Sorry, you need to enable JavaScript to visit this website.

സ്‌നേഹത്തിന്റെ കട തുറന്ന രാഹുൽ

ആളുകളെ ഭയപ്പെടുത്തുന്ന അകമ്പടി വാഹനങ്ങളിലെത്തുന്ന രാഷ്ട്രീയ നായകരിൽനിന്ന് തികച്ചും വ്യത്യസ്തനാണ് രാഹുൽ ഗാന്ധി. ജനങ്ങളുമായി അടുത്തിട പഴകുകയെന്നതാണ് രാഹുൽ  സ്‌റ്റൈൽ. ഇന്ത്യക്കാരെ ഒരുമിപ്പിക്കാൻ ഭാരത് ജോഡോ യാത്ര അടുത്തിടെയാണ് നടത്തിയത്. കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തെ ഇന്ത്യാ ചരിത്രമെടുത്ത് നോക്കിയാൽ മറ്റൊരു യാത്രയുടെ ചിത്രം കൂടി തെളിഞ്ഞുവരും. 1992ൽ ബാബരി മസ്ജിദ് തകർക്കുന്നതിന് മുന്നോടിയായി ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി നടത്തിയ രഥയാത്ര. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനിരിക്കേ, സംവരണ വിരുദ്ധ ആത്മാഹുതി ശ്രമങ്ങളുടെ നാളുകളിലാണ് അദ്വാനിജി രഥമുരുട്ടി ഇന്ത്യൻ മനസ്സുകളെ തീവ്രമായി ഭിന്നിപ്പിച്ചു തുടങ്ങിയത്. രണ്ടിൽ നിന്നുള്ള ബി.ജെ.പിയുടെ പ്രയാണത്തിന് തുടക്കമിട്ട കാമ്പയിൻ. രാഹുൽ ജോഡോ യാത്ര തുടങ്ങുമ്പോൾ കേരളം കഴിഞ്ഞാൽ ഇതിന്റെ കഥ കഴിയുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ തമിഴകവും തെലുങ്കുനാടും പിന്നിട്ട് വടക്കേ ഇന്ത്യയിലെത്തിയപ്പോഴും യുവാക്കൾ ആവേശത്തോടെ ഒഴുകിയെത്തുന്നതാണ് കണ്ടത്. വിദ്വേഷത്തിന്റെ കാലത്ത് സ്‌നേഹത്തിന്റെ കട തുറക്കാനാണ് തന്റെ ശ്രമമെന്നാണ് രാഹുൽ വിശേഷിപ്പിച്ചിരുന്നത്. അതിന് ശേഷം അദ്ദേഹം യു.കെയിലെത്തി സർവകലാശാല വിദ്യാർഥികളുമായി ആശയ വിനിമയം നടത്തി.  കുറച്ചുകാലമായി ദേശീയ മാധ്യമങ്ങൾ കോൺഗ്രസിനെ ഗൗനിക്കാറേയില്ല. രാഹുൽ ഗാന്ധി തന്നെ ഇക്കാര്യം പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. രാജ്യത്ത് സർക്കാരിനെ ബാധിക്കുന്ന വിഷയമുണ്ടാവുന്ന ദിവസം സിനിമാ നടിയുടെ പിഞ്ചു കുഞ്ഞ് മുംബൈയിലെ മാളിൽ വേലക്കാരിക്കൊപ്പം കറങ്ങിയതിന്റെ വിശേഷങ്ങളാവും പേജ് നിറയെ. 
2014ൽ നരേന്ദ്രമോഡി അധികാരത്തിലേറിയത് മുതൽ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചിരുന്നില്ല. മോഡിക്കാലത്തെ നോട്ട് നിരോധന കാലത്താണ് ഇടതുപക്ഷം ഉൾപ്പെടെ 23 പാർട്ടികൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതീക്ഷയർപ്പിച്ച് അണിനിരന്നത്. എന്നാൽ അക്കാലത്തൊന്നും