സൂപ്പർ പോരിൽ ക്രിസ്റ്റ്യാനൊ ഹീറോ

ക്രിസ്റ്റ്യാനോക്ക് ഹാട്രിക്

സ്‌പെയിൻ 3-ക്രിസ്റ്റ്യാനൊ 3

സോചി - ഈ ലോകകപ്പിന്റെ ആദ്യ റൗണ്ടിലെ ഏറ്റവും മികച്ച പോരാട്ടമാവുമെന്ന പ്രതീക്ഷക്കൊത്തുയർന്ന കിടിലൻ പോരാട്ടത്തിൽ സ്‌പെയിനും പോർചുഗലും ആറു ഗോൾ പങ്കിട്ടു. നായകൻ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഹാട്രിക്കാണ് പോർചുഗലിന് സമനില സമ്മാനിച്ചത്. ക്രിസ്റ്റ്യാനോയുടെ ഗോളുകളിൽ രണ്ടു തവണ പോർചുഗൽ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ മൂന്നു മിനിറ്റിനിടെ രണ്ടു തവണ വല കുലുക്കി സ്‌പെയിൻ മുന്നിൽ കയറിയിരുന്നു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് ക്രിസ്റ്റ്യാനോയുടേത്. ഇടവേളയിൽ പോർചുഗൽ 2-1 ന് മുന്നിലായിരുന്നു. കോച്ചിനെ പുറത്താക്കിയ കശപിശയുമായി ലോകകപ്പിനെത്തിയ സ്‌പെയിനും പോർചുഗലും ഗ്രൂപ്പ് ബി-യിൽ നിന്ന് നോക്കൗട്ട് റൗണ്ടിലെത്താൻ വലിയ ചുവടാണ് മുന്നോട്ടുവെച്ചത്. 
ഡിയേഗൊ കോസ്റ്റയെ ആദ്യ ഇലവനിൽ ഇറക്കാൻ പുതിയ കോച്ച് ഫെർണാണ്ടൊ ഹിയറൊ കാട്ടിയ ധൈര്യമാണ് സ്‌പെയിനിന് സമനില സമ്മാനിച്ചത്. രണ്ട് തവണ സ്‌പെയിനിനെ കോസ്റ്റ ഒപ്പമെത്തിച്ചു. സ്‌പെയിൻ വലയിൽ വീണ ആദ്യ ഗോളിന് കാരണക്കാരനായ നാചോയിലൂടെ സ്‌പെയിൻ മൂന്നാം ഗോളും സ്വന്തമാക്കി.
ലോകം ഉറ്റുനോക്കിയ പോരാട്ടത്തിൽ സ്‌പെയിൻ തുടക്കത്തിലേ ഞെട്ടി. നാലാം മിനിറ്റിൽ തന്നെ റയൽ മഡ്രീഡിലെ സഹതാരം നാചൊ ഫെർണാണ്ടസ് തന്നെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനൊ പോർചുഗലിന് അപ്രതീക്ഷിത ലീഡ് സമ്മാനിച്ചു. ഡേവിഡ് ഡിഗിയയെ മറുവശത്തേക്ക് ആകർഷിച്ച് ക്രിസ്റ്റ്യാനൊ പന്ത് അനായാസം വലയിലേക്ക് പായിച്ചു. 
പിന്നീട് സ്‌പെയിൻ കളി നിയന്ത്രിച്ചെങ്കിലും ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിലുള്ള മിന്നൽ പ്രത്യാക്രമണങ്ങൾ ഓരോ തവണയും സ്‌പെയിൻ പ്രതിരോധത്തിൽ അങ്കലാപ്പ് സൃഷ്ടിച്ചു. 
ഇരുപത്തിനാലാം മിനിറ്റിൽ കോസ്റ്റയുടെ മിന്നുന്ന വ്യക്തിഗത ഗോൾ സ്‌പെയിനിന് സമനില നേടിക്കൊടുത്തു. പോർചുഗൽ പകുതിയിലേക്ക് വന്ന ലോംഗ്‌ബോൾ ഹെഡ് ചെയ്യുന്നതിനിടെ കോസ്റ്റയും പോർചുഗൽ ഡിഫന്റർ പെപ്പെയും കൂട്ടിയിടിച്ചതിനാൽ റഫറി വീഡിയൊ അസിസ്റ്റന്റിന്റെ സഹായം തേടിയ ശേഷമാണ് ഗോൾ അനുവദിച്ചത്. തന്നെ വളഞ്ഞ രണ്ട് ഡിഫന്റർമാരെ സമർഥമായി വെട്ടിച്ച് ബോക്‌സിൽ പഴുതു കണ്ടെത്തിയ കോസ്റ്റ ഒന്നാന്തരം വലങ്കാലനടിയോടെ ഗോളി റൂയി പാട്രിഷ്യോയെ കീഴടക്കി.
അമ്പത്തഞ്ചാം മിനിറ്റിൽ ആന്ദ്രെസ് ഇനിയെസ്റ്റയും സെർജിയൊ ബുസ്‌ക്വെറ്റ്‌സും ചേർന്നുള്ള സുന്ദരമായ നീക്കത്തിനൊടുവിൽ കോസ്റ്റ വീണ്ടും സ്‌പെയിനിന് സമനില നേടിക്കൊടുത്തു. നിമിഷങ്ങൾക്കകം നാചോയുടെ കനത്ത ഷോട്ട് പോസ്റ്റിനിടിച്ച് വലയിൽ കയറിയപ്പോൾ സ്‌പെയിൻ കളിക്കാർ മതിമറന്ന് ആഘോഷിച്ചു. എന്നാൽ കളി തീരാൻ രണ്ട് മിനിറ്റ് ശേഷിക്കെ
മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ ക്രിസ്റ്റ്യാനൊ ടീമിന് അർഹിച്ച സമനില നേടിക്കൊടുത്തു. 
 

Latest News