Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുന്ദരീ നീ വന്നു ഗസലായ്‌

പ്രണയത്തിന്റെയും വിരഹത്തിന്റെയും നനുത്ത സ്പർശവുമായി ആസ്വാദകമനസ്സുകളിൽ കുളിർമഴ പെയ്യിക്കുന്ന പാട്ടുകാരൻ. മാപ്പിളപ്പാട്ടിനെ ഹൃദയതാളമാക്കിയ ഈ ഗായകന് പ്രണയമാണ് ജീവിതം. തേനൂറുന്ന നിരവധി ഗാനങ്ങളാണ് ഇശലുകളുടെ ഈ തോഴൻ നമുക്കു സമ്മാനിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള കൊല്ലം ഷാഫി എന്ന ഈ സ്‌നേഹഗായകൻ പ്രണയത്തിന്റെ മൈലാഞ്ചിത്തോപ്പുകളിൽ തന്റെ പാട്ടുകൾ അനുസ്യൂതം പാടിക്കൊണ്ടിരിക്കുന്നു...
ആൽബം ഗാനങ്ങളുടെ സുവർണകാലഘട്ടത്തിലാണ് ഷാഫിയുടെ രംഗപ്രവേശം. വേറിട്ട ഗാനങ്ങളുമായി സംഗീതലോകത്തേയ്ക്കു കടന്നുവന്ന ഈ ഭാവഗായകൻ കേരളക്കരയാകെ ഇളക്കിമറിക്കുകയായിരുന്നു. ഷാഫിയുടെ മാപ്പിളപ്പാട്ടുകൾ കേൾക്കാത്തവരും ഏറ്റുപാടാത്തവരുമായി ആരുമുണ്ടായിരുന്നില്ല. അത്രയും മധുരമനോഹര ശബ്ദത്തോടെയായിരുന്നു അദ്ദേഹം ഓരോ ഗാനവും ആലപിച്ചത്. ആൽബം പാട്ടുകളിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ ഇദ്ദേഹത്തിന്റെ പാട്ടുകൾ നെഞ്ചേറ്റിയവരിൽ പലരും സാധാരണക്കാരായിരുന്നു.
വിരഹത്തിൻ വേദനയറിയാൻ..., സുന്ദരി നീ വന്നു ഗസലായ്..., സുറുമ വരച്ച പെണ്ണേ റജിലാ... തുടങ്ങി കാതിന് ഇമ്പം നൽകുന്ന എത്രയെത്ര പാട്ടുകളാണ് ആ കണ്ഠത്തിലൂടെ ഒഴുകിയെത്തിയത്. ഇല്ലായ്മകളെ അതിജീവിച്ചും ഒറ്റപ്പെടുത്തലുകളെ തന്റെ സ്വരമാധുരിയാൽ  കീഴ്‌പ്പെടുത്തിയുമാണ് ഈ ഗായകൻ കേൾവിക്കാരന്റെ ഖൽബ് നിറയ്ക്കുന്ന പാട്ടുകാരനായത്. കൊല്ലത്തെ മുഹമ്മദീയം എന്ന വീട്ടിൽ നോമ്പുകാലത്ത് പുതിയ ചില പാട്ടുകളുടെ ചിട്ടപ്പെടുത്തലുകൾ നടക്കുകയായിരുന്നു.