രാഹുലിന് വേണ്ടത്ര ശോഭിക്കാനായില്ല. എന്നാൽ അടുത്ത കാലത്തായി രാഹുലിന്റെ പെർഫോമൻസ് കുതിച്ചുയരുകയായിരുന്നു. ഹിഡൻബർഗ് റിപ്പോർട്ടിന് ശേഷം പാർലമെന്റിൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പാർലമെന്റിൽ അദാനിക്ക് എതിരെ നടത്തിയ പ്രസംഗം അക്ഷരാർത്ഥത്തിൽ ഭരണപക്ഷത്തെ വിറളി പിടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഗൗതം അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ അന്നത്തെ പ്രസംഗം. 53 മിനിട്ട് നീണ്ട് നിന്ന ആ പ്രസംഗത്തിൽ 18 തവണയാണ് രാഹുൽ ഗാന്ധി, മോഡി-അദാനി ബന്ധം പരാമർശിച്ചത്.  ഇത് പിന്നീട് സഭാ രേഖകളിൽനിന്ന് നീക്കം ചെയ്യുകയായിരുന്നു. മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരിക്കുകയാണ്. 
ഗുജറാത്ത് സൂറത്തിലെ കോടതിയുടേതാണ് വിധി. ഈ മജിസ്‌ട്രേട്ടാണ് പശു ഓക്‌സിജൻ നൽകുന്ന കാര്യവും ഗോഹത്യ നിർത്തിയാൽ ഇന്ത്യ നേരിടുന്ന ഒരുവിധം പ്രശ്‌നങ്ങളൊക്കെ തീരുമെന്നും പറഞ്ഞിരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ബി. ജെ. പി നേതാക്കളിൽ പലരും രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന്് മുറവിളി കൂട്ടുകയായിരുന്നു. ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണ് എന്ന ലണ്ടൻ പ്രസംഗത്തിന് പിന്നാലെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം എടുത്ത് കളയണം എന്ന് ആവശ്യപ്പെട്ടുള്ള ബി ജെ പി മുറവിളി.  എല്ലാ കള്ളന്മാർക്കും മോഡി എന്നാണ് കുടുംബപ്പേര് എന്ന പരാമർശമാണ് രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിലേക്ക് നയിച്ചത്. 
രാജ്യത്തെ കർഷകരുടെ ദുരവസ്ഥയും മോഡിയുടെ വിദേശയാത്രകളും രാഹുൽ ഗാന്ധി ആയുധമാക്കിയിരുന്നു.  കർഷകരെയും ദരിദ്രരെയും ദ്രോഹിച്ചുകൊണ്ട് മോഡി സർക്കാർ ചെയ്യുന്നത് വലിയ തെറ്റാണ് എന്നും രാജ്യത്തെ 67% ജനസംഖ്യ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്ന് മറന്ന് പോകരുത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ പ്രത്യേകം ടാർഗറ്റ് ചെയ്യാൻ ബി. ജെ. പി നേതാക്കൾ ആരംഭിച്ചത്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും പിന്മുറക്കാരനിൽ ഇന്ത്യയ്ക്ക്് ഏറെ പ്രതീക്ഷകളാണുള്ളത്, എങ്ങും കൂരിരുട്ട് വ്യാപിക്കുമ്പോഴും.  

