Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദാസ്യവേല പോലീസിൽ മാത്രമോ? നിങ്ങൾക്ക് പ്രതികരിക്കാം

പോലീസുകാരനെ ദാസ്യവൃത്തിക്ക് നിയോഗിച്ച പോലീസ് മേധാവിക്കെതിരെ നടപടിയെടുത്തതു അഭിനന്ദനാർഹമാണ്. അതേസമയം ഇതിനെക്കുറിച്ച് അറിയാമായിരുന്ന പോലീസ് അസോസിയേഷൻകാർ ഇത്രയും കാലം എന്തുകൊണ്ട് ഇതുന്നയിച്ചില്ല എന്ന ചോദ്യം അവശേഷിക്കുന്നു. 2000 പോലീസുകാർ ദാസ്യവൃത്തി ചെയ്യുന്നു എന്നു അച്ച് നിരത്തുന്ന മാധ്യമങ്ങളുടെ കണക്കൊക്കെ ഇതുവരെ എവിടെയായിരുന്നു എന്ന ചോദ്യവും അവശേഷിക്കുന്നു. പോലീസ് മേധാവി ദാസ്യവേല ചെയ്യിച്ചപ്പോഴല്ല, മകൾ ദേഹോപദ്രവം ഏൽപിച്ചപ്പോഴാണ് പരാതി വന്നതെന്ന വസ്തുതയുമുണ്ട്.
ബ്യൂറോക്രാറ്റിക് ഫ്യൂഡലിസം എന്നത് ഒരു വസ്തുതയാണ്. മാടമ്പിത്തം എന്നൊരു മലയാളവും പറയാം. തസ്തികക്ക് ലഭിക്കുന്ന പദവിയുടെയും ശമ്പളത്തിന്റെയും അടിസ്ഥാനത്തിലും സീനിയർ, ജൂനിയർ എന്നീ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലുമുള്ള വിവേചനം വ്യാപകമാണ്. മിക്കവാറും എല്ലാ ഓഫീസുകളിലും ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരും െ്രെഡവർമാരും എന്തൊക്കെ പണിയാണ് ചെയ്യേണ്ടിവരുന്നത് എന്നത് പരിശോധിക്കേണ്ടതാണ്. സ്വന്തം കാര്യസാധ്യത്തിനു വേണ്ടി മേലുദ്യോഗസ്ഥരുടെ വിടുപണി ചെയ്യുന്നവർ (മണിയടി എന്ന് തെരുവു ഭാഷ) ധാരാളമാണ്. അത്തരം വിടുപണി സ്വന്തം അവകാശമായി കാണുകയും ആനന്ദിക്കുകയും ചെയ്യുന്ന മേലുദ്യോഗസ്ഥന്മാർ ധാരാളമാണ്. 
പോലീസുകാർ ജനങ്ങളുടെ മേൽ കുതിര കയറുന്നത് കുറ്റം തെളിയിക്കാനുള്ള വ്യഗ്രത കൊണ്ടല്ല, അങ്ങനെ കൈത്തരിപ്പ് തീർക്കുന്നത് ഒരു പദവി ചിഹ്നമായി അവർ കാണുന്നതുകൊണ്ട് കൂടിയാണ്. ഇത്തരം കൈയൂക്കിനോടുള്ള ഭയം കൊണ്ട് ആളുകൾ കുറ്റം സമ്മതിച്ചുകൊള്ളും എന്നതാണ് ധാരണ. ഇതേ മനോഭാവം തന്നെയാണ് മേലുദ്യോഗസ്ഥർക്ക് താഴെ തട്ടിലുള്ളവരോടുമുള്ളത്. ഇതേ സീനിയർ, ജൂനിയർ പ്രവണത അധ്യാപകരിലുമുണ്ട്. ഗവേഷണ വിദ്യാർഥിയെ സ്വന്തം വീട്ടിൽ വേലി കെട്ടാൻ ഉപയോഗിച്ച അധ്യാപകന്റെ വീരഗാഥ ഒരു സർവകലാശാലയുടെ പൈതൃകമാണ്. ജൂനിയർ അധ്യാപകൻ എതിരായി വർത്തമാനം പറഞ്ഞാൽ അത് ധിക്കാരമാണെന്നു ആക്രോശിക്കുന്ന സീനിയർ അധ്യാപകരെ കണ്ടിട്ടുണ്ട്. ജീവനക്കാർ അസ്ഥിരമാകുമ്പോൾ വിടുപണി ചെയ്യിക്കാനുള്ള പ്രവണത വർധിക്കുകയാണ് ചെയ്യുക.  
