എയര്‍പോര്‍ട്ടില്‍ ബോഡിംഗ് പാസുകള്‍ പരസ്പരം കൈമാറിയ രണ്ടുപേര്‍ അറസ്റ്റില്‍

മുംബൈ- ബോഡിംഗ് പാസുകള്‍ പരസ്പരം കൈമാറിയ രണ്ട് വിദേശികള്‍ മുംബൈ എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായി. ശ്രീലങ്കന്‍, ജര്‍മന്‍ പൗരന്മാരാണ് ഛത്രപതി ശിവജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായത്. ശ്രീലങ്കക്കാരന് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കും ജര്‍മന്‍കാരന് ലണ്ടനിലേക്കുമാണ് പോകേണ്ടിയിരുന്നത്. ഇരുവരും എയര്‍പോര്‍ട്ടിലെ ടോയ്‌ലെറ്റില്‍ വെച്ചാണ് ബോഡിംഗ് പാസ് പരസ്പരം കൈമാറിയത്.
ക്രിമില്‍ ഗൂഡാലോചന, വഞ്ചന, വാജരേഖ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മുംബൈ പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
22 കാരനായ ശ്രീലങ്കന്‍ പൗരന്റെ കൈയില്‍ വ്യാജപാസ്‌പോര്‍ട്ടാണ് ഉണ്ടായിരുന്നത്. ശ്രീലങ്കന്‍ പൗരന്റെ പാസ്‌പോര്‍ട്ടിലെ ഡിപ്പാര്‍ചര്‍ സ്റ്റാമ്പ് കൃത്രിമമാണെന്ന് എയര്‍ലൈന്‍ കമ്പനി ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് കൂടുതല്‍ പരിശോധിച്ചത്. ബോര്‍ഡിഗ് പാസിലെ നമ്പറും ഡിപാര്‍ചര്‍ സ്റ്റാമ്പ് നമ്പറും വ്യത്യസ്തമായിരുന്നു.
ഏപ്രില്‍ ഒമ്പതു മുതല്‍ ഇരുവരും എയര്‍പോര്‍ട്ടിനു സമീപത്തെ ഹോട്ടലിലാണ് താമസിച്ചിരുന്നതെന്നും ഇവിടെ വെച്ചാണ് ബോര്‍ഡിംഗ് പാസുകള്‍ പരസ്പരം കൈമാറുന്നതിന് ഗൂഡാലോചന നടത്തിയതെന്നും പോലീസ് പറഞ്ഞു.
കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാല്‍ പോലീസ് അന്വേഷണം തുടരുകയാണ്.

 

Latest News