                               ****             ****             ****

കഴിഞ്ഞ ഏതാനും വർഷങ്ങളായി നോമ്പു കാലമായാൽ മലപ്പുറം ജില്ലയിലെ ഫേസ്ബുക്ക് യൂസേഴ്്‌സിന് ഒരു ജോലി കൂടി ചെയ്യേണ്ടതായി വരുന്നു. റമദാൻ വ്രത സീസണിൽ ഏതൊക്കെ ഹോട്ടലുകളാണ് മലപ്പുറം ജില്ലയിലെ വിവിധ ടൗണുകളിൽ തുറന്നിരിക്കുന്നതെന്ന് അറിയിക്കലാണ് ഈ ജോലി. മലപ്പുറത്തെത്തിയാൽ നാരങ്ങ വെള്ളം കിട്ടില്ലെന്ന പ്രചാരണത്തിന് തീവ്രതയേറിയത് മുതലാണ് ഇതിന്റെ ആവശ്യകത ഏറിയത്. ഈ വർഷം നോമ്പ് തുടങ്ങുമ്പോൾ ജില്ല ഒന്ന് മാറ്റി പിടിച്ചു. താരതമ്യേന റേറ്റിംഗ് കുറഞ്ഞ ന്യൂസ് 18 മലയാളമാണ് കോഴിക്കോട് സൗത്ത് ബീച്ചിൽ നോമ്പു കാലത്ത് കട തുറക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. മുഖദാർ കടപ്പുറമെന്നാണ് വാർത്തയിൽ. 
ഈ ന്യൂസ് ലൈവിൽ പോകുമ്പോൾ നിറയെ പ്രതികരണങ്ങളായിരുന്നു. ഇതു തന്നെയായിരിക്കുമല്ലോ റിപ്പബ്ലിക് ടിവി പല വിഷയങ്ങളിലും നോർത്ത് ഇന്ത്യയിൽ പ്രയോഗിച്ചിട്ടുണ്ടാവുക. സംഭവം കത്തിക്കയറി. ഇതാരപ്പാ ഇത്രയ്ക്ക് ഭീകരമായ ഭീഷണി ഉയർത്താൻ. ഡി.വൈ.എഫ്.ഐ കുറ്റിച്ചിറ കമ്മിറ്റിയും വ്യാപാരി വ്യവസായി യൂത്ത് വിംഗുമെല്ലാം സടകുടഞ്ഞെഴുന്നേറ്റു. കട തുറക്കുന്നവർക്ക് സംരക്ഷണം ഉറപ്പ്. കെ.ടി ജലീൽ എംഎൽഎയും വിഷയത്തിൽ നിലപാട് പ്രകടിപ്പിക്കാനെത്തി. കോഴിക്കോട് മുഖദാർ ബീച്ചിൽ ചായക്കടകൾ റമദാൻ കാലത്ത് തുറക്കരുതെന്നും തുറന്നാൽ സ്ഥാപനങ്ങൾ അടിച്ചു പൊളിക്കുമെന്നും വ്യാപാരികളെ ഭീഷണിപ്പെടുത്തിയവർക്കെതിരെ കെ.ടി ജലീൽ എംഎൽഎ.   മഹല്ല് കമ്മിറ്റിയുടെ അറിയിപ്പെന്ന വ്യാജേന ഒരു സംഘം ഗുണ്ടകൾ വന്ന് ഭീഷണി സ്വരത്തിൽ മുന്നറിയിപ്പു നൽകിയതായി പറയപ്പെടുന്ന സംഭവം സത്യമാണെങ്കിൽ അങ്ങേയറ്റം അപലപനീയമാണെന്നും പോക്കിരിത്തരത്തിന് ഒരതിരുവേണമെന്നും കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. സംഭവം റിപ്പോർട്ട് ചെയ്ത ന്യൂസ് 18 വാർത്ത പങ്കുവെച്ചാണ് അദ്ദേഹം വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
 ഇതിന്റെ സത്യാവസ്ഥ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. 2019ലെ ഒരു പോസ്റ്റ് കുത്തിപ്പൊക്കി ദുരുപയോഗം ചെയ്താണ് ഈ കോലാഹലമുണ്ടാക്കിയത്. ശരിക്കും ന്യൂസ് 18 മലയാളവും തൽപര കക്ഷികളും ഇടപെടേണ്ട ഒരു വിഷയമുണ്ട്. കോഴിക്കോട്ടെ ഫ്രാൻസിസ് ഓവർബ്രിഡജ് മുതൽ ഇടിയങ്ങര, കുണ്ടുങ്ങൽ, മുഖദാർ പോലുള്ള പടിഞ്ഞാറൻ മേഖലകളിൽ സന്ധ്യയ്ക്ക് ബാങ്ക് വിളിച്ച ശേഷം ഒരു ഗ്ലാസ് ചായ കുടിക്കാൻ ആരെങ്കിലും ആഗ്രഹിച്ചാൽ നടക്കില്ല. ബീച്ചിലെ തട്ടുകടകളുടെ കാര്യമല്ല. അര ഡസനിലേറെ എസ്റ്റാബ്ലിഷ്ഡ് ഹോട്ടലുകളുള്ള പ്രദേശമാണിത്. ഒരുത്തനും തുറക്കില്ല. വ്യാപാര സ്ഥാപനത്തിൽ അറ്റകുറ്റപ്പണി നടത്താനും മോടി കൂട്ടാനുമാണ് എല്ലാവരും നോമ്പിന്റെ ആദ്യ നാളുകൾ ഉപയോഗപ്പെടുത്തുന്നത്. ഇതിങ്ങനെ വിട്ടാൽ പറ്റുമോ? 

