Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചിക്കാരൻ ക്ലിഫിൻ  ലോകകപ്പ് കാണാൻ സൈക്കിളിൽ

മോസ്‌കോ- ആദ്യം വിമാനം, പിന്നെ ഫെറി, അതുകഴിഞ്ഞ് സൈക്കിൾ... ലോകകപ്പ് കാണാൻ ക്ലിഫിൻ ഫ്രാൻസിസ് കൊച്ചിയിൽനിന്ന് മോസ്‌കോയിലേക്ക് യാത്ര ചെയ്യുന്നത് അതീവ സാഹസികമായാണ്. ഒരു പക്ഷേ ഈ ലോകകപ്പിൽ മറ്റൊരു ഇന്ത്യക്കാരനും ഏറ്റെടുക്കാത്ത സാഹസം.
മാത്തമാറ്റിക്‌സിൽ പ്രൈവറ്റ് ട്യൂഷൻ അധ്യാപകനായ ക്ലിഫിൻ ലോകകപ്പ് കാണാൻ റഷ്യയിലേക്ക് പോകാൻ തീരുമാനിച്ചത് ഒരു സുഹൃത്തിന്റെ ചോദ്യത്തെത്തുടർന്നാണ്. 'റഷ്യയിൽ പോകുന്നുണ്ടോ' എന്ന് കൂട്ടുകാരൻ ചോദിച്ചപ്പോൾ 'തീർച്ചയായും' എന്നായിരുന്നു മറുപടി. ലോകകപ്പ് കാണുന്നതിനേക്കാൾ തന്റെ പ്രിയ താരം ലിയോ മെസ്സിയെ നേരിൽ കാണാൻ അവസരം എന്നായിരുന്നു അപ്പോഴത്തെ ചിന്ത. എന്നാൽ യാത്രക്കൊരുങ്ങിയപ്പോഴാണ് അതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് അറിഞ്ഞത്. പ്രധാനമായും പണം തന്നെ പ്രശ്‌നം. വിമാന ടിക്കറ്റിന് വലിയ തുകയാവും. അങ്ങനെ സൈക്കിളിൽ റഷ്യയിലേക്ക് പോകാൻ തീരുമാനിച്ചു.
അപ്പോഴും പ്രശ്‌നം. പാക്കിസ്ഥാൻ വഴി പോകാനുള്ള ആദ്യ പരിപാടി അതിർത്തിയിലെ സംഘർഷം കണക്കിലെടുത്ത് വേണ്ടെന്നുവെച്ചു. പിന്നീട് ദുബായ് വരെ വിമാനത്തിൽ, അവിടെനിന്ന് ഫെറിയിൽ ഇറാനിലേക്ക്. അവിടെനിന്ന് 4200 കിലോമീറ്റർ റഷ്യൻ തലസ്ഥാനത്തേക്ക് സൈക്കിളിൽ. 'ഫുട്‌ബോളും സൈക്കിളിംഗും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. അതുകൊണ്ടും രണ്ടും ഒരുമിച്ച് ചേർക്കാമെന്ന് തീരുമാനിച്ചു' -ക്ലിഫിൻ പറയുന്നു.
പക്ഷേ വിചാരിച്ചതു പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. തന്റെ സൈക്കിൾ വിമാനത്തിൽ ദുബായിലേക്ക് കൊണ്ടുപോവുക അത്ര എളുപ്പമല്ലാത്തതിനാൽ ദുബായിലെത്തി ഒരു സൈക്കിൾ വാങ്ങാൻ തീരുമാനിച്ചു. അതിനു പക്ഷേ അമ്പതിനായിരം രൂപയിലേറേ വേണ്ടിവന്നു. ദീർഘദൂര യാത്രക്ക് ഇതിലും മുന്തിയതാണ് പലരും ഉപയോഗിക്കുന്നത്. 
ദുബായിൽനിന്ന് ഫെറിയിൽ ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തെത്തിയത് മാർച്ച് 11 നാണ്. പിന്നീട് സൈക്കിൾ സവാരി തുടങ്ങി. ലോകകപ്പ് കാണുക എന്നതിലുപരി നാടു കാണുക എന്നതുകൂടിയായി ആ യാത്ര. 45 ദിവസമാണ് ക്ലിഫിൻ ഇറാന്റെ നഗങ്ങളും ഗ്രാമങ്ങളും ചുറ്റിയത്. പക്ഷേ രണ്ട് ദിവസം മാത്രമേ ഹോട്ടലിൽ കഴിയേണ്ടിവന്നുള്ളു. ചെല്ലുന്നിടത്തെല്ലാം നാട്ടുകാർ നല്ല സ്വീകരണമാണ് ഇന്ത്യയിൽനിന്നുള്ള ഈ സാഹസികന് നൽകിയത്. ഗ്രാമീണർ വീട്ടിലേക്ക് വിളിച്ചു, ഭക്ഷണം നൽകി. രാത്രി ആ വീടുകളിൽ ഉറങ്ങി. ദിവസം പത്ത് ഡോളറിൽ (675 രൂപ) കൂടുതൽ ക്ലിഫിന് ഇറാനിൽ ചെലവു വന്നില്ല. ഇന്ത്യക്കാരെയും ബോളിവുഡ് സിനിമകളെയും ഇഷ്ടപ്പെടുന്നവരാണ് ഇറാൻകാർ. ആ ഇഷ്ടം അവരുടെ ആതിഥ്യത്തിലും പ്രകടമായി. 
