സ്പൈനൽമസ്കുലർ അട്രോഫി എന്ന അപൂർവ്വരോഗബാധിതയായ സേബ സലാമിന്റെ ഓർമ്മക്കുറിപ്പുകളും കവിതകളും പെയിന്റിംഗുകളുമടങ്ങുന്ന പുസ്തകമാണ് വിരൽപ്പഴുതിലെ ആകാശങ്ങൾ.
ലക്ഷത്തിലൊരാൾക്ക് വരാവുന്ന രോഗമാണ് സേബക്ക് വന്നത്. ഫലപ്രദമായ ചികിത്സ ഈ രോഗത്തിനുണ്ടായിരുന്നില്ല. സ്പൈനൽകോഡിന്റെ പ്രവർത്തനം ശരിക്ക് നടക്കാത്തതുമൂലം പേശികൾക്ക് ബലക്ഷയം ഉണ്ടായി കിടപ്പിലാകുന്നുവെന്നതാണ് രോഗത്തിന്റെ പ്രത്യേകത. ഇതുമൂലം ജന്മനാ കിടപ്പ് രോഗിയായ സേബക്ക് സാധാരണജീവിതം നയിക്കാനാവില്ല. എന്നാൽ സമീപകാലത്ത് ഈ രോഗത്തിനുള്ള ചികിത്സയിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ചികിത്സക്ക് ആവശ്യമായ തുക കണ്ടെത്താനാവാതെ കുഴങ്ങുകയാണ് സേബയും കുടുംബവും.
ശരീരം തളർന്നുപോയെങ്കിലും നിതാന്തജാഗ്രതയോടെ സേബയുടെ മനസ്സും ബുദ്ധിയും ഭാവനയും ഉണർന്നിരിക്കുന്നു. സർഗാത്മകമായൊരു മനസ്സ് തനിക്ക് ഉണ്ടെന്ന് വിരൽപ്പഴുതിലെ ആകാശങ്ങൾ എന്ന ഗ്രന്ഥത്തിലൂടെ സേബ തെളിയിച്ചു. ജീവിതത്തെ ആഴത്തിൽ മനസ്സിലാക്കുകയും അഗാധമായി സ്നേഹിക്കുകയും ആസ്വദിക്കുകയുംചെയ്യാൻ സേബ ശ്രമിക്കുന്നതിന്റെ രേഖപ്പെടുത്തൽകൂടിയാണ് ഈ പുസ്തകമെന്ന് പറയാം.
വി.കെ.ഷാഹിന എഴുതിയ പ്രകാശഭരിതം എന്ന ആമുഖത്തോടെയാണ് പുസ്തകംതുടങ്ങുന്നത്. ഓർമ്മക്കുറിപ്പുകൾ, വരകളും വരികളും, പെയിന്റിംഗ്സ്, സേബയുടെ കവിതകൾ, ജീവിതത്തിലേക്ക് കൈപിടിച്ചവർ, പാലിയേറ്റ് ദിന സന്ദേശം, കേൾക്കൂ, പുഞ്ചിരിമായാത്ത ചുണ്ടുകൾ, ചിത്രങ്ങൾ എന്നിങ്ങനെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രശസ്ത ഇംഗ്ലീഷ് പത്രപ്രവർത്തകൻ പി. വേണുഗോപാൽ തയ്യാറാക്കിവരികയാണ്.
സാധാരണനിലയിൽ ഒരു തീവണ്ടിയാത്രയെന്നത് വലിയകാര്യമല്ല. അതും ജന്മനാടായ ആലുവയിൽനിന്ന് കണ്ണൂർ വരെയുള്ള ഒരു ട്രെയിൻയാത്ര. എന്നാൽ സേബയെ സംബന്ധിച്ച്്് അത്്് ഓർമകളുടെയും അനുഭൂതികളുടെയും നിധിശേഖരമാണ്. ഇരുപത്തിനാലുവയസ്സുകാരി തന്റെ കുട്ടിക്കാലത്ത് ചികിത്സക്കായി നടത്തിയ ഈ ട്രെയിൻ യാത്രക്ക് ശേഷം മറ്റൊന്നുണ്ടായിട്ടില്ലെന്ന് ഓർക്കുമ്പോഴാണ് അതിന്റെ വിലയുടെ ആഴം നമുക്ക് ബോധ്യപ്പെടുക.