                               ****             ****             ****

പിന്നിട്ട വാരത്തിന്റെ തുടക്കത്തിൽ  അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളിലുമായി  12 പേർ മരിക്കുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹിന്ദുകുഷ് മേഖലയിൽ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തിൽ പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങി ഓടുന്ന നിരവധി ടെലിവിഷൻ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.   ഭൂചലനത്തിൽ സ്റ്റുഡിയോ ഒന്നാകെ കുലുങ്ങിയിട്ടും പാക് പ്രാദേശിക ടിവി ചാനൽ വാർത്താ അവതാരകൻ വാർത്താ വായന തുടരുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പെഷവാറിലെ മഹ്ശ്രിക് ടിവി ചാനലിന്റെ സ്റ്റുഡിയോയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. സ്റ്റുഡിയോയിലെ ജീവനക്കാരിൽ ഒരാൾ പരിഭ്രാന്തനായി പുറത്തേക്ക് പോകുന്ന ദൃശ്യവുമുണ്ട്. എന്നാൽ ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പരിഭ്രമിക്കാതെ അവതാരകൻ വാർത്താ വായന തുടരുകയായിരുന്നു.
ന്യൂസ് റൂമടക്കം കുലുങ്ങുന്നതാണ് 39 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. ക്യാമറയടക്കം കുലുങ്ങിയിട്ടും അവതാരകൻ കൂസലില്ലാതെ വാർത്ത വായിക്കുകയാണ്. അവതാരകന്റെ ജോലിയോടുള്ള ആത്മാർത്ഥതയെ എല്ലാവരും പ്രശംസിച്ചു. 

