ത ജനസാഗരമായിരുന്നു സണ്ണി ലിയോൺ 2017 ൽ കൊച്ചിയിൽ എത്തിയപ്പോൾ കണ്ടത്.  സ്വകാര്യ കമ്പനിയുടെ മൊബൈൽ ഷോറൂം ഉദ്ഘാടനത്തിനാണ് സണ്ണി ലിയോൺ കൊച്ചിയിലെത്തിയിരുന്നത്. 
കുരുക്ഷേത്ര, ദേശ്ഭക്ത് തുടങ്ങിയ ട്വിറ്റർ പ്രൊഫൈലുകളിലാണ് മോഡി വന്നപ്പോഴുള്ള ചിത്രം.  അതേസമയം ദേശ്ഭക്ത് സർക്കാസ്റ്റിക് ആയിട്ടുള്ള അക്കൗണ്ടാണെന്നത് പോലും തിരിച്ചറിയാതെ നിരവധി സംഘപരിവാർ അനുകൂലികൾ ഇത് മോഡി വന്നപ്പോഴുള്ള ചിത്രമാണ് എന്ന് കരുതി ഷെയർ ചെയ്തതാണ് രസം. 'രാഷ്ട്രീയ പിതാവ് മോഡിജിയെ ഒരുനോക്ക് ദർശിക്കാനായി ജനസാഗരമായി കൊച്ചി നഗരം' എന്നാണ് കുരുക്ഷേത്ര എന്ന ട്വിറ്റർ ഹാൻഡിലിൽ ചിത്രം പങ്കുവച്ച് തലക്കെട്ടായി നൽകിയിട്ടുള്ളത്. ഇനിയെന്തൊക്കെ കാണണം? 

                                 ****           ****            ****

ഇന്ത്യൻ റെയിൽവേയുടെ സ്വപ്‌ന പദ്ധതികളിൽ ഒന്നായ വന്ദേ ഭാരത് ട്രെയിൻ കേരളത്തിൽ ഓടിത്തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തനിഗുണം കാണിച്ച് മലയാളി. ട്രെയിനിന്റെ ബോഗിയിൽ പോസ്റ്റർ ഒട്ടിച്ചു വൃത്തികേട് ആക്കിയിരിക്കുകയാണ് പാർട്ടിക്കാർ. കോൺഗ്രസ് നേതാവ് വി കെ ശ്രീകണ്ഠൻ എംപിയുടെ അനുയായികളാണ് അദ്ദേഹത്തിന് അഭിവാദ്യങ്ങൾ നേർന്നുള്ള പോസ്റ്ററുകൾ ട്രെയിനിൽ പതിപ്പിച്ചത്.
ട്രെയിനിന്റെ സ്റ്റോപ്പുകൾ ആദ്യം പ്രഖ്യാപിക്കപ്പെട്ട സമയത്ത് ഷൊർണൂരിൽ സ്റ്റോപ്പ് ഇല്ലായിരുന്നു. ഇതിൽ ഇടപെട്ട വി കെ ശ്രീകണ്ഠൻ എംപി ഇക്കാര്യം ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. തുടർന്ന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു. ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ശ്രീകണ്ഠന്റെ  മികവു കൊണ്ടാണെന്ന് അവകാശപ്പെട്ടാണ് അദ്ദേഹത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് അനുയായികൾ ഇദ്ദേഹത്തിന്റെ മുഖചിത്രം ഉള്ള പോസ്റ്റർ ട്രെയിനിന്റെ ബോഗികളിൽ പതിപ്പിച്ചിരിക്കുന്നത്.
സംഭവത്തിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് കേസെടുത്തിട്ടുണ്ട്. ട്രെയിൻ കംപാർട്ടുമെന്റ് വൃത്തികേടാക്കും വിധം എം.പിയുടെ പടം വെച്ചത് കണ്ട് ഒരു രസികത്തി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത് റെയിൽവേ സ്റ്റേഷനുകളിൽ പിക്ക് പോക്കറ്റുകളെ കരുതിയിരിക്കുക എന്നൊരു ബോർഡ് കാണാറില്ലേ, അത്തരമൊന്നായിരിക്കുമെന്നാണ് താൻ കരുതിയതെന്നാണ്. 

