ഖത്തര്‍ ഈദാഘോഷത്തിന്റ നിറവില്‍; ആഹ്ലാദത്തോടെ സ്വദേശികളും വിദേശികളും

ദോഹ- ഖത്തറില്‍ സ്വദേശികളും വിദേശികളും സമുചിതമായി ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ച 590 പള്ളികളിലും ഈദ് ഗാഹുകളിലും ആയിരക്കണക്കിനാളുകളാണ് പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തത്. പുതുപുത്തന്‍ വസ്ത്രങ്ങളണിഞ്ഞും തക്ബീര്‍ ധ്വനികള്‍ മുഴക്കിയും ആവേശത്തോടെ ഒഴുകിയെത്തിയ ജനസമൂഹം രാവിലെ 5.21 നാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലുസൈല്‍ ഈദ് ഗാഹില്‍ പൗരന്മാരോടൊപ്പം ഈദ് അല്‍ ഫിത്വര്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു.

അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ഷെയ്ഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ഥാനി, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനം, മന്ത്രിമാര്‍, ശൈഖുമാര്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, രാജ്യത്തെ വിവിധ രാജ്യങ്ങളുടെ ര അംബാസഡര്‍മാര്‍ തുടങ്ങി നിരവധി പേര്‍ അമീറിനൊപ്പം ലുസൈല്‍ ഈദ് ഗാഹില്‍ പങ്കെടുത്തു.
കാസേഷന്‍ കോടതിയിലെ ജഡ്ജിയും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. തഖീല്‍ സയര്‍ അല്‍ ഷമ്മാരി ഈദ് പ്രഭാഷണം നടത്തി. നോമ്പിന്റെ ചൈതന്യം ജീവിതത്തിന് വെളിച്ചമാകണമെന്നും സമൂഹത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കണമെന്നും പ്രഭാഷണത്തില്‍ അദ്ദേഹം എടുത്തുപറഞ്ഞു.
ഈദിനോടനുബന്ധിച്ച് ഖത്തര്‍ ടൂറിസത്തിന്റെ ആഭിമുഖ്യത്തില്‍ വെടിക്കെട്ടുകള്‍, സാംസ്‌കാരിക പരിപാടികള്‍, സംഗീത സന്ധ്യ തുടങ്ങി വൈവിധ്യമാര്‍ന്ന വിനോദ പരിപാടികള്‍ ഇന്ന് വൈകുന്നേരംമുതല്‍നടക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News