ലോകകപ്പ് ഫുട്‌ബോളില്‍ ആദ്യ രണ്ടു കളി കഴിയുമ്പോഴേക്കും അര്‍ജന്റീനയുടെ സൂപ്പര്‍ താരങ്ങള്‍ പുറത്താകലിന്റെ വക്കിലെത്തിയതിന് ആരാണ് ഉത്തരവാദി. ക്യാപ്റ്റന്‍ ലിയണല്‍ മെസ്സിയോ കോച്ച് ജോര്‍ജെ സാംപോളിയോ? ക്രൊയേഷ്യക്കെതിരായ മത്സരത്തിന് മുമ്പ് അര്‍ജന്റീനയുടെ ദേശീയ ഗാനം മുഴങ്ങുമ്പോള്‍ ക്യാമറക്കണ്ണുകള്‍ ഒരു ദൃശ്യം പിടിച്ചെടുത്തു. മുഖം പൊത്തിനില്‍ക്കുന്ന മെസ്സിയെ. അര്‍ജന്റീന നായകന്‍ നേരിടുന്ന പിരിമുറുക്കത്തിന്റെ എല്ലാ തെളിവുകളുമുണ്ടായിരുന്നു ഈ ദൃശ്യത്തില്‍.
ഐസ്‌ലന്റിനെതിരെ കിട്ടിയ പെനാല്‍ട്ടി മെസ്സി ലക്ഷ്യത്തിലെത്തിക്കുകയും ആ കളി ജയിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അര്‍ജന്റീന ഇങ്ങനെ നൂല്‍പാലത്തിലൂടെ യാത്ര ചെയ്യേണ്ടി വരുമായിരുന്നില്ല. അതൊഴിച്ചാല്‍ അര്‍ജന്റീനയുടെ തോല്‍വിക്ക് ഉത്തരവാദി കോച്ചാണ്. ബാഴ്‌സലോണയിലെ മെസ്സിയുടെ പഴയ കൂട്ടുകാരന്‍ സെസ്‌ക് ഫാബ്രിഗാസ് ചൂണ്ടിക്കാട്ടിയതു പോലെ, അഞ്ച് ഡിഫന്റര്‍മാരും അഞ്ച് ഫോര്‍വേഡുകളുമാണ് അര്‍ജന്റീനക്ക്. മധ്യനിര സ്വപ്‌നങ്ങളില്‍ മാത്രം.
്ഫലത്തില്‍ മധ്യനിരയില്ലാത്തതു കാരണം മെസ്സിക്ക് പന്ത് കിട്ടാന്‍ പിന്നോട്ട് പിന്നോട്ട് ഇറങ്ങേണ്ടി വരുന്നു. പന്ത് കിട്ടാന്‍ തന്നെ ഇത്ര ഇറങ്ങിക്കളിക്കേണ്ടി വരുമ്പോള്‍ മത്സരത്തില്‍ സ്വാധീനം ചെലുത്താന്‍ മെസ്സിക്ക് സാധിക്കുന്നില്ല. ഫലത്തില്‍ ടീമിന്റെ മികച്ച കളിക്കാരന്‍ ചിത്രത്തിലേ ഇല്ല. ഇനി പന്ത് കിട്ടിയാലാവട്ടെ മുന്‍നിരയിലെ ആള്‍ത്തിരക്കു കാരണം മെസ്സിക്ക് ഇടം കിട്ടുന്നില്ല. ചെറിയ ഇടങ്ങളില്‍ കളിക്കാന്‍ നിര്‍ബന്ധിതനാവുന്ന മെസ്സിയെ പ്രതിരോധനിരക്ക് പൂട്ടിയിടാന്‍ എളുപ്പമാണ്. ഫലത്തില്‍ മെസ്സിക്ക് പന്ത് കിട്ടുന്നില്ല. പന്ത് കിട്ടാതെ എങ്ങനെ കളിക്കാന്‍?