1-7, ഉറക്കത്തില്‍ പോലും ബ്രസീല്‍ കളിക്കാരെ ആ നമ്പര്‍ പിന്തുടര്ന്നു കൊണ്ടിരുന്നു. ബെലൊ ഹൊറിസോഞ്ചിലെ ആ ദുരന്ത രാത്രിക്ക് നാലു വയസ്സായി. ആ രാത്രി കളിച്ചവരിലേറെയും ടീമിന് പുറത്തായി. അന്ന് സ്റ്റാര്‍ടിംഗ് ഇലവനിലുണ്ടായിരുന്ന രണ്ടു പേരേ ഇപ്പോഴത്തെ ടീമിലുള്ളൂ. രണ്ടു പേരും ഇന്ന് ലോക ഫുട്ബോളിലെ അഭിമാനസ്തംഭങ്ങളാണ്. ഫെര്‍ണാണ്ടിഞ്ഞൊ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ മികച്ച ടീമായി വാഴ്ത്തപ്പെടുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡിഫന്‍സിവ് മിഡ്ഫീല്‍ഡറാണ്. മാഴ്സെലൊ റയല്‍ മഡ്രീഡിനൊപ്പം കഴിഞ്ഞ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും സ്വന്തമാക്കി. സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചിലുണ്ടായിരുന്ന രണ്ടു പേരും ഇത്തവണ ടീമിലുണ്ട്. വില്യന് രണ്ടു തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യനായ കളിക്കാരനാണ്, പൗളിഞ്ഞൊ ബാഴ്സലോണ മധ്യനിരയില്‍ തന്റേതായ ഇടം കണ്ടെത്തി. നെയ്മാര്‍ പരിക്കു കാരണം ആ മത്സരത്തില്‍ നിന്ന് വിട്ടു നിന്നു. തിയാഗൊ സില്‍വക്ക് സസ്പെന്‍ഷനായിരുന്നു. ആകെ മൊത്തം ആറു പേര്.
ഈ ടീം തോറ്റേക്കാം, പക്ഷെ ബെലൊ ഹൊറിസോഞ്ചിലെ ആ ദുരന്തം ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ബ്രസീല്‍ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു. അതിലേറെ പേര് ഈ ടീം ഇത്തവണ കിരീടം നേടുമെന്ന് സ്വപ്നം കാണുന്നു.
എന്നിട്ടും ഇത്തവണ ബ്രസീലിലെ തെരസ്പോളിസിലെ ക്യാമ്പ് കഴിഞ്ഞ് സൂപ്പര്‍ താരങ്ങള്‍ മടങ്ങുമ്പോള്‍ സ്വന്തം കാണികളില്‍ ചിലര്‍ പരിഹസിച്ചു വിളിച്ചു, 7-1, 7-1... ആ തോല്‍വിയുടെ മാനക്കേട് എളുപ്പമൊന്നും കുടഞ്ഞെറിയാന്‍ ബ്രസീല്‍ ടീമിനാവില്ല.
എങ്ങനെയാണ് എന്നിട്ടും അവര്‍ കരകയറിയത്. ഈ ലോകകപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമായി മാറിയത്. കളിക്കാരനായും കോച്ചായും ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത എണ്‍പത്താറുകാരന്‍ മാരിയൊ സഗാലൊ പറയുന്നു: ആ ക്ഷതം മാഞ്ഞുപോവില്ല. പക്ഷെ ടിറ്റിയും നെയ്മാറും ടീമിനെ മാറ്റിക്കഴിഞ്ഞു. ഇപ്പോഴത്തെ ടീമിന്റെ മനഃസ്ഥിതി തന്നെ വേറെയാണ്.