പാട്ടിനെ കൂട്ടുപിടിച്ച ജീവിതം

കുട്ടിക്കാലത്ത് ഇല്ലായ്്മകളെ അതിജീവിക്കാനായിരുന്നു പാട്ടുകളെ ചേർത്തുപിടിച്ചത്. രാവന്തിയോളം പണിയെടുക്കുന്ന ബാപ്പയെ സഹായിക്കാനായി കുട്ടിക്കാലംതൊട്ടേ ജോലിയെടുത്തുതുടങ്ങിയിരുന്നു. അവധിക്കാലമായാൽ കൂട്ടുകാരുമായി ചേർന്ന് ചെറിയ കച്ചവടങ്ങൾ നടത്തും. പഠനകാര്യത്തിൽ അന്നേ പിന്നിലായിരുന്നു. പത്താം  ക്ലാസ് കഴിഞ്ഞതോടെ പഠനം നിർത്തി ഉപ്പയെ സഹായിക്കാൻ തുടങ്ങി. ഉപ്പ ജോലി ചെയ്തിരുന്ന ഹോട്ടലിൽ പണിക്കു പോയിത്തുടങ്ങി. കൂടാതെ നാട്ടിലുള്ള മറ്റു ജോലികളും ചെയ്തു. കുറച്ചുകാലം ഓട്ടോ ഓടിച്ചും വരുമാനം കണ്ടെത്തി. സാഹചര്യം എന്തുതന്നെയായാലും നേരിടാനും അതിജീവിക്കാനുമുള്ള ഒരു മനസ്സുണ്ടായിരുന്നു. ഉമ്മ വിജയവാഡക്കാരിയാണെങ്കിലും വളർന്നത് ഇവിടെയായിരുന്നു. ജോലിയുടെ ആയാസത ഒഴിവാക്കാനായി ഉമ്മ എപ്പോഴും പാട്ടുപാടിക്കൊണ്ടിരിക്കും. ഈ പാട്ടുകളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ബന്ധുവീടുകളിൽ നിന്നും കുട്ടികളെത്തുമ്പോൾ അവർക്കായി ഉമ്മ പാട്ടുപാടി കൊടുക്കുമായിരുന്നു. അവരോടൊപ്പം ഞാനുമുണ്ടാകും. ഉമ്മയുടെ പാട്ടുകളുടെ ഈണവും ആലാപനശൈലിയുമെല്ലാം എന്റെ എല്ലാ പാട്ടുകളിലും നിറഞ്ഞുനിൽക്കുന്നുണ്ട്. അന്നത്തെ അനുഭവങ്ങളാണ് ഇന്നും കരുത്ത്. കൊറോണ ബാധിച്ച് രണ്ടുവർഷക്കാലം പാട്ടൊന്നുമില്ലാതിരുന്ന കാലത്തും ജീവിച്ചത് മറ്റു തൊഴിലുകൾ അറിയാവുന്നതുകൊണ്ടായിരുന്നു. കൊറോണ ഏറ്റവും കൂടുതൽ ബാധിച്ചത് കലാകാരന്മാരെയായിരുന്നു. ഇപ്പോഴാണ് അതിൽനിന്നും മോചനം ലഭിച്ചുതുടങ്ങിയത്.

പുതിയ പാട്ടുകൾ

കഴിഞ്ഞ മൂന്നുനാലുമാസമായി നല്ല തിരക്കായിരുന്നു. എന്നും സംഗീത പരിപാടികൾ. ഇതിനിടയിൽ സ്വന്തമായി പാട്ടെഴുതാനും ചിട്ടപ്പെടുത്താനുമൊന്നും സമയം കിട്ടിയിരുന്നില്ല. റമദാനിൽ പുതിയ  ചില പാട്ടുകൾ ചിട്ടപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. പഴയ കാലത്തെപ്പോലെ സിഡിയോ ആൽബമോ ഒന്നുമല്ല ഇപ്പോഴത്തെ ട്രെന്റ്. ഒരു പാട്ട് ചെയ്യുക. അത് അപ്‌ലോഡ് ചെയ്യുക എന്നതാണ് ഇന്നത്തെ രീതി. അത്തരത്തിലുള്ള പാട്ടുകളുടെ പണിപ്പുരയിലാണ്. എല്ലാ കാലത്തും വ്യത്യസ്തങ്ങളായ പാട്ടുകളാണ് എഴുതിയിരുന്നത്. ഏതു പ്രായക്കാർക്കും പ്രിയപ്പെട്ട പ്രണയഗാനങ്ങളാണ് കൂടുതലും എഴുതിയത്. എങ്കിലും ജീവിതത്തിന്റെ വിവിധ മേഖലകളെ സ്പർശിക്കുന്ന രീതിയിലുള്ള പാട്ടുകളാണ് ഒരുക്കുന്നത്. പെരുന്നാൾ കാലങ്ങളിൽ ഭക്തിനിർഭരമായ ഗാനങ്ങളാണ് കൂടുതൽ കാണുന്നത്. ഇക്കൂട്ടത്തിൽ അന്ധമായ വിശ്വാസങ്ങളിൽ നിന്നുള്ള മോചനവും ലക്ഷ്യമാക്കുന്നുണ്ട്. സൂഫി സംഗീതത്തിലൂടെ മാനവികതയാണ് ദൈവികത എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ശ്രമിക്കുന്നത്.

