Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിർമിത ബുദ്ധിയുടെ വികൃതികൾ

കേരളത്തിൽ എത്രമാത്രം ആളുകളാണ് വർഷാവർഷം അപകടങ്ങളിൽ മരിച്ചു വീഴുന്നത്. ഇതിൽ തന്നെയും കൂടുതലും ഇരുചക്ര വാഹനമോടിക്കുന്നവരും. ഇതിന് അറുതി വരുത്തുകയെന്നതാണ് ജനക്ഷേമ തൽപരരായ ഭരണകൂടത്തിന്റെ ലക്ഷ്യം. അല്ലാതെ ചില ദോഷൈകദൃക്കുകൾ ആരോപിക്കുന്നത് പോലെ കേരളമെങ്ങും ക്യാമറകൾ സ്ഥാപിച്ച് പ്രജകളിൽ നിന്ന് മാസം തോറും 25 കോടി രൂപ വീതം പിഴിഞ്ഞെടുക്കാനല്ല. പിന്നെയൊരു ആക്ഷേപം വി.ഐ.പികളെ കണ്ടാൽ ക്യാമറ കണ്ണു ചിമ്മുമെന്നതാണ്. ഇങ്ങനെയൊക്കെ പറഞ്ഞു തുടങ്ങിയാലോ. ജനങ്ങളുടെ കാര്യങ്ങൾ ഭംഗിയായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഭരണചക്രം തിരിക്കുന്നവർ പറന്നു തന്നെയല്ലേ വരേണ്ടത്. അതിലാർക്കാണിത്ര കണ്ണുകടി? 
ഏതായാലും കേരളത്തിലെങ്ങും സ്ഥാപിച്ച എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 726 എഐ (നിർമിത ബുദ്ധി) ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, അപകടം ഉണ്ടാക്കി നിർത്താതെ പോകൽ എന്നിവ പിടിക്കാൻ 675 ക്യാമറകളും സിഗ്‌നൽ ലംഘിച്ച് പോയിക്കഴിഞ്ഞാൽ പിടികൂടാൻ 18 ക്യാമറകളാണ് ഉള്ളത്. അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളും അതിവേഗം കണ്ടെത്താൻ നാലു ക്യാമറകളും പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകൾ ഒപ്പിയെടുക്കും. ഒരു മാസത്തെ ബോധവൽക്കരണ ഇളവ് മന്ത്രി പുംഗവൻ സാധാരണക്കാർക്കായി അനുവദിച്ചിട്ടുണ്ട്. പിഴ തുക അപ്പോൾ മുതൽ അടച്ചാൽ മതി. മലപ്പുറം തിരൂരിൽ ഒരു മലയാളിക്ക് ഫൈൻ അടക്കാൻ കടലാസ് വന്നത് ബഹുരസമാണ്. കാറിൽ യാത്ര ചെയ്ത ഇദ്ദേഹം ഹെൽമറ്റ് ധരിച്ചില്ലെന്നതാണ് നിർമിത ബുദ്ധി കണ്ടെത്തിയത്. വേറൊരു വിദ്വാൻ ജീവിതത്തിലിത് വരെ പോകാത്ത സ്ഥലത്ത് ചെന്ന് ഗതാഗത നിയമം ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. ഇപ്പോഴും പലർക്കും ഇരു ചക്രവാഹന യാത്രയെപ്പറ്റി പല സംശയങ്ങളുമുണ്ട്. അതിലൊന്നാണ് കൊച്ചു കുട്ടികളുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നത്. ആകെ അമ്മയും അച്ഛനും കുഞ്ഞും മാത്രമുള്ള കുടുംബത്തിൽ കുട്ടികളെ ബൈക്കിന്റെ അല്ലെങ്കിൽ  സ്‌കൂട്ടറിന്റെ മുൻവശത്ത് ഇരുത്തി യാത്ര ചെയ്യുന്നത് പതിവാണ്. കൈക്കുഞ്ഞുങ്ങളുമായി പോലും ഇത്തരത്തിൽ പോവേണ്ടി വരും. ഇത് ട്രിപ്പിൾസായി പരിഗണിക്കുമോ എന്നാണ് ചോദ്യം. മന്ത്രി പറഞ്ഞത് ഇതും കുറ്റമാണെന്നാണ്. കുട്ടിക്ക് സാധാരണ പിഴക്ക് പുറമെ ഹെൽമറ്റില്ലാത്തിന്റേത് വേറെയും വരും. ട്രോളന്മാർ കുട്ടിയെ ചാക്കിലാക്കി വാഴക്കുലയുടെ പ്രതീതിയുണ്ടാക്കി യാത്രക്കൊരുങ്ങുന്നുണ്ട്. 