സേബ തീവണ്ടിയെന്ന ഓർമക്കുറിപ്പിൽ എഴുതുന്നു:
'തീവണ്ടിയാത്രചെയ്യാൻ ഒത്തിരി ഇഷ്ടമാണെനിക്ക്. ജനാലക്കരികിൽ ചേർന്നിരുന്നു പിറകിലേക്ക് അതിവേഗം സഞ്ചരിക്കുന്ന വൃക്ഷങ്ങളെ നോക്കി നീണ്ടുനിവർന്നു കിടക്കുന്ന വയലുകളെയും പുഴയേയും നോക്കി യാത്രചെയ്യുമ്പോൾ ഈ തീവണ്ടിമുന്നോട്ട് ഒരിടത്തും നിൽക്കാതെ എന്നേന്നേക്കുമായി ഈ യാത്രതുടർന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട്.... എങ്ങും നിർത്താതെ,പാടങ്ങളും പുഴകളും താണ്ടി വിദൂരങ്ങൾ കവച്ചുവച്ചു അനന്തമായ ഒരു യാത്ര. ജീവിതവും അത്തരമൊരു പാഴ്കിനാവും താലോലിച്ചിരുന്നു യാത്രചെയ്യുന്ന ഒരു തീവണ്ടിയായി ചിലപ്പോഴൊക്കെ തോന്നാറുണ്ട്. പക്ഷെ ഇടക്ക് വച്ചുവണ്ടിനിൽക്കും. അകത്തുള്ള പലരും പുറത്തേക്ക് പോകും. പുറത്തുനിന്നിരുന്ന ചിലരൊക്കെ അകത്തേക്ക് കയറും. അൽപനേരത്തെ പരിചയംമാത്രം ഉള്ളുവെങ്കിലും ചിലപ്പോൾ ചിലരുടെ വിടവാങ്ങൽ ഒരു നീണ്ടശൂന്യത ശേഷിപ്പിക്കും. ചിലപ്പോൾ വണ്ടി ഏതെങ്കിലും സ്റ്റേഷനിൽ പ്രതീക്ഷിച്ചതിലും കൂടുതൽസമയം തങ്ങിനിൽക്കുകയും ചെയ്യും.എങ്കിലും തീവണ്ടി യാത്രതുടരുകതന്നെ ചെയ്യും'
ഒരു ഓർമ്മക്കുറിപ്പിനപ്പുറത്ത് ദാർശനികമായ തലത്തിലേക്ക് കാര്യങ്ങളെ ഉയർത്തികൊണ്ടുപോകാനുള്ള കഴിവ് സേബക്കുണ്ട്. ഒരു പക്ഷെ തന്റെ അനുഭവങ്ങളാകാം സേബയെ ജീവിത്തെ ആഴത്തിൽ ചികയാൻ പ്രേരിപ്പിക്കുന്നത്.
മികച്ച ഗദ്യകാരിയെന്നതുപോലെ മികച്ചൊരു കവികൂടിയാണ് സേബ. ഈ പുസ്തകത്തിൽ സേബയുടേതായി പതിനൊന്ന് കവിതകൾ ചേർത്തിട്ടുണ്ട്. മികച്ചകവിതകളാണ് ഓരോന്നും. സേബ മലയാളഭാഷക്കുവേണ്ടി കൂടുതൽ എഴുതണം എന്ന് നമ്മെകൊണ്ട് പറയിക്കുന്ന കവിതകളാണിത്.
ചിത്രശലഭം എന്ന കവിത :
വീട്ടുമുറ്റത്തെ
പൂന്തോപ്പിലെന്നുമൊരു
ചിത്രശലഭം
വരുമായിരുന്നു.
കറുപ്പിൽ
തൂവെള്ളകുത്തുകൾ കോറിയ
ചിറകുകൾ
താനേവീശി
പൂന്തേൻനുകർന്നും
പാറിപ്പറന്നുമവളെന്നിലെന്നു-
മൊത്തിരി കൗതുകം നിറച്ച്
മെല്ലെ അകലെ മറയും.
ഇതുവായിക്കുന്ന ഏതൊരാളും മനസ്സിൽ പറയും നിർത്തണ്ട വരട്ടെ അടുത്തവരികൂടിയെന്ന്. ഇങ്ങനെ തന്റെ ഉള്ളിലെ കവിയെ വാക്കുകളുടെ സൂക്ഷ്്്മമായ വിന്യാസത്തോടെ നമ്മിലേക്ക് ആവാഹിച്ചുചേർക്കാൻ സേബക്ക് കഴിയുന്നു. വാക്കുകളെ ഊതിക്കാച്ചി കൂട്ടിവിളക്കാനുള്ള കഴിവ് സേബക്കുണ്ട്. സേബ തീർച്ചയായും കൂടുതൽ കവിതകൾ എഴുതണം. താൻ കണ്ടതും കേട്ടതും അനുഭവിച്ചതും കുറിപ്പായും കവിതയായും ചിത്രങ്ങളായും മാറ്റുന്ന ജാലവിദ്യക്കാരിയാണ് സേബ. ഇത് വെറുതെ പറയുന്നതല്ല. ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ നിങ്ങളറിയാതെ സേബയുടെ കവിതകളെയും ചിത്രങ്ങളെയുംസ്നേഹിച്ചുപോകും. മൗനവും വേദനയും ആഹ്ലാദവും സൗന്ദര്യവും ഒക്കെ ചാലിച്ചെടുത്തവാങ്മയ ചിത്രങ്ങൾ..