                                 ****           ****            ****

സമകാലിക മലയാള സിനിമാ സെലിബ്രിറ്റികളിൽ ഒരു പക്ഷേ, ഏറ്റവും കൂടുതൽ കുടുംബ ആരാധകരുള്ള നടൻ ധ്യാൻ ശ്രീനിവാസനായിരിക്കും. സിനിമകളേക്കാൾ കൂടുതൽ അഭിമുഖങ്ങളാണ് ധ്യാനിന്. എല്ലാ അഭിമുഖങ്ങളും സൂപ്പർ ഹിറ്റ്. എല്ലാ കാര്യങ്ങളും തുറന്നു പറയുന്നുവെന്നതാണ് ഇതിന്റെ ഹൈലൈറ്റ്. ഇപ്പോഴിതാ 
താരം ചുവടു മാറ്റുന്നതായുള്ള വാർത്ത പ്രചരിക്കുന്നു. നടനായും സംവിധായകനായും സജീവമായ ധ്യാൻ ശ്രീനിവാസൻ ഗായകനായും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു.  കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെയാണ് ഗായകനായിട്ടുള്ള ധ്യാനിന്റെ അരങ്ങേറ്റം. രഞ്ജിൻ രാജാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകുന്നത്. നടി സരയു മോഹന്റെ ഭർത്താവ് സനൽ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ണീം സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമിക്കുന്നത്. 
അടുത്തിടെ പുറത്തിറങ്ങിയ ധ്യാനിന്റെ സിനിമകൾ എല്ലാം പരാജയമായിരുന്നു. 'ഖാലി പഴ്സ് ഓഫ് ദ ബില്യനേഴ്സ്', 'വീകം', 'ഹിഗ്വിറ്റ' എന്നീ സിനിമകൾ തിയേറ്ററിൽ പരാജയപ്പെട്ടിരുന്നു.ടെലിവിഷൻ റിയാലിറ്റി ഷോയിലും മറ്റ് പരിപാടികളിലുമായി ഇതിന് മുമ്പ് ധ്യാൻ ഗാനം ആലപിച്ചിട്ടുണ്ട്. ശ്രീനിവാസൻ കുടുംബത്തിൽ നിന്നും വിനീത് ശ്രീനിവാസൻ, ഭാര്യ ദിവ്യ വിനീത് എന്നിവർക്ക് ശേഷമാണ് ധ്യാൻ ഗായകനായി എത്തുന്നത്. 

                                  ****           ****            ****

മലയാള സിനിമയിൽ എന്നും പ്രേക്ഷകരെ ചിരിപ്പിച്ച് മാത്രം അരങ്ങിൽ നിറഞ്ഞ നടനാണ് മാമുക്കോയ. ചിരിയുടെ ഉസ്താദ് വിടവാങ്ങുമ്പോൾ നികത്താനാകാത്ത നഷ്ടമാണ് മലയാള സിനിമാ മേഖലയ്ക്ക്. കോഴിക്കോടൻ ഭാഷയിൽ ഹാസ്യപ്രധാനമായ റോളുകൾ മികച്ച കൈയടക്കത്തോടെ ചെയ്തുവന്ന ഹാസ്യനടൻ എന്ന നിലയിലും സ്വഭാവനടൻ എന്ന നിലയിലും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറി. 
സംസ്ഥാന സർക്കാർ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്‌കാരം ഏർപ്പെടുത്തിയപ്പോൾ ആ വർഷം ലഭിച്ചത് മാമുക്കോയയ്ക്കായിരുന്നു.
മാമുക്കോയ നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. കോഴിക്കോടൻ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയിൽ ജനകീയമാക്കിയ നടൻ കൂടിയാണ് മാമുക്കോയ.നിലമ്പൂർ ബാലൻ സംവിധായകനായ 'അന്യരുടെ ഭൂമി' (1979) എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. സത്യൻ അന്തിക്കാട്, പ്രിയദർശൻ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നാടോടിക്കാറ്റിലെ തട്ടിപ്പുകാരൻ ഗഫൂർക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരൻ, വെട്ടത്തിലെ ഹംസക്കോയ/ രാമൻ കർത്താ, മഴവിൽക്കാവടിയിലെ കുഞ്ഞിഖാദർ, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേൽപ്പിലെ ഹംസ, പ്രാദേശിക വാർത്തകളിലെ ജബ്ബാർ, കൺകെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടർ പശുപതിയിലെ വേലായുധൻ കുട്ടി.... തുടങ്ങി നിരവധി വേഷങ്ങൾ. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഇന്നസെന്റിന്റെ വിയോഗം സൃഷ്ടിച്ച ദുഃഖത്തിൽ നിന്ന് മലയാള സിനിമ മുക്തമാകും മുമ്പായിരുന്നു മാമുക്കോയയുടെ മരണം. 

