മലയാളികള്‍ക്ക് നാണക്കേടായി റിയാദില്‍ ബ്ലേഡ് മാഫിയ

പണം വേണോ എന്തിനായാലും ഏതിനായാലും ഞങ്ങള്‍ തരും, അല്ല!! ഞങ്ങളുടെ കഫീല്‍ തരും.
ഇതാണ് മുദ്രാവാക്യം. ഇത്തരം പ്രലോഭനങ്ങളില്‍ കുടുങ്ങി ജീവിതം വഴി മുട്ടിയ ഒട്ടനവധി പേര്‍ ഇന്ന് സൗദി അറേബ്യയുടെ ഹൃദയഭാഗമായ റിയാദില്‍  അലയുന്നുണ്ട്. ജീവിക്കാനും മരിക്കാനും ആകാതെ പലിശയുടെ ഊരാക്കുടുക്കില്‍ പെട്ടു പോവര്‍. പലിശ എന്ന മഹാ വിപത്തിനെ പ്രാവസ ലോകത്ത് സപ്പോര്‍ട്ട് ചെയ്യുന്നവരില്‍  സാമൂഹ്യ സേവന രംഗങ്ങളിലുള്ളവരുമുണ്ട്. സാമൂഹത്തിന് മുന്നില്‍ മാന്യന്മാരായി ചമയുകയും സ്വന്തം പണം മറ്റുള്ളവരെ കൊണ്ട് തന്റെ സുഹൃത്തുക്കള്‍ക്ക് കടം കൊടുത്ത്  പലിശ വാങ്ങുന്നവര്‍.  ഉടമയും, അടിമയും ഒക്കെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തകരാണ്. ചില അറബിക്കമ്പനികളില്‍നിന്ന് പലിശയ്ക്ക് പണം വാങ്ങിക്കൊടുക്കാന്‍ ഇടനിലക്കാരനായി നിന്ന് കുരുക്കില്‍പെട്ട്  നാട്ടില്‍ പോകാന്‍ പറ്റാതായ സാമൂഹ്യ പ്രവര്‍ത്തകരുമുണ്ട്.  പലിശ കൊടുക്കലും വാങ്ങലും വലിയ കുറ്റമാണെന്നു പറഞ്ഞു നടക്കുന്നവരും ഈ കൂട്ടത്തിലുണ്ട്.  
ഒരിക്കലും അഴിച്ചു മാറ്റാന്‍ പറ്റാത്ത രീതിയിലാണ് ഇവിടത്തെ ബ്ലേഡ് മാഫിയകള്‍ കുരുക്കിട്ടിരിക്കുന്നത്. അറബികളുടെ കമ്പനിക്ക് വാങ്ങിയ സാധനങ്ങളുടെ റിയാല്‍ കൊടുക്കാനുള്ളതായാണ്  രേഖകള്‍ ഉണ്ടാക്കുന്നത്. ഇതോടെ കടം  വാങ്ങുന്ന വ്യക്തിക്ക് മേലുള്ള കെട്ടുകള്‍ മുറുകുകയും കൊടുത്താലും കൊടുത്താലും തീരാത്ത വമ്പന്‍ കെണിയില്‍ അകപ്പെടുകയും ചെയ്യുന്നു.
ജീവിതം പച്ചപിടിപ്പിക്കാന്‍ എന്ന വ്യാജേന  നമ്മെ സമീപിക്കുകയും ജീവിതം തന്നെ കുട്ടിച്ചോറാക്കി കയ്യില്‍ തരികയും ചെയ്യുന്ന പണക്കൊതിയന്മാരെ സൂക്ഷിക്കുക. നമ്മുടെ ചുറ്റിലും വെള്ളകുപ്പായമിട്ട് ദുഷ്ടലാക്കോടെ അവര്‍ കറങ്ങുന്നുണ്ട് ഇവരുടെ കെണിയില്‍ പെട്ട് ഇടനിലക്കാരായ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും നാട്ടില്‍ പോകാന്‍ പറ്റാതായിട്ടുണ്ട്.  ബ്ലേഡ് ചങ്ങല വീണു കഴിഞ്ഞാല്‍ അഴിക്കുവാന്‍ പറ്റില്ല. ഇങ്ങനെ വീണ പല വ്യക്തികളുടെയും വിഷയത്തില്‍ ഇടപെട്ടതുകൊണ്ടാണ് ഇത് എഴുതുന്നത്.
