എടപ്പാടി കോളനിയിലെ കൂലിപ്പണിക്കാരായ മണിയുടെയും വസന്തയുടെയും മൂത്ത മകളാണ് മിന്നു. വീടിനു സമീപത്തെ വയലിലും പറമ്പിലുമെല്ലാം ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുനടന്ന ബാല്യം. ക്രിക്കറ്റിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാതിരുന്നതുകൊണ്ട് മാതാപിതാക്കൾ ആദ്യം അവളുടെ കളിയെ കാര്യമായെടുത്തില്ല. മിന്നുവിനാകട്ടെ കളിക്കാതിരിക്കാൻ കഴിഞ്ഞതുമില്ല.
പേര്് പോലെതന്നെ ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരമാണ് മിന്നുമണി. വയനാട് ജില്ലയിലെ മാനന്തവാടി ചോയിമൂല എടപ്പാടി കോളനിയിലെ ഗോത്രവിഭാഗമായ കുറിച്യ സമുദായത്തിൽനിന്നുള്ള മിന്നുമണിയുടെ കായിക യാത്ര അത്ര എളുപ്പമായിരുന്നില്ല. സാമ്പത്തികവും സാമൂഹികവുമായ ഒട്ടേറെ പരിമിതികളെ മറികടന്നായിരുന്നു മിന്നുമണി ഓരോ വിജയത്തിലേക്കും ചുവടുവെച്ചത്.
മാനന്തവാടി ഒണ്ടയങ്ങാടി എടപ്പാടി കോളനിയിലെ ഓടിട്ട കുഞ്ഞുവീടിന്റെ മുറ്റത്ത് പിച്ചവച്ച പെൺകുട്ടി. സ്‌കൂൾ പഠനം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ അവൾ കൂട്ടുകാരോടൊപ്പം കൊയ്‌തൊഴിഞ്ഞ പാടങ്ങളിൽ കളിക്കാനായി ഓടി. പാടവരമ്പിൽനിന്നാണ് മിന്നുമണി ഐ.പി.എല്ലിന്റെ ബൗണ്ടറി ലൈനിലെത്തിയത്. ജീവിതത്തിലിന്നുവരെ ആയിരം രൂപയുടെ നോട്ടുകൾ ഒരുമിച്ചു കണ്ടിട്ടില്ലാത്ത മിന്നുമണിയെ വിമൻസ് പ്രീമിയർ ലീഗിൽ മുപ്പതു ലക്ഷം രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയിരിക്കുന്നത്. ആ സന്തോഷവേളയിൽ മിന്നുവിന്റെ ആദ്യപ്രതികരണമായിരുന്നു എല്ലാവരേയും വേദനിപ്പിച്ചത്. എന്നെ അദ്ഭുതപ്പെടുത്തിയ സംഭവമായിരുന്നു അത്. ജീവിതത്തിൽ ഇത്രയും പണം ഞാൻ കണ്ടിട്ടില്ല. ഫ്രാഞ്ചൈസികൾ എനിക്കായി ലേലം വിളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അതിശയപ്പെടുകയായിരുന്നു. സീനിയർ താരങ്ങൾ പലരും അവഗണിക്കപ്പെടുന്നത് കണ്ടപ്പോൾ നിരാശയായി. എന്റെ ഊഴമെത്തിയപ്പോൾ നിരാശയ്ക്കു പകരം അമ്പരപ്പാണുണ്ടായത്. ഞാൻ സ്വപ്‌നം കണ്ടതിനും അപ്പുറത്തായിരുന്നു കാര്യങ്ങൾ... കഴിവും ആത്മവിശ്വാസവുംകൊണ്ടുമാത്രം ഒരു പെൺകുട്ടി കീഴടക്കിയ നേട്ടങ്ങൾ കൂടിയായിരുന്നു അവിടെ അടയാളപ്പെടുത്തിയത്.