ടിറ്റിയെ കോച്ചായി കൊണ്ടുവന്നതാണ് ആദ്യത്തെ മാറ്റം. ഈ ടീമിനെ ചാമ്പ്യന്‍ നിരയാക്കി മാറ്റാന്‍ ടിറ്റി വരുത്തിയ ആദ്യ ചുവട് ആ നാണക്കേട് നേരിടാന്‍ കളിക്കാരെ പ്രാപ്തരാക്കി എന്നതാണ്. ഈ ലോകകപ്പില്‍ ആദ്യമായി യോഗ്യത നേടാന്‍ ബ്രസീലിന് സാധിച്ചത് പരാജയത്തിന്റെ കണ്ണിലേക്ക് നോക്കാന്‍ കളിക്കാര്‍ക്ക് സാധിച്ചതിനാലാണ്. പ്രശസ്ത ഇറ്റാലിയന്‍ കോച്ച് കാര്‍ലൊ ആഞ്ചലോട്ടിയുമായി സംസാരിച്ച് ഒരു ശൈലി രൂപപ്പെടുത്തിയെടുക്കുകയാണ് ടിറ്റി രണ്ടാമത് ചെയ്തത്. 4-1-4-1 ശൈലിയില്‍ ഓരോ സ്ഥാനത്തും അദ്ദേഹം നിരവധി മികച്ച കളിക്കാരെ കണ്ടെത്തി. ടീമിലെ 23 പേരില്‍ 19 പേരും അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നവരാണ്. ബ്രസീലില്‍ പരിഹസിക്കപ്പെട്ട ഫ്രെഡിനു പകരം പരാജയത്തിന്റെ മനോഭാരമില്ലാത്ത ഗബ്രിയേല്‍ ജീസസ് എന്ന പയ്യനെ മുന്‍നിരയിലേക്ക് കൊണ്ടുവന്നു. ജീസസിന്റെ മോശം ദിവസങ്ങളില്‍ റോബര്‍ടൊ ഫിര്‍മിനൊ തയാറായി നില്പുണ്ടാവും. നാലു വര്‍ഷം മുമ്പ് ഫ്രെഡിന്റെ റിസര്‍വ് ജോ ആയിരുന്നു. രണ്ടും ഒന്നിനൊന്ന് മോശം. 2014 ലെ ടീമിന്റെ ഓസ്കറിന്റെ സ്ഥാനത്ത് ഇത്തവണ നിതാന്തജാഗ്രതയുള്ള ഫെലിപ്പെ കൗടിഞ്ഞോയാണ്. പരിക്ക് ഭേദമായ നെയ്മാര്‍ കൂടുതല്‍ അപകടകാരിയായാണ് തിരിച്ചെത്തിയത്. നെയ്മാറിനെ മാത്രം ആശ്രയിച്ച പഴയ ടീമില്‍ നിന്ന് മാറി നെയ്മാറില്ലെങ്കിലും കരുത്തുകാട്ടാന്‍ ഇപ്പോഴത്തെ ടീം പഠിച്ചു.
ബ്രസീലിന്റെ ആക്രമണം മാത്രമല്ല പ്രതിരോധവും അന്നത്തെക്കാള്‍ മെച്ചമാണ്. ശരാശരി നാലു മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് ഈ ടീം വഴങ്ങുന്നത്. അസാധ്യമായ ഉരുക്കുകോട്ട. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിര. ലൂയിസ് ഗുസ്റ്റാവോയുടെ സ്ഥാനത്ത് റയല്‍ മഡ്രീഡില്‍ കഴിവ് തേച്ചുമിനുക്കിയ കസിമീരോയാണ്. ദാന്റെയെക്കാള് കഴിവും ഡാവിഡ് ലൂയിസിനെക്കാള്‍ സുരക്ഷിതവുമാണ് മാര്‍ക്വിഞ്ഞോസ്. ബ്രസീലിന്റെ വലിയ പരാജയത്തില്‍ ഏറ്റവുമധികം പങ്ക് ദാന്ഡെക്കും ഡാവിഡ് ലൂയിസിനുമായിരുന്നു. ഗോള്‍കീപ്പര്‍ ആലിസണ് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ഇലവനില്‍ സ്ഥാനം നേടിയ കളിക്കാരനാണ്.
ലോകകപ്പ് യോഗ്യത നേടിയ ശേഷം ടിറ്റി ആദ്യം ചെയ്തത് ജര്‍മനിയെ ജര്‍മനിയില്‍ നേരിടാനുള്ള വഴി തേടുകയായിരുന്നു. മാര്‍ച്ചില്‍ ബെര്‍ലിനില്‍ കളി നിശ്ചയിച്ചു. പക്ഷെ അപ്പോഴേക്കും നെയ്മാര്‍ വീണ്ടും പരിക്കിന്റെ പിടിയിലായി. എന്നിട്ടും ജര്‍മനിയെ അവരുടെ കാണികള്‍ക്കു മുന്നില്‍ ബ്രസീല്‍ 1-0 ന് തോല്പിച്ചു. 1-7 ന്റെ തോല്‍വിയുമായി താരതമ്യം ചെയ്യുമ്പോള്‍ അത് ഒന്നുമല്ല. എന്നാലും ഏത് നിരയെയും തോല്പിക്കാനാവുമെന്ന മാനസികദാര്‍ഢ്യം ടീമിന് നല്കാന് ഈ നിര്‍ണായക വിജയത്തിനു സാധിച്ചു.
2014 ലെ ആ രാത്രി എനിക്ക് കാളരാത്രിയായിരുന്നു, പക്ഷെ ഇപ്പോഴെനിക്കറിയാം. ആ ദുരന്തത്തിന്റെ മുറിവ് മായ്ചുകളയാന്‍ ഈ ടീമിന് സാധിക്കുമെന്ന് ഫെര്‍ണാണ്ടിഞ്ഞൊ പറഞ്ഞു. ഈ ടീം തോറ്റേക്കാം, പക്ഷെ ബെലൊ ഹൊറിസോഞ്ചിലെ ആ ദുരന്തം ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ബ്രസീല്‍ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു. അതിലേറെ പേര് ഈ ടീം ഇത്തവണ കിരീടം നേടുമെന്ന് സ്വപ്നം കാണുന്നു.