Sorry, you need to enable JavaScript to visit this website.

അതൊന്നും നടത്തുന്നത് മുസ്ലിംകളല്ല, അതുകൊണ്ട് വിവാദമില്ല

ആണുങ്ങളെ മാത്രം സംഘടിപ്പിച്ച് പന്തു കളി സംഘടിപ്പിക്കുക. അതിന് ഫിഫ വേള്‍ഡ് കപ്പ്  എന്ന് പേരിടുക. അതിന്റെ ആരവങ്ങളെല്ലാമടങ്ങിക്കഴിയുമ്പോള്‍ ഫിഫ വിമന്‍സ് കപ്പ് എന്ന പേരില്‍ ആരുമറിയാതെ മറ്റൊരു മേള സംഘടിപ്പിക്കുക. നമ്മളാരും ഇതെക്കുറിച്ച് ഒന്നും പറയില്ല. അര്‍ജന്റൈന്‍ കളിക്കാരിലാരെങ്കിലും ചെ ഗുവേരയെ പച്ചകുത്തിയിട്ടുണ്ടെങ്കില്‍ അതെക്കുറിച്ചെഴുതുന്നത് മാത്രമാണ് ഫിഫ കപ്പുമായി ബന്ധപ്പെട്ട ഞങ്ങളുടെ സാംസ്‌കാരിക പഠനം. ആണുങ്ങളുടെ കപ്പ് വേള്‍ഡിന്റെ കപ്പാവുന്നതില്‍ ഞങ്ങള്‍ സ്ത്രീ വിവേചനം കാണുന്നേയില്ല. അതുമായി ബന്ധപ്പെട്ട പൊളിറ്റിക്കല്‍, ജന്‍ഡര്‍ ക്വസ്റ്റ്യന്‍സ് ഞങ്ങള്‍ ചോദിക്കില്ല.
കാരണം, അത് മുസ്ലിംകള്‍ സംഘടിപ്പിക്കുന്നതല്ല.
 സര്‍ക്കാര്‍ നടത്തുന്ന കോളെജുകളിലും സര്‍ക്കാര്‍ സഹായത്താല്‍ നടത്തുന്ന കോളെജുകളിലും ബോയ്‌സ് ഹോസ്റ്റലുകളും ഗേള്‍സ് ഹോസ്റ്റലുകളുമുണ്ട്. അതിലെന്ത് സ്ത്രീ വിവേചനം? നമുക്ക് ഹോസ്റ്റല്‍ മുറ്റത്തെ ഗുല്‍മോഹറുകളെ കുറിച്ച് കവിതയെഴുതിയാല്‍ പോരേ?
കാരണം, ആ ഹോസ്റ്റലുകളൊന്നും മുസ്ലിംകള്‍ നടത്തുന്നതല്ല.
 സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നഗരങ്ങളില്ലാകെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകളുണ്ട്. ഇതെന്ത് കൂത്ത്; ആ പെണ്ണുങ്ങള്‍ക്കൊക്കെ വര്‍ക്കിംഗ് മെന്റെ കൂടെ താമസിച്ചാല്‍ പോരേ എന്ന് ഞങ്ങള്‍ ചോദിക്കില്ല.
കാരണം, ആ ഹോസ്റ്റലുകള്‍ നടത്തുന്നത് മുസ്ലിംകളല്ല.
പക്ഷേ, മുസ്ലിംകളുടെ കല്യാണപ്പന്തലില്‍ ആണുങ്ങളും പെണ്ണുങ്ങളും വേറെ വേറെയിരുന്ന് ഭക്ഷണം കഴിച്ചാല്‍ ഞങ്ങള്‍ക്ക് വിപ്ലവം നടത്താതിരിക്കാന്‍ പറ്റില്ല.
 