എടപ്പാടി കോളനിയിലെ കൂലിപ്പണിക്കാരായ മണിയുടെയും വസന്തയുടെയും മൂത്ത മകളാണ് മിന്നു. വീടിനു സമീപത്തെ വയലിലും പറമ്പിലുമെല്ലാം ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുനടന്ന ബാല്യം. ക്രിക്കറ്റിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാതിരുന്നതുകൊണ്ട് മാതാപിതാക്കൾ അവളുടെ കളിയെ ആദ്യം കാര്യമായെടുത്തില്ല. മിന്നുവിനാകട്ടെ കളിക്കാതിരിക്കാൻ കഴിഞ്ഞതുമില്ല.
സ്‌കൂളിലെത്തിയപ്പോൾ അത്‌ലറ്റിക്‌സിനായിരുന്നു മുൻഗണന നൽകിയത്. ദീർഘദൂര ഓട്ടക്കാരി എന്ന നിലയിൽ അറുനൂറു മീറ്ററിലും നാന്നൂറു മീറ്ററിലുമെല്ലാം പങ്കെടുത്ത് വിജയിച്ചിരുന്നു. ഹൈസ്‌കൂൾ ക്ലാസിലെത്തിയപ്പോഴായിരുന്നു മിന്നുവിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. സ്‌കൂളിലെ കായിക അധ്യാപികയാണ് മിന്നുവിലെ ക്രിക്കറ്റ് താരത്തെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. പെൺകുട്ടികൾക്കും ക്രിക്കറ്റ് ടീമുള്ള കാര്യം അന്നാണ് മിന്നുവും അറിയുന്നത്. എന്നാൽ മിന്നുവിന്റെ അച്ഛനും അമ്മയ്ക്കും മകളെ ഒരു ക്രിക്കറ്റ് കളിക്കാരിയായി കാണാൻ ആഗ്രഹമുണ്ടായിരുന്നില്ല. ഓട്ടം തുടർന്നാൽ മതിയെന്നായിരുന്നു അവരുടെ തീരുമാനം. എന്നാൽ ടീച്ചറുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഒടുവിൽ അവർ സമ്മതം മൂളുകയായിരുന്നു. തുടർന്നാണ് ക്രിക്കറ്റ് പരിശീലനം നൽകിത്തുടങ്ങിയത്.

ഇടംകൈയൻ ബാറ്റിങ്ങിനൊപ്പം ഓഫ്‌സ്പിന്നർ കൂടിയായ മിന്നുവിന്റെ ക്രിക്കറ്റ് യാത്രയും അത്ര എളുപ്പമായിരുന്നില്ല. സ്‌കൂൾ ടീമിൽനിന്നും വയനാട് ജില്ലാ അണ്ടർ 13 ക്രിക്കറ്റ് ടീമിലേയ്ക്കും അവിടെനിന്നും സംസ്ഥാന ടീമിലേയ്ക്കും അവൾ തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴ കേരള ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിൽ ജൂനിയർ ഗേൾസ് സ്‌റ്റേറ്റ് ക്യാമ്പിലേയ്ക്ക് സെലക്ഷൻ ലഭിക്കുകയായിരുന്നു. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തിലായിരുന്നു പരിശീലനം. വീട്ടിൽനിന്നും ഒന്നര മണിക്കൂറോളമുള്ള യാത്ര. മൂന്നു ബസ്സുകൾ മാറിക്കയറണം. രാവിലെ ആറുമണിക്ക് പരിശീലനം ആരംഭിക്കും. അന്നൊക്കെ പുലർച്ചെ നാലുമണിക്ക് എഴുന്നേൽക്കും. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കാനായി അമ്മയെ സഹായിച്ചശേഷം കുളിയും കഴിഞ്ഞ് ക്രിക്കറ്റ് കിറ്റും ഭക്ഷണപ്പൊതിയുമെല്ലാമെടുത്ത് ഒരു ഓട്ടമാണ്. അഞ്ചുമണിക്ക് വീട്ടിൽനിന്നും ഇറങ്ങിയാൽപ്പോലും ഓടിക്കിതച്ച് ഗ്രൗണ്ടിലെത്തുമ്പോഴേയ്ക്കും പരിശീലനം തുടങ്ങിയിരിക്കും. അന്നത്തെ ആ ഓട്ടപ്പാച്ചിലിന്റെ കിതപ്പ് ഇന്നും മിന്നുവിന്റെ വാക്കുകളിലുണ്ട്.