                               ****             ****             ****

കൊല്ലമൊന്ന് കഴിഞ്ഞിട്ടും പുട്ടിൻ പരിപാടി തുടരുകയാണ്. ഉക്രൈൻ എന്ന രാജ്യത്തെ തവിടുപൊടിയാക്കി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെ പറ്റി നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. പുട്ടിൻ മാരക രോഗത്തിന്റെ പിടിയിലാണെന്നും രോഗ വിവരം മറയ്ക്കാൻ പല പരിപാടികളിലും പുട്ടിന് പകരം അദ്ദേഹത്തിന്റെ ബോഡി ഡബിളിനെയാണ് കണ്ടതെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ മുമ്പും പലതവണ പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും റഷ്യ അംഗീകരിച്ചിട്ടില്ല. 
ഉക്രൈൻ അധിനിവേശം ആരംഭിച്ച ശേഷം പുട്ടിന്റെ ആരോഗ്യം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി. .പുട്ടിന് കാൻസർ ബാധയുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തു.  ഇപ്പോഴിതാ പുട്ടിൻ ബോഡി ഡബിളിനെ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്  സോവിയറ്റ് ചാര സംഘടനയായ കെ.ജി.ബിയിലെ മുൻ ഉദ്യോഗസ്ഥൻ സെർജി ഷിർനോവ്. 
പുട്ടിനെ അടുത്തറിയാവുന്ന ആളാണിദ്ദേഹം. കെ.ജി.ബിയിലെ സീക്രട്ട് ഏജന്റിൽ നിന്നാണ് പുട്ടിൻ റഷ്യയുടെ തലപ്പത്തേക്കെത്തിയത്. തന്റെ വാദങ്ങൾ ന്യായീകരിക്കാൻ ചില വീഡിയോകളും ചിത്രങ്ങളും സെർജി പുറത്തുവിട്ടു.  സമീപ കാലത്ത് പുട്ടിൻ പങ്കെടുത്ത പരിപാടികളിൽ നിന്നുള്ള വീഡിയോകളാണിത്. പുട്ടിനിൽ കണ്ടിട്ടില്ലാത്ത ചില ആംഗ്യങ്ങളും രീതികളുമൊക്കെ ഈ വീഡിയോയിലുള്ള  പുട്ടിനിൽ കാണാം. പുട്ടിന് പകരം അപരൻമാരെ ഉപയോഗിക്കുന്നുണ്ടെന്ന വാർത്തകൾ ഇത്രയും കാലം താൻ വിശ്വസിച്ചിരുന്നില്ലെന്നും സെർജി പറയുന്നു. പുട്ടിന്റെ മുഖത്തിനുണ്ടായ വ്യത്യാസങ്ങളും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ശബ്ദത്തിലും മാറ്റങ്ങളുണ്ടെന്നാണ് സെർജിയുടെ  നിരീക്ഷണം. എന്തെല്ലാം മറിമായങ്ങൾ? 

                                ****             ****             ****

സിനിമയിൽ തന്റെ രണ്ട് അവസരങ്ങൾ നടി ആത്മീയ രാജൻ തട്ടിയെടുത്തുവെന്ന് സ്വാസിക വിജയ്. അമൃത ടിവിയുടെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ സ്വാസികയാണ് അവതാരക. ഈ പരിപാടിയിൽ അതിഥിയായെത്തിയപ്പോഴാണ് ആത്മീയ രാജനോട് സ്വാസിക പരിഭവം പറഞ്ഞത്. ആത്മീയ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിടെയായിരുന്നു സ്വാസികയുടെ പരാതി. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത റോസ് ഗിത്താറിനാൽ എന്ന ചിത്രത്തിൽ ആത്മീയ രാജനായിരുന്നു നായിക. താനും ആ സിനിമയുടെ ഓഡിഷന് പോയിരുന്നെന്നും എന്നാൽ തനിക്ക് അവസരം കിട്ടിയില്ലെന്നും സ്വാസിക ആത്മീയയോട് പറഞ്ഞു. 
'എനിക്ക് ആത്മീയയോട് ചിലത് ചോദിക്കാനുണ്ട്. കാണാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. ഞാനും ആ സിനിമയുടെ ഓഡിഷന് പോയിരുന്നു. പക്ഷേ എനിക്ക് കിട്ടിയില്ല. അങ്ങനെ എനിക്കെന്താണ് കുറവുള്ളത്. ഒന്നല്ല, എന്റെ രണ്ട് അവസരങ്ങളാണ് ഈ കുട്ടി തട്ടിയെടുത്തത്. രണ്ടാമത്തെ ചിത്രം പൃഥ്വിരാജ് നായകനായ കോൾഡ് കേസ് ആണ്. എന്നെ ആ സിനിമയിലേയ്ക്ക് ആദ്യം വിളിച്ചിരുന്നു. എന്നാൽ പിന്നീട് അവരെന്നെ വിളിച്ചില്ല. അതിന് ശേഷം ആ സിനിമ കാണുമ്പോഴാണ് ആ സ്ഥാനത്ത് ആത്മീയയെ കാണുന്നത്.'- സ്വാസിക തമാശയായി പറഞ്ഞു. എന്നാൽ പ്രേതത്തിന്റെ ലുക്ക് കൂടുതലുള്ളത് തനിക്കാണെന്നും അത് താൻ വിട്ടുതരില്ലെന്നുമാണ് സ്വാസികയുടെ ചോദ്യത്തിന് ആത്മീയ രാജൻ മറുപടി നൽകിയത്. ഇതാണ് നല്ലതും. വെറുതെ മനസ്സിൽ കൊണ്ടു നടക്കേണ്ട കാര്യമില്ല. ടിവി പരിപാടിയ്‌ക്കെത്തിയപ്പോൾ എല്ലാം ചോദിച്ച് തീർക്കുക, കൊള്ളാം. 

