ചേർന്നില്ലെങ്കിൽ 400 ദിർഹം പിഴ; തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് 10 ലക്ഷം കടന്നു

ദുബായ് - യു.എ.ഇയിലെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സ്‌കീം കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച ശേഷം പത്തു ലക്ഷത്തിലേറെ പേര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തതായി മാനവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. 2023 ജൂണ്‍ 30 -നകം ജീവനക്കാര്‍ നിര്‍ബന്ധമായും സ്‌കീമില്‍ വരിചേരണം. ഇങ്ങിനെ ചെയ്യാതിരുന്നാല്‍ 400 ദിര്‍ഹം പിഴ ഈടാക്കും. ഫെഡറല്‍ ഗവണ്‍മെന്റ്, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് പദ്ധതി ബാധകമാണ്.
യു.എ.ഇയിലെ തൊഴിലാളികളുടെ കരിയര്‍ പാതയെയും ജീവിത സ്ഥിരതയെയും പിന്തുണക്കുന്ന കുറഞ്ഞ ചെലവിലുള്ള തൊഴില്‍ സുരക്ഷ പദ്ധതി വാഗ്ദാനം ചെയ്യുന്നു. പദ്ധതി തൊഴില്‍ വിപണിയില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഇത് യു.എ.ഇ സാമ്പത്തിക മേഖലകളുടെ വളര്‍ച്ചയുടെ ചാലകമാണെന്നും മാനവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രി ഡോ. അബ്ദുറഹ്മാന്‍ അല്‍അവാര്‍ പറഞ്ഞു. തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാന്‍ അര്‍ഹതയുള്ളവര്‍ പദ്ധതി കവറേജില്‍ നിന്ന് പ്രയോജനം നേടണം. പദ്ധതിയില്‍ വരിക്കാരാകാന്‍ തൊഴിലാളികളെ തൊഴിലുടമകള്‍ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നിക്ഷേപകര്‍, ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ഉടമകള്‍, ഗാര്‍ഹിക തൊഴിലാളികള്‍, താല്‍ക്കാലിക തൊഴില്‍ കരാറില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, 18 വയസിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍, റിട്ടയര്‍മെന്റ് പെന്‍ഷന്‍ സ്വീകരിക്കുന്ന, പുതിയ ജോലിയില്‍ പ്രവേശിച്ച വിരമിച്ചവര്‍ എന്നിവരെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സ്‌കീമില്‍ ചേരുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സ്‌കീമിനെ രണ്ടു വിഭാഗമായി തരംതിരിച്ചിരിക്കുന്നു. ആദ്യത്തെത്, 16,000 ദിര്‍ഹവും അതില്‍ താഴെയും അടിസ്ഥാന ശമ്പളമുള്ളവരെയാണ് പരിരക്ഷിക്കുന്നത്. ഈ വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം ആയി പ്രതിമാസം അഞ്ചു ദിര്‍ഹം തോതില്‍ പ്രതിവര്‍ഷം 60 ദിര്‍ഹം ആയി നിര്‍ണയിച്ചിരിക്കുന്നു. തൊഴില്‍നഷ്ട സാഹചര്യങ്ങളില്‍ ഇവര്‍ക്കുള്ള പ്രതിമാസ നഷ്ടപരിഹാരം 10,000 ദിര്‍ഹം ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. 16,000 ദിര്‍ഹത്തില്‍ കൂടുതല്‍ അടിസ്ഥാന ശമ്പളം ലഭിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നത്. ഇവര്‍ പ്രതിമാസ പ്രീമിയം ആയി 10 ദിര്‍ഹം ആണ് അടക്കേണ്ടത്. ഇവര്‍ക്ക് 20,000 ദിര്‍ഹം വരെ പ്രതിമാസ നഷ്ടപരിഹാരം ലഭിക്കും.
തുടര്‍ച്ചയായി 12 മാസമെങ്കിലും ഒരു സ്‌കീമില്‍ വരിക്കാരാകുന്ന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ക്ലെയിം ചെയ്യാവുന്നതാണ്. തൊഴില്‍ നഷ്ടപ്പെട്ട് 30 ദിവസത്തിനകം നഷ്ടപരിഹാരത്തിനുള്ള ക്ലെയിം സമര്‍പ്പിച്ചിരിക്കണം. അപേക്ഷ സമര്‍പ്പിച്ച് രണ്ടാഴ്ചക്കകം നഷ് ടപരിഹാര വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പ്രോസസിംഗ് കാലയളവില്‍ ഇന്‍ഷുര്‍ ചെയ്തയാള്‍ റെസിഡന്‍സി റദ്ദാക്കി രാജ്യം വിടുകയോ പുതിയ ജോലിയില്‍ ചേരുകയോ ചെയ്താല്‍ നഷ്ടപരിഹാരത്തിനുള്ള അവകാശം നഷ്ടപ്പെടും. തൊഴില്‍ നഷ്ടപ്പെടുന്നതിനു മുമ്പുള്ള അവസാനത്തെ ആറു മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം എന്ന നിരക്കിലാണ് നഷ്ടപരിഹാരം കണക്കാക്കുക. ഓരോ ക്ലെയിമുകളിലും തൊഴില്‍ നഷ്ടപ്പെട്ട തീയതി മുതല്‍ പരമാവധി മൂന്നു മാസത്തേക്ക് നഷ്ടപരിഹാരം നല്‍കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News