                                  ****           ****            ****

കോഴിക്കോട്ടു നിന്ന് ദൃശ്യമാധ്യമ പ്രവർത്തകർക്ക് മാതൃകയാക്കാവുന്ന ഒരു കാര്യം. പ്രമുഖ വ്യക്തികളുടെ മരണവീടുകളിലും പൊതുദർശനം നടക്കുന്ന സ്ഥലങ്ങളിലും പ്രതികരണത്തിനായി മാധ്യമ പ്രവർത്തകർ തിരക്കുകൂട്ടുന്നതിനെതിരെ സൈബർ ഇടങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം അവസാനമായി കണ്ടിറങ്ങുന്നവരുടെ മാനസികാവസ്ഥ പോലും നോക്കാതെ ബൈറ്റിന് വേണ്ടി മൈക്കും നീട്ടിയെത്തുന്ന മാധ്യമപ്രവർത്തകരുടെ രീതി ശരിയല്ലെന്ന് നടൻ ഇന്നസെന്റിന്റെ  മരണത്തിനിടെ അഭിപ്രായം ഉയർന്നിരുന്നു.
 ഈ രീതിക്ക് ഒരുമാറ്റം കൊണ്ടുവന്നിരിക്കുകയാണ് കോഴിക്കോട്ടെ ഒരു കൂട്ടം മാധ്യമപ്രവർത്തകർ. നമുക്ക് ഇങ്ങനെ ചെയ്താൽ പോരെ എന്ന ചോദ്യത്തിൽ നിന്നുണ്ടായ ഉത്തരമായിരുന്നു നടൻ മാമുക്കോയയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ച കോഴിക്കോട് ടൗൺഹാളിൽ കണ്ടത്. സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം മാമുക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയെങ്കിലും ബൈറ്റിന് വേണ്ടി ആരും തിക്കും ഉണ്ടാക്കിയില്ല. ടൗൺഹാളിന് പുറത്ത് ഒരു പോഡിയം സെറ്റ് ചെയ്ത് സംസാരിക്കേണ്ടവരെ അവിടെ എത്തിച്ചു. വന്നവരെല്ലാം പ്രിയ നടനെ അനുസ്മരിച്ച ശേഷം മടങ്ങിപ്പോയി. കോഴിക്കോട് വിജയകരമായ ഈ രീതി സംസ്ഥാനത്ത് ഉടനീളമുള്ള മാധ്യമപ്രവർത്തകർക്ക് മാതൃകയാക്കാവുന്നതാണെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. 

                                 ****           ****            ****

യുവ നായകരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗമിനും മലയാള സിനിമ സംഘടനകളുടെ വിലക്ക്. സോഫിയ പോൾ നിർമ്മിക്കുന്ന 'ആർഡിഎക്സ്' എന്ന സിനിമയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെയാണ് പ്രശ്നം വഷളായതും താരങ്ങളെ വിലക്കിയതും. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും യോഗം ചേർന്നാണ്  താരങ്ങളെ വിലക്കിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന 'അമ്മ'കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിന് അടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു.
എല്ലാ സംഘടനകളും ചേർന്ന് ചർച്ച നടത്തിയത് സിനിമയുടെ നന്മക്കെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. ലഹരി മരുന്നു പയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല- രഞ്ജിത്ത് വ്യക്തമാക്കി.
സിനിമാ സംഘടനകൾ വിലക്കിയതിന് പിന്നാലെ താര സംഘടനയായ അമ്മയെ  നടൻ ഷെയിൻ നിഗം സമീപിച്ചു. തനിക്കെതിരെ നിർമ്മാതാവ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്നിന്റെ വാദം.നിർമ്മാതാവ് സോഫിയ പോളിന്റെ പരാതിയിൽ തന്റെ ഭാഗം വിശദീകരിച്ച് നടൻ സംഘടനയ്ക്ക് കത്ത് നൽകി. ആർഡിഎക്‌സ് സിനിമയുടെ സെറ്റിൽ വൃത്തിഹീനമായ കാരവാനാണ് തനിക്ക് നൽകിയതെന്നും നിർമാതാവിന്റെ ഭർത്താവ് തന്റെ മാതാവിനോട് മര്യാദയില്ലാതെ പെരുമാറിയെന്നും 'അമ്മ'യ്ക്കു നൽകിയ കത്തിൽ പറയുന്നു. ആർഡിഎക്‌സ് സിനിമയുടെ സുപ്രധാന രംഗങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് കാരണം താനല്ലെന്നും ഷെയിൻ പറയുന്നു. ശാരീരിക പ്രശ്‌നങ്ങൾ കാരണം ഒരു ദിവസം സെറ്റിലെത്താൻ വൈകിയത് കൊണ്ട് നിർമ്മാതാവിന്റെ ഭർത്താവ് പോൾ തന്റെ അമ്മയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നും നടൻ കത്തിൽ പറയുന്നു. ഷെയിൻ ഷൂട്ട് ചെയ്ത ഭാഗങ്ങൾ കാണണമെന്ന് ആവശ്യപ്പെടുന്നു എന്നായിരുന്നു സോഫിയ പോളിന്റെ പരാതി. ഷെയിനിനെ കൂടാതെ അമ്മയും എഡിറ്റിംഗിൽ ഇടപെടുന്നു. ഷൂട്ട് ചെയ്ത ഭാഗങ്ങൾ  ഷെയിനും അമ്മയും കണ്ട ശേഷം സിനിമയിൽ ഉള്ള പ്രാധാന്യം ഉറപ്പ് വരുത്തിയ ശേഷമെ തുടർന്ന് അഭിനയിക്കു എന്ന് നിലപാട് എടുത്തുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. രോമാഞ്ചം പോലുള്ള സെല്ലുലോയ്ഡ് വേസ്റ്റുകൾ പടച്ചുവിടുന്ന മലയാളം ഇൻഡസ്ട്രി ഇതെല്ലാം അർഹിക്കുന്നുണ്ടെന്നതാണ് സത്യം.

Latest News