                               ****             ****             ****

സിനിമയിൽ നിന്നും തനിക്ക് ലഭിച്ച സുഹൃത്തുക്കൾ എല്ലാം പാരകൾ ആയിരുന്നുവെന്ന് നടി രാധിക. 'ക്ലാസ്‌മേറ്റ്‌സ്' സിനിമയിലെ റസിയ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് രാധിക. മഞ്ജു വാര്യർക്കൊപ്പം ആയിഷ എന്ന സിനിമയിലാണ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം രാധിക തിരിച്ചെത്തിയത്.
സുഹൃത്തുക്കളുമായി തനിക്ക് കോൺടാക്ട് ഒന്നുമില്ല എന്നാണ് രാധിക തുറന്നു പറഞ്ഞിരിക്കുന്നത്.
എപ്പോഴും സംസാരിക്കുന്ന ആൾക്കാർ, ഒരു ക്ലോസ് സർക്കിൾ എനിക്ക് കുറവാണ്. പക്ഷെ വിഷുവിനോ ഓണത്തിനോ ഞാൻ എല്ലാവർക്കും ഹാപ്പി വിഷു എന്നോ, ഹാപ്പി ഓണം എന്നോ മെസേജ് അയക്കുമ്പോൾ ഓർക്കാറുണ്ട്. അല്ലാതെ ആരുമായിട്ടും ഒരു പേഴ്‌സണൽ ടച്ച് ഇല്ല.
'എല്ലാം വിട്ടുപോയി. സുഹൃത്തുക്കളെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ കിട്ടിയതൊക്കെ പാരകളായിരുന്നു. എന്റെ ഒരു ക്യാരക്ടർ വച്ചിട്ട് അത് എനിക്ക് മനസിലാക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. അതൊക്കെ കുറേ കഴിഞ്ഞ് മനസിലായപ്പോൾ എനിക്ക് തോന്നി എന്തിനാ ആവശ്യമില്ലാതെ പോയി പണി വാങ്ങുന്നതെന്ന്.''അങ്ങനെ കാണുമ്പോൾ മാത്രം സംസാരിക്കുന്ന ഒരു രീതിയായി. ആരും എന്നെ വിളിക്കാറില്ല. അടുത്ത് ഞാൻ ആയിഷ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോൾ നിനക്ക് ഇപ്പോഴും സിനിമ ചെയ്യാൻ ഇഷ്ടമുണ്ടോ എന്നാണ് പലരും ചോദിച്ചത്. ആദ്യമൊക്കെ വിഷമമുണ്ടായിരുന്നു. ഇതൊക്കെ ഓർത്ത് വിഷമിക്കേണ്ട ആവശ്യമില്ലെന്ന് തോന്നി' എന്നാണ് രാധിക കൗമുദി മൂവീസുമായുള്ള  അഭിമുഖത്തിൽ പറയുന്നത്.