CE 595ലാണ് മുഹമ്മദ് എന്ന 25കാരനായ യുവാവ് ഖദീജ എന്ന 40കാരി വിധവയെ വിവാഹം കഴിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രണയ ജീവിതങ്ങളിലൊന്നായിരുന്നു അത്. ആ യുവാവ് 40ാം വയസിലെത്തുമ്പോള്‍ പ്രവാചകനാവുന്നു. ഇസ്ലാമിലെ അന്ത്യ പ്രവാചകന്‍.
CE 1934ലാണ് ചരിത്രത്തിലാദ്യമായി നമ്പൂതിരി സമുദായത്തില്‍ ഒരു വിധവാ വിവാഹം നടക്കുന്നത്; യോഗക്ഷേമസഭയുടെ നേതൃത്വത്തില്‍. അത് അവര്‍ക്ക് എന്തോ വലിയ വിപ്ലവമായിരുന്നു. (വിധവയെ വിവാഹം കഴിച്ച മുഹമ്മദിനെ 14 നൂറ്റാണ്ട് മുമ്പ് മുമ്പ് മുസ്ലിംകള്‍ പ്രവാചകനായി സ്വീകരിക്കുകയായിരുന്നുവെങ്കില്‍ 1934 ല്‍ വിധവയെ വിവാഹം കഴിച്ച എം.ആര്‍.ബിക്ക് അദ്ദേഹത്തിന്റെ സമുദായം ഭ്രഷ്ട് കല്‍പിക്കുകയായിരുന്നു!).
ആ പ്രവര്‍ത്തനത്തിലൂടെയൊക്കെ കടന്നുവന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് എന്ന ചെറുപ്പക്കാരനാണ് കേരളത്തില്‍ മാര്‍ക്‌സിസം പ്രചരിപ്പിക്കുന്നത്. യോഗക്ഷേമസഭയുടെ കുഞ്ഞു ലോകത്തെ കുഞ്ഞു വിപ്ലവങ്ങളാണ് ലോകത്തെ മഹാ കാര്യങ്ങളെന്ന് കരുതുന്നയാളായിരുന്നു അദ്ദേഹം. തന്റെ സമുദായം പോലെയാണ് ബാക്കി എല്ലാ സമുദായങ്ങളും എന്നായിരുന്നു അദ്ദേഹം വിചാരിച്ചിരുന്നത്. അതിനാല്‍ തന്റെ സമുദായത്തില്‍ നടന്ന, താന്‍ വലിയ വിപ്ലവമെന്ന് വിചാരിക്കുന്ന കാര്യങ്ങള്‍ മറ്റ് സമുദായങ്ങളിലും നടക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. നമ്പൂതിരി സമുദായത്തിന്റെ ശക്തികളും ദൗര്‍ബല്യങ്ങളും മാത്രമായിരുന്നു അദ്ദേഹത്തിന്റെ കയ്യിലുള്ള ഏക സ്‌കെയില്‍. ആ സ്‌കെയില്‍ വെച്ചാണ് അദ്ദേഹം ലോകത്തെ അളന്നത്. ആ മനസുമായി അദ്ദേഹം എന്തെല്ലാമോ എഴുതി കൂട്ടി. ആ എഴുത്തുകള്‍ നമ്പൂതിരിപ്പാടിന്റെ ഭാവനകള്‍ (മാത്രം) പേറി നടക്കുന്നവര്‍ക്ക് വലിയ കള്‍ചറല്‍ ക്യാപിറ്റലായി തോന്നി. റഷ്യയില്‍ സ്ലാവ് മാര്‍ക്‌സിസം വളര്‍ന്നു വന്നത് പോലെ, ചൈനയില്‍ ഹാന്‍ മാര്‍ക്‌സിസം പോലെ, കേരളത്തില്‍ ഒരു നമ്പൂതിരി മാര്‍ക്‌സിസം ഉയര്‍ന്ന് വരികയായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത്, ജനാധിപത്യ മഹിളാ അസോസിയേഷന്‍, ബാലസംഘം തുടങ്ങിയ സംവിധാനങ്ങള്‍ ഈ നമ്പൂതിരിമാര്‍ക്‌സിസത്തിന്റെ സാംസ്‌കാരിക വിനിമയ വേദികളായി. അവര്‍ വിളമ്പിയ സാംസ്‌കാരിക സദ്യ ആഹരിച്ചു വളര്‍ന്നവരാണ് ഇന്ന് യുക്തിവാദികള്‍, നവനാസ്തികര്‍, പുരോഗമനവാദികള്‍, ഇടതു ലിബറലുകള്‍ തുടങ്ങിയ പല തൂലികാ നാമങ്ങളില്‍ അറിയപ്പെടുന്നത്. ഇന്നലെയുയര്‍ന്ന് വന്ന പല ഓണ്‍ലൈന്‍ മാധ്യമങ്ങളും നമ്പൂതിരിപ്പാടിന്റെ അതേ ലോക ബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു ഡിഗ്‌നിഫൈഡ് ചിന്താ ജെറോം എന്നതാണ് അവരുടെ വൈജ്ഞാനികതയുടെ പരമാവധി.