മൂന്ന് പേരുടെ ചെറിയ കുടുംബത്തിൽ കുട്ടികളുമായി പോകുന്നവർ പിന്നെ കാർ വാങ്ങണോ? എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. കൈക്കുഞ്ഞുമായി പോയാൽ പോലും അത് ട്രിപ്പിൾസായി പരിഗണിക്കുന്നത് എന്തിനാണെന്നാണ് ചോദ്യം. ഇത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് തന്നെ വിശദമാക്കിയിട്ടുണ്ട്.
ട്രിപ്പിൾസ് എന്ന് കണക്കാക്കിയാൽ എന്തായാലും ഫൈൻ ഉണ്ടാവുമെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. അതിൽ പ്രധാനപ്പെട്ടതായി ചൂണ്ടിക്കാണിക്കുന്ന ഒന്ന് സഹയാത്രികൻ 4 വയസ്സിനു മുകളിലാണെങ്കിൽ അയാളെ ഒരു പൂർണയാത്രികൻ എന്ന  നിലയ്ക്കാണ് നിയമപരമായി കണക്കാക്കുന്നത്. അതിനാലാണ് ഇപ്പോൾ നാല് വയസ്സിന് മുകളിലുള്ളവർക്ക് ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് നിർബന്ധമാക്കിയത്.  2000 രൂപയാണ് ഫൈനായി അടയ്‌ക്കേണ്ടത്. ഫൈൻ അടച്ച് ശീലമാവുമ്പോൾ ഇരുചക്ര വാഹനക്കാരൻ കാർ വാങ്ങാൻ നിർബന്ധിതനാവും. കാറുകൾക്ക് ഡിമാന്റേറുമ്പോൾ അവയുടെ നിർമാണ സംരംഭങ്ങളും ചെന്നൈയിലേത് പോലെ കൊച്ചിയിലും കോട്ടയത്തും കൊല്ലത്തും വരും. എങ്ങനെയുണ്ട് നമ്മുടെ ഭരണാധികാരികളുടെ ഐഡിയ? 
*** *** ***
പിന്നിട്ട വാരത്തിൽ മീഡിയ വൺ ന്യൂസ് ചാനൽ ചരിത്ര സംഭവമായി അവതരിപ്പിച്ചത് എ.ഐ വാർത്താ വായനയാണ്. ഞായറാഴ്ച രാത്രി പത്തിന് പ്രധാന വാർത്തകളുമായി ഇവാൻ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലെ പ്രചാരണം കാരണം ഇതിന് തരക്കേടില്ലാത്ത വ്യൂവേഴ്‌സിനെ ലഭിച്ചു കാണും. എന്നാൽ ഒരു മിനിറ്റിലപ്പുറം അധികമാരും സഹിച്ചിരിക്കാനിടയില്ല. തികച്ചും യാന്ത്രികമായ വാർത്താ വായന. വാർത്ത വായിക്കാൻ ഇവനാര് എന്നാരും ചോദിച്ചു പോകും. നമ്മുടെ നികേഷോ, ഹഷ്്മിയോ, മാതുവോ അഭിലാഷോ വാർത്ത വായിക്കുന്നത് കാണുമ്പോൾ പകരുന്ന അനുഭവം ഒട്ടുമില്ല. ഏതായാലും ഇതേ പരീക്ഷണത്തിന് ചാനലുകാർ ഇനി മിനക്കെടില്ലെന്ന് വിചാരിക്കാം. മലയാളത്തിൽ ഇതാദ്യത്തേതെന്ന് പറയുന്നുണ്ടെങ്കിലും തൊട്ടടുത്ത ദിവസം സുപ്രഭാതം പത്രവും ഒരു നിർമതി ബുദ്ധിയെ ഇതേ പണി ഏൽപിച്ചു. ഇതിലെ എ.ഐ പത്രാധിപർക്കുള്ള കത്തുകളിലേതെന്ന പോലെ കുറെ സാരോപദേശങ്ങളും നൽകി പോകുകയായിരുന്നു. ഇന്ത്യാ ടുഡേയാണ് ഇന്ത്യയിൽ ആദ്യമായി ആറു മാസം മുമ്പ് ഇതു പോലൊരു പരീക്ഷണത്തിന് മുതിർന്നത്. അല്ലെങ്കിലും എ.