ഗള്‍ഫ് മലയാളി ഫെഡറേഷന്‍  ഈയിടെ ഇടപെട്ട  അറുപത്തുിമൂന്നു വയസ്സ് പ്രായമായ ഒരു മനുഷ്യന്റെ
ദയനീയ അവസ്ഥ ഉദാഹരണമാണ്. പ്രായമേറി അവശനായിട്ടും നാടണയാന്‍ പറ്റാത്ത അവസ്ഥയില്‍ കേസ് കൊടുത്തിരിക്കുന്ന അറബിയുടെ വീട്ട് പടിക്കല്‍ ഈ വ്യക്തിയെ കൊണ്ടുപോയി കിടത്തുകയും പോലീസ് ഇടപെടുകയും ചെയ്തു.  മലയാളിയായ ഒരു വ്യക്തിയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്.  അറബിയുടെ കൈയില്‍നിന്ന് വാങ്ങിയ പണമാണ് നല്‍കുന്നതെന്ന വ്യാജേന മലയാളിയായ ഈ വ്യക്തിക്ക് പലപ്രാവശ്യം പലിശക്ക് പണം കൊടുത്തു. നിര്‍ഭാഗ്യവശാല്‍ ഇയാളുടെബിസിനസ് നഷ്ടത്തിലായി.
പണം തിരികെ കിട്ടുന്നില്ല എന്ന് കണ്ടപ്പോള്‍ പണം കൊടുത്ത മലയാളി, അറബി പണം ചോദിക്കുന്നുവെന്ന് പറഞ്ഞ് പല തവണ ഭീഷണിപ്പെടുത്തുകയുണ്ടായി. മെസ്സേജ് വന്നപ്പോഴാണ് തന്റെ പേരില്‍  കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്ന വിവരം അറിയാന്‍ കഴിഞ്ഞത്. നല്‍കാനുള്ള തുകയുടെ നാലിരട്ടിയാണ് കോടതിയില്‍ നഷ്ടപരിഹാരത്തിനായി ബോധിപ്പിച്ചിരുന്നത്.  ഇതൊക്കെ തന്ത്രപരമായി ചെയ്തതും മലയാളിതന്നെയാണ്.
സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പലിശ, മദ്യം മയക്കുമരുന്ന്. പോലെയുള്ള മനുഷ്യനെ കാര്‍ന്നു തിന്നുന്ന, പടുകുഴിയില്‍ പെടുത്തുന്ന ദൈവത്തിന്റെ ശാപം കിട്ടിയ പ്രവൃത്തികള്‍ ചെയ്യാതിരിക്കുക. ഞങ്ങള്‍ ഇടപെട്ടത്‌കൊണ്ട്  ആ പ്രായം ചെന്ന മനുഷ്യന്  നാട്ടില്‍ പോകാന്‍ കഴിഞ്ഞു. ഇതേപോലെ എത്രയോ മലയാളികള്‍  ഊരാക്കുടുക്കില്‍പെട്ട്  കിടക്കുന്നുണ്ട്.
ഇവിടത്തെ പലിശ സംഘങ്ങളില്‍ വലിയ ശതമാനം മലയാളികളുടെ കൈ പതിഞ്ഞിട്ടുണ്ട്. റിയാദിലുള്ള പല പ്രമുഖര്‍ക്കും അത് അറിയാമെങ്കിലും അവരുടെ ചെയ്തികളെ പുറംലോകത്തെ അറിയിക്കാതെ മൂടിവെച്ചിരിക്കയാണ്. കാരണം അവരുടെ കാലിലും കുരുക്ക് വീണിട്ടുണ്ട്. അതുകൊണ്ട് പ്രവാസ ലോകമേ കരുതലോടെ ഇരിക്കണം.  


 

 

Latest News