ജീവിക്കാൻ മറ്റു മാർഗമില്ലെങ്കിൽ വിടുപണി ചെയ്യാൻ ആളുകൾ നിർബന്ധിതരാകുകയും ചെയ്യും. ഇത്തരം പ്രവണതകൾ ജനാധിപത്യപരം എന്നൊക്കെ വിശേഷിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളിലും കാണാം.  ഓരോ പ്രമുഖ നേതാവിനും ചുറ്റും പ്രത്യക്ഷപ്പെടുന്ന സേവക വൃന്ദങ്ങൾ ഇത്തരം ആളുകളല്ലേ? കൈയാൾ എന്ന പ്രയോഗം വടക്കൻ കേരളത്തിൽ കേൾക്കാം.
ഒരു കാര്യം കൂടി... സിവിൽ സർവീസ് എന്നത് നമ്മുടെ ഏറ്റവും വലിയ മാടമ്പിത്ത ഫ്യൂഡൽ ബാധ്യതയാണ്. സിവിൽ സർവീസ് ബ്രിട്ടീഷ് ഭരണത്തിനുള്ള ഉപകരണമായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ നിലനിന്ന സിവിൽ സർവീസിന്റെ പരിശീലനം കൊളോണിയൽ മാതൃകയിൽ തന്നെ മുസ്സോറിയിൽ തുടർന്നു. കേന്ദ്ര ഭരണ നയങ്ങളോടുള്ള പൂർണമായ വിധേയത്വമല്ലാതെ വേറൊരു സാമൂഹ്യ ബോധമോ ജനാധിപത്യബോധമോ അവരിൽനിന്ന് പ്രതീക്ഷിക്കുന്നില്ല. രാഷ്ട്രീയ ബോധം തീർച്ചയായും പാടില്ല. 
ജനാധിപത്യ പ്രസ്ഥാനങ്ങളിൽനിന്ന് സിവിൽ സർവീസിൽ പ്രവേശിച്ചവരുടെ തലമുറയും ഇന്നവസാനിച്ചിരിക്കുന്നു. മേധാവിത്വപരമായ ശ്രേണീബോധവും ഫ്യൂഡൽ മനഃസ്ഥിതിയുമില്ലാതെ സാധാരണക്കാരുമായി ഇടപഴകാനുള്ള സന്നദ്ധത പലരിലുമില്ല. ഐ.പി.എസുകാരുടെ വീടുകളിൽ പോലീസുകാരെ നിയമിക്കണമെന്ന തീരുമാനം ഇതിന്റെ ഭാഗമല്ലേ? സാധാരണ പോലീസുകാരോ ഉദ്യോഗസ്ഥരോ ചെയ്യാത്ത ഒന്നും സിവിൽ സർവീസും പോലീസ് സർവീസും ചെയ്യുന്നില്ല. പിന്നെ എന്തിനാണ് ഈ രണ്ട് തട്ടുകൾ? 
കൃത്യമായി തൊഴിൽ വിഭജനം നടത്തി നിയമിക്കപ്പെടുകയും അവരവരുടെ ജോലികൾ കൃത്യമായി നിർവഹിക്കുകയും ചെയ്യുന്ന ഒരൊറ്റ പബ്ലിക് സർവീസ് പോരെ? പൊതുസേവകരുടെ പ്രവർത്തനങ്ങൾ ജനങ്ങളുടെ ഓഡിറ്റിങിനല്ലേ വിധേയമാകേണ്ടത്? വകുപ്പ് മേധാവിയായ ഉദ്യോഗസ്ഥനെ ജനങ്ങൾ, അല്ലെങ്കിൽ ജനപ്രതിനിധിസഭ തെരഞ്ഞെടുക്കണം എന്ന നിർദേശം ഒരു കാലത്ത് ചർച്ച ചെയ്തിരുന്നു. അപ്പോൾ ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരുടെ പാദസേവ ചെയ്യുമായിരിക്കാം. രാഷ്ട്രീയ മാടമ്പിമാരും നമുക്കുണ്ടല്ലോ. രാഷ്ട്രീയക്കാരെ അഞ്ചു കൊല്ലം കൂടുമ്പോഴെങ്കിലും നമുക്ക് പിടിക്കാം. ഈ ഉദ്യോഗസ്ഥ പ്രമാണികളെ ആര് പിടിക്കും?


(പ്രമുഖ   ചരിത്രകാരനും  അധ്യാപ കനുമാണ് ലേഖകൻ)
 

Latest News