ഐയെ അങ്ങനെയങ്ങ് നമ്പരുതെന്നാണല്ലോ ഐ.ടി രംഗത്തെ പ്രമുഖർ മുന്നറിയിപ്പ് നൽകുന്നത്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ വൈദ്യുതി പോലെ അപകടം സമ്മാനിക്കാനും ഇതിന് കഴിയുമെന്ന് വിവരമുള്ളവർ പറയുന്നു. ഇറ്റലിയിൽ രണ്ടാഴ്ച മുമ്പ് സംഭവിച്ചത് കണ്ടില്ലേ. മുപ്പത് വയസ്സുള്ള രണ്ടു കുട്ടികളുടെ അച്ഛൻ ചാറ്റ്‌ബോട്ടുമായി വല്ലാതങ്ങ് അടുത്തു. എല്ലാ കാര്യവും തുറന്നു പറഞ്ഞു. നിങ്ങളുടെ ഭാര്യയേക്കാൾ വിശ്വസിക്കാനും ആശ്രയിക്കാനും പറ്റുന്നത് താനാണെന്ന് പെൺവേഷം കെട്ടിയ എ.ഐ ആ സാധുവിനെ വിശ്വസിപ്പിച്ചു. ആഗോള താപനത്തെ കുറിച്ചുള്ള സങ്കടം മുഴുവൻ അതിനോട് പറഞ്ഞു. എളുപ്പം പരിഹാര മാർഗവും ചാറ്റ്‌ബോട്ട് നിർദേശിച്ചു. ഈ ലോകം ഒട്ടും ശരിയില്ല. നമുക്ക് വേഗം സ്വർഗത്തിൽ ഒരുമിക്കാം. ഇതുകേട്ട ഇറ്റലിക്കാരൻ അങ്ങോട്ടെത്താനുള്ള മാർഗം കണ്ടെത്തുകയും ചെയ്തു. ഈ സംഭവത്തിലെ അപകടം തിരിച്ചറിഞ്ഞ സ്വിറ്റ്‌സർലാന്റ് സർക്കാർ ഇത്തരം ഇടപാടുകളെല്ലാം നിരോധിക്കുകയും ചെയ്തു. ഇനി തികച്ചും ലോക്കലായ ഒരു അനുഭവം പറയാം. നമ്മുടെ എല്ലാ യാത്രകളും ഗൂഗിൾ അങ്കിൾ കൃത്യമായി രേഖപ്പെടുത്താറുണ്ടല്ലോ. ഇക്കഴിഞ്ഞ നോമ്പ് ഇരുപതിന് രാത്രി എട്ടിന് കോഴിക്കോട്ട് മാതൃഭൂമി ആസ്ഥാനത്തിനടുത്ത് റോബിൻസൺ റോഡിലെ പ്രശസ്തമായ  തയ്യൽ കടയിലേക്ക് ചെന്നതായിരുന്നു. ഇത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നേരെ എതിർവശത്താണ് ബീഫ് ബിരിയാണിക്ക് പ്രസിദ്ധമായ റഹ്്മത്ത് ഹോട്ടൽ. ബീഫ് മാത്രമല്ല, ബിരിയാണിയുടെ എല്ലാ വെറൈറ്റിയും കിട്ടും. എന്നാൽ റമദാൻ മാസത്തിൽ രാവും പകലും തുറക്കാറില്ല. കാര്യമായ അറ്റകുറ്റപ്പണി നടക്കുകയാണ്. ടെയിലറിംഗ് ഷോപ്പിലെ അസൈൻമെന്റ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ അതാ വരുന്നു ഗൂഗിളിന്റെ ചോദ്യം. എങ്ങനെയുണ്ടായിരുന്നു റഹ്്മത്ത്? പലരും ഇതിന് ഫോർ സ്റ്റാറാണ് നൽകിയിരിക്കുന്നത്. സാൻഫ്രാൻസിസ്‌കോയിലെ സായിപ്പിന്റെ എ.ഐക്ക് അറിയില്ലല്ലോ നോമ്പു കാലത്ത് ഹോട്ടൽ തന്നെ തുറക്കാറില്ലെന്ന്. ഏകദേശം ഇതു പോലെയൊക്കെ തന്നെയാണ് രാഹുൽ ഗാന്ധി ജന്മത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാവില്ലന്ന് എ.ഐ തട്ടിവിടുന്നതും. 
