മുസ്ലിം സംവരണം ഒഴിവാക്കിയത് തെറ്റായ അനുമാനത്തിലെന്ന് സുപ്രീം കോടതി; 18 ന് വാദം കേൾക്കും

ന്യൂദല്‍ഹി- മുസ്ലിംകളെ ഒബിസി സംവരണത്തില്‍നിന്ന് നീക്കിയ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം തികച്ചും തെറ്റയ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സുപീംകോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ ഈ തീരുമാനം പിശകുളളതാണെന്നും ഭദ്രമല്ലെന്നും പരമോന്നത നീതി പീഠം വ്യക്തമാക്കി. അടുത്ത വാദം കേള്‍ക്കുന്നതുവരെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നിയമനവും പ്രവേശനവും നടത്തില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിക്ക് ഉറപ്പു നല്‍കി.
കര്‍ണാടക സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി പരിഗണിക്കാമെന്നു സുപ്രീംകോടതി അറിയിച്ചു.  മുസ്ലിം വിഭാഗത്തെ പത്തു ശതമാനം സംവരണം ലഭിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം അഥവാ ഇഡബ്ല്യൂഎസിലേക്കാണ് മാറ്റിയത്. ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.എസ് നരസിംഹ, ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് വിഷയം ഉന്നയിച്ചത്. പുതുക്കിയ രീതി അനുസരിച്ച് ഏപ്രില്‍ 18 വരെ പ്രവേശനമോ നിയമനമോ നടത്തില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിക്ക് ഉറപ്പു നല്‍കി.
നേരത്തെ മറ്റൊരു ബെഞ്ച് മുമ്പാകെ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും എന്നാല്‍ പരിഗണിച്ചില്ലെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. പക്ഷേ ചില തടസങ്ങളുള്ളതിനാലാണ് വിഷയം പരിഗണിക്കാന്‍ സാധിക്കാഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. വിഷയം ഉടന്‍ പട്ടികപ്പെടുത്തുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. മുസ്ലിംകളെ ഒബിസി വിഭാഗത്തില്‍നിന്ന് ഒഴിവാക്കി, കാറ്റഗറി രണ്ട് ബി പ്രകാരം അവര്‍ക്ക് നല്‍കിയിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
    പിന്‍വലിച്ച മുസ്ലിം സംവരണത്തില്‍ നാലില്‍ രണ്ട് ശതമാനം സംവരണം ലിംഗായത്തുകള്‍ക്കും രണ്ട് ശതമാനം വൊക്കലിഗ സമുദായത്തിനും നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതോടെ ലിംഗായത്തുകളുടെ സംവരണം ഏഴ് ശതമാനമായും വൊക്കലിഗ വിഭാഗത്തിന്റേത് ആറ് ശതമാനമായും വര്‍ധിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ട് ബാങ്ക് സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബിജെപി സര്‍ക്കാരിന്റെ നീക്കം. ഒപ്പം 101 പട്ടികജാതിക്കാര്‍ക്ക് ആഭ്യന്തര സംവരണം അനുവദിക്കുകയും കാറ്റഗറി രണ്ടു ബിയില്‍ വരുന്ന മുസ്ലീങ്ങളെ പത്തു ശതമാനം ഇ ഡബ്ല്യൂ എസ് ക്വാട്ടയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News