പാട്ടിലേക്ക് കടന്നുവന്നത്

പ്രേമനൈരാശ്യത്തിൽ ആത്മഹത്യ ചെയ്യണമെന്നു തോന്നിയ നിമിഷങ്ങളുണ്ടായിട്ടുണ്ട്. അത്തരം ഒരു സന്ദർഭത്തിലാണ് പാടാനുള്ള കഴിവ് സ്വയം തിരിച്ചറിഞ്ഞത്. അതിനായുളള പരിശ്രമം ചെന്നുനിന്നത് മിമിക്രി വേദിയിലായിരുന്നു. അവിടെനിന്നും ലഭിച്ച ആത്മവിശ്വാസവും തിരിച്ചറിവുമാണ് ആലാപനരംഗത്തേയ്ക്കു വഴിനടത്തിയത്. ഗാനമേളകളിലാണ് പാടിത്തുടങ്ങിയത്. പിന്നീട് ആൽബങ്ങളിലേയ്ക്കു ചുവടുമാറ്റുകയായിരുന്നു. ആലാപനവേദിയിലും നിരവധി പേരുടെ അനിഷ്ടങ്ങൾക്കും വെറുപ്പിനും ഇരയാകേണ്ടിവന്നിട്ടുണ്ട്. കലാപാരമ്പര്യമില്ലാത്തയാളെന്ന കുറ്റപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. സംഗീതരംഗത്ത് ഇവനെന്തു കാര്യം എന്നു ചോദിച്ചവരുണ്ട്. ഒരിക്കൽ ഒരു ഗാനമേള വേദിയിൽ ഹിന്ദി പാട്ടു പാടിയതിന് കൂട്ടത്തിലുള്ള ഹിന്ദി ഗായകന്റെ നീരസത്തിന് പാത്രമായത് ഇന്നും ഓർമ്മയിലുണ്ട്. ആൽബം പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോൾ മുൻകാലങ്ങളിലെ പാട്ടുകാരുടെ ചീത്തവിളിക്കും വിധേയനാകേണ്ടിവന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ ഏറെ അവഹേളനങ്ങളും നേരിട്ടിരുന്നു. അവയെയെല്ലാം അതിജീവിച്ചാണ് ഇന്നും സംഗീതരംഗത്ത് നിലകൊള്ളുന്നത്. നമുക്കു ചുറ്റുമുള്ളവരുടെ അനുഭവങ്ങൾ കൂടി പാട്ടുകൾക്കു വിഷയമാകുമ്പോഴാണ് ജനങ്ങൾ ഏറ്റെടുക്കുന്നത്.

ഗസലായി നീ വന്നു റെജിലാ...

റെജിലയുടെ വരവാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ഉമ്മയുടെ നിർബന്ധ പ്രകാരമാണ് വിവാഹത്തിന് സമ്മതം മൂളിയത്. പ്രേമം പൊട്ടിപ്പൊളിഞ്ഞ് ജീവിതം അർഥമില്ലാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു പെണ്ണുകാണാൻ മുഷിഞ്ഞ വേഷത്തിൽ ചെന്നതും നിന്നെ സ്‌നേഹിക്കാനാവില്ലെന്നും മറ്റൊരാൾക്ക് സ്‌നേഹം മുഴുവൻ നൽകിയെന്നും പറഞ്ഞത്. എന്നാൽ റെജിലയാകട്ടെ എന്റെ വിഷമം കണ്ടറിഞ്ഞ് എന്നോടൊപ്പം നിന്നു. ആ സ്‌നേഹം കണ്ടറിഞ്ഞ് ഒരുക്കിയ പാട്ടായിരുന്നു സുന്ദരി നീ വന്നു ഗസലായ് എന്നത്. ആദ്യപ്രസവത്തിനായി ആശുപത്രിയിലേയ്ക്കു കൊണ്ടുപോയപ്പോഴുണ്ടായ നിരാശയും ഒറ്റപ്പെടലുമായിരുന്നു ഈയൊരു ഗാനത്തിന് പിറവിയായത്. ആശുപത്രിയിൽ കഴിയുന്ന കാലത്തുതന്നെ ആ പാട്ട് റെക്കോർഡ് ചെയ്ത് അവളെ കേൾപ്പിക്കുകയും ചെയ്തു.