ഇറാനിൽനിന്ന് നേരെ അസർബൈജാൻ അതിർത്തിയിലാണെത്തിയത്. അവിടെ പക്ഷേ ഒരു പ്രശ്‌നമുണ്ടായി. ഒന്നര മാസത്തെ സൈക്കിൾ സവാരിയിലൂടെ ക്ലിഫിൻ ആകെ മെലിഞ്ഞു. 
പാസ്‌പോർട്ടിലെ ഫോട്ടോയും, നേരിട്ട് കാണുമ്പോഴും തമ്മിൽ നല്ല വ്യത്യാസം. അതോടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സംശയമായി. തന്റെ യാത്രാരേഖകളും മറ്റും സൂക്ഷ്മമായി പരിശോധിച്ചു. പരിശോധന എട്ട് മണിക്കൂർ നീണ്ടെങ്കിലും ഒടുവിൽ പ്രവേശനാനുമതി കിട്ടി. പോലീസുകാർ മാന്യമായാണ് പെരുമാറിയതും.
അസർബൈജാനിൽ ജനങ്ങൾ അപരിചിതത്വത്തോടെയാണ് ആദ്യം സമീപിച്ചത്. ഹോട്ടലുകൾക്ക് പകരം പാർക്കുകളിൽ ടെന്റ് കെട്ടിയായിരുന്നു ക്ലിഫിന്റെ താമസം. തലസ്ഥാനമായ ബക്കുവിലെ താമസക്കാരായ ചില ഇന്ത്യക്കാരുടെ വീടുകളിലും കുറേ സമയം കഴിഞ്ഞു.
യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളി ജോർജിയയുടെ അതിർത്തിയിലെത്തിയപ്പോഴാണ്. ജോർജിയൻ അധികൃതർ പ്രവേശനാനുമതി നിഷേധിച്ചതോടെ പരിപാടികളെല്ലാം അവതാളത്തിലായി. അസർബൈജാനിലേക്ക് സിംഗിൾ എൻട്രി വിസ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതിനാൽ തിരികെ പോകാനാവാത്ത അവസ്ഥ. ഒരു ദിവസം ജോർജിയക്കും അസർബൈജാനുമിടയിൽ നോമാൻസ് ലാൻഡിൽ കുടുങ്ങി. അസർബൈജാനിൽനിന്ന് അർജന്റ് വിസ കിട്ടിയതോടെ അടുത്ത ദിവസം അസർബൈജാനിൽ തിരികെ പ്രവേശിച്ചു. പക്ഷേ യാത്രാ പരിപാടികൾ ആകെ മാറി. അസർബൈജാനിൽനിന്ന് നേരിട്ട് റഷ്യയിൽ പ്രവേശിക്കാൻ ദാഗിസ്ഥാൻ വഴി റോഡുണ്ടെന്ന് വിവരം കിട്ടിയതോടെ അതിന് തയാറെടുത്തു. അതിലെ അപകടമൊന്നും മനസ്സിലാക്കാതെയായിരുന്നു ആ തീരുമാനം. വേറെ മാർഗവുമില്ലായിരുന്നുവെന്ന് ക്ലിഫിൻ പറഞ്ഞു.
അങ്ങനെ ജൂൺ അഞ്ചിന് റഷ്യൻ അതിർത്തിക്കുള്ളിലെ ദാഗിസ്ഥാനിൽ പ്രവേശിച്ചു.
ഭാഷയായിരുന്നു അവിടെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ദാഗിസ്ഥാനിൽ ആർക്കും ഇംഗ്ലീഷ് അറിയില്ല. ഇന്ത്യയിൽനിന്നുള്ള സൈക്കിൾ സവാരിക്കാരനെ അമ്പരപ്പോടെയാണ് ആളുകൾ നോക്കിയത്. ഏതായാലും ഫുട്‌ബോളും ബോളിവുഡ് സിനിമകളും അവിടെയും ക്ലിഫിന്റെ സഹായത്തിനെത്തി. 
മോസ്‌കോ ലക്ഷ്യമായി സൈക്കിൾ ചവിട്ടിക്കൊണ്ടിരിക്കുന്ന ക്ലിഫിൻ കഴിഞ്ഞ ദിവസം ടാംബോവ് എന്ന പട്ടണത്തിലായിരുന്നു. 
റഷ്യൻ തലസ്ഥാനത്തേക്ക് അവിടെനിന്ന് 460 കിലോമീറ്റർ കൂടിയുണ്ട്. ഈ മാസം 26നുമുമ്പ് മോസ്‌കോയിലെത്തുകയും വേണം. അന്ന് ഫ്രാൻസും ഡെൻമാർക്കും തമ്മിൽ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് മാത്രമേ ക്ലിഫിന് ഇതുവരെ വാങ്ങാൻ കഴിഞ്ഞിട്ടുള്ളു. മോസ്‌കോയിലെത്തിയിട്ടു വേണം അർജന്റീനയുടെ കളി കാണാനുള്ള ടിക്കറ്റു വാങ്ങാൻ. 

(ബി.ബി.സിക്കു വേണ്ടി വികാസ് പാണ്ഡേയുടെ റിപ്പോർട്ടിൽനിന്ന്).
 

Latest News