*** *** ***
സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും ട്രോളിനുമെല്ലാം വഴിവെച്ചിരിക്കുകയാണ് നടി നിഖില വിമലിന്റെ കണ്ണൂരിലെ മുസ്്‌ലിം വിവാഹത്തെ കുറിച്ചുള്ള വാക്കുകൾ. കണ്ണൂരിലെ മുസ്്‌ലിം വിവാഹങ്ങളിൽ ഇപ്പോഴും സ്ത്രീകൾ വിവേചനം നേരിടകുയാണെന്നും ഭക്ഷണം നൽകുന്നത് അടുക്കള ഭാഗത്ത് വെച്ചാണെന്നുമാണ് നിഖില വിമൽ തന്റെ പുതിയ ചിത്രം അയൽവാസിയുടെ പ്രചാരണത്തിനോടനുബന്ധിച്ചുള്ള അഭിമുഖത്തിൽ  പറഞ്ഞിരുന്നത്. നടിയുടെ വാക്കുകൾ ശരിവെച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയപ്പോൾ അതുപോലെ തന്നെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ചിലർ നടിയെ സംഘിണി എന്നും വിശേഷിക്കുന്നുമുണ്ട്. ഈ കുട്ടി ഇടതുപക്ഷക്കാരിയാണെന്ന് ഇതിന് മുമ്പ് ടിവി  അഭിമുഖങ്ങളിൽ വ്യക്തമാക്കിയതുമാണ്. 
നടി നിഖില വിമലിന്റെ വാക്കുകൾ ഇങ്ങനെ-
തലേദിവസത്തെ ചോറും മീൻകറിയുമൊക്കെയാണ് നാട്ടിലെ കല്യാണത്തെ കുറിച്ച് പറയുമ്പോൾ ഓർമയിൽ വരിക. കോളേജിൽ പഠിക്കുമ്പോഴാണ് മുസ്്‌ലിം  കുട്ടികളുടെ വിവാഹത്തിന് പോയി തുടങ്ങിയത്. സ്ത്രീകളൊക്കെ അവിടെ അടുക്കള ഭാഗത്തിരുന്നേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. മുമ്പിലാണ് ആണുങ്ങൾക്കുള്ള ഭക്ഷണം. ഇപ്പോഴും അതിന് വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. കല്യാണം കഴിഞ്ഞ് ആണുങ്ങൾ പെണ്ണുങ്ങളുടെ വീട്ടിലാണ് താമസിക്കുക. അവരെ പുതിയാപ്ല എന്നാണ് പറയുന്നത്. അവർ മരിക്കുന്നത് വരെ അവിടെ പുതിയാപ്ലയാണ്. അവർ എപ്പോൾ വന്നു കഴിഞ്ഞാലും ഭയങ്കരമായി സൽക്കരിക്കണം, അവർക്കുള്ള ട്രീറ്റ് കൊടുക്കണം. വയസ്സായി മരിച്ചലും പുതിയാപ്ല മരിച്ചുവെന്നാണ് പറയുക. ഇപ്പറഞ്ഞതിലൊന്നും അതിശയോക്തി ഒട്ടുമില്ല. എങ്കിലും വടക്കേ മലബാറിൽ കല്യാണ മണ്ഡപങ്ങൾ വ്യാപകമായ ശേഷം കാര്യങ്ങൾ മാറിയിട്ടില്ലേ. നിഖിലയുടെ നാടായ തളിപ്പറമ്പിനടുത്താണ് കൺവെൻഷൻ സെന്ററിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത്. തലശ്ശേരി താലൂക്കിന്റെ കിഴക്കൻ മേഖലകളിലും കല്യാണ മണ്ഡപങ്ങൾ വന്നു. ടി.പി ചന്ദ്രശേഖരൻ കൊല ചെയ്യപ്പെട്ട സ്ഥലത്തിന്റെ വിളിപ്പാടകലെ വടകര വള്ളിക്കാടിലേത് പോലെ ഗ്രാന്റായ കല്യാണ മണ്ഡപം കേരളത്തിൽ ഏറെയൊന്നും കാണില്ല. കൺവെൻഷൻ സെന്ററുകൾ ഏറിയപ്പോൾ സംഭവിച്ച സാമൂഹ്യ മാറ്റം ശ്രദ്ധേയമാണ്. വീടുകളിൽ കല്യാണം നടക്കാതെയായി. ഹാളുകളിലേക്ക് ചടങ്ങുകൾ മാറിയതിനൊപ്പം ലിംഗ സമത്വവും വന്നു. ആണുങ്ങളേയും പെണ്ണുങ്ങളേയും വേർതിരിക്കുന്ന കർട്ടനുകൾ നിശ്ശശബ്ദ വിപ്ലവത്തിലൂടെ ഇല്ലാതാവുകയും ചെയ്തു. 