ഒൻപതാം തരവും പത്താം തരവും തൊടുപുഴ അക്കാദമിയിലായിരുന്നു പഠിച്ചത്. പ്ലസ് ടുവിന് അക്കാദമിയുടെ കീഴിൽ വയനാട്ടിൽ തന്നെയായിരുന്നു പഠനം. ബിരുദപഠനം കേരള ക്രിക്കറ്റ് അക്കാദമിയുടെ കീഴിൽ തിരുവനന്തപുരത്ത്. കേരള വിമൻസ്, ഇന്ത്യ വിമൻ ബ്ലു, ഇന്ത്യ എ ടീമിലും കളിച്ച മിന്നു, ഹൈദരാബാദിൽ നടന്ന ഇന്റർ സോൺ ടൂർണ്ണമെന്റിൽ സൗത്ത് സോണിനുവേണ്ടിയും ജേഴ്‌സിയണിഞ്ഞു. ഇതിനിടയിലായിരുന്നു ഡൽഹി ക്യാപിറ്റൽസിലേയ്ക്കുള്ള സ്വപ്‌നതുല്യമായ യാത്രയ്ക്ക് അവസരം ലഭിച്ചത്. അടിസ്ഥാന വില പത്തു ലക്ഷമായിരുന്നെങ്കിലും ഡൽഹി ക്യാപിറ്റൽസ് ഓൾ റൗണ്ടറായ മിന്നുവിനെ മൂന്നിരട്ടിയായ മുപ്പതു ലക്ഷം നൽകിയാണ് സ്വന്തമാക്കിയത്.
ചരിത്രത്തിലാദ്യമായി കേരളം അണ്ടർ 23 ചാമ്പ്യന്മാരായപ്പോൾ ടൂർണ്ണമെന്റിലെ ടോപ് സ്‌കോററും ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരവുമായിരുന്നു മിന്നു. ഈ പ്രകടനമാണ് മിന്നുവിനെ ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ബ്ലു ടീമിലും ബോർഡ് പ്രസിഡന്റ്‌സ് ഇലവനിലും ഇന്ത്യ എ ടീമിലുമെത്തിച്ചത്. എ ടീമിന്റെ ഭാഗമായതുവഴി ബംഗ്ലാദേശ് പര്യടനത്തിലും വനിതാ ഏഷ്യാ കപ്പിലും പങ്കെടുക്കാൻ കഴിഞ്ഞു. സ്മൃതി മന്ദാനയെപ്പോലുള്ള താരങ്ങൾക്കൊപ്പം ക്യാമ്പിൽ പങ്കെടുക്കാനായത് മിന്നുവിന്റെ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായിരുന്നു. മാത്രമല്ല, കേരളത്തിൽനിന്നും ഇന്ത്യൻ എ ടീമിലെത്തുന്ന ഗോത്ര വിഭാഗത്തിൽപ്പെട്ട ആദ്യപെൺകുട്ടിയെന്ന നേട്ടവും മിന്നു സ്വന്തമാക്കുകയായിരുന്നു.