യാത്രയെന്ന കവിത കേൾക്കു.
പുലരിവെയിലിൽ
പൊൻവെട്ടം ചൂടിയ കവിളുകൾ വിടർത്തിനീ
പുഞ്ചിരിക്കുന്നു തളരാതെ തോളിയിൽ
ഒരുവട്ടിപൂക്കളുമായ് നാം
ഇതുവരെ കാണാത്ത തീരങ്ങൾ തേടുന്നു.
നിറങ്ങളുടെ ഉത്സവങ്ങളാണ് സേബ വരയ്ക്കുന്ന ഓരോ ചിത്രവും. പ്രകൃതിയുടെ ആരാധികയാണ് സേബ. രാത്രിയേയുംപകലിനേയും ഒരു പോലെ സ്നേഹിക്കുന്നവൾ. സായാഹ്നങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നവൾ. ആകാശത്ത് നക്ഷത്രങ്ങൾ കണ്ണുചിമ്മിക്കളിക്കുന്നത് കൊതിയോടെ നോക്കിയിരിക്കാനിഷ്ടപ്പെടുന്നവൾ. കൂട്ടുകാരോടൊപ്പം പ്രകൃതിയുടെ അപാരതയിലേക്ക് നോക്കിയിരിക്കാൻ മോഹിക്കുന്നവൾ, സ്വപ്നങ്ങളൊക്കെയും എന്നെങ്കിലും പൂക്കളെപ്പോലെ വിരിഞ്ഞുവരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നവൾ.
സേബയുടെ സർഗ വൈഭവത്തെ സമഗ്രമായി അവതരിപ്പിക്കുന്ന ഒരു പുസ്തകമായിഇതിനെ വിലിയിരുത്താം. ഈ പുസ്തകത്തെ തൊടുന്ന ഏതൊരാളും സേബയുടെ ജീവിതത്തെകൂടിയാണ് തൊടുന്നത്. ചിലരെയത് പ്രചോദിപ്പിച്ചേക്കാം. മറ്റുചിലരുടെ കണ്ണുനിറച്ചേക്കാം... പൂക്കളോടും പൂമ്പാറ്റകളോടും കിന്നാരം പറഞ്ഞുകൊണ്ടേയിരിക്കു സേബ. ജാലകപഴുതിലൂടെ പുറത്തെ പോക്കുവെയിൽ നോക്കിയിരിക്കു. അന്തിചുകപ്പും പുലരിയുടെ പുഞ്ചിരിയും ആവോളം ആസ്വദിക്കൂ. അതൊക്കെ കവിതയായും ചിത്രങ്ങളായും
എഴുത്തായും പിറവികൊള്ളട്ടെ. എന്നാൽ ഇങ്ങനെ ചെയ്യണമെങ്കിൽ സേബക്ക് ജീവിക്കണമല്ലോ. അപൂർവ്വമായ ഈ രോഗം ചികിത്സിക്കാൻ വലിയ തുകവേണം. വിദേശത്തുനിന്ന് മരുന്ന് ഇറക്കുമതിചെയ്യണം. 18 ലക്ഷം രൂപയുടെ ഒരു ഇൻജക്ഷൻ സേബക്ക് ഉടൻ എടുക്കേണ്ടതുണ്ട്.എന്നാൽ ഇതിനുള്ള പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. പുസ്തകം വിറ്റ് ഇത്രവലിയ തുകയുണ്ടാക്കാനാവില്ല. സർക്കാർ സഹായമൊന്നും കാര്യമായി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പുസ്തകം പ്രസിദ്ധീകരിച്ച ഷാഹിന പറഞ്ഞു. സേബയുടെ ജീവൻ രക്ഷിക്കാനായി എന്തെങ്കിലും ചെയ്യാനാകുമോയെന്ന ചിന്തയിൽനിന്നാണ് പുസ്തകത്തിന്റെ പിറവിയെന്നും അവർ പറഞ്ഞു. ആരെങ്കിലും അറിഞ്ഞ് നന്നായി സഹായിച്ചാൽമാത്രമെ ചികിത്സ ഉറപ്പാക്കാനാകു.
വിരൽപ്പഴുതിലെ ആകാശങ്ങൾക്ക്്്് 350 രൂപയാണ് പുസ്തകത്തിന്റെ വില. ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് സേബയുടെ ചികിത്സാ ചെലവിന് വേണ്ടിയാണ്. പുസ്തകം ലഭിക്കാൻ:
സേബ സലാം
പുതുവന മഠത്തിൽ ഹൗസ്
പുത്തൻവേലി പറമ്പ്
പാനായിക്കുളം പി.ഒ.
ആലങ്ങാട്. പി ഒ. 683511
[email protected]
Account holders
SEBA PA
and ABDUL SALAM P
Account no-67203734183
SBI
IFSC SBI N0010667
branch -ISC ELOOR
ERNAKULAM