*** *** ***
നീലവെളിച്ചമെന്ന സിനിമയിൽ റിമ കല്ലിങ്കലിനെ കാസ്റ്റ് ചെയ്തത് വീട്ടിലെ ആളായതുകൊണ്ടല്ലെന്നും അതിന് പല കാരണങ്ങളുണ്ടെന്ന് സംവിധായകൻ ആഷിഖ് അബു. വീട്ടിലെ ആളുകളെ കാസ്റ്റ് ചെയ്യുന്ന പണിയല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബിൽ നീലവെളിച്ചം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ഈ തുറന്നു പറച്ചിൽ. തന്റെ വീട്ടിലെ ആളാവുന്നതിനും മുമ്പ് അഭിനേത്രി ആയ വ്യക്തിയാണ് റിമ. ഒരു സൗജന്യത്തിന്റെ പേരിൽ നടന്ന കാസ്റ്റിങ് അല്ല റിമയുടേത്. പണിയറിയാവുന്ന ആളാണവർ. ഓരോ ആളുകളിലേക്കും ഒരു ചലച്ചിത്രകാരൻ എത്താൻ കാരണങ്ങളുണ്ട്. അത്തരത്തിലൊരു കാരണം വളരെ ശക്തമായി റിമയിലുണ്ടെന്നും ആഷിഖ് അബു പറഞ്ഞു. ഈ സിനിമ ആലോചനയിലുണ്ടായിരുന്ന സമയം മുതൽ ഈ യാത്രയുടെ ഭാഗമാകാൻ പറ്റിയത് ഭാഗ്യമാണെന്ന് റിമ കല്ലിങ്കൽ പറഞ്ഞു. അത് എല്ലാ നടീനടന്മാർക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ടു തന്നെ പേടിയും ടെൻഷനും കൂടും, ഒപ്പം റിലീസാവുമ്പോൾ വിഷമവും കൂടും. സിനിമ പ്രേക്ഷകർ സ്വീകരിച്ചില്ലെങ്കിൽ തീർച്ചയായും വിഷമമാവും. ബഷീറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ജീവിതത്തിൽ ഇനിയൊരിക്കലും കിട്ടാത്ത അനുഭവമായിരുന്നുവെന്നും റിമ കൂട്ടിച്ചേർത്തു. 
*** *** ***
മലയാള സിനിമയിൽ ചില നടീ-നടൻമാർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചക്ക് ശേഷം വിളിച്ചു ചേർത്ത പ്രസ് മീറ്റിൽ ആണ് ആരോപണം ഉന്നയിച്ചത്. നടീ-നടൻമാർ ഒരേ സമയം പല സിനിമകൾക്ക് തീയതി കൊടുക്കുന്നുണ്ട്, 'അമ്മ' അംഗീകരിച്ച എഗ്രിമെന്റ് ഒപ്പിടുന്നില്ല. ചില അഭിനേതാക്കൾ എഡിറ്റ് കാണിക്കാൻ ആവശ്യപ്പെടുകയാണ്. ഡബ്ബിംഗ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാൻ ഒരു നടൻ ആവശ്യപ്പെട്ടു.'
ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാൽ മാത്രമേ തുടർന്ന് അഭിനയിക്കുകയുള്ളൂ എന്നാണ് പറഞ്ഞത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എടുക്കുന്ന ഏത് തീരുമാനത്തോടും ഒപ്പം നിൽക്കാനാണ് നിലപാട്. ഇത്തരം പ്രശ്നങ്ങൾ നിരന്തരം സൃഷ്ടിക്കുന്നവരോട് തങ്ങളുടെ അവകാശങ്ങൾ ബലികഴിക്കാൻ സമ്മതമല്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങൾക്കൊപ്പം ഫെഫ്ക്ക നിൽക്കും. നിർമാതാക്കളുടെ സംഘടനക്ക് പരാതി കിട്ടിയിട്ടുണ്ട്' എന്നാണ് ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയത്. ഉദയനാണ് താരം സിനിമയിലൂടെ ശ്രീനിവാസൻ പറഞ്ഞുവെച്ച രോഗങ്ങൾ ഇപ്പോഴുമുണ്ടെന്നർഥം. 
*** *** ***
ട്വിറ്ററിനെ കൃത്യമായ വിവരങ്ങളുടെ ഉറവിടമാക്കുമെന്ന് വാഗ്ദാനം ചെയ്ത ഇലോൺ മസ്‌ക് തന്നെ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത് നിരവധി തെറ്റായ വിവരങ്ങൾ. സൈബർ ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ ചില തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കാൻ അദ്ദേഹം സ്വന്തം അക്കൗണ്ട് ആവർത്തിച്ച് ഉപയോഗിച്ചു എന്നാണ് എഎഫ്പി നടത്തിയ വിശകലനത്തിൽ വ്യക്തമായത്. ഉക്രൈനിലെ റഷ്യൻ അധിനിവേശം മുതൽ യുഎസ് കോൺഗ്രസ് അംഗം നാൻസി പെലോസിയുടെ ഭർത്താവിനെതിരായ ആക്രമണം വരെയുള്ള വിഷയങ്ങളിൽ തെറ്റായ വിവരങ്ങളാണ് മസ്‌ക് പങ്ക് വെച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ. കോവിഡ് വ്യാപനവും അതുമായി ബന്ധപ്പെട്ട മരണങ്ങളെ കുറിച്ചും തെറ്റായ വിവരങ്ങൾ കഴിഞ്ഞ ആഴ്ച മസ്‌ക് പങ്ക് വെച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്.  ആറ് മാസങ്ങൾക്ക് മുമ്പാണ്  മസ്‌ക് 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങുന്നത്. ഇക്കാലയളവിൽ തെറ്റായ വിവരങ്ങൾ തന്റെ അക്കൗണ്ടിലൂടെ 40 തവണയെങ്കിലും മസ്‌ക് പങ്ക് വെച്ചിട്ടുണ്ടെന്നാണ്  കണ്ടെത്തൽ. 
അമേരിക്കയിലെ ക്യാപിറ്റോൾ കലാപത്തിൽ ഒരു കലാപകാരിക്ക് പോലീസ് അകമ്പടി സേവിച്ചു എന്ന് സിഎൻഎൻ വാർത്ത എന്ന പേരിൽ വ്യാജമായി നിർമിച്ച റിപ്പോർട്ട് അദ്ദേഹം പങ്കുവെച്ചിരുന്നു. ഉക്രൈനിൽ എൽജിബിടിക്യൂ വിഭാഗക്കാർക്ക് നേരെ അതിക്രമം നടക്കുന്നു എന്ന് പറഞ്ഞ് മരണ സംഖ്യയുടെ വ്യാജ കണക്കും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.  കൃത്യമായ പരിശോധനകളില്ലാതെ ഇത്തരം വാർത്തകൾ പങ്കുവെക്കുന്ന മസ്‌കിന്റെ പ്രവർത്തനം ആശങ്കാജനകമാണ് എന്നാണ് അധികൃതർ പറയുന്നത്. ഏകദേശം 135 ദശലക്ഷം ഫോളോവേഴ്സ് ആണ് മസ്‌കിനുള്ളത്. അതിനാൽ തന്നെ അദ്ദേഹം പങ്കുവെക്കുന്ന ഏതൊരു ട്വീറ്റും ഇത്രയും ആളുകളിലേക്ക് എത്തും. തെറ്റായ വിവരങ്ങൾ ആളുകളിലേക്ക് എത്തുന്നത് ദോഷം ചെയ്യും എന്നാണ് ഡാർട്ട്മൗത്ത് കോളേജ് പ്രൊഫസർ ബ്രെൻഡൻ നൈഹാൻ പറയുന്നത്.

Latest News