സംഗീതരംഗത്തെ ഗുരുക്കന്മാർ

ആരാണ് ഗുരു അല്ലാത്തത് എന്ന് കവി ഒളപ്പമണ്ണയുടെ ഒരു ചോദ്യമുണ്ട്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ എന്റെ വിദ്യാലയം എന്ന കവിതയിലെ വരികൾ ഇന്നും എന്റെ ഓർമ്മയിലുണ്ട്. അന്നൊക്കെ പരീക്ഷയ്ക്കായി പദ്യമെല്ലാം മനപ്പാഠമാക്കാറുണ്ടല്ലോ. ആരല്ലെൻ ഗുരുനാഥരാരെല്ലെൻ ഗുരുനാഥർ, പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ... എന്ന കവിത എന്നെ ഏറെ ചിന്തിപ്പിച്ചിട്ടുണ്ട്. വിഭാഗീയ ചിന്താഗതികൾ കൈവെടിഞ്ഞ് മനുഷ്യരെയെല്ലാം മാനവീയതയുടെ പ്രതീകമായി കാണണമെന്നാണ് കവി പറയുന്നത്. മനുഷ്യൻ പല കാര്യങ്ങളും പഠിച്ചത് പ്രകൃതിയിൽ നിന്നാണ്.

സിനിമാ പിന്നണിഗാനരംഗത്ത്

സംഗീതം പഠിച്ചവർക്കുപോലും അവസരം ലഭിക്കാത്ത മേഖലയാണ് സിനിമാലോകം. എങ്കിലും അവസരം ലഭിക്കുകയാണെങ്കിൽ തീർച്ചയായും പാടും. അഞ്ചു സിനിമകൾക്ക് പാട്ടെഴുതാൻ അവസരം ലഭിച്ചിട്ടുണ്ട്. വർഷങ്ങൾക്കുമുൻപ് കല്ലായിക്കടവത്ത് എന്ന സിനിമയിൽ പാടിയിരുന്നു. എന്നാൽ ചിത്രീകരണം മുടങ്ങി ആ സിനിമ പെട്ടിയിൽതന്നെ കിടന്നു. സിൽക്ക് എന്ന ചിത്രത്തിന് പാട്ടെഴുതിയെങ്കിലും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. തേനീച്ചയും പീരങ്കിപ്പടയും എന്ന ചിത്രത്തിനുവേണ്ടിയും പാട്ടെഴുതിയെങ്കിലും വിജയിച്ചില്ല. സൂഫിയും സുജാതയും, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങൾക്കായി ഒരുക്കിയ സൂഫി ലിറിക്‌സുകൾ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരിക്കൽ മോഹൻലാലിന്റെയും മഞ്ജു വാര്യർക്കുമൊപ്പം ഒരു സംഗീത പരിപാടിക്ക് പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് വിലങ്ങുതടിയായി. എങ്കിലും നിരാശയില്ല.

പുറത്തിറങ്ങാനിരിക്കുന്ന ഗാനങ്ങൾ
പരീക്ഷണാടിസ്ഥാനത്തിൽ വ്യത്യസ്ത ശൈലിയിലുള്ള പതിനൊന്നു പാട്ടുകളുടെ കൂട്ടായ്മയാണ് പുറത്തിറങ്ങുന്നത്. ഹൂ എന്നു പേരിട്ടിരിക്കുന്ന ഈ ഗാനകൂട്ടായ്മയിലെ പതിനൊന്നു പാട്ടുകളും പതിനൊന്നു ഗായകരാണ് പാടിയിരിക്കുന്നത്. പാരമ്പര്യശൈലിയിലുള്ള ഇതിലെ ഗാനങ്ങൾ പാടുന്നത് കോയ കാപ്പാടും ശിഷ്യരുമാണ്. മാത്രമല്ല, അക്കബെല്ല ശൈലിയിലാണ് ഇതിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. മനു രമേശാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ കൂട്ടത്തിലുള്ള രണ്ടു ഗാനങ്ങൾ നോമ്പുകാലത്തുതന്നെ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. യൂ ട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കുന്നത്.