                                ****             ****             ****

മഞ്ജു വാര്യരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോപ്പ് ആയിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ജാക്ക് ആൻഡ് ജിൽ' എന്ന ചിത്രം. സന്തോഷ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന് വലിയ ഹൈപ്പ് ലഭിച്ചിരുന്നുവെങ്കിലും ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു.
ചിത്രം പരാജയപ്പെട്ടതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മഞ്ജു വാര്യർ ഇപ്പോൾ. ജാക്ക് ആൻഡ് ജിൽ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് എന്നാണ് മഞ്ജു പറയുന്നത്. പ്രേക്ഷകർക്ക് ഇഷ്ടപ്പെടണം എന്ന ആഗ്രഹത്തിലും ആത്മാർഥതയിലുമാണ് ഏത് സിനിമയും ചെയ്യുന്നത്. ജാക്ക് ആൻഡ് ജിൽ എന്ന സിനിമ ചെയ്യുമ്പോഴും ഇങ്ങനെ തന്നെയായിരുന്നു. പ്രേക്ഷകർ കണ്ടതിന് ശേഷം സത്യസന്ധമായി അഭിപ്രായം പറയുമ്പോഴാണ് ഒരു സിനിമയുടെ വിധി നിശ്ചയിക്കപ്പെടുന്നത്. ജാക്ക് ആൻഡ് ജിൽ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്.എന്നാൽ പ്രേക്ഷകർക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതിൽ ആരെ കുറ്റം പറയാൻ പറ്റും, എല്ലാവർക്കും അവരവരുടേതായ അഭിപ്രായമില്ലേ. പ്രേക്ഷകരുടെ അഭിപ്രായത്തെ അതിന്റേതായ വിലയോട് കൂടി മനസിലാക്കുന്നു എന്നാണ് മഞ്ജു വാര്യർ തന്റെ പുതിയ സിനിമ വെള്ളരിപട്ടണത്തിന്റെ പ്രൊമോഷൻ പ്രസ് മീറ്റിനിടെ പറഞ്ഞത്. പാർവതി എന്ന കഥാപാത്രത്തെയായിരുന്നു മഞ്ജു ജാക്ക് ആൻഡ് ജില്ലിൽ അവതരിപ്പിച്ചത്. തിരിച്ചറിവുകൾ എപ്പോഴും നല്ലതാണ്.


                                ****             ****             ****

ജനങ്ങളിൽനിന്ന് 1000 കോടി പിഴ ചുമത്താൻ ടാർഗറ്റ് നിശ്ചയിച്ചുവെന്ന് മനോരമ ന്യൂസ്, മീഡിയ വൺ ചാനലുകളിൽ റിപ്പോർട്ട്. ഈ വാർത്തയിൽ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്. ഇത് പിഴ ചുമത്താനുള്ള ടാർഗറ്റ് അല്ലെന്നും ബജറ്റ് എസ്റ്റിമേറ്റ് പുതുക്കുന്ന സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നും എംവിഡി ഫേസ്ബുക്ക് പേജിൽ വിശദീകരിച്ചു. നിർദ്ദേശത്തിൽ ഒരിടത്തും പിഴ ഈടാക്കണമെന്ന് പറയുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇങ്ങനെയൊക്കെ പറയുമ്പോഴും നഗരങ്ങളിൽ വാഹന പരിശോധനയും പിഴ ഈടാക്കാലും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിപ്പോൾ തീവ്രത കൂടിയിട്ടുമുണ്ട്. അപ്പോഴാണ് കഴിഞ്ഞ വാരത്തിൽ കണ്ട രസകരമായ ഒരു ട്രോളിനെ ഓർത്തത്. 
കൊച്ചി കോർപറേഷന് ദേശീയ ഹരിത ട്രൈബ്യൂണൽ നൂറ് കോടി പിഴ വിധിച്ചിരുന്നു. ബ്രഹ്മപുരത്തെ അനാസ്ഥയുടെ പേരിലായിരുന്നു ഇത്. ചുളുവിൽ നൂറു കോടി ക്ലബിൽ ഇടംപിടിച്ച കൊച്ചി കോർപറേഷനെ അസൂയയോടെ നോക്കുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ.

Latest News