ഞങ്ങളുടെ അടുക്കള പോലെയാണ് നിങ്ങളുടെയും അടുക്കള, ഞങ്ങളുടെ കൂട്ടത്തിലെ വിധവകള്‍ പോലെയാണ് നിങ്ങളുടെയും വിധവകള്‍, ഞങ്ങളുടെ എച്ചില്‍ പോലെയാണ് നിങ്ങളുടെ ഭക്ഷണം എന്നൊക്കെയാണ് അവര്‍ വിചാരിക്കുന്നത്. വിവാഹ മോചിതയായ മുസ്ലിം സ്ത്രീ, ജീവിതകാലം മുഴുവന്‍ മുന്‍ ഭര്‍ത്താവിന്റെ ചെലവില്‍ വൈധവ്യം പേറി ജീവിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ബോള്‍ഷെവിക് വിപ്ലവം കണക്കെ കൊണ്ടാടാനുള്ള നമ്പൂതിരിപ്പാടിന്റെ നീക്കമാണ് എണ്‍പതുകളിലെ ശരീഅത്ത് വിവാദത്തിന്റെ ഹേതു.  മുസ്ലിംകളെ പൈശാചികവത്കരിക്കുന്ന ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ സാംസ്‌കാരിക പദ്ധതിയായിരുന്നു അത്. മുസ്ലിമിനെ നമ്പൂതിരിയാക്കാന്‍ നടത്തിയ ശ്രമം. അതെന്തോ മഹത്തായ പുരോഗമന വിപ്ലവമായിരുന്നുവെന്ന് വിചാരിക്കുന്ന സാധുക്കളാണ് ഇന്ന് മുസ്ലിം സ്ത്രീകളുടെ ഇരിപ്പിടം നിശ്ചയിക്കുന്നത്.
യോഗക്ഷേമ സഭക്കാര്‍ നമ്പൂതിരി സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കൊണ്ടുവരുന്നതിന് കാലങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെ അറക്കല്‍ ബീവിമാര്‍ ഭരണാധികാരികളായി ഉണ്ടായിരുന്നുവെന്ന്, നമ്പൂതിരി മാര്‍ക്‌സിസ്റ്റുകള്‍ കൂലിയെക്കുറിച്ച് സംസാരിക്കുന്നതിന് എത്രയോ മുമ്പ് കാളയുടെ മുതുകില്‍ നിന്ന് നുകം എടുക്കുമ്പോള്‍ തന്നെ കൂലി ചോദിച്ചിരിക്കണം എന്ന് പഠിപ്പിച്ച മമ്പുറം തങ്ങള്‍ ഉണ്ടായിരുന്നുവെന്ന്, സാര്‍വദേശീയ ഗാനം നിങ്ങള്‍ പാഠിത്തുടങ്ങുന്നതിന് മുമ്പ് ഫ്രഞ്ചുകാരുമായി നയതന്ത്ര / സാംസ്‌കാരിക വിനിമയങ്ങള്‍ നടത്തിയിരുന്ന ടിപ്പു സുല്‍ത്താന്‍ ഇവിടെ സമുദായ രൂപീകരണം നടത്തിയിരുന്നുവെന്ന് ഒക്കെ അറിയുന്നത് നല്ലതാണ്. ഇരിപ്പിട വിപ്ലവത്തിനിറങ്ങുമ്പോള്‍ അതെല്ലാം ഉപകാരപ്പെടും.

പഴയ നമ്പൂതിരി ട്രൗസര്‍ പിന്നെയും വലിച്ചു കേറ്റി വള്ളി മുറുക്കുന്നതാണ് മാധ്യമ / സാംസ്‌കാരിക പ്രവര്‍ത്തനം എന്ന് ഞാന്‍ ഏതായാലും കരുതുന്നില്ല.
ഈദ് മുബാറക്

 

Latest News