ജീവിതലക്ഷ്യം

കലാരംഗത്ത് എത്തിയിട്ട് ഇരുപത്താറു വർഷമായി. ഇതിനകം ആയിരത്തോളം പാട്ടുകൾ പാടിക്കഴിഞ്ഞു. ആൽബം ഗാനങ്ങളാണ് എഴുതാനും അഭിനയിക്കാനുമെല്ലാം ധൈര്യം നൽകിയത്. പാട്ടു പാടുന്നതിനേക്കാൾ ഇഷ്ടം എഴുതുന്നതിനോടാണ്. എഴുത്തുകാർക്ക് വലിയ ഉത്തരവാദിത്തങ്ങളുള്ള കാലമാണിത്. പല അപ്രിയസത്യങ്ങളും അവർക്ക് സമൂഹത്തോാട് പറയാനുണ്ടാകും. വയലാറിന്റെ പല ഗാനങ്ങളിലും ഇത്തരം ചോദ്യങ്ങളുണ്ട്. അതുപോലെ എന്റെ പാട്ടുകളും വരുംതലമുറയ്ക്ക് നാഴികക്കല്ലുകളായി മാറണം. ഒരു വിത്ത്്്് നട്ടാൽ മരമായി മാറണം. അംഗീകാരങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാറില്ല. എന്റെ കാലം കഴിഞ്ഞാലും എവിടെയെങ്കിലും ചില അടയാളപ്പെടുത്തലുകൾ വേണം. കാലഘട്ടത്തിനു മുൻപേ സഞ്ചരിച്ച മനസ്സാണ് പല സംഗീതജ്ഞരുടേതും. മനസ്സിൽ തങ്ങിനിൽക്കുന്ന പാട്ടുകൾ എഴുതാനാണ് ഇഷ്ടം. നന്നായി വായിക്കുന്ന കൂട്ടത്തിലല്ല. എന്നാൽ ഒരുപാട് യാത്ര ചെയ്യാറുണ്ട്. ഇത്തരം യാത്രാനുഭവങ്ങളാണ് പല പാട്ടുകൾക്കും നിമിത്തമാകുന്നത്. സാധാരണക്കാർക്ക് മനസ്സിലാകുന്ന വരികളാണ് ഏറെയും എഴുതിയത്. ഈയിടെ തല്ലുമാല എന്ന ചിത്രത്തിൽ ഞാനെഴുതിയ ചക്കരച്ചുണ്ടിൽ... എന്ന ഗാനം ചേർക്കുകയുണ്ടായി. സിനിമയുടെ സന്ദർഭവുമായി യോജിക്കുന്ന വരികളായതുകൊണ്ടാണ് ആ ഗാനം ഉപയോഗിച്ചത്. നിരവധി ആളുകൾ ആ ഗാനം വീണ്ടും കേൾക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചിരുന്നു.

പെരുന്നാളിനെക്കുറിച്ച്

കുട്ടിക്കാലത്തെ പെരുന്നാളുകളാണ് ഇന്നും ഓർമ്മയിലുള്ളത്. പുതിയ വസ്ത്രങ്ങളും പലതരം ഭക്ഷണങ്ങളും കിട്ടുന്ന കാലം. നോമ്പു തുറക്കാൻ കാത്തിരുന്ന ദിവസങ്ങൾ. പാട്ടിന്റെ ലോകത്തെത്തിയപ്പോൾ പെരുന്നാൾ ആഘോഷം ഇല്ലാതായി. പല പെരുന്നാളിനും സ്‌റ്റേജ് പ്രോഗ്രാമുകളുണ്ടാകും. പത്തു വർഷത്തോളം പെരുന്നാൾക്കിളി എന്ന ആൽബം പരമ്പരയായി ചെയ്്തിരുന്നു. എന്നാൽ സഹോദരന്റെ മരണത്തോടെയാണ് അത് നിർത്തിയത്. ഭാര്യ റെജിലയും മക്കളായ മുഹമ്മദ് ഷഹബാസ് ഖാനും ആയിഷാ നൂറയും ഖദീജാ സിയയുമെല്ലാം നൽകുന്ന പിന്തുണയേറെയാണ്. എല്ലാവരും പാട്ടും സംഗീതപഠനവുമായി കൂടെയുണ്ട്.

Latest News