ക്രിക്കറ്റിനെക്കുറിച്ചോ കളിനിയമങ്ങളെക്കുറിച്ചോ അറിയില്ലെങ്കിലും മകളെ ടെലിവിഷനിൽ കാണാമെന്ന സന്തോഷത്തിലാണ് മിന്നുവിന്റെ അച്ഛൻ മണിയും അമ്മ വസന്തയും. മകൾക്കുവേണ്ടി ഏറെ കഠിനാദ്ധ്വാനം ചെയ്ത മാതാപിതാക്കൾ. ടൂർണ്ണമെന്റുകൾക്കു പോകുമ്പോൾ മകൾക്ക് അവിടെവരെ എത്താനുള്ള ചെലവ് വഹിക്കാൻ അവർ നന്നേ ബുദ്ധിമുട്ടിയിരുന്നു. അവിടെ എത്തിയാൽ അസോസിയേഷൻ ചെലവ് വഹിച്ചുകൊള്ളും. അവിടെ എത്തിക്കാനുള്ള പെടാപ്പാട് അവർ ഏറെ അനുഭവിച്ചിട്ടുണ്ട്. ആ ബുദ്ധിമുട്ടുകളൊന്നും അവളെ അവർ അറിയിക്കാറില്ല. എന്നാൽ മിന്നുവിന് കാര്യങ്ങൾ വ്യക്തമായറിയാം. എവിടെയെങ്കിലും പോയി കടം വാങ്ങിയാണ് എനിക്ക് ചെലവിനുള്ള പണം അവർ കണ്ടെത്തിയിരുന്നത്. കൂലിപ്പണിക്കാരല്ലേ. ആരെങ്കിലും പണിക്കായി വിളിച്ചാലല്ലേ പണിയുണ്ടാവൂ. പഴയകാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ മിന്നുവിന് ആയിരം നാവാണ്.
ഏഴാം ക്ലാസുവരെ വീട്ടിൽനിന്നും നാലു കിലോമീറ്റർ നടന്നാണ് മാനന്തവാടിയിലെ സ്‌കൂളിലെത്തിയിരുന്നത്. അന്നൊന്നും വീട്ടിൽ ടി.വി ഉണ്ടായിരുന്നില്ല. ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ അടുത്ത വീട്ടിൽ പോയാണ് കളി കണ്ടിരുന്നത്. കളി കാണാതിരിക്കാൻ മനസ്സനുവദിക്കില്ല. കളി കഴിയുമ്പോഴേയ്ക്കും രാത്രി വൈകും. ഒടുവിൽ അമ്മ കുടുംബശ്രീയിൽനിന്ന് ലോണെടുത്താണ് വീട്ടിൽ ടി.വി വാങ്ങിയത്- മിന്നു ഓർക്കുന്നു.
വിമൻസ് പ്രീമിയർ ലീഗിൽ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളി താരം കൂടിയാണ് മിന്നുമണി. ഡൽഹി ക്യാപിറ്റൽസിൽ എത്തിയതോടെ ആ സന്തോഷം ഇരട്ടിയായിരിക്കുന്നു. വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തിലാണ് മിന്നു ഇപ്പോഴും പരിശീലനത്തിനെത്തുന്നത്. വീട്ടിൽനിന്നും ഒന്നര മണിക്കൂറോളം യാത്ര ചെയ്തുവേണം അവിടെയെത്താൻ. അതും പല ബസ്സുകൾ മാറിക്കയറണം. ഒരു സ്‌കൂട്ടർ സ്വന്തമായാൽ യാത്ര സുഗമമാകുമെന്ന ചിന്തയിലാണ് ഈ താരം. അതിനുള്ള ശ്രമത്തിലാണിപ്പോൾ. വനിതാ ഐ.പി.എൽ കളിക്കുന്നതോടെ കാര്യങ്ങളെല്ലാം സുരക്ഷിതമാകുമെന്ന പ്രതീക്ഷയിലാണ് മിന്നുമണി. മാത്രമല്ല, നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഇതിഹാസ താരങ്ങൾക്കൊപ്പം കളിക്കാൻ കഴിയുന്നതും സ്വപ്‌നതുല്യമായ അംഗീകാരമായി ഈ കായികതാരം കണക്കുകൂട്ടുന്നു.ഒട്ടേറെ അംഗീകാരങ്ങളും ഈ ഇരുപത്തിമൂന്നുകാരിയെ തേടിയെത്തിയിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജൂനിയർ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം, യൂത്ത് പ്‌ളെയർ ഓഫ് ദി ഇയർ പുരസ്‌കാരം, പ്രോമിസിങ് പ്‌ളെയർ പുരസ്‌കാരം തുടങ്ങിയവ അവയിൽ ചിലതാണ്.






