Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇത് തലതിരിഞ്ഞ ലോകകപ്പ്

ഇത് അക്ഷരാര്‍ഥത്തില്‍ തലതിരിഞ്ഞ ലോകകപ്പാണ്. 32 ടീമുകളും ഒരു മത്സരമെങ്കിലും കളിച്ചു കഴിഞ്ഞപ്പോഴുള്ള അവസ്ഥ അതാണ്. ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീം റഷ്യയാണ്. ഏറ്റവും വലിയ വിജയം അവരുടേതാണ്, സൗദി അറേബ്യക്കെതിരെ 5 0. ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ടീമും നിലവിലെ ചാമ്പ്യന്മാരും ജര്‍മനിയാണ്, ആദ്യ മത്സരത്തില്‍ ജര്‍മനി തോറ്റു. ഫിഫയുടെ ആദ്യ പത്ത് റാങ്കുകാരില്‍ ജയിച്ചത് രണ്ട് ടീം മാത്രം, ബെല്‍ജിയവും ഫ്രാന്‍സും. ആദ്യ പത്തില്‍ ജര്‍മനിക്കു പുറമെ പോളണ്ടും പരാജയപ്പെട്ടു. റഷ്യക്കു പുറമെ ഇറാന്‍, സെനഗല്‍, സെര്‍ബിയ, ജപ്പാന്‍ ടീമുകള്‍ വിജയം നേടി.
 
മികച്ച ഗോള്‍

പോര്‍ചുഗലിനെതിരെ സ്‌പെയിനിന്റെ നാചൊ ഫെര്‍ണാണ്ടസ് നേടിയ ഗോളാണ് ആദ്യ റൗണ്ടിലെ ഏറ്റവും മികച്ചതായി വിലയിരുത്തപ്പെടുന്നത്. കൗതുകമെന്നു പറയാം, ഡാനി കര്‍വഹാലിന് പരിക്കേറ്റതിനാല്‍ മാത്രമാണ് നാചൊ പ്ലേയിംഗ് ഇലവനിലെത്തിയത്. സ്‌പെയിനിനെതിരെ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ ഫ്രീകിക്ക്, സ്വിറ്റ്‌സര്‍ലന്റിനെതിരെ ബ്രസീലിന്റെ ഫെലിപ്പെ കൗടിഞ്ഞോയുടെ ലോംഗ്‌റെയ്ഞ്ചര്‍, പാനമക്കെതിരെ ബെല്‍ജിയത്തിന്റെ ഡ്രൈസ് മെര്‍ടന്‍സ് ഉയര്‍ത്തിയടിച്ച ബോള്‍, കോസ്റ്ററീക്കക്കെതിരെ സെര്‍ബിയയുടെ അലക്‌സാണ്ടര്‍ കൊളറോവിന്റെ ഫ്രീകിക്ക്, ഐസ്്‌ലന്റിനെതിരെ അര്‍ജന്റീനയുടെ സെര്‍ജിയൊ അഗ്വിരോയും പോര്‍ചുഗലിനെതിരെ സ്‌പെയിനിന്റെ ഡിയേഗൊ കോസ്റ്റയും വെട്ടിത്തിരിഞ്ഞ് നേടിയ ഷോട്ടുകള്‍ എന്നിവയാണ് ആദ്യ മത്സരങ്ങളിലെ മറ്റു മികച്ച ഗോളുകള്‍. മികച്ച ഗോള്‍കീപ്പിംഗ് പ്രകടനം മെക്‌സിക്കോയുടെ ഗ്വിയര്‍മൊ ഒചോവയുടേതാണ്. ടോണി ക്രൂസിന്റെ ഫ്രീകിക്ക് ഒചോവ പറന്നു തടുത്തതാണ് മികച്ച സെയ്‌വ്. മോശം ഗോള്‍കീപ്പിംഗ് സ്‌പെയിനിന്റെ ഡേവിഡ് ഡി ഗിയയുടേതായി. ക്രിസ്റ്റിയാനൊ നേടിയ രണ്ടാം ഗോള്‍ ഡി ഗിയ സമ്മാനിച്ചതാണ്.
 
യൂറോപ്യന്‍ ആധിപത്യം
രണ്ട് യൂറോപ്യന്‍ ടീമുകള്‍ മാത്രമാണ് തോറ്റത്, ജര്‍മനിയും പോളണ്ടും. ഏഷ്യയില്‍ നിന്ന് രണ്ട് ടീമുകള്‍ ജയിച്ചു, ജപ്പാനും ഇറാനും. ലാറ്റിനമേരിക്കയാണ് മോശം, ജയിച്ചത് ഉറുഗ്വായ് മാത്രം. കൊളംബിയയും പെറുവും തോറ്റു. ബ്രസീലും അര്‍ജന്റീനയും സമനില വഴങ്ങി.
 
സോറസ് സീറോ
ക്രിസ്റ്റിയാനൊ ഒഴികെ സൂപ്പര്‍താരങ്ങളെല്ലാം മങ്ങി. ലിയണല്‍ മെസ്സി പെനാല്‍ട്ടി പാഴാക്കി, നെയ്മാറിന് മാജിക് പുറത്തെടുക്കാനായില്ല, കീലിയന്‍ എംബാപ്പെയും ആന്റോയ്ന്‍ ഗ്രീസ്മാനും സ്‌കോറിംഗ് ബൂട്ടുകള്‍ മറന്നു വെച്ചു. ഏറ്റവും മോശമായത് ഉറുഗ്വായുടെ ലൂയിസ് സോറസാണ്. റഹീം സ്‌റ്റെര്‍ലിംഗും മുഹമ്മദ് സലാഹും തുറന്ന അവസരങ്ങള്‍ പാഴാക്കി.
 
സെല്‍ഫ് ഗോളുകള്‍
ഈജിപ്തിന്റെ രണ്ടാം മത്സരം കൂടി പരിഗണിച്ചാല്‍ ലോകകപ്പില്‍ ഇതുവരെ അഞ്ച് സെല്‍ഫ് ഗോളായി. 1998 ലെ ലോകകപ്പില്‍ സൃഷ്ടിക്കപ്പെട്ട ആറ് സെല്‍ഫ് ഗോളിന്റെ റെക്കോര്‍ഡ് മിക്കവാറും തകരും. കാരണം 47 മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്. മൊറോക്കൊ, ഓസ്‌ട്രേലിയ, നൈജീരിയ, പോളണ്ട്, ഈജിപ്ത് ടീമുകളാണ് സ്വന്തം വലയിലേക്ക് പന്തടിച്ചത്. മൂന്ന് സെല്‍ഫ് ഗോളുകള്‍ കളിയുടെ വിധിയെഴുതി. ഇറാനെതിരെ മൊറോക്കോയുടെ അസീസ് ബൂഹദൂസ് സ്വന്തം വലയിലേക്ക് പന്ത് തിരിച്ചുവിട്ടത് ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ്. അവസാന വിസിലിന് സെക്കന്റുകള്‍ മുമ്പ്.
 
കാര്‍ഡിന് ക്ഷാമം
2014 ലെ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ഒമ്പത് കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു. ഇത്തവണ ആദ്യ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു കളിക്കാരന്‍ മാത്രമാണ് ചുവപ്പ് കണ്ടത്. കൊളംബിയയുടെ കാര്‍ലോസ് സാഞ